Kerala
മൂവാറ്റുപുഴ: കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപം വീണ്ടും മണ്ണിടിച്ചില് ഉണ്ടായതോടെ ഭീതിയില് പ്രദേശവാസികള്. കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇതേ പ്രദേശത്ത് മണ്ണിടിഞ്ഞിരുന്നു. മാറാടി ഗ്രാമപഞ്ചായത്തിലെ കായനാട് 14-ാം വാര്ഡിലാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മണ്ണിടിഞ്ഞത്.
സ്ഥലത്ത് നേരത്തെ പ്രവര്ത്തിച്ചു കൊണ്ടിരുന്ന ഉപയോഗശൂന്യമായ പാറമടയിലെ കെട്ടിക്കിടന്ന വെള്ളത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇതിനെ തുടര്ന്ന് സമീപത്തെ വീടുകളിലും തോടുകളിലും വെള്ളം ഉയരുന്ന സാഹചര്യവും ഉണ്ടായിരുന്നു.
തുടര്ന്ന് വെള്ളിയാഴ്ച ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും ഉള്പ്പെടെയുള്ളവര് സ്ഥലത്ത് പരിശോധന നടത്തി പാറമട നികത്തുന്നതിന് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഉഗ്ര ശബ്ദത്തോടെ കൂറ്റന് മണ്കൂന ഇടിഞ്ഞത്.
സമീപത്തെ പന്നിഫാമിലേക്കും വീട്ടിലേക്കും വെള്ളം കയറി. തുടര്ച്ചയായി പ്രദേശത്ത് മണ്ണിടിച്ചില് ഉണ്ടാകുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. എത്രയും വേഗം പാറമട മൂടുന്നതിനുള്ള പ്രവര്ത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
പെരിന്തൽമണ്ണ: ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്ന നാരങ്ങക്കുണ്ട് - കിടങ്ങ് ഭാഗത്തേക്കുള്ള റോഡിൽ എൽഐസിക്ക് സമീപം വെള്ളക്കെട്ട്.
വലിയ രീതിയിൽ കാണപ്പെടുന്ന വെള്ളക്കെട്ടിനടിയിലുള്ള വൻകുഴികൾ അപകടസാധ്യതകൾ വർധിപ്പിക്കുന്നു. കുഴി അറിയാതെ എത്തുന്ന ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും കാറും ഇവിടെ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്.
സിനിമ തിയേറ്റർ, സ്കൂൾ, മദ്രസ, മസ്ജിദ് എന്നിവിടങ്ങളിലേക്ക് വരുന്നവർ വെള്ളക്കെട്ടിലൂടെ വേണം യാത്ര ചെയ്യാൻ. വെള്ളക്കെട്ട് ഒഴിവാക്കുവാൻ ഡ്രൈനേജ് സംവിധാനം വേണം. അപകടങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
District News
ഏറ്റുമാനൂർ: പെണ്ണാർതോട്ടിൽ ഒഴുക്ക് തടസപ്പെട്ടതിനെ തുടർന്ന് അതിരമ്പുഴ ശ്രീകണ്ഠമംഗലത്ത് 90 വീടുകളിൽ വെള്ളം കയറി. കഴിഞ്ഞ ദിവസം വെള്ളം ഇറങ്ങിത്തുടങ്ങിയിരുന്നെങ്കിലും ഇന്നലെ വീണ്ടും വെള്ളം കയറി. ഒരാഴ്ചയോളമായി ഈ കുടുംബങ്ങൾ ദുരിതത്തിലാണ്.
പെണ്ണാർതോട്ടിലെ പായലും പോളയും പുല്ലും നീക്കം ചെയ്യാത്തതിനെത്തുടർന്ന് ഒഴുക്ക് നിലച്ചതാണ് നടയ്ക്കൽ പാലത്തിനു സമീപം മുതലുള്ള ഭാഗത്തെ വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയുണ്ടാക്കിയത്.
കഴിഞ്ഞ വർഷം ഇവിടെ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് തോട് ശുചിയാക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും ശുചീകരണം പ്രഹസനമായി മാറി. കഴിഞ്ഞ വർഷത്തെ അതേ സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണ്.
ഒരു പ്രദേശത്തെ ജനത്തിന്റെ ദുരിതത്തിനു നേരേ പഞ്ചായത്ത് അധികൃതർ നിസംഗത പാലിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
ഫണ്ട് അനുവദിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ്
പെണ്ണാർതോട്ടിലെ തടസം നീക്കുന്നതിന് നടപടിയായതായി പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി നൽകിയ നിവേദനത്തെത്തുടർന്ന് മന്ത്രി മോൻസ് ജോസഫ് പ്രശ്നത്തിൽ ഇടപെട്ടു.
മന്ത്രിയുടെ നിർദേശാനുസരണം മൈനർ ഇറിഗേഷൻ വിഭാഗം അധികൃതർ സ്ഥലം സന്ദർശിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെണ്ണാർതോട്ടിലെ പായലും പോളയും നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കാൻ അതിരമ്പുഴ പഞ്ചായത്തിൽ 9.5 ലക്ഷം രൂപയുടെയും നീണ്ടൂർ പഞ്ചായത്തിൽ 18 ലക്ഷം രൂപയുടെയും എസ്റ്റിമേറ്റ് തയാറാക്കി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉടൻ തന്നെ തോട് ശുചിയാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് വൈകുന്നേരം 05.30 വരെ 1.1 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നു രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.4 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: ജലനിരപ്പുയരുന്നതിനെ തുടർന്ന് കേന്ദ്ര ജല കമ്മീഷൻ വിവിധ നദികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (തുമ്പമൺ സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ) എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്.
അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കൂടാതെ, ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത മൂന്നു മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ശനിയാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും ശനിയാഴ്ചയും കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
പേരാവൂർ: കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച കൊട്ടം ചുരം സ്വദേശി വയലിൽപീടികയിൽ ഹനീഫയുടെ ഓർമകളിൽ പ്രിയപ്പെട്ടവർക്കൊപ്പം തൊണ്ടിയിൽ ടൗണിനെ നൊമ്പരത്തിലാഴ്ത്തി മിണ്ടാപ്രാണിയും. ഹനീഫ ഇനി തിരികെ വരില്ലെന്ന സത്യം അറിയാതെ ഇന്നും തന്റെ പ്രിയ കൂട്ടുകാരനെ കാത്ത് അലയുകയാണ് അഴകപ്പൻ എന്ന തെരുവുനായ.
തൊണ്ടിയിൽ ടൗണിലെ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു ഹനീഫ. പുലർച്ചെ മുതൽ രാത്രി വരെ ടൗണിലെ സജീവ സാന്നിധ്യം. കുരിശുപള്ളിയിലെ ലൈറ്റുകൾ സമയത്ത് ഓണാക്കുകയും ഓഫാക്കുകയും ചെയ്യുക, പരിസരത്തെ ചെടികൾക്ക് വെള്ളമൊഴിക്കുക, പക്ഷികൾക്ക് ഭക്ഷണം നൽകുക, വഴിയിലൂടെ കടന്നുപോകുന്നവരോട് ചിരിച്ചുകൊണ്ട് കുശലം പറയുക, ചെറിയ തമാശകൾ പറഞ്ഞ് എല്ലാവരെയും സന്തോഷിപ്പിക്കുക ഇതെല്ലാം ഹനീഫയുടെ ദിനചര്യയായിരുന്നു.
