അറിവ് ഇന്ന് വിരൽത്തുമ്പിലാണ്. ക്ലാസ്മുറികളിൽനിന്ന് ചോക്കും ഡസ്റ്ററും മാഞ്ഞു. പകരം സ്മാർട്ട്റൂമുകളായി. ഓൺലൈനും എഐയും ചേർന്ന് വിദ്യാഭ്യാസത്തെ അടിമുടി സാങ്കേതികമാക്കി. അപ്പോഴും എപ്പോഴും അധ്യാപകർക്ക് പകരക്കാരില്ല. ഒരു ടച്ചിൽ ചരിത്രം തെളിയും. ചരിത്രബോധം വരില്ല. മറ്റൊരു ടച്ചിൽ ശാസ്ത്രം കനിയും. ശാസ്ത്രബോധം തെളിയില്ല. എഐ ഈരടികൾ തരും. കവിത വിടർത്തില്ല. സമൂഹമാധ്യമങ്ങൾ മൂല്യങ്ങളെ കുഴച്ചുമറിച്ചുതരും. മാനവികതയെന്ന ബോധ്യം മറഞ്ഞുനിൽക്കും. സാങ്കേതികവിദ്യ അറിവുകൊണ്ട് മൂടുകയേ ഉള്ളൂ. എന്നാൽ സ്നേഹംകൊണ്ടു മൂടാൻ അധ്യാപകർതന്നെ വേണം. അധ്യാപകരുടെ ആർജവത്തിന്റെ മാന്ത്രികസ്പർശമേ പഠിതാക്കളിൽ മൂല്യബോധമുണർത്തൂ. കുട്ടികളുമായുള്ള ജൈവബന്ധത്തിലൂടെ അർഥവത്തായ പുതുതലമുറയെ സൃഷ്ടിക്കുകയെന്ന നിശബ്ദവിപ്ലവം നയിക്കുന്ന അധ്യാപകർക്ക് അധ്യാപകദിനത്തിന്റെ ആശംസകൾ, അഭിവാദ്യങ്ങൾ!
വിവരശേഖരണം വിരല്‍ത്തുമ്പിലായതോടെ അറിവ് പകരുന്നവനെന്ന നിലയിലുള്ള അധ്യാപകന്റെ പരമ്പരാഗത സ്ഥാനത്തിനു മാറ്റം വരികയും വൈകാരികമായ ആത്മബന്ധം കുറയുകയും ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയില്‍ കടന്നുകൂടിയ വാണിജ്യവത്കരണം അധ്യാപനത്തെ വെറുമൊരു സേവന-ഉപഭോക്തൃ ബന്ധമായി ചുരുക്കുകയും സ്നേഹാദരങ്ങളുടെ സ്ഥാനത്ത് അളവുകോലുകള്‍ പ്രതിഷ്ഠിക്കുകയും ചെയ്തു.
ശിക്ഷാഭയമില്ലാത്ത പുതിയ കാലത്ത് കുട്ടികളെ തിരുത്താനോ നിയന്ത്രിക്കാനോ ശ്രമിക്കുമ്പോള്‍ നടപടികള്‍ ഭയന്ന് പല അധ്യാപകരും വിദ്യാര്‍ഥികളില്‍നിന്നു സുരക്ഷിതമായ അകലം പാലിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
വ്യക്തിത്വ രൂപീകരണത്തേക്കാളും ധാര്‍മിക മൂല്യങ്ങളേക്കാളും പരീക്ഷകളിലെ ഉയര്‍ന്ന മാര്‍ക്കിനും ഗ്രേഡുകള്‍ക്കും മാത്രം ഊന്നല്‍ നല്കുന്ന യാന്ത്രികമായ പ്രബോധനരീതി അധ്യാപകരില്‍ ഭാരമായി മാറുന്നു.
ഇന്‍ഫ്ളുവന്‍സര്‍മാരെയും റീല്‍സ് സംസ്കാരത്തെയും മാതൃകയാക്കുന്ന പുതിയ തലമുറയ്ക്ക് അധ്യാപകരുടെ ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കാലഹരണപ്പെട്ടതായി തോന്നുമ്പോള്‍ മൂല്യശ്രേണി തകരുന്നു.
അധ്യാപകരെ വിശ്വസിച്ച് കുട്ടികളെ ഏല്പിക്കുന്ന പഴയ രീതി മാറി, ചെറിയ തിരുത്തലുകളെപ്പോലും ചോദ്യം ചെയ്യുകയും സംശയദൃഷ്ടിയോടെ കാണുകയും ചെയ്യുന്ന രക്ഷാകര്‍തൃ രീതി അധ്യാപകരുടെ ആത്മാര്‍ഥത കുറയ്ക്കുന്നു.
സ്നേഹവും കരുതലുമുള്ള പഴയകാല ഗുരുശിഷ്യ ബന്ധത്തിലേക്കു തിരിച്ചെത്താന്‍ കേവലം ഉപദേശങ്ങള്‍ക്കപ്പുറം അധ്യാപകര്‍ കുട്ടികള്‍ക്കൂ മുന്നില്‍ കൃത്യമായ മാതൃകകളായി മാറേണ്ടത് അത്യന്താപേക്ഷിതമാണ്.
