ഐങ്കൊമ്പ്: പാലാ-തൊടുപുഴ റോഡില്‍ ഐങ്കൊമ്പിനു സമീപം ആറാം മൈലില്‍ നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ കൈത്തോട്ടില്‍ വീണു. ഇന്നലെ രാവിലെ 11.15നാണ് സംഭവം. പാലായില്‍നിന്നു തൊടുപുഴയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. മഴ പെയ്തതിനെത്തുടര്‍ന്ന് റോഡില്‍ തെന്നി നിയന്ത്രണംവിട്ടതാണെന്നും ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നും പറയുന്നു.
റോഡരികിലെ സംരക്ഷണവേലികള്‍ തകര്‍ത്താണ് കാര്‍ തോട്ടില്‍ വീണത്. ഏറ്റുമാനൂര്‍ സ്വദേശികളായ യുവാവും യുവതിയുമാണ് കാറില്‍ ഉണ്ടായിരുന്നത്. ഇരുവരും നിസാര പരിക്കുകയളോടെ രക്ഷപ്പെട്ടു. നാട്ടുകാര്‍ ഓടിക്കൂടി ഇരുവരെയും പുറത്തെടുത്തു. ആശുപത്രിയിലേക്ക് മാറ്റി. റോഡരികില്‍ സ്ഥാപിച്ചിരുന്ന സംരക്ഷണ കുറ്റികളില്‍ ഇടിച്ച് കാര്‍ സാരമായി തകര്‍ന്നു.
ഈ ഭാഗത്ത് റോഡിന്റെ നിര്‍മാണത്തിൽ അപാകതകളുണ്ടെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഇവിടെ അടുത്ത നാളുകളില്‍ ഉണ്ടാവുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തിട്ടുണ്ട്.