ഒരു നിമിഷം പോലും വെറുതെയിരിക്കാതെ മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. ആ യാത്രകളിലെല്ലാം നിഴൽപോലെ ഒപ്പമുണ്ടായിരുന്നത് അഴകപ്പൻ എന്ന തെരുവുനായയായിരുന്നു. ടൗണിൽ ഹനീഫയെ കാണുന്നിടത്തെല്ലാം അഴകപ്പനെയും കാണാം. ഇരുവരുടെയും ആത്മബന്ധം നാട്ടുകാർക്ക് സുപരിചിതമായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഹനീഫ ഒഴുക്കിൽപ്പെട്ടത്. ചൊവ്വാഴ്ച മൃതദേഹം കണ്ടെത്തി. ദിവസങ്ങൾ കഴിഞ്ഞിട്ടും അഴകപ്പൻ ഇന്നും ഹനീഫ പതിവായി എത്തിയിരുന്ന സ്ഥലങ്ങളിലെല്ലാം എത്തുന്നു. കുരിശുപള്ളിയുടെ പരിസരത്തും ടൗണിലെ വഴിയോരങ്ങളിലും ഏറെ നേരം കാത്തുനിൽക്കുന്നു. ഓരോരുത്തരുടെയും മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കുന്നു. എവിടെയെങ്കിലും തന്റെ പ്രിയ യജമാനൻ ഉണ്ടാകുമെന്ന പ്രതീക്ഷയാകാം ആ കാത്തിരിപ്പിന് പിന്നിൽ.
മനുഷ്യരുടെ ഓർമകൾ കാലത്തിനൊപ്പം മങ്ങിപ്പോകാമങ്കിലും, ഒരു മിണ്ടാപ്രാണിയുടെ സ്നേഹ ത്തിനും കാത്തിരിപ്പിനും അതിരുകളില്ലെന്ന് അഴകപ്പൻ മനുഷ്യരെ ഓർമിപ്പിക്കുന്നു. സംസാരിക്കാൻ കഴിയാത്ത ആ ജീവിയുടെ നിശബ്ദമായ കാത്തിരിപ്പ്, തൊണ്ടിയിൽ ടൗണിലെ ഓരോത്തരേയും നൊമ്പരപ്പെടുത്തുന്നതാണ്.
Kerala
മൂവാറ്റുപുഴ: കനത്ത മഴയെ തുടര്ന്ന് മാറാടി പഞ്ചായത്തിലെ കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപം വന് മണ്ണിടിച്ചില്. വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് ഉഗ്രശബ്ദത്തോടെ പ്രദേശത്ത് മണ്ണിടിഞ്ഞ് വീണത്.
14-ാം വാര്ഡില് കായനാടിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഉപേക്ഷിക്കപ്പെട്ട പാറമടയിലാണ് അപകടമുണ്ടായത്. കുന്നിന് ചെരിവിലെ കളിമണ്ണും കൂറ്റന് പാറക്കഷണങ്ങളും താഴെയുള്ള വെള്ളക്കെട്ടിലേക്ക് കുത്തിയൊലിച്ച് പതിക്കുകയായിരുന്നു.
മണ്ണിടിച്ചില് ഉണ്ടായ അപകടമേഖലയ്ക്ക് സമീപം മുപ്പതിലേറെ പാറമടകളാണ് നിലവിലുള്ളത്. ഇവയിലെയെല്ലാം പ്രവര്ത്തനം നിലച്ചിരിക്കുകയാണെങ്കിലും കനത്ത മഴയില് വന്തോതില് വെള്ളം നിറഞ്ഞ് കരകവിഞ്ഞ അവസ്ഥയിലാണ്. ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന 'ജലബോംബുകള്' പോലെയാണ് പാറമടകള് നില്ക്കുന്നതെന്ന് പ്രദേശവാസികള് ചൂണ്ടിക്കാട്ടി.
പാറമടകളുടെ സംരക്ഷണ ഭിത്തികള് തകര്ന്നാല് സമീപത്തെ ജനവാസ മേഖലയും കൃഷിയിടങ്ങളും പൂര്ണമായി വെള്ളത്തിനടിയിലാകും. പ്രദേശത്തെ ദുരന്ത സാധ്യത കണക്കിലെടുത്ത് അധികൃതര് ഉടന് ഇടപെടണമെന്നാണ് കായനാട് നിവാസികളുടെ പ്രധാന ആവശ്യം. വില്ലേജ്, പഞ്ചായത്ത് അധികൃതരും ദുരന്തനിവാരണ സേനയും സ്ഥലം സന്ദര്ശിച്ച് സ്ഥിതിഗതികള് വിലയിരുത്തണമെന്നും അപകടസാധ്യത ഒഴിവാക്കാന് അടിയന്തര മുന്കരുതല് നടപടികള് സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
District News
മുക്കം: ഇരുവഴിഞ്ഞിപ്പുഴയോടു ചേർന്നുള്ള ചീപ്പാൻകുഴി തോടിന്റെ തീരമിടിച്ചിൽ വ്യാപകമാകുന്നു. കക്കാട് പുതിയേടത്ത് മുഹമ്മദിന്റെ വീടിനോടു ചേർന്ന ഭാഗമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ ഇടിഞ്ഞത്. തീരമിടിച്ചിൽ മുഹമ്മദിന്റെയും മകന്റെയും വീടുകൾക്ക് ഭീഷണ ിയായിട്ടുണ്ട്. കക്കാട് - കാരശേരി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചീപ്പാൻകുഴി പാലത്തിനോട് ചേർന്നുള്ള പറമ്പ് ഒരാഴ്ച മുമ്പാണ് വൻതോതിൽ ഇടിഞ്ഞ് തോട്ടിലേക്ക് പതിച്ചത്.
ഇത് റോഡിനും തോടിനും പാലത്തിനും ഭീഷണിയായിരിക്കുകയാണ്. കുന്നത്ത് അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് ഇടയ്ക്കിടെ ഇടിയുന്നത്. ഇതിന്റെ താഴ്ഭാഗമാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീടുകൾക്ക് ഭീഷണിയായിരിക്കുന്നത്. ഓരോ കാലവർഷത്തിലും തീരമിടിച്ചിൽ തുടരുകയാണ്. ഇത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
District News
റാന്നി: ഇട്ടിയപ്പാറ കെഎസ്ആർടിസി ബസ് സ്റ്റേഷനിലെ വെള്ളക്കെട്ട് ഒഴിയുന്നില്ല. വർഷങ്ങളായി അവഗണനയിൽ കഴിയുന്ന ബസ് സ്റ്റേഷന് പ്രളയം കൂനിന്മേൽ കുരു പോലെയായി. 2018ലെ പ്രളയത്തിൽ ഏറെ ദുരിതം നേരിട്ട സ്ഥലമാണ് ബസ് സ്റ്റേഷൻ. വർഷങ്ങൾക്കു മുമ്പ് ഉദ്ഘാടനം ചെയ്ത ബസ് സ്റ്റാൻഡിൽ പിന്നീട് ഇതേവരെ യാതൊരു അറ്റകുറ്റപ്പണിയും നടത്തിയില്ല.
ഗാരേജിലുൾപ്പെടെ വെള്ളം കയറി മാലിന്യങ്ങൾ കുമിഞ്ഞുകൂടി. ഇതിനൊപ്പമാണ് നിലവിൽ മലിനജലം കെട്ടിക്കിടക്കുന്നത്. സമീപ പുരയിടങ്ങളിൽ വെള്ളക്കെട്ടായതിനാൽ വെള്ളമൊഴുക്കും തടസപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തിൽ ഗാരേജിൽ നിന്നും ടയറുകൾ ഉൾപ്പെടെ ഒഴുകിപ്പോയിരുന്നു. ജീവനക്കാർ തന്നെ ഇവ സമീപ സ്ഥലങ്ങളിൽ നിന്നും കണ്ടെത്തി തിരികെ എത്തിക്കുകയായിരുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തരുത്: ഡി.കെ. ജോൺ
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും ദുരന്ത മുഖത്തുനിന്ന് നേട്ടം കൊയ്യാൻ ആരും ശ്രമിക്കരുതെന്നും കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ പ്രഫ.ഡി.കെ. ജോൺ. എല്ലാവിഭാഗം ജനങ്ങളും ദുരിതം അനുഭവിക്കുന്ന കാലഘട്ടത്തിൽ മുഖംനോക്കാതെയുള്ള പ്രവർത്തനമാണ് സർക്കാർ നടത്തിവരുന്നത്. ഇതിനെ പിന്തുണയ്ക്കാൻ എല്ലാവരും തയാറാകുകയാണ് വേണ്ടത്. ദുരിതാശ്വാസ മേഖലകളിൽ സഹായം എത്തിക്കാനും വീടുകൾ ശുചിയാക്കാനും കൂടുതൽ സന്നദ്ധ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും പാർട്ടി പ്രവർത്തകരടക്കം ഇതിനു തയാറാകണമെന്നും ഡി.കെ. ജോൺ ആവശ്യപ്പെട്ടു.
