Kerala
കാസർകോട്: കാഞ്ഞങ്ങാട് 13 വയസുകാരന് സൂര്യാഘാതമേറ്റു. അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിനടുത്ത് താമസിക്കുന്ന അബ്ദുൾ റഹ്മാൻ പാണത്തൂരിന്റെ മകൻ മുഹമ്മദ് ജുബൈറിനാണ് സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ സൂര്യാഘാതമേറ്റത്. പൊള്ളലേറ്റ വിദ്യാർഥിയെ അജാനൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിക്ക് സൂര്യാഘാതം ഏറ്റതാണെന്ന് പരിശോധിച്ച ഡോക്ടർ സ്ഥിരീകരിച്ചു. ഇഖ്ബാൽ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ജുബൈർ.
International
ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ്(ഐആർജിസി). കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും തകർക്കുമെന്ന് ഐആർജിസി കമാൻഡർ ഇൻ ചീഫിന്റെ സീനിയർ അഡൈ്വസറായ ബ്രിഗേഡിയർ ജനറൽ സർദാർ ഇബ്രാഹിം ജബാരി മുന്നറിയിപ്പ് നൽകി.
ഇതോടെ ഇന്ത്യ ഉള്പ്പെടെയുള്ള രാജ്യങ്ങളില് എണ്ണവില കുതിക്കാനാണ് സാധ്യത. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20-25 ശതമാനവും നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്.
സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണക്കപ്പലുകൾക്ക് അന്താരാഷ്ട്ര വിപണിയിലെത്താനുള്ള ഏക മാർഗമാണിത്. കടലിടുക്ക് അടഞ്ഞതോടെ പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണയുടെ കുറവാണ് ആഗോള വിപണിയിൽ അനുഭവപ്പെടുന്നത്. ഇത് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനും മുകളിലേക്ക് ഉയരാൻ കാരണമായി.
അതേസമയം, ഹോർമുസ് കടലിടുക്ക് അടച്ചുവെന്ന ഇറാന്റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് തള്ളി. ജലപാത ഇപ്പോഴും തുറന്നുതന്നെയാണെന്നും കപ്പൽ ഗതാഗതം തടസപ്പെട്ടിട്ടില്ലെന്നുമാണ് അമേരിക്കൻ വൃത്തങ്ങൾ അവകാശപ്പെടുന്നത്.
International
ലക്നോ: ഉത്തർപ്രദേശിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നവജാത ശിശു തീപിടിച്ച് വെന്തുമരിച്ചു. കാൺപുരിലെ ബ്രഹ്മ് നഗറിലുള്ള രാജാ നഴ്സിംഗ് ഹോമിലാണ് സംഭവം.
ജനിച്ചയുടൻ തന്നെ കുഞ്ഞിനെ എൻഐസിയുിലെ വാമറിനുള്ളിൽ കിടത്തിയിരുന്നു. ഇതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപിടിത്തത്തിൽ ഗുരുതര പൊള്ളലേറ്റ കുഞ്ഞ് മരിക്കുകയായിരുന്നു.
കാൺപൂരിലെ ബക്കർഗഞ്ച് നിവാസികളായ അരുൺ നിഷാദ് -ബിട്ടു ദമ്പതികളുടെ ആദ്യത്തെ കുട്ടിയാണ് മരിച്ചത്. പ്രസവം നടന്നതായും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചിരുന്നു.
എന്നാൽ, ആശുപത്രി അധികൃതർ സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്ന് കുടുംബം ആരോപിച്ചു. സംഭവം നടന്ന് അഞ്ച് മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിനെ കാണണമെന്ന് പിതാവ് ആവശ്യപ്പെട്ടപ്പോഴാണ് വിഷയത്തെക്കുറിച്ച് അറിയിച്ചത്.
കുഞ്ഞിന്റെ മരണവാർത്ത അറിഞ്ഞ് ബന്ധുക്കളും പ്രദേശവാസികളും ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. ആശുപത്രിക്ക് നേരെ ആക്രമണവുമുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തിൽ ആശുപത്രി അധികൃതർ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. മൂന്നംഗ അന്വേഷണ സംഘത്തെ രൂപീകരിച്ച് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.