ഹരിപ്പാട്: നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് വൻ അപകടം. നാട്ടുകാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടൽ മൂലം കാറിലുണ്ടായിരുന്ന സ്ത്രീയും മകനും അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരം മൂന്നോടെ കാർത്തികപ്പള്ളി-ഡാണാപ്പടി റോഡിൽ ഹോട്ടൽ ബേബി ജംഗ്ഷനു സമീപമാണ് അപകടം നടന്നത്. ആലപ്പുഴ സ്റ്റേഡിയം വാർഡിൽ തവക്കൽ വീട്ടിൽ ഷാഹിദ (64), മകൻ മുഹമ്മദ് ആഷിഖ് (27) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
മുതുകുളത്തെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം ആലപ്പുഴയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇവർ. കാർത്തികപ്പള്ളി ഭാഗത്തുനിന്ന് വന്ന ഇവരുടെ ഓൾട്ടോ കാർ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് റോഡരികിലെ തോട്ടിലേക്ക് മുൻഭാഗം കുത്തി വീഴുകയും കീഴ്മേൽ മറിയുകയുമായിരുന്നു.
അപകടം നടന്ന ഉടനെ കാർ വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയിരുന്നു. കാറിന്റെ ഗ്ലാസ് തുറന്നു കിടന്നതിനാൽ ഉള്ളിൽ കുടുങ്ങിയ മുഹമ്മദ് ആഷിഖ് പുറത്തേക്ക് കൈയിട്ട് വെള്ളത്തിൽ അടിച്ച് ശബ്ദമുണ്ടാക്കി. ഇത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളായ സ്ത്രീകൾ നിലവിളിച്ചതോടെ പ്രദേശവാസികളും ബൈക്ക് യാത്രികരും ഓടിയെത്തി തോട്ടിലേക്ക് ചാടി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ആദ്യഘട്ടത്തിൽ കുറച്ചുപേർ ചേർന്ന് കാർ ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കൂടുതൽ ആളുകൾ ഒത്തുചേർന്ന് നടത്തിയ കഠിന പരിശ്രമത്തിനൊടുവിലാണ് കാർ നേരേയാക്കാൻ സാധിച്ചത്. കാറിനുള്ളിൽ വെള്ളം നിറഞ്ഞു തുടങ്ങിയതിനാൽ നിമിഷങ്ങൾ വൈകിയിരുന്നെങ്കിൽ വലിയ ദുരന്തമാകുമായിരുന്നു. തോട്ടിൽ വെള്ളം കുറവായിരുന്നതും രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിച്ചു.
അപകടത്തിൽപ്പെട്ട മുഹമ്മദ് ആഷിഖിന് നിസാര പരിക്കാണുള്ളത്. എന്നാൽ, ഷാഹിദയുടെ ശ്വാസകോശത്തിൽ വെള്ളം കയറുകയും എല്ലിന് പൊട്ടലുണ്ടെന്ന് സംശയിക്കുകയും ചെയ്യുന്നതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ആദ്യം ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. അപകടവിവരമറിഞ്ഞ് അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു.
Tags : nattu vishesham Car loses control and falls into ditch