District News
ബെന്നി ചിറയില്
ചങ്ങനാശേരി: വീടിനു പുറത്ത് മഴ, ആറുകള്നിറഞ്ഞ് കിഴക്കന്വെള്ളം ഇരമ്പിക്കയറുന്നു. വീടുകളില് അരയറ്റം വെള്ളമാണെങ്കിലും കുടിക്കാൻ ഒരിറ്റുവെള്ളം കിട്ടാനില്ല. വീടുകളില് വെള്ളമായതിനാല് ആഹാരം പാചകം ചെയ്യാനാകുന്നില്ല. വൈദ്യുതിബന്ധം പലയിടത്തും വിച്ഛേദിച്ചു. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന പലരും ജോലിക്ക് പോയിട്ട് ദിവസങ്ങള് പിന്നിട്ടു.
ഇതോടെ പല വീടുകളും കൊടുംപട്ടിണിയിലേക്ക് നീങ്ങുകയാണ്. കൊച്ചുകുട്ടികളും ഗര്ഭിണികളും പ്രായമായവരും ഉള്പ്പെടുന്ന വീടുകള് സങ്കടക്കടലിലാണ്. 2018ലെ മഹാപ്രളയം പോലാകുമോ, പടിഞ്ഞാറന്മേഖലയിലുള്ള ആയിരക്കണക്കിന് കുടുംബങ്ങള് പ്രളയപ്പേടിയിലാണ്.
ഹോളോബ്രിക്സില് ഉയര്ത്തിവച്ച കട്ടിലിലാണ് ആളുകള് കിടക്കുന്നത്. മൂര്ഖന് പാമ്പ് ഉള്പ്പെടെ ഇഴജന്തുക്കള് വീടിനുള്ളില് തലങ്ങും വിലങ്ങും നീന്തിക്കയറുന്നു. റോഡുകളില് കഴുത്തറ്റം വെള്ളം എങ്ങോട്ടും നീങ്ങാനാകാത്ത അവസ്ഥ. പകല് എങ്ങനെയും കഴിച്ചുകൂട്ടും. രാത്രിയാകുമ്പോള് ആകെ ഭയാശങ്ക. വെള്ളംമൂടിയ പടിഞ്ഞാറന് മേഖലയില്നിന്നും ഉയരുന്നത് കണ്ണീരം വിലാപവും.
പായിപ്പാട് പഞ്ചായത്ത് ഒന്നാംവാര്ഡിലെ എസി തോടിനു സമീപമുള്ള ഉന്നതിയിലെ വീടുകള്, ദൈവപ്പറമ്പ്, തുരുത്തേപ്പടി, മൂലേപ്പുതുവല്, അറുനൂറില് പുതുവല്, കോമങ്കേരിച്ചിറ, നക്രാല് ഭാഗങ്ങളിലെ എഴുനൂറോളം വീടുകള് ഉള്പ്പെടെ വെള്ളത്തിലാണ്. ചങ്ങനാശേരി നഗരപരിധിയിലെ മനയ്ക്കച്ചിറ ഭാഗത്തെ നിരവധി വീടുകളും വെള്ളപ്പൊക്ക ദുരിതത്തിലാണ്.
എസി റോഡില് നിരവധി കലുങ്കുകളുണ്ടെങ്കിലും അവ തുറക്കാത്തതും പാലത്തിനടിയില് മാലിന്യങ്ങള് കുന്നുകൂടി ഒഴുക്ക് തടപ്പെട്ടതും വലിയ പ്രതിസന്ധിയാണ്. എസി റോഡില്നിന്നുള്ള എല്ലാ ഇടവഴികളും വെള്ളക്കെട്ടിലാണ്. പെട്രോള് പമ്പുകള് അടച്ചതുമൂലം എന്ജിന് ഘടിപ്പിച്ച വള്ളങ്ങള്പ്പോലും പ്രവര്ത്തിപ്പിക്കാനാകുന്നില്ല. വളര്ത്തുമൃഗങ്ങളുടെ അവസ്ഥ ആകെപ്പാടെ ഗതികേടിലാണ്. കോഴികള് കൂട്ടില് കിടന്നു ചത്തൊടുങ്ങുന്നു. തൊഴുത്തുകളില് വെള്ളംകയറിയതുമൂലം കന്നുകാലികള് തണുത്തുവിറയ്ക്കുകയാണ്.
രോഗികളെ ആശുപത്രിയില് എത്തിക്കാന്പോലും കഴിയുന്നില്ല
വെട്ടിത്തുരുത്ത്: വെട്ടിത്തുരുത്ത് പടിഞ്ഞാറുള്ള മുപ്പതോളം വീടുകള് വെള്ളക്കെട്ടിലാണ്. ശുദ്ധജലമില്ല, ജോലി ചെയ്യാന് പോകാന് പറ്റാത്തതുമൂലം വീടുകളില് പട്ടിണി നേരിട്ടിരിക്കുകയാണ്. റോഡുകളും വെള്ളക്കെട്ടിലാണ്. രോഗികള്ക്കും അത്യാഹിതം സംഭവിക്കുന്നവര്ക്കും ചങ്ങനാശേരിയില് എത്താന് പറ്റാത്ത അവസ്ഥയാണ്.
വെള്ളത്താല് ചുറ്റപ്പെട്ട കാവാലിക്കരിയിലെ 15 വീട്ടുകാര് പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുകയാണ്. തോട്ടിലെ പോളക്കെട്ടില് പാമ്പും പഴുതാരയും എലിയും വര്ധിക്കുന്നതും ആളുകള്ക്ക് ഭീഷണിയാണ്.
അട്ടശല്യവും ആളുകളെ ബുദ്ധിമുട്ടിക്കുന്നു. കഴിഞ്ഞദിവസം വെട്ടിത്തുരുത്ത് പള്ളിക്കു സമീപം താമസിക്കുന്ന യുവതിക്ക് പാമ്പുകടിയേറ്റതിനെത്തുടർന്ന് വളരെ ബുദ്ധിമുട്ടിയാണ് ആശുപത്രിയിലെത്തിച്ചത്. ഇന്നലെ കാലിനു പരിക്കേറ്റയാളെയും സ്ട്രോക്ക് വന്നയാളെയും നാട്ടുകാര് എടുത്തു വെള്ളത്തില് നീന്തിയാണ് ആശുപത്രിയിലെത്തിച്ചത്. പോളശല്യത്തിന് പരിഹാരം കാണണമെന്ന് കത്തോലിക്കാ കോണ്ഗ്രസ് അതിരൂപത സെക്രട്ടറി കെ.എസ്. ആന്റണി ആവശ്യപ്പെട്ടു.
District News
കുമളി: കഴിഞ്ഞ ശനിയാഴ്ച അതിശക്തമായ മഴ പെയ്തിറങ്ങിയിട്ടും കുമളി ടൗണും സമീപപ്രദേശങ്ങളും വെള്ളപ്പൊക്കഭീതിയിൽനിന്ന് പൂർണമായും ഒഴിവായി.
