പെരിന്തൽമണ്ണ: നാടിന്റെ നൻമക്കായി അഹോരാത്രം പണിയെടുക്കുന്ന സാമൂഹ്യപ്രവർത്തകരെ ആദരിച്ചും ചേർത്തുപിടിച്ചും പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച "ക്രിയോണം’ ഓണാഘോഷം ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ ഷിഫ കണ്വൻഷൻ സെന്ററിൽ നടന്ന ഓണാഘോഷം മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു.
നാടിന്റെ പുരോഗതിക്കായി വനിതകൾക്ക് വലിയ സംഭാവന നൽകാൻ സാധിക്കുമെന്നും സ്ത്രീകളുടെ പങ്കാളിത്തമില്ലാതെ വികസനം സന്പൂർണമാകില്ലെന്നും മന്ത്രി പറഞ്ഞു.
പെരിന്തൽമണ്ണ മണ്ഡലത്തിലെ ജനങ്ങൾക്ക് രാപകലില്ലാതെ തണലേകുന്ന അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, ആശാവർക്കർമാർ, പാലിയേറ്റീവ് പരിരക്ഷാ നഴ്സുമാർ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ സിഡിഎസ് ഭാരവാഹികൾ, സാക്ഷരത പ്രേരക്മാർ തുടങ്ങി വിവിധ മേഖലകളിലെ ആയിരത്തിലധികം പേർ ഓണാഘോഷത്തിൽ പങ്കാളികളായി.
കഴിഞ്ഞ അഞ്ചുവർഷമായി എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിവരുന്നതാണ് ക്രിയോണം. തിരുവാതിരക്കളി, ഒപ്പന, നാടൻപാട്ടുകൾ, നൃത്തം തുടങ്ങിയവ അരങ്ങേറി.
ചടങ്ങിൽ നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷത വഹിച്ചു. നാലകത്ത് സൂപ്പി, നഗരസഭാ അധ്യക്ഷ സുരയ്യ ഫാറൂഖ്, വൈസ് ചെയർമാൻ എം.ബി. ഫസൽ മുഹമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആയിഷ മേക്കോട്ടിൽ, ഷഹീന മോൾ, സുധ പൊട്ടിപ്പാറ, സുലൈഖ കരിന്പന, റംസീന മുജീബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഹസീബ് വളപുരം, അപ്പു എന്ന മോഹൻദാസ്, കെ. ഭാരതി തുടങ്ങിയവർ പ്രസംഗിച്ചു.