ഡോ. നോയല്‍ മാത്യൂസ്
സ്റ്റേറ്റ് പ്രസിഡന്റ്
(കേരള സ്റ്റേറ്റ് സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട്
അധ്യാപകൻ, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കുമളി)
അധ്യാപനം എന്നത് അറിവ് പകർന്നുനൽകുക മാത്രമല്ല, നല്ല മനുഷ്യരെയും ഉത്തരവാദിത്വമുള്ള പൗരൻമാരെയും രൂപപ്പെടുത്തുക എന്ന മഹത്തായ ദൗത്യം കൂടിയാണ്. നഴ്സിംഗ് അധ്യാപിക എന്ന നിലയിൽ, അറിവിനൊപ്പം കരുണയും സഹാനുഭൂതിയും സേവനമനോഭാവവും വിദ്യാർഥികളിൽ വളർത്തേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്വമാണ്. ആധുനിക കാലഘട്ടത്തിൽ അധ്യാപക-വിദ്യാർഥി ബന്ധത്തിൽ ചില അകലങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിലും സ്നേഹവും വിശ്വാസവും പരസ്പര ബഹുമാനവും നിലനിന്നാലേ ആ ബന്ധം കൂടുതൽ ശക്തമാകൂ. സമൂഹത്തിലെ മാറ്റങ്ങളും വെല്ലുവിളികളും അധ്യാപകസമൂഹത്തെയും ബാധിക്കുന്നുണ്ടെങ്കിലും അധ്യാപകർ മൂല്യബോധവും ധാർമികതയും ഉയർത്തിപ്പിടിക്കണം. വിദ്യാർഥികളുടെ ജീവിതവിജയവും അവർ സമൂഹത്തിന് നൽകുന്ന മികച്ച സംഭാവനയുമാണ് ഒരു അധ്യാപകന്റെ ഏറ്റവും വലിയ അംഗീകാരം.
ജൂലി ജോഷ്വ, പ്രിൻസിപ്പൽ
ഡോ.എ.വി. ജോസഫ് സ്കൂൾ ഓഫ്
നഴ്സിംഗ്, നെടുങ്കണ്ടം
വിദ്യാർഥിസമൂഹം അവരുടെ നല്ലൊരു ശതമാനം സമയവും ചെലവഴിക്കുന്നത് വിദ്യാലയങ്ങളിലാണ്. അവിടെനിന്ന് അവർക്കു ലഭിക്കുന്ന അനുഭവങ്ങളും പാഠങ്ങളുമാണ് അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നത്. ഓരോ വിദ്യാർഥിയും വ്യത്യസ്തരാണെന്നും തനതായ ശൈലികളും രീതികളുമുള്ളവരാണെന്നും തിരിച്ചറിഞ്ഞ് ശരിയായ ദിശാബോധം നൽകുക എന്നതാണ് അധ്യാപകരുടെ പ്രധാന കർത്തവ്യം. ശരിയായ പാതയിലേക്ക് അവരെ നയിക്കാൻ കഴിയുന്നിടത്താണ് ഉത്തമരായ പൗരന്മാർ രൂപപ്പെടുന്നത്.
എല്ലാക്കാലത്തെയുംപോലെ ഈ കാലഘട്ടത്തിന്റെ വ്യവസ്ഥിതികളും പ്രത്യേകതകളും അധ്യാപകരെയും വിദ്യാർഥികളെയും ഒരുപോലെ സ്വാധീനിക്കുന്നുണ്ട്. അറിവ് സന്പാദിക്കുന്നതു നിലവിൽ വളരെ എളുപ്പമാണ്. നിർമിതബുദ്ധിയുടെ കാലഘട്ടത്തിൽ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിക്കുന്ന ഭാഷാ മാതൃകകളുണ്ട്. എങ്കിലും, എന്ത് ചോദിക്കണം, എങ്ങനെ ചോദിക്കണം എന്നുള്ളതുകൂടി ധാർമികതയുടെ അടിസ്ഥാനത്തിൽ പരിശീലിപ്പിക്കപ്പെടേണ്ടതുണ്ട്. കേവലം യാന്ത്രികമായ ജീവിതത്തേക്കാൾ സഹജീവികളോടുള്ള കരുതൽ ഉറപ്പാക്കാൻ കഴിയുന്ന ജീവിതരീതിയാണ് രൂപപ്പെടേണ്ടത്. പുതിയ സങ്കേതങ്ങൾ ഉപയോഗിച്ച് അവരെ അതിന് സജ്ജരാക്കുക എന്നുള്ളതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.
ഡോ. കെ.യു. ജസീന, പ്രിൻസിപ്പൽ,
എംഇഎസ് കോളജ്, നെടുങ്കണ്ടം.
