റായ്പുർ: ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവ വിശ്വാസിയുടെ മൃതസംസ്കാരം തടഞ്ഞു. കാങ്കെർ ജില്ലയിലെ ദുർഗ്കൊണ്ടൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പാൻഡ്രിപുരയ്ക്കടുത്ത ആമൊദി ഗ്രാമത്തിലെ കമലേഷ് മാൻഡവിയുടെ ഭാര്യ സാംബായ് മാൻഡവി(34)യുടെ മൃതദേഹം സംസ്കരിക്കുന്നതാണ് ഒരുവിഭാഗം തടഞ്ഞത്.
ശ്വാസതടസവും ഹൃദയസംബന്ധമായ രോഗവുംമൂലം ആശുപത്രിയിലായിരുന്ന സാംബായ് കഴിഞ്ഞ 24നാണ് മരിച്ചത്. എന്നാൽ മൃതദേഹം ഗ്രാമത്തിലെ പൊതുശ്മശാനത്തിലോ കുടുംബത്തിന്റെ ഭൂമിയിലോ സംസ്കരിക്കുന്നത് ഒരുവിഭാഗം ഗ്രാമവാസികൾ തടയുകയായിരുന്നു. ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്താൽ മാത്രമേ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കൂവെന്നായിരുന്നു അവരുടെ നിലപാട്.
സംസ്കാരം നടത്തിയാൽ തടയുമെന്നും വീട് കത്തിക്കുമെന്നും ഭീഷണി മുഴക്കി. ക്രിസ്ത്യൻ മൃതസംസ്കാര കർമങ്ങൾ തങ്ങളുടെ വിശ്വാസത്തിനു വിരുദ്ധമാണെന്നും അവർ ആരോപിച്ചു. ഇതോടെ യുവതിയുടെ മൃതദേഹം ദുർഗ്കൊണ്ടൽ ഗവ. ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്. സംസ്കാരം തടസപ്പെടുത്തിയെന്നും ഒരുവിഭാഗമാളുകൾ ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി കമലേഷ് ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിട്ടുണ്ട്.
വിഷയത്തിൽ സംസ്ഥാനസർക്കാർ അടിയന്തരമായി ഇടപെടണമെന്നും കുടുംബത്തിന് അവരുടെ ഇഷ്ടപ്രകാരമുള്ള സംസ്കാരം അനുവദിക്കണമെന്നും പ്രോഗ്രസീസ് ക്രിസ്ത്യൻ അലയൻസ് ആവശ്യപ്പെട്ടു.
Tags : Chhattisgarh Christian's funeral Raipur cremation Sambai Mandavi body