Kerala
തിരുവനന്തപുരം: യുവതി പീഡന പരാതി നൽകിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ പോയതായി സൂചന. പാലക്കാട്ട് തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്നു രാഹുൽ. എന്നാൽ പരാതി വന്നതിനു പിന്നാലെ രാഹുൽ എവിടെയാണെന്ന വിവരമൊന്നുമില്ല.
അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഒരു ഫേസ്ബുക്ക് കുറിപ്പ് മാത്രമാണ് പ്രതികരണമായി വന്നത്. പാലക്കാട്ടെ എംഎൽഎ ഓഫീസ് പൂട്ടിയ നിലയിലാണ്. ഇന്ന് രാത്രി തന്നെ പരാതിക്കാരിയുടെ മൊഴി എടുക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുന്നത്.
യുവതി പരാതി നൽകിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിനിടെ രാഹുൽ മുൻകൂർ ജാമ്യത്തിന് ശ്രമം ആരംഭിച്ചു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായി അദ്ദേഹം ബന്ധപ്പെട്ടതായും സൂചനയുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിലാണ് രാഹുലിനെതിരേ ശബ്ദരേഖ പുറത്തുവന്നത്. പിന്നാലെ മൂന്നാംകക്ഷികളുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്.
ഇരയുടെ പരാതി ലഭിച്ചതോടെ കേസിൽ തുടർനടപടികൾ വേഗത്തിലാകും. രാഹുലിന്റെ അറസ്റ്റും ഉടനുണ്ടാകുമെന്നും സൂചനയുണ്ട്.
Kerala
അട്ടപ്പാടി: സ്കൂൾ പരിസരത്ത് പുലിയെത്തിയതിനാൽ അട്ടപ്പാടി മുള്ളി ട്രൈബൽ ജിഎൽപിഎസിന് അവധി പ്രഖ്യാപിച്ചു. സ്കൂളിനു സമീപത്ത് പുലിയെത്തിയെന്നും വിദ്യാർഥികളുടെ സുരക്ഷ മുൻ നിർത്തിയാണ് അവധി പ്രഖ്യാപിച്ചതെന്നും അധികൃതർ പറഞ്ഞു.
രണ്ടുദിവസമായി സ്കൂള്‍ പരിസരത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും വ്യക്തമാക്കി. അധ്യാപകരുടെ ക്വാര്‍ട്ടേഴ്സിനു മുന്നിലുണ്ടായിരുന്ന നായയെ കഴിഞ്ഞ ദിവസം പുലി പിടിച്ചിരുന്നു.
പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയെന്നും കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. കാഞ്ഞിരപ്പുഴ വാക്കോടൻ അംബികയുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന വളർത്തു നായയെ പുലി പിടിച്ചിരുന്നു. സിസിടിവി പരിശോധിച്ചപ്പോഴാണ് പുലി എത്തിയ വിവരം അറിഞ്ഞത്.