അധ്യാപകദിനം സ്മാർട്ട്ഫോണുകളും സമൂഹമാധ്യമങ്ങളും നൽകുന്ന അമിത സ്വാതന്ത്ര്യം പലപ്പോഴും വിദ്യാർഥികളിൽ ധാർമിക മൂല്യച്യുതിക്കും അധ്യാപക-വിദ്യാർഥി ബന്ധത്തിലെ അകൽച്ചയ്ക്കും കാരണമാകുന്നുണ്ട്. ക്ലാസ് മുറികളിലെ അറിവിനേക്കാൾ ഇന്റർനെറ്റ് ലോകത്തെ താത്കാലിക താത്പര്യങ്ങൾക്ക് കുട്ടികൾ അടിമപ്പെടുന്പോൾ, അവരെ സ്നേഹത്തോടെ തിരുത്തുക എന്നത് അധ്യാപകന്റെ വിശുദ്ധമായ ചുമതലയാണ്. സൈബർ ലോകത്തെ ജീർണതകളിൽനിന്ന് കുട്ടികളുടെ വ്യക്തിത്വത്തെ ശുദ്ധീകരിക്കാൻ കേവലം പാഠപുസ്തക പഠനംകൊണ്ടുമാത്രം സാധിക്കില്ല. സാങ്കേതികവിദ്യയുടെ നല്ല വശങ്ങൾക്കൊപ്പം അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും നഷ്ടപ്പെട്ടുപോകുന്ന മാനവിക മൂല്യങ്ങളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കേണ്ടതുണ്ട്.
അജോ പി. ജോസ്,
(അധ്യാപകൻ, സെന്റ് സേവ്യേഴ്സ്
എച്ച്എസ്എസ് ചെമ്മണ്ണാർ)
അധ്യാപകരുടെ സ്നേഹവും കരുതലും തന്നെയാണ് ഇന്നും കുട്ടികളെ അറിവിലേക്കും നന്മയിലേക്കും കൈപിടിച്ച് നടത്തുന്നത്. അധ്യാപക-വിദ്യാർഥി ബന്ധത്തിൽ നേർത്ത അകൽച്ച പടർന്നിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. സാങ്കേതികവിദ്യയുടെ വേഗതയും ജീവിതത്തിന്റെ തിരക്കും ഈ അകലം വർധിപ്പിച്ചെങ്കിലും ഇന്നും അനേകം ക്ലാസ് മുറികളിൽ സ്നേഹത്തിന്റെ ഊഷ്മളതകെടാതെ കത്തിനിൽക്കുന്നു. പൊതുസമൂഹത്തിന്റെ ജീർണതകൾ അധ്യാപക സമൂഹത്തിലേക്ക് അരിച്ചിറങ്ങുന്നു എന്ന ആരോപണത്തിൽ കഴന്പില്ല. ഭൂരിഭാഗം അധ്യാപകരും ഇന്നും തങ്ങളുടെ ദൗത്യത്തിന്റെ പവിത്രത നെഞ്ചോടു ചേർത്ത് പിടിക്കുന്നവരാണ്. ശിക്ഷയല്ല ശിക്ഷണമാണ്, വടിയല്ല ചെവിയോർക്കലാണ് വേണ്ടത്. കുട്ടികളെ ശ്രവിക്കുക, മനസിലാക്കുക, അവരോടൊപ്പമാകുക-ഇതാകണം അധ്യാപനത്തിന്റെ മന്ത്രം. രക്ഷിതാക്കളും സമൂഹവും നൽകുന്ന വിശ്വാസവും പിന്തുണയും ഈ ബന്ധത്തിന്റെ വേരുകൾക്ക് ആഴം കൂട്ടും.
ജിൻസ് ജോസ്,
(ഹെഡ്മാസ്റ്റർ സെന്റ് സെബാസ്റ്റ്യൻസ്
യുപിഎസ്, നെടുങ്കണ്ടം)
അധ്യാപകർ അറിവ് പകരുന്നയാൾ മാത്രമല്ല, ഒരു തലമുറയുടെ ചിന്തയെ രൂപപ്പെടുത്തുന്ന ശില്പിയാണ്. വിവരങ്ങൾ വിരൽത്തുന്പിൽ ലഭിക്കുന്ന കാലയളവിൽ വിവരങ്ങളിലേക്കുള്ള വഴികാട്ടിയേക്കാൾ വിവേകത്തിലേക്കുള്ള വഴികാട്ടിയാകുകയാണ് അധ്യാപകന്റെ ദൗത്യം. കുട്ടിയുടെ കഴിവുകൾ കണ്ടെത്തി അവയ്ക്ക് ചിറകുനൽകുന്നതാണ് യഥാർഥ അധ്യാപനം. പാഠപുസ്തകത്തിലെ അറിവിനൊപ്പം ജീവിതത്തെ നേരിടാനുള്ള ആത്മവിശ്വാസവും മൂല്യബോധവും കുട്ടികളിൽ വളർത്തണം.അധ്യാപക-വിദ്യാർഥി ബന്ധത്തിന്റെ ശക്തി അധികാരത്തിലല്ല, പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലുമാണ്.
ഒരു കുട്ടിയുടെ തെറ്റിനെ ശിക്ഷിക്കുന്നതിനേക്കാൾ അതിന്റെ കാരണം തിരിച്ചറിഞ്ഞ് തിരുത്താൻ സഹായിക്കുന്ന അധ്യാപകനാണ് യഥാർഥ ഗുരു. നല്ല അധ്യാപകന്റെ സ്വാധീനം ക്ലാസ്മുറിയുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല, വിദ്യാർഥിയുടെ ജീവിതയാത്രയിലുടനീളം നിലനിൽക്കുന്നതാണ്.
