ചണ്ഡിഗഡ്: റോയൽ എൻഫീൽഡ് ഭാരത് ബീറ്റിന്റെ ഭാഗമായി നടക്കുന്ന പ്രത്യേക സാംസ്കാരിക-പര്യടന റൈഡ് ‘ഗ്രേറ്റ് ഇന്ത്യൻ ക്രോസ്സ് റോഡ് നോർത്ത് എഡിഷ’ന് ചണ്ഡിഗഡിൽ തുടക്കമായി. ആറു ദിവസം നീളുന്ന യാത്രയിൽ ഹിമാചൽ പ്രദേശിലെ തിയോഗ്, കുളു, മണ്ഡി എന്നിവിടങ്ങൾ താണ്ടി സംഘം 730 കിലോമീറ്റർ സഞ്ചരിക്കും.
ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 16 പേരാണ് യാത്രയിൽ പങ്കെടുക്കുന്നത്. ഹിമാചലിന്റെ ഉൾഗ്രാമങ്ങളിലൂടെയും ചരിത്രപ്രസിദ്ധമായ ഇടങ്ങളിലൂടെയുമുള്ള ഈ യാത്ര പ്രാദേശിക സംസ്കാരത്തെയും വികസനത്തെയും തൊട്ടറിയാൻ സഹായിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
യാത്രയുടെ ഭാഗമായി ’ഗ്രീൻ ഹബ് ഫെലോഷിപ്പ്’ വഴി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും ഡോക്യുമെന്ററി ഫിലിം മേക്കിംഗും നേരിട്ട് പരിചയപ്പെടാൻ റൈഡേഴ്സിന് അവസരം ലഭിക്കും. കൂടാതെ പ്രാദേശിക സ്ത്രീകളുടെ ഉപജീവന മാർഗ്ഗങ്ങൾക്കായുള്ള സംരംഭങ്ങൾക്ക് പിന്തുണ നൽകാനും ഈ യാത്ര ലക്ഷ്യമിടുന്നു.
പരന്പരാഗത ഹിമാചലി സദ്യയായ ’ധാം’, മഹാസു ഗ്രാമത്തിലെയും മണ്ഡിയിലെയും പ്രാദേശിക സാംസ്കാരിക പര്യവേക്ഷണങ്ങൾ, കുളുവിലെ സാഹസിക വിനോദങ്ങൾ എന്നിവ യാത്രയുടെ മുഖ്യ ആകർഷണങ്ങളാണ്.
Tags : Great Indian Cross Road Ride begun Royal Enfield Bharat Beat