മുൻ വർഷങ്ങളിൽ ചെറിയ മഴ പെയ്യുമ്പോൾ പോലും ടൗണും ഒന്നാംമൈൽ ജംഗ്ഷനും വെള്ളത്തിനടിയിലാവുകയും വ്യാപാരികൾക്കും ജനങ്ങൾക്കും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്യുമായിരുന്നു. എന്നാൽ, ഇത്തവണ മഴക്കാലപൂർവ ശുചീകരണം കൃത്യതയോടെയും ദൃഢനിശ്ചയത്തോടെയും പഞ്ചയാത്ത് നടപ്പിലാക്കിയതാണ് വെള്ളപ്പൊക്കം ഒഴിവാകാൻ കാരണമായത്.
കുമളി പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസിന്റെയും ഭരണസമിതിയുടെയും കൃത്യമായ മുന്നൊരുക്കങ്ങളാണ് രക്ഷയായത്. ടൗണിലെയും സമീപപ്രദേശങ്ങളിലെയും ഓടകളും കനാലുകളും വൃത്തിയാക്കുന്ന ഘട്ടത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും എതിർപ്പുകളും ഉയർന്നിരുന്നു. എന്നാൽ, നാടിന്റെ നന്മയും ജനങ്ങളുടെ സുരക്ഷയും മുൻനിർത്തി എല്ലാ എതിർപ്പുകളെയും അതിജീവിച്ചാണ് സമയബന്ധിതമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വനം വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങി ആനവച്ചാൽ തോട്ടിലെ ഒഴുക്ക് തടസപ്പെടുത്തി നിന്നിരുന്ന മുളങ്കൂട്ടങ്ങളും മാലിന്യങ്ങളും പൂർണമായി നീക്കം ചെയ്തത് പെരിയാർ കോളനിയിലെ ജനങ്ങൾക്കും വലിയ ആശ്വാസമായി. കൂടാതെ, ടൗണിലെ പോസ്റ്റ്ഓഫീസ് ജംഗ്ഷൻ മുതൽ പെട്രോൾ പമ്പ് വരെയുള്ള ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ ഓടകളും കലുങ്കുകളും കൃത്യമായി വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കിയിരുന്നു.
എതിർപ്പുകളെയും പ്രതിസന്ധികളെയും അവഗണിച്ച് പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസും ഭരണസമിതിയും നടത്തിയ പ്രവർത്തനങ്ങൾക്ക് വ്യാപാരികളിൽനിന്നും പൊതുജനങ്ങളിൽനിന്നും വലിയ അഭിനന്ദനമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
District News
പാലാവയൽ: 2018ലെയും 2019ലെയും പ്രളയകാലത്തെ അനുഭവങ്ങൾ കോട്ടയത്തും എറണാകുളത്തും പത്തനംതിട്ടയിലുമൊക്കെയുള്ള ബന്ധുക്കൾ പറഞ്ഞുകേട്ടിട്ടുണ്ട്. അതുപോലൊന്ന് നേരിട്ടനുഭവിക്കുന്നത് ആദ്യമായിട്ടാണെന്ന് പറയുകയാണ് പാലാവയലുകാർ. കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ പോലും വീട്ടിനകത്തേക്കു വരെ വെള്ളമെത്തുന്ന ഇതുപോലൊരനുഭവം ഉണ്ടായിട്ടില്ലെന്ന് പഴയ തലമുറക്കാർ പറയുന്നു.
വെള്ളമിറങ്ങി രണ്ടുദിവസമാകുമ്പോഴും ആരും വീടുകളിൽ തിരിച്ചുകയറി താമസം തുടങ്ങിയിട്ടില്ല. പാലാവയൽ ഭാഗത്ത് പ്രധാനമായും 17 വീടുകളിലാണ് വെള്ളം കയറിയത്. ഇതിൽ രണ്ടെണ്ണം പൂട്ടിക്കിടക്കുന്നവയായിരുന്നു. ബാക്കി 15 വീടുകളിലെയും കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി താമസിക്കുകയാണ്.
പകൽസമയങ്ങളിൽ കുടുംബാംഗങ്ങളെത്തി വീടുകൾ വൃത്തിയാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സഹായവുമായി ഒപ്പമുണ്ട്. പക്ഷേ വെള്ളവും ചെളിയും കയറിയ വീടുകളുടെ അകവും വീട്ടുപകരണങ്ങളും വൃത്തിയാക്കുകയെന്നത് എളുപ്പമുള്ള ജോലിയല്ലെന്ന് എല്ലാവരും ഒരുപോലെ തിരിച്ചറിയുകയാണ്.
ടൈൽസിട്ട നിലത്തെല്ലാം ചെളി പറ്റിപ്പിടിച്ചു കിടക്കുന്നു. അസഹനീയമായ ദുർഗന്ധവുമുണ്ട്. പലതവണ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകിയിട്ടും ഇതൊന്നും മാറാത്ത നിലയാണ്. എല്ലായിടങ്ങളിലും ഇഴജന്തുക്കളും കയറിയിട്ടുണ്ട്. റഫ്രിജറേറ്ററും വാഷിംഗ് മെഷീനും പാത്രങ്ങളുമടക്കം വീട്ടുപകരണങ്ങളിലെല്ലാം ചെളികയറി. പലതും ഉപയോഗശൂന്യമായി.
സോഫയും കിടക്കയുമെല്ലാം ഈർപ്പംതട്ടി നനഞ്ഞുകിടക്കുകയാണ്. ഇതെല്ലാം ഒരുവിധം ശരിയാക്കി താമസം തുടങ്ങണമെങ്കിൽ ഇനിയും ദിവസങ്ങളെടുക്കുമെന്ന നിലയാണ്. എല്ലാ വീടുകളിലും ലക്ഷങ്ങളുടെ നഷ്ടവും സംഭവിച്ചിട്ടുണ്ട്.
പാലാവയൽ സെന്റ് ജോൺസ് പള്ളി വികാരി ഫാ. ജോസ് മാണിക്കത്താഴെയുടെ നേതൃത്വത്തിൽ ഇടവകയിൽ നിന്നുള്ള സന്നദ്ധസേവകരുടെ സംഘം ഇന്നലെ എല്ലാ വീടുകളിലുമെത്തി ഭക്ഷ്യോത്പന്ന കിറ്റുകളും മറ്റു സഹായങ്ങളും നൽകി. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി, വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി എന്നിവരും മറ്റു നപ്രതിനിധികളും വീടുകൾ സന്ദർശിച്ചു.
District News
ചാരുംമൂട്: ശക്തമായ മഴയെത്തുടർന്ന് കിഴക്കൻവെള്ളത്തിന്റെ വരവു കൂടിയതോടെ അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്ന് ഒഴുക്കിന്റെ ശക്തി കൂടി. നൂറനാട് പഞ്ചായത്തിന്റെ വടക്കൻമേഖലയായ ആറ്റുവ, ഇടപ്പോൺ വാർഡുകളിലെ നിരവധി വീടുകൾ വെള്ളപ്പൊക്കഭീഷണിയിലായി. ആറ്റുവ വാർഡിലെ പടഞ്ഞാറുള്ള റോഡുകളിൽ വെള്ളംകയറി.
ഇടപ്പോൺ മുതൽ വെട്ടിയാർ പാലം വരെയും വെണ്മണിയുമായി ബന്ധിപ്പിക്കുന്ന പുലക്കടവ് പാലത്തിനു സമീപവും ആറിന്റെ തീരപ്രദേശങ്ങളിൽ വെള്ളംകയറി. വെട്ടിയാർ പാലത്തിലെ ചീപ്പിൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായി.