അതുകൊണ്ട് അധ്യാപകന്റെ ഏറ്റവും വലിയ നേട്ടം എത്ര കുട്ടികളെ പഠിപ്പിച്ചു എന്നതിലല്ല, എത്ര നല്ല മനുഷ്യരെ വളർത്തിയെടുത്തു എന്നതിലാണ്. അറിവുള്ള തലമുറയേക്കാൾ വിവേകവും കരുണയും ഉത്തരവാദിത്വവുമുള്ള തലമുറയെ സൃഷ്ടിക്കുന്പോഴാണ് അധ്യാപകവൃത്തിയുടെ മഹത്വം പൂർണമാകുന്നത്.
സിസ്റ്റർ ലിസ്ന എസ്എച്ച്
(അധ്യാപിക, എസ്എച്ച് ഇഎംഎൽപിഎസ്, നെടുങ്കണ്ടം)
അധ്യാപകന്റെ സ്വാധീനം ക്ലാസ്മുറിയുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല. പഠിപ്പിച്ച നൂറുകണക്കിന് വിദ്യാർഥികളിൽ പലരും വർഷങ്ങൾക്കുശേഷവും സ്നേഹത്തോടെ ഓർത്തെടുക്കുന്ന ഒരു വാക്കോ, ഉപദേശമോ, സമീപനമോ അധ്യാപനത്തിന്റെ യഥാർഥ ബാക്കിപത്രമാണ്. അറിവ് പകരുക എന്നതിലുപരി വിദ്യാർഥിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാൻ പ്രാപ്തനാക്കുകയാണ് അധ്യാപകന്റെ ദൗത്യം. കാലം മാറിയതോടെ അധ്യാപക-വിദ്യാർഥി ബന്ധത്തിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായെങ്കിലും വിശ്വാസത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ബന്ധത്തിന് ഇന്നും പകരക്കാരില്ല. സമൂഹത്തിലെ മൂല്യശോഷണങ്ങൾ അധ്യാപകസമൂഹത്തിലും പ്രതിഫലിക്കുന്നുണ്ടെങ്കിൽ അത് അധ്യാപകർ ഗൗരവമായി ആത്മപരിശോധന നടത്തേണ്ട മുന്നറിയിപ്പാണ്. കാരണം, വിദ്യാർഥികൾ അധ്യാപകരിൽനിന്ന് കേൾക്കുന്നതിനേക്കാൾ കൂടുതൽ പഠിക്കുന്നത് അവരുടെ ജീവിതത്തിൽനിന്നു തന്നെയാണ്. അതിനാൽ അധ്യാപകദിനം പൂക്കളും ആശംസകളും ഏറ്റുവാങ്ങുന്ന ദിനം മാത്രമല്ല, നാം ഏതു തലമുറയെയാണ് രൂപപ്പെടുത്തുന്നതെന്ന് സ്വയം ചോദിക്കേണ്ട ദിനംകൂടിയാണ്.
ഡോ. ജെ. സതീഷ് കുമാർ
(പ്രിൻസിപ്പൽ സിപിഎഎസ്, കോളജ് ഓഫ് ടീച്ചർ
എഡ്യൂക്കേഷൻ, നെടുങ്കണ്ടം)
പാഠപുസ്തകത്തിലെ അറിവിനപ്പുറം വിദ്യാർഥികളെയും അവരുടെ സാഹചര്യവും മനസിലാക്കാനും നല്ല മൂല്യങ്ങൾ വളർത്തിയെടുക്കാനും അധ്യാപകർക്ക് കഴിയണം. അധ്യാപകൻ വെറും അറിവ് പകർന്ന വ്യക്തിയായി ഒതുങ്ങരുത്. ഓരോ വിദ്യാർഥിയുടെയും മനസിൽ നല്ല റോൾമോഡലായി മാറാൻ കഴിയണം. സഹപാഠികൾക്ക് വീടും സ്ഥലവും ലഭ്യമാക്കുന്നതിനും ഓണക്കാലത്ത് കിറ്റുകൾ വിതരണം ചെയ്യു ന്നതിനും നേതൃത്വം നൽകിയത് അവരെ സഹജീവികളോടുള്ള സ്നേഹവും കരുതലും പഠിപ്പിക്കാനാണ്. അധ്യാപകരുടെ വാക്കുകളും പ്രവർത്തികളും വിദ്യാർഥികളുടെ ചിന്തകളെയും സ്വപ്നങ്ങളെയും സ്വാധീനിക്കുന്നതാകണം. ഓരോ വിദ്യാർഥിയുടെയും ജീവിതത്തിൽ യഥാർഥ മാതൃകയായി മാറുന്നതിനു അധ്യാപകർക്ക് കഴിയണം. നല്ല അധ്യാപകന്റെ വാക്കുകളും സ്നേഹപൂർണമായ സമീപനവും ഏതൊരു വിദ്യാർഥിയുടേയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് എന്റെ അനുഭവം.
സജി മാത്യു മഞ്ഞക്കടന്പിൽ
(ഹെഡ്മാസ്റ്റർ, സെന്റ് സെബാസ്റ്റ്യൻസ്
എച്ച്എസ് തൊടുപുഴ)
അധ്യാപക-വിദ്യാർഥി ബന്ധം സ്നേഹവും കരുതലും പരസ്പരവിശ്വാസവും ബഹുമാനവും നിറഞ്ഞതായിരിക്കണം. വിദ്യാർഥികൾക്ക് അറിവ് പകർന്നുനൽകുക മാത്രമല്ല, അവരുടെ കഴിവുകളും സർഗാത്മകതയും തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും നല്ല ജീവിതത്തിലേക്ക് നയിക്കുകയും ചെയ്യുക എന്നത് അധ്യാപകരുടെ പ്രധാന ഉത്തരവാദിത്വമാണ്. വിദ്യാർഥികളുടെ പഠനപരമായ വളർച്ചയ്ക്കൊപ്പം സാമൂഹികവും മാനസികവുമായ വളർച്ചയ്ക്കും അധ്യാപകർ പിന്തുണ നൽകണം.
ഇതിനായാണ് സ്കൂളിൽ ചികിൽസാസഹായം, ഭവനനിർമാണം ഉൾപ്പടെയുള്ള വിവിധ സാമൂഹിക സേവനപ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസ കേന്ദ്രമായ പ്രതീക്ഷ ഭവനിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ, കളിസാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ശേഖരിച്ച് നൽകാനുമായി. ഓണക്കാലത്ത് സ്കൂളിലെ ഏറ്റവും നിർധനരായ 75 കുട്ടികൾക്ക് ഓണക്കിറ്റുകളും വിതരണം ചെയ്തു. എന്റെ വാഴ പദ്ധതിയിലൂടെ എല്ലാ കുട്ടികൾക്കും വാഴവിത്തുകൾ വിതരണം ചെയ്യുന്നു. ഇത്തരത്തിലുള്ള സത്പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ സഹാനുഭൂതി, കരുണ, സഹകരണം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കാൻ സാധിക്കും.
സാം ജോസഫ്
(അധ്യാപകൻ, സെന്റ് സെബാസ്റ്റ്യൻസ്
യുപി സ്കൂൾ തൊടുപുഴ)
അറിവിന്റെ വെളിച്ചം പകർന്നുകൊടുത്ത് വിദ്യാർഥികൾക്ക് വഴിവിളക്കാകുന്പോഴാണ് അധ്യാപക-വിദ്യാർഥി ബന്ധം ഊഷ്മളമാകുന്നത്. ഗുരുവിന്റെ ഒരു സ്നേഹവാക്ക് മതി കുട്ടിയുടെ ആത്മവിശ്വാസം വാനോളം ഉയർത്താൻ. ക്ലാസ് മുറികളിലെ അറിവുകൾക്കപ്പുറം വിദ്യാർഥികളുടെ നന്മയും ഭാവിയും ആഗ്രഹിക്കുന്നവരാണ് യഥാർഥ ഗുരുക്കന്മാർ. അറിവ് പകർന്നു നൽകൽ മാത്രമല്ല, പരസ്പരമുള്ള വിശ്വാസത്തിലും ആദരവിലുമാണ് ഈ ബന്ധം നിലനിൽക്കുന്നത്. തെറ്റുകൾ തിരുത്തിയും നേർവഴി കാണിച്ചും ഒരു മാതാവിനെപ്പോലെ കൂടെ നിൽക്കുന്നവരാണ് അധ്യാപകർ. കുട്ടികളുടെ കണ്ണുകളിലെ തിളക്കവും വിജയവും കാണുന്പോഴാണ് ഏതൊരു അധ്യാപകന്റെയും മനസ് സന്തോഷംകൊണ്ട് നിറയുന്നത്. കഠിനമായ നിയമങ്ങൾക്കപ്പുറം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഭാഷയാണ് നല്ലൊരു അധ്യാപകൻ സംസാരിക്കുന്നത്. തളർന്നുപോകുന്പോൾ തോളിൽ തട്ടി ധൈര്യം പകരുന്ന വലിയൊരു ശക്തിയാണ് ഗുരുവിന്റെ സാന്നിധ്യം.
വിദ്യാർഥിയുടെ ചെറിയ വിജയങ്ങളിൽ പോലും സ്വന്തം വിജയം പോലെ അഭിമാനിക്കുന്നവരാണ് അധ്യാപകർ. കാലങ്ങൾ കഴിഞ്ഞാലും മനസിൽ മായാതെ നിൽക്കുന്ന ഏറ്റവും പവിത്രവും ഊഷ്മളവുമായ സൗഹൃദങ്ങളിൽ ഒന്നാണ് അധ്യാപക വിദ്യാർഥി ബന്ധം.
ടെസി തോമസ്
പ്രധാന അധ്യാപിക (സെന്റ് മേരീസ്
എച്ച്എസ്, കോടിക്കുളം)
അധ്യാപകൻ നല്ല മെന്ററാകണമെങ്കിൽ ഓരോ കുട്ടിയേയും മനസിലാക്കാൻ സമയവും ക്ഷമയും ഉണ്ടാകണം. ഓരോ കുട്ടിയേയും തിരിച്ചറിയുക എന്നത് ചെറിയ കാര്യമല്ല, കാരണം ഓരോ കുട്ടിയും ഒരു പാഠപുസ്തകമല്ല വ്യത്യസ്തമായ ഒരു ജീവിതകഥയാണ്. ഇവിടെയാണ് അധ്യാപകന്റെ മാനസികാരോഗ്യത്തിനു പ്രാധാന്യമേറുന്നത്. അധ്യാപകന്റെ മാനസികാരോഗ്യം നല്ല അധ്യാപനത്തിന് അടിസ്ഥാനമാണ്. സന്തുഷ്ടിയും മാനസിക ആരോഗ്യവുമുള്ള അധ്യാപകരാണ് കുട്ടികൾക്ക് സുരക്ഷിതവും മികച്ച പഠനാന്തരീക്ഷവും ഒരുക്കുന്നത്. മാറുന്ന ജീവിതസാഹചര്യങ്ങളും അധ്യാപകനു വരുന്ന മറ്റു ജോലി ഭാരവും കുട്ടികളെ ശരിയായ രീതിയിൽ പരിശീലിപ്പിക്കുന്നതിനു തടസം സൃഷ്ടിക്കുന്നു. മാനസിക സമർദം പലപ്പോഴും അധ്യാപകരെ തളർത്തുന്നു. കാലോചിതമായ മാറ്റങ്ങൾ അധ്യാപകമേഖലയിലും അനിവാര്യമാണ്.
മെറിൻ ജോസഫ്
(അധ്യാപിക, എസ്എഎച്ച്എസ്, വണ്ടൻമേട്)
അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ബന്ധം തലമുറകളോളം നിലനിൽക്കേണ്ട ഒന്നാണ്. കേവലം അറിവ് പകർന്നു നൽകുന്ന ഒരാളായി മാറുന്നതല്ല അധ്യാപകൻ. മറിച്ച് ഒരു കുട്ടിയുടെ ജീവിതത്തെയും സ്വഭാവത്തെയും രൂപപ്പെടുത്തുന്നതിൽ ഈ ബന്ധത്തിന് വലിയ പങ്കുണ്ട്. കുട്ടികളുടെ ഉള്ളിലുള്ള ആശയങ്ങൾ പങ്കുവയ്ക്കാനും സംശയങ്ങൾ ഭയമില്ലാതെ ചോദിക്കാനും കുട്ടിയെ പ്രാപ്തനാക്കേണ്ടത് അധ്യാപകന്റെ ചുമതലയാണ്. ഇവിടെയാണ് അധ്യാപകന്റെ റോൾ. അധ്യാപകൻ ഒരു വഴികാട്ടിമാത്രമല്ല നല്ലൊരു സുഹൃത്തും ആയിരിക്കണം. പക്ഷേ ആധുനികവത്കരണത്തിന്റെ ഭാഗമായി നെട്ടോട്ടമോടുന്ന നിലവിലെ സാഹചര്യത്തിൽ പുതുതലമുറയ്ക്കുമുന്നിൽ പിടിച്ചുനിൽക്കാൻ അധ്യാപകൻ നന്നേ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. അധ്യാപകർക്ക് അധ്യാപനത്തിനപ്പുറത്തേക്ക് അമിതഭാരം അടിച്ചേൽപ്പിക്കപ്പെടുകയാണ്. കുട്ടികളുടെ പ്രശ്നങ്ങൾക്ക് ചെവികൊടുക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള സമയം അധ്യാപകരുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. ഓരോ കുട്ടിയും തുറന്ന ഒരു പുസ്തകമാണ്. എന്നാൽ അധ്യാപകർ നുകം വഹിക്കുന്ന കാളകളായി മാറിയിരിക്കുന്നു. ഇവിടെയാണ് മാറ്റുവിൻ ചട്ടങ്ങളേ എന്ന വാക്ക് അന്വർത്ഥമാക്കേണ്ടത്.
മിനിമോൾ തോമസ്
(അധ്യാപിക, എസ്എഎച്ച്എസ്, വണ്ടൻമേട്)
ഒരുകാലത്ത് സന്ധ്യകളെ ചിരികളാൽ നിറച്ചിരുന്ന കളിക്കളങ്ങളും മനസിന്റെ ജനാലകൾ തുറന്നിരുന്ന പുസ്തകത്താളുകളും ഇന്ന് നമ്മുടെ കൗമാരത്തിൽനിന്ന് പതിയെ അകലുകയാണ്. മണ്ണിന്റെ മണവും കൂട്ടുകാരുടെ വിളികളും നഷ്ടപ്പെട്ട ബാല്യം സ്ക്രീനിന്റെ നീലവെളിച്ചത്തിൽ ഒതുങ്ങുന്ന കാഴ്ച വേദനാജനകമാണ്. കളിക്കളങ്ങൾ ശരീരത്തെമാത്രമല്ല, സൗഹൃദത്തെയും സഹകരണത്തെയും ജീവിതത്തിന്റെ ലാളിത്യത്തെയും പഠിപ്പിച്ച പാഠശാലകളായിരുന്നു. അതുപോലെ നല്ല പുസ്തകം കുട്ടിയുടെ കൈയിലെത്തുന്പോൾ അത് അറിവിന്റെമാത്രമല്ല, സ്വപ്നങ്ങളുടെയും സങ്കല്പങ്ങളുടെയും പുതിയ ലോകത്തിന്റെ വാതിൽ തുറക്കുകയാണ്. ഇന്ന് വിരൽത്തുന്പിൽ അറിവിന്റെ മഹാസമുദ്രം ഉണ്ടായിട്ടും പുസ്തകത്തിന്റെ മണമറിയാത്തൊരു തലമുറ വളരുന്നുവെന്നതു കാലത്തിന്റെ വൈരുധ്യമാണ്. കളി നഷ്ടപ്പെടുന്പോൾ ശരീരത്തിന്റെ ചൈതന്യവും വായന നഷ്ടപ്പെടുന്പോൾ മനസിന്റെ ആഴവും കുറയുന്നു. കുട്ടികൾക്ക് മാർക്കുകൾ മാത്രം നൽകുന്ന വിദ്യാഭ്യാസമല്ല, ഓടാനും ചിരിക്കാനും വായിക്കാനും സ്വപ്നം കാണാനും കഴിയുന്ന ഒരു ബാല്യമാണ് നാം നൽകേണ്ടത്. അതിനായി വീടുകളും വിദ്യാലയങ്ങളും കളിസ്ഥലങ്ങളെയും വായനശാലകളെയും വീണ്ടും കുട്ടികളുടെ പ്രിയപ്പെട്ട ഇടങ്ങളാക്കണം. കൗമാരത്തിന്റെ കൈകളിൽ മൊബൈൽ മാത്രം ഏൽപ്പിക്കാതെ ഒരു പുസ്തകവും, സ്ക്രീനിനു മുന്നിൽ മാത്രം ഇരുത്താതെ ഒരു കളിക്കളത്തിലേക്കും അവരെ നയിക്കാം. കളിക്കളത്തിന്റെ മണ്ണും പുസ്തകത്തിന്റെ മണവും തിരിച്ചുപിടിക്കുന്നിടത്താണ് നമ്മുടെ കൗമാരത്തിന്റെ നഷ്ടപ്പെട്ട ചിരിയും സ്വപ്നങ്ങളും വീണ്ടും പൂവണിയുന്നത്.
റിനിമോൾ മാത്യു
(ഹെഡ്മിസ്ട്രസ്, സെന്റ് സേവ്യേഴ്സ്
എച്ച്എസ്എസ് ചെമ്മണ്ണാർ)
അറിവ് പകർന്നുനൽകുന്നവൻ മാത്രമല്ല സ്നേഹം സംവഹിക്കുന്നവനാണ് യഥാർഥ അധ്യാപകൻ. ഇന്ന് കുട്ടികൾക്ക് അറിവ് ഗൂഗിളിൽനിന്നു ലഭിക്കും. എന്നാൽ ആത്മധൈര്യവും സ്നേഹവും കരുതലും സുരക്ഷിതത്വവും ലഭിക്കേണ്ടത് ഗുരുവിൽനിന്നാണ്. ജീവിതത്തിൽ എപ്പോഴും ഒരു നല്ല മനുഷ്യനായി ജീവിക്കാൻ അധ്യാപകർ കുട്ടികളെ പഠിപ്പിക്കണം. ശകാരിച്ചു പഠിപ്പിച്ചിരുന്ന കാലം കഴിഞ്ഞു, ചേർത്തുപിടിച്ചു പഠിപ്പിക്കേണ്ട കാലമാണിത്. ഒരു കുട്ടിയുടെ തെറ്റിനെപ്പോലും സ്നേഹത്തോടെ തിരുത്തുന്പോഴാണ് അധ്യാപനം വിശുദ്ധമാകുന്നത്. ആ സ്നേഹത്തിന്റെ ബാക്കിപത്രമായാണ് വിദ്യാർഥികളും രക്ഷിതാക്കളും സമൂഹവും അധ്യാപകരെ എന്നും ഓർക്കുന്നത്.
കൊച്ചുറാണി ജോസഫ്
(ഹെഡ്മിസ്ട്രസ്, സെന്റ് മേരീസ്
ഹൈസ്കൂൾ വാഴവര)
ഒരു കുട്ടിയുടെ കഴിവ് അവൻ എത്ര വേഗത്തിൽ പഠിക്കുന്നു എന്നതിലല്ല, മറിച്ച് അവരുടെ കഴിവുകളെ പരമാവധി പ്രകാശിപ്പിക്കുന്നതിലാണ്. വിദ്യാഭ്യാസം എന്നെ പഠിപ്പിച്ച ഏറ്റവും വലിയ പാഠവും അതുതന്നെയാണ്. ചില കുട്ടികൾ ഒരു അക്ഷരം എഴുതുന്നതു പോലും വലിയ വിജയമാണ്. മറ്റുചിലർക്ക് സ്വന്തം കാര്യം സ്വയം ചെയ്യാൻ കഴിയുന്നതും നേട്ടമാണ്. അതിനാൽ ഓരോ ചെറിയ മുന്നേറ്റവും ഒരു അധ്യാപകന്റെ വലിയ വിജയമായി മാറുന്നു. പഠിപ്പിക്കുക മാത്രമല്ല എനിക്കും കഴിയും എന്ന ആത്മവിശ്വാസം കുട്ടിയുടെ മനസിൽ വളർത്തുകകൂടിയാണ് അധ്യാപകന്റെ യഥാർത്ഥ ദൗത്യം. കുട്ടിയുടെ പരിമിതികളെ നോക്കാതെ അവന്റെ സാധ്യതകളെ കാണുന്ന കണ്ണാണ് ഒരു നല്ല അധ്യാപകന് ഉണ്ടാകേണ്ടത്. ചിലപ്പോൾ കുട്ടികളുടെ ജീവിതം മാറ്റുന്നു എന്ന് കരുതുന്പോൾ യഥാർത്ഥത്തിൽ അവർ തന്നെയാണ് ഞങ്ങളുടെ ജീവിതത്തെ കൂടുതൽ അർത്ഥവത്താക്കുന്നത്.
