കണ്ണൂർ: കോക്രോച്ച് പാർട്ടിയുടെ ഡൽഹിയിലെ സമര വിജയത്തിലൂടെ ബിജെപിയുടെ കൗണ്ട് ഡൗൺ ആരംഭിച്ചെന്ന് മന്ത്രി സി.പി. ജോൺ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പിന്തുണയോടെയുള്ള പോരാട്ടത്തിന് ഫലം കണ്ടെന്നും ഇന്ത്യയിൽ കഴിഞ്ഞ 10 വർഷമായി ഭരിച്ച ബിജെപിയുടെ കൗണ്ട് ഡൗൺ തുടങ്ങിയതായും മന്ത്രി ചൂണ്ടിക്കാട്ടി. അയോധ്യ ക്ഷേത്ര നിർമാണത്തിൽ മുഖ്യ പൂജാരിയെപ്പോലെ നിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ നടന്ന കോടികളുടെ അഴിമതിയിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രിയദർശിനി ബസിൽ കയറുന്ന പുരുഷൻമാർക്ക് ഫ്രീ ടിക്കറ്റ് നൽകിയാൽ ജീവനക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി കെഎസ്ആർടിസിയുടെ പദ്ധതിയല്ല, സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. ആർടി ഓഫീസിന്റെ സമയക്രമം നീട്ടാൻ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ തീരുമാനിച്ചിട്ടുണ്ട്. ലേണേഴ്സ് പരീക്ഷയിലെ കാലതാമസം ഡ്രൈവിംഗ് ലൈസൻസ് വൈകാൻ കാരണമാകുന്നു. ഡ്രൈവിംഗ് സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക തലങ്ങളിൽ ലേണേഴ്സ് പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
സിപിഎമ്മിൽ നിന്നും പുറത്തുവന്ന ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും ഉൾപ്പെടെയുള്ള പുതിയ ഐക്യനിരയ്ക്ക് സിഎംപി നേതൃത്വം നൽകും. പയ്യന്നൂർ രക്തസാക്ഷി ഫണ്ട് പുറത്തുവിടുമെന്ന തോമസ് ഐസക്കിന്റെ പരാമർശം ശ്രദ്ധയിൽ പെട്ടില്ലെന്നും സിപിഎമ്മിന് തെറ്റുതിരുത്താൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും സിപി ജോൺ കൂട്ടിച്ചേർത്തു.