ആറ്റുവ, ചെറുമുഖ, ഐരാണിക്കുടി, ഇടപ്പോൺ ഭാഗങ്ങളിലെ കൃഷികളും ആറ്റുതീരത്തെ കൃഷികളും വെള്ളത്തിലായിട്ടുണ്ട്. കിഴക്കൻമേഖലയിൽ മഴ തുടരുകയും ആറ്റുവെള്ളത്തിന്റെ വരവു കൂടുകയും ചെയ്താൽ അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്ന സാഹചര്യമുണ്ടാകും. അച്ചൻകോവിലാറ്റിലെ ചേന്നാത്തുകടവ് വഴിയാണ് വെള്ളം ആറ്റുവയിലേക്ക് കയറിയത്.
ആറ്റിൽ ജലനിരപ്പുയർന്നാൽ ആറ്റുവയിൽനിന്നുള്ള വെള്ളമൊഴുകി മാവേലിക്കര-പന്തളം റോഡിലെത്തും. മൂന്നുവശവും അച്ചൻകോവിലാറിനാൽ ചുറ്റപ്പെട്ട ആറ്റുവയിൽ മഴയെത്തുടർന്ന് എല്ലാ വർഷവും രണ്ടു പ്രാവശ്യമെങ്കിലും വെള്ളം കയറാറുണ്ട്.
Kerala
കൊച്ചി: മൂവാറ്റുപുഴയിലെ വീടുകളില് വീണ്ടും വെള്ളം കയറി. കൊച്ചങ്ങാടി, ഇല്യാഹിയ നഗര് എന്നിവിടങ്ങളില് വെള്ളം ഇറങ്ങിയ ശേഷം വൃത്തിയാക്കിയതിന് പിന്നാലെയാണ് വീണ്ടും വെള്ളം കയറിയിരിക്കുന്നത്. പ്രദേശത്തെ ഒമ്പത് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ഞായറാഴ്ച മഴ കുറഞ്ഞതോടെ കഴിഞ്ഞ ദിവസങ്ങളില് വെള്ളം കയറിയ വീടുകളില് നിന്നും വെള്ളം ഇറങ്ങിയിരുന്നു. ഇതോടെയാണ് ആളുകള് എത്തി വൃത്തിയാക്കിയ ശേഷം താമസം തുടങ്ങിയത്. എന്നാല് പുലര്ച്ചെ അഞ്ചോടെ വീണ്ടും വെള്ളം കയറുകയായിരുന്നു.
രാത്രി ശക്തമായ മഴ വന്നതോടെ മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും വെള്ളം കയറുകയായിരുന്നു. അതേസമയം, എറണാകുളം ജില്ലയില് ഇന്ന് ഓറഞ്ച് അലര്ട്ട് ആണ്. മൂവാറ്റുപുഴയാറിലെയും തൊടുപുഴയാറിലെയും കാളിയാറിലെയും പെരിയാറിലെയും ജലനിരപ്പ് ഉയര്ന്നിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് അവധി നല്കിയിട്ടുണ്ട്.
Kerala
കോട്ടയം: ജില്ലയില് ഇന്നും കനത്ത മഴ തുടരുകയാണ്. മീനച്ചിലാറ്റിലടക്കമുള്ള നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര് ജാഗ്രത പുലര്ത്തണമെന്ന് ജില്ലാ കളക്ടര് ചേതന് കുമാര് വീണ അറിയിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളില് മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില് നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര് ജാഗ്രത പുലര്ത്തണം. റവന്യൂ , പോലീസ് ഉദ്യോഗസ്ഥരുടെ നിര്ദ്ദേശങ്ങളും വിവിധ സ്ഥലങ്ങളില് ഏര്പ്പെടുത്തിയിരിക്കുന്ന മൈക്ക് അനൗണ്സ്മെന്റും അനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണം. ചേര്ത്തല-കുമരകം-കോട്ടയം റോഡില് വെള്ളം കയറിയ സാഹചര്യത്തില് ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കേണ്ടതാണെന്നും കളക്ടര് അറിയിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളില് ജില്ലാതലത്തിലും താലൂക്ക് തലത്തിലും ഉള്ള കണ്ട്രോള് റൂമുകളുമായി ബന്ധപ്പെടണം.
ജില്ലാ കണ്ട്രോള് റൂം, കളക്ടറേറ്റ് -94465 62236
താലൂക്ക് കണ്ട്രോള് റൂമുകള്:
കോട്ടയം- 85479 85727
ചങ്ങനാശേരി- 9496014587
മീനച്ചില്- 9496686325
കാഞ്ഞിരപ്പള്ളി- 9495265800
വൈക്കം- 9496174871
മൃഗസംരക്ഷണ വകുപ്പ് - 04812 564623, 9447418095
Kerala
തിരുവല്ല: പമ്പ, മണിമല ആറുകളില് നിന്ന് വെള്ളം ഒഴുകിയെത്തിയതോടെ അപ്പര്കുട്ടനാട് മേഖലയില് സ്ഥിതിഗതികള് രൂക്ഷം. കുറ്റൂര്, നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലും തിരുവല്ല നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിലും രൂക്ഷമായ പ്രളയക്കെടുതികള് നേരിടുകയാണ്.
ഒട്ടുമിക്ക വീടുകളിലും വെള്ളം കയറിയതോടെ കൂടുതല് ദുരിതാശ്വാസ ക്യാമ്പുകള് തുറന്നു. എംസി റോഡിലും തിരുവല്ല - അമ്പലപ്പുഴ പാതയിലും ഗതാഗതം മുടങ്ങി. തിരുവല്ല താലൂക്കിലെ ഒട്ടുമിക്ക ഗ്രാമീണ റോഡുകളിലും വെള്ളം കയറി.
നെടുമ്പ്രം പടാരത്തില് പടിമുതല് എന്സി ജംഗ്ഷന് വരെ ഉള്ള ഒന്നര കിലോമീറ്റര് ദൂരത്തില് റോഡില് വെള്ളക്കെട്ട് രൂപപ്പെട്ടതിനേ തുടര്ന്നാണ് ഗതാഗതം നിലച്ചത്. ഞായറാഴ്ച പുലര്ച്ചെ ഒന്നോടെയാണ് പമ്പ, മണിമല നദികള് ചേര്ന്ന് ഒഴുകുന്ന നദിയില് നിന്നും റോഡിലേക്ക് വെള്ളം ഇരച്ച് എത്തിയത്. റോഡ് വക്കിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കെഎസ്ആര്ടിസി അടക്കമുള്ള ഗതാഗത സംവിധാനം നിലച്ചിരിക്കുകയാണ്.
എംസി റോഡില് കഴിഞ്ഞ ഏതാനും വര്ഷമായി പതിവായി വെള്ളം കയറുന്ന ഭാഗമാണ് ഇത്. എംസി റോഡില് തിരുമൂലപുരത്തിനും കുറ്റൂരിനുമിടയില് റോഡില് രണ്ട് അടിയോളം ഉയരത്തില് വെള്ളം കയറിയതിനേ തുടര്ന്ന് ഇതുവഴി വാഹന ഗതാഗതം തടസപ്പെട്ടു.
കൂറ്റൂര് - തെങ്ങേലി റോഡ്, ,ആറാട്ടുകടവ് -തിരുവന്വണ്ടൂര് റോഡ് ,ഓതറ - മംഗലം റോഡ് താലൂക്കിലെ പടിഞ്ഞാറന് പ്രദേശങ്ങളിലെ ഒട്ടുമിക്ക പ്രധാന റോഡുകളും വെള്ളത്തിനടിയില് ആയതോടെ ഗതാഗതം നിലച്ചിരിക്കുകയാണ്. റെയില്വേയുടെ അടിപാതകളായ ഇരുവള്ളിപ്ര ,കുറ്റൂര് എന്നീ വിടങ്ങളില് വെള്ളം കയറി കിടക്കുന്നതുമൂലം കറ്റോട് തിരുമൂലപുരം റോഡിലും കൂറ്റൂര് വള്ളംകുളം റോഡിലും ഗതാഗതം പൂര്ണമായും തടസപ്പെട്ടു.