ടി.ജെ. സെമി
(സ്പെഷൽ എഡ്യൂക്കേറ്റർ, അമൽജ്യോതി
സ്പെഷൽ സ്കൂൾ പൈനാവ്)
വിദ്യാർഥികൾക്ക് അറിവിന്റെ പുതുലോകം പകർന്നുനൽകുന്നതിന് ത്യാഗത്തിൽ ചാലിച്ചെടുത്ത ജീവിതം ആവശ്യമാണ്. പ്ലസ് ടു ഹിസ്റ്ററി സിലബസിൽ ഉൾപ്പെട്ട സാഞ്ചി സ്തൂപത്തെക്കുറിച്ച് പഠിപ്പിക്കുന്നതിനായി മധ്യപ്രദേശിലെ സാഞ്ചിയിലെത്തി ഇതിന്റെ നിർമാണ ഘടനയും ചരിത്രപരമായ പ്രത്യേകതകളും ഓണ്‍ലൈനായി നൽകിയ ക്ലാസ് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി. ദണ്ഡി യാത്രയിലെ മലയാളി സത്യഗ്രഹികളെകുറിച്ച് ഗവേഷണ പ്രബന്ധം തയാറാക്കാൻ നിരവധി വ്യക്തികളുമായി അഭിമുഖവും പഠനവും നടത്തിയതിനു പിന്നിലും വിദ്യാർഥികൾക്ക് ചരിത്രപാഠങ്ങൾ നൽകാനുള്ള അഭിനിവേശനമാണ് പ്രേരണയായത്. കേരളത്തിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ച ആദ്യ വനിതയായ മുക്കാപ്പുഴ കാർത്ത്യായനി അമ്മയുടെ സ്വാതന്ത്ര്യസമരജീവിതം വെളിച്ചത്തുകൊണ്ടുവരാനും കഴിഞ്ഞു. അധ്യാപകരും വിദ്യാർഥികളും തമ്മിൽ നല്ല ഹൃദയബന്ധം ഉണ്ടായാലേ അവരുടെ ജീവിതത്തെ രൂപപ്പെടുത്താനും നല്ല മനുഷ്യരായി അവരെ മാറ്റിയെടുക്കാനും കഴിയൂ. മൂല്യങ്ങളുടെ കൈമാറ്റം വിദ്യാർഥികൾക്ക് നൽകാൻ അധ്യാപകരോളം കഴിയുന്ന മറ്റാരുമില്ല.
ടോം ജോസ് കളപ്പുര
(അധ്യാപകൻ, സെന്റ് മേരീസ്
എച്ച്എസ്എസ് അറക്കുളം)
നിർമിതബുദ്ധിയുടെ ലോകത്ത് ജീവിക്കുന്ന ഇന്നത്തെ തലമുറ ഒരുപിടി മുന്നിലാണ്. ഏതു കാര്യത്തിനും വിവരസാങ്കേതികവിദ്യയുടെ സഹായം തേടുകയും അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന തലമുറയാണ് ഇന്ന് ക്ലാസ് റൂമുകളിൽ അധ്യാപകർക്ക് മുന്നിലുള്ളത്. വിരൽത്തുന്പിൽ അറിവ് ലഭിക്കുന്ന കാലയളവിൽ അധ്യാപകർ അവരുടെ ചിന്താഗതികളെ മാറ്റേണ്ടിയിരിക്കുന്നു. ഇന്നത്തെ തലമുറയ്ക്കൊപ്പം നിന്നാലേ അധ്യാപകരെ കുട്ടികൾ ശ്രദ്ധിക്കൂ. പഴയകാലത്തെ അധ്യാപക-വിദ്യാർഥി ബന്ധം പോലെയാകണം അധ്യാപകർ എന്നുള്ള ചിന്ത മാറിയെ മതിയാവൂ. വിദ്യാർഥികൾക്ക് ഒപ്പം അപ്ഡേറ്റ് ആയി നിൽക്കുന്ന അധ്യാപകരോടാണ് ഇന്ന് കുട്ടികൾക്ക് താത്പര്യം. ഇങ്ങനെ കൂടെനിൽക്കുന്ന അധ്യാപകർ പറഞ്ഞുകൊടുക്കുന്ന തിരുത്തലുകൾ സ്വീകരിക്കാൻ കുട്ടികൾ തയാറാകും. എന്തും ആ അധ്യാപകരോട് തുറന്നുപറയാൻ കുട്ടികൾ ധൈര്യംകാണിക്കുകയും ചെയ്യ