നൂറുകണക്കിന് കുടുംബങ്ങള് ആണ് താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില് കഴിയുന്നത്. ജനങ്ങള് ഒഴിഞ്ഞുപോയ പല വീടുകളിലും വെള്ളം കയറി കിടക്കുകയാണ്.കൂടാതെ വെള്ളം പറമ്പുകളില് കയറി കിടക്കുന്നതുമൂലും നാണ്യവിളകള് ഏറെയും നശിച്ചു. വെള്ളം ഇറങ്ങിയാലേ നഷ്ടങ്ങളുടെ കണക്ക് എടുക്കാന് കഴുകയുള്ളു. വിവിധ ദുരിതാശ്വാസ ക്യാമ്പുകളില് കഴിയുന്നവര്ക്കായി തഹസില്ദാര് ജോബിന് കെ.ജോര്ജിന്റെ നേതൃത്യത്തില് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു ക്രമീകരണങ്ങള് ഒരുക്കിയിട്ടുണ്ട്.
Kerala
കോട്ടയം: കോട്ടയം ജില്ലയില് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില് വിവിധ പ്രദേശങ്ങളില് രൂക്ഷമായ വെള്ളപ്പൊക്കവും ഗതാഗത തടസവും രൂക്ഷമായി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ പ്രധാന പാതകളിലൂടെയുള്ള ഗതാഗതം ഭാഗികമായോ പൂര്ണമായോ തടസപ്പെട്ടിരിക്കുകയാണ്.
പ്രധാന പാതകളിലെ ഗതാഗത തടസം
പാലാ - ഈരാറ്റുപേട്ട റോഡില് വെള്ളം കയറിയതിനെ തുടര്ന്ന് ഈ റൂട്ടിലെ വാഹനഗതാഗതം കടുത്ത പ്രതിസന്ധിയിലാണ്. കോട്ടയം - കുമരകം - ചേര്ത്തല റോഡില് താഴ്ന്ന ഭാഗങ്ങളില് വെള്ളം കയറിയതോടെ ഈ വഴിയുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്.
കോട്ടയം - ഇറഞ്ഞാല് റോഡില് വെള്ളക്കെട്ട് മൂലം ഗതാഗതം സാധിക്കില്ല. അയര്ക്കുന്നം റൂട്ടുകള് അയര്ക്കുന്നത്തേക്ക് പോകുന്ന റോഡുകളിലും വെള്ളം കയറിയ നിലയിലാണ്. ഏറ്റുമാനൂര് - മണര്കാട് റോഡില് നാലുമണിക്കാറ്റില് വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
വെള്ളം കയറിയ പ്രദേശങ്ങള്
പാലാ, ഈരാറ്റുപേട്ട, നാട്ടകം, അയ്മനം, തിരുവാര്പ്പ്, പേരൂര്, ആര്പ്പൂക്കര എന്നീ താഴ്ന്ന പ്രദേശങ്ങളും പൂര്ണമായും വെള്ളത്തിനടിയിലാണ്. പുതുപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
യാത്ര നിരോധിച്ചു
ചേര്ത്തല-കുമരകം-കോട്ടയം റോഡില് വെള്ളംകയറിയ സാഹചര്യത്തില് ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര് ചേതന്കുമാര് മീണ അറിയിച്ചു. വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് അനാവശ്യ യാത്രകള് ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളില് ഉള്ളവര് ജാഗ്രത പാലിക്കണമെന്നും അധികൃതര് അറിയിച്ചു.
Kerala
പത്തനംതിട്ട: വ്യാപാര സ്ഥാപനങ്ങളില് വെളളംകയറിയതുമൂലം കോടികളുടെ നഷ്ടമാണ് റാന്നി മേഖലയില് വ്യാപാരികള്ക്കുണ്ടായത്. അപ്രതീക്ഷിതമായ വെള്ളപ്പൊക്കം റാന്നി മാമുക്ക് മുതല് ഇട്ടിയപ്പാറ വരെയുള്ള ഭാഗത്തെ ഒട്ടുമിക്ക കടകളെയും നഷ്ടത്തിലാക്കി.
പുളിമുക്ക്, പേട്ട, ചെട്ടിമുക്ക് ഭാഗങ്ങളിലും കടകള്ക്ക് നഷ്ടമുണ്ടായി. പലചരക്ക്, സ്റ്റേഷനറി, ബേക്കറി, ഹോട്ടലുകള്, പച്ചക്കറി, ഫര്ണിച്ചര്, സ്വര്ണക്കടകള്, സൂപ്പര്മാര്ക്കറ്റുകള്, കോള്ഡ് സ്റ്റോറേജുകള്, ചെരിപ്പ് കടകള്, തുണിക്കടകള് തുടങ്ങി നഷ്ടമുണ്ടായിട്ടുള്ള കടകളേറെയാണ്.
വില്പനയ്ക്കായി കൊണ്ടുവന്ന സാധനങ്ങള് നഷ്ടപ്പെട്ടതു കൂടാതെ കടകളിലെ ഫര്ണിച്ചറുകള്, ഇലക്ട്രോണിക്സ് ഉപകരണങ്ങള് തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. 2018ലും 19ലും നഷ്ടമുണ്ടായ വ്യാപാരസ്ഥാപനങ്ങള് ഇവയിലേറെയും. വീണ്ടും പച്ചപിടിച്ചു വരുമ്പോഴാണ് നഷ്ടം ഉണ്ടായത്.
പമ്പാ തീരത്തെ വീടുകള്ക്കും നഷ്ടമുണ്ട്. കിണറുകള്, ശൗചാലയങ്ങള് ഇവ നശിച്ചു. ഫര്ണിച്ചറുകളും ഇലക്ട്രോണിക്സ് സാധനങ്ങളും നഷ്ടപ്പെട്ടു. വെള്ളത്തോടൊപ്പം എത്തിയ മാലിന്യങ്ങള് വീടുകള്ക്കുള്ളില് നിറഞ്ഞിരിക്കുകയാണ്.
ഇതേ സമയം ആറന്മുളയില് സ്ഥിതി രൂക്ഷമായി തുടരുകയാണ്. പമ്പാനദി കരകവിഞ്ഞെത്തിയ വെള്ളം ആറന്മുളയിലെ കൂടുതല് പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. വെള്ളം ഇറങ്ങാന് കാലതാമസമുണ്ട്. നദിയില് ജലനിരപ്പ് ഉയര്ന്നു നില്ക്കുന്നതാണ് പ്രധാന കാരണം. ആറന്മുളയിലെ റോഡുകളില് നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. പ്രധാനപ്പെട്ട പല റോഡുകളിലും വെള്ളം കയറി കിടക്കുകയാണ്.
ആറന്മുളയില് പമ്പയുടെ തീരത്തെ വീടുകളെല്ലാം വെള്ളത്തിലാണ്. വലിയ വീടുകളുളളവര് മുകള് നിലയിലേക്കും ടെറസിലേക്കുമൊക്കെ താമസം മാറിയപ്പോള് വെള്ളത്തില് മുങ്ങിയ വീടുകളിലുളളവര് ദുരിതാശ്വാസ ക്യാമ്പുകളില് അഭയം തേടുകയാണ്. ആറന്മുള പുഞ്ചയോടു ചേര്ന്നുള്ള പ്രദേശങ്ങളൊക്കെ പൂര്ണമായി മുങ്ങി ജനജീവിതം താറുമാറായ അവസ്ഥയാണ്, എഴിക്കാട്, നീര്വിളാകം പ്രദേശങ്ങള് പൂര്ണമായി വെള്ളത്തിനടിയിലാണ്.
അതേസമയം, പ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിലേക്ക് മന്ത്രി എ.പി. അനില് കുമാര് ഇന്നു ജില്ലയിലെത്തും. രാവിലെ കോഴഞ്ചേരി പിഡബ്ല്യുഡി റസ്റ്റ് ഹൗസില് അദ്ദേഹം ഉദ്യോഗസ്ഥരുമായി ചര്ച്ച നടത്തി. തുടര്ന്ന് ആറന്മുള, റാന്നി പ്രദേശങ്ങള് സന്ദര്ശിക്കും.
Kerala
പത്തനംതിട്ട: കക്കാട് പദ്ധതിയുടെ മൂഴിയാര് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില് ഡാമിലെ ജലനിരപ്പ് പൂര്ണതോതിലെത്തിയതോടെ ഒരു ഷട്ടര് തുറക്കും. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റര് എത്തിയാല് ഡാമിന്റെ ഷട്ടറുകള് ഉയര്ത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. രാവിലെ ഏഴിന് ജലനിരപ്പ് 190.45 മീറ്ററിലെത്തി. ഇതേത്തുടര്ന്ന് ഡാമിന്റെ ഒരു ഷട്ടര് 15 സെന്റിമീറ്റര് ഉയര്ത്താന് തീരുമാനിച്ചിട്ടുണ്ട്.
ഇതുമൂലം നദിയില് ജലനിരപ്പ് ഉയരാന് സാധ്യതയുള്ളതിനാല് കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും ഇരുകരകളില് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്ത്തണമെന്നും നദിയിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്പേഴ്സണ് കൂടിയായ ജില്ലാ കളക്ടര് എ. നിസാമുദ്ദീന് അറിയിച്ചു.
ശനിയാഴ്ച മൂഴിയാര് ഡാമിന്റെ ഒരു ഷട്ടര് തുറന്നിരുന്നു. ശബരിഗിരി പദ്ധതിയുടെ പ്രധാന സംഭരണികളായ പമ്പയിലും കക്കിയിലും ജലനിരപ്പ് ഇപ്പോഴും 40 ശതമാനത്തിനു താഴെയാണ്. ശബരിഗിരിയിലെ ഉത്പാദനത്തിനുശേഷം വരുന്ന വെള്ളവും വൃഷ്ടി പ്രദേശത്തു നേരിട്ടു ലഭിക്കുന്ന വെള്ളവുമാണ് മൂഴിയാറിലെ സംഭരണിയിലേക്കുള്ളത്. ഞായറാഴ്ച രാത്രി മഴ ശക്തമായതോടെയാണ് മൂഴിയാറിലെ ജലനിരപ്പ് ഉയര്ന്നത്. രാത്രിയില് തന്നെ ജാഗ്രതാനിര്ദേശം നല്കിയിരുന്നു.
Kerala
പത്തനംതിട്ട: റാന്നിയും ആറൻമുളയും വീണ്ടും പ്രളയ ഭീഷണിയിലായതോടെ, പത്തനംതിട്ട ജില്ലയിൽ അതീവ ഗുരുതര സാഹചര്യം.
പമ്പയുടെ കരകളിൽ ഭീതിദമായ സാഹചര്യം തുടരുകയാണ്. മൂഴിയാർ ഡാം ഏതു സമയത്തും തുറക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്. മേഖലയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി.
കൊല്ലത്തുനിന്ന് കൂടുതൽ മത്സ്യ ബോട്ടുകൾ പത്തനംതിട്ടയിലേക്ക് തിരിച്ചു. അതേസമയം, ശബരിമലയിലേക്ക് ഇന്ന് ഭക്തരെ കടത്തി വിടില്ല.
Kerala
തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ, പന്തളം സ്റ്റേഷൻ), എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ (കക്കടശേരി സ്റ്റേഷൻ, തൊടുപുഴ സ്റ്റേഷൻ), കോട്ടയം ജില്ലയിലെ മീനച്ചിൽ (പാലാ സ്റ്റേഷൻ) എന്നീ നദികളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കോട്ടയം ജില്ലയിലെ മീനച്ചിൽ (പേരൂർ സ്റ്റേഷൻ), മണിമല (മണിമല സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരവന്നൂർ (കരവന്നൂർ സ്റ്റേഷൻ), കണ്ണൂർ ജില്ലയിലെ വളപട്ടണം (അനങ്ങോട് സ്റ്റേഷൻ), കാസർഗോഡ് ജില്ലയിലെ കരിയങ്കോട് (ഭീമനടി സ്റ്റേഷൻ), മോഗ്രാൽ (മധുർ സ്റ്റേഷൻ) എന്നീ നദികളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
യാതൊരു കാരണവശാലും മേൽപറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ആശയവിനിമയം തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ശനിയാഴ്ചത്തെ അപേക്ഷിച്ച് മഴ കുറഞ്ഞത് ആശ്വാസകരമാണ്. വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്ത്തനങ്ങള് ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്ത്തനങ്ങളില് പങ്കാളികളാകണം. സര്ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഏറ്റവും പുതിയ കണക്കനുസരിച്ച് എട്ട് മരണം സ്ഥിരീകരിച്ചു. എട്ടു പേരെ കാണാതായിട്ടുണ്ട്. 13 പേര്ക്ക് പരുക്കേറ്റു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാര്പ്പിച്ചിട്ടുണ്ട്. 27 വീടുകള് പൂര്ണമായും 196 വീടുകള് ഭാഗീകമായും തകര്ന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്ക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവര്ക്കും സര്ക്കാര് സഹായം ഉറപ്പാക്കും.
മലയോര മേഖലകളില് ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള് നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവര്ത്തകരും ദുരിതാശ്വാസ പ്രവര്ത്തനങ്ങളില് സജീവമായി രംഗത്തുണ്ട്. ഏതാവശ്യത്തിനും സര്ക്കാര് സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂർ - കാസറഗോഡ് (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ ഇന്നു വൈകുന്നേരം 05.30 വരെ 3.0 മുതൽ 3.5 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.
Kerala
പമ്പ: അതിതീവ്ര മഴയും ഇതേ തുടർന്ന് പമ്പാ നദിയിൽ വെള്ളപൊക്കവും ഉണ്ടായ പശ്ചാത്തലത്തിൽ ശബരിമല യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ ശബരിമല ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്നാണ് നിർദേശം.
Kerala
കൊച്ചി: കള്ളാടി ദുരന്തത്തില് കരാര് കമ്പനിയെ പഴിചാരി സര്ക്കാര് റിപ്പോര്ട്ട്. മരണനിരക്ക് കുറച്ചത് സര്ക്കാറിന്റെ സംയോചിതമായ ഇടപെടലുകള് കൊണ്ട് മാത്രമാണെന്നും റിപ്പോര്ട്ടില് പറയുന്നു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്ക്കാര് ഏറ്റെടുക്കണമെന്നും പ്രഖ്യാപിച്ച ധനസഹായം വേഗത്തില് നല്കണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന് നമ്പ്യാര് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് നിര്ദേശിച്ചു.
ഖനനം ചെയ്ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നിര്ദേശം നല്കിയിരുന്നു. ദുരന്ത നിവാരണ അതോറിറ്റി മേയ് 26നും ജൂണ് നാലിനും നിര്ദേശം നല്കി. അവശിഷ്ടങ്ങള് ജനങ്ങള്ക്ക് ഭീഷണിയാകരുത് എന്ന് കരാര് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതാണ്. ആവശ്യമെങ്കില് തൊഴിലാളികളെയും പൊതുജനങ്ങളെയും ഒഴിപ്പിക്കണമെന്നും നിര്ദേശിച്ചിരുന്നു.
കരാര് കമ്പനി അത് പാലിച്ചില്ലെന്നും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്ട്ടില് പറയുന്നു. ദുരന്തത്തില് അന്വേഷണം ആരംഭിച്ചതായും സര്ക്കാര് കോടതിയെ അറിയിച്ചു. മഴ കണക്കിലെടുത്ത് ജൂണ് അഞ്ചിന് തുരങ്കപാത നിര്മ്മാണ പ്രവര്ത്തനങ്ങള് നിര്ത്തിവയ്പ്പിച്ചിരുന്നു.
സുരക്ഷ ഉറപ്പാക്കാന് കരാറുകാരുടെ യോഗം ആവര്ത്തിച്ച് നടത്തിയിരുന്നു. ദുരന്തത്തില് രണ്ടു സ്വതന്ത്ര അന്വേഷണം സര്ക്കാര് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും അന്വേഷണം നടത്തും. സാങ്കേതിക നിയമ അനുമതികളും പരിസ്ഥിതി അനുമതികള് നേടിയോ എന്നതിലുമാണ് അന്വേഷണം നടത്തുന്നത്.
തുരങ്ക നിര്മാണ പാതയുടെ നിര്മ്മാണത്തിന്റെ ഭാഗമായി കുഴിച്ചെടുത്ത് മണ്ണ് നീക്കം ചെയ്യാന് കരാറുകാരന് നിര്ദേശം നല്കിയെന്നും കൊങ്കണ് റെയില്വെ ഡെപ്യൂട്ടി ചീഫ് എൻജിനിയര്ക്കാണ് നിര്ദേശം നല്കിയതെന്നും റിപ്പോര്ട്ടില് സര്ക്കാര് വ്യക്തമാക്കിയിട്ടുണ്ട്.
നിലവില് കള്ളാടി ദുരന്തമുഖത്ത് പരിശോധന തുടരുകയാണ്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇന്നത്തെ പരിശോധനയില് കണ്ടെത്തിയ മൃതദേഹം പശ്ചിമ ബംഗാള് സ്വദേശിയുടെതാണ്.
Kerala
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കാൻസസിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാർ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ വിദ്യാർഥിയും ഐടി പ്രഫഷണലുമായ വെങ്കിടേഷ് ദൊപ്പലപ്പുടി (33) മരിച്ചു. ഇയാൾ ആന്ധ്രാ സ്വദേശിയാണെന്നായിരുന്നു വിവരം.
നെബ്രാസ്കയിലെ ഒമാഹയിലാണ് വെങ്കിടേഷ് താമസിച്ചിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഹൂസ്റ്റണിൽ നിന്നു കാറോടിച്ച് മടങ്ങുന്നതിനിടെയാണ് ഇയാൾ അപകടത്തിൽപ്പെട്ടത്.
District News
കോഴഞ്ചേരി: ആധുനിക രീതിയില് പുനർനിർമിച്ച തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിലെ വിവിധ സ്ഥലങ്ങളില് കുഴികളും വെള്ളക്കെട്ടുകളും. വെള്ളക്കെട്ട് രൂക്ഷമായത് സ്ഥിരമായ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. റോഡ് ഉയര്ന്ന നിലവാരത്തിലേക്ക് ഉയര്ത്തി എന്നു പറയുമ്പോള്തന്നെയാണ് മഴക്കാലം ആരംഭിച്ചതോടെ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാര്ക്കാണ് ഏറെ അപകടം ഉണ്ടാക്കുന്നത്.
ടികെ റോഡിലെ മാരാമണ്ണില് തോട്ടപ്പുഴശേരി വില്ലേജ് ഓഫീസിനു മുന്പില് രൂപപ്പെട്ടിരിക്കുന്ന കുഴി ഏറെ അപകടകരമാണ്. ടികെ റോഡില്തന്നെയുള്ള തെക്കേമലയ്ക്കു സമീപം ട്രൈഫന്റ് ജംഗ്ഷനിലും അഗാധമായ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. കോഴഞ്ചേരി ടൗണിലും ഇതേപോലെയുള്ള കുഴകള് കാണപ്പെടുന്നു.
തെക്കേമല ജംഗ്ഷനില് സിഗ്നല് ലൈറ്റുകളോ, ദിശാബോര്ഡുകളോ ഇല്ലാത്തതിനാല് അമിത വേഗത്തിൽ വരുന്ന വാഹനങ്ങള് അപകടത്തിൽപ്പടുന്നത് തുടര്ക്കഥയാകുകയാണ്.
ടികെ റോഡിലെ കുമ്പനാട് - മുട്ടുമണ്, പുല്ലാട് ജംഗ്ഷന്, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്ഭാഗം, കോഴഞ്ചേരി ബസ് സ്റ്റാന്ഡിന് സമീപം, തെക്കേമല ജംഗ്ഷന് എന്നിവിടങ്ങളിലെ കുഴികള് രൂപപ്പെട്ടത് വിവാദമായതിനെത്തുടര്ന്ന് നവീകരണം നടത്തിയെങ്കിലും അപകടത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. ടികെ റോഡിലെ പുല്ലാട് മുതല് മാരാമണ് വരെയുള്ള ഭാഗത്താണ് ഏറെ അപകടങ്ങള് ഉണ്ടാകുന്നത്.
റോഡരികിലെ അനധികൃത വ്യാപാരങ്ങളും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. റോഡ് നവീകരിച്ചെങ്കിലും മുന്കരുതല് ബോര്ഡുകളോ, സിഗ്നല് ലൈറ്റുകളോ സ്ഥാപിക്കാതിരിക്കുന്നത് വീണ്ടും അപകടങ്ങള് വിളിച്ചുവരുത്തും.
District News
തൃശൂർ: കാലവർഷത്തിൽ ചാലക്കുടിപ്പുഴയിലെ ജലനിരപ്പു നിയന്ത്രിക്കാനും ജനവാസമേഖലയിൽ വെള്ളപ്പൊക്കം ഒഴിവാക്കാനും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
നിലവിൽ പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 417.35 മീറ്ററാണ്. മുൻവർഷത്തെ മാതൃകയിൽ ഇക്കുറിയും ഡാമിലെ ജലനിരപ്പ് ക്രെസ്റ്റ് ലെവലായ 419.40 മീറ്ററിൽ നിലനിർത്താൻ തൃശൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രിയായ ഒ.ജെ. ജനീഷ്, എംഎൽഎമാർ എന്നിവർ പങ്കെടുത്ത എക്സ്റ്റൻഡഡ് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി മീറ്റിംഗിൽ തീരുമാനിച്ചു.
ഇന്നുമുതൽ 419.40 മീറ്ററിൽ ഗേറ്റുകൾ തുറന്നുവയ്ക്കും. ഷോളയാർ ഡാം, വൃഷ്ടിപ്രദേശങ്ങൾ, മറ്റ് അണക്കെട്ടുകൾ എന്നിവിടങ്ങളിൽനിന്നുള്ള നീരൊഴുക്കും നിരീക്ഷിക്കും. ഡാമുകളിൽനിന്നു വെള്ളമൊഴുക്കേണ്ടിവന്നാൽ ജനങ്ങളെ മുൻകൂട്ടി അറിയിക്കാനും കളക്ടർ നിർദേശിച്ചു.
District News
ഒറ്റപ്പാലം: മഴ കനത്തതോടെ നഗരസഭ ബസ് സ്റ്റാൻഡിനു പുറകിൽ വൻ വെള്ളക്കെട്ട്. കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്ന പീപ്പിൾസ് ബസാറിലേക്കും മറ്റു വ്യാപാരസ്ഥാപനങ്ങളിലേക്കും എത്തിപ്പെടണമെങ്കിൽ ഈ വെള്ളക്കെട്ട് കടക്കണം. മഴയിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് വലിയ ദുരിതമാകുകയാണ്. പടിഞ്ഞാറുഭാഗത്ത് ജലശുദ്ധീകരണശാലയുടെ പണിനടക്കുന്നതിനാൽ അവിടം അടച്ചുകെട്ടിയിരിക്കുകയാണ്. അതുകൊണ്ട് കെട്ടിടത്തിന്റെ കിഴക്കുഭാഗത്തുകൂടി വളഞ്ഞുവേണം ഇവിടേക്കെത്താൻ.
മഴ തുടങ്ങിയതുമുതൽ കെട്ടിടത്തിനു പുറകിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്കെത്തുന്ന നൂറുകണക്കിന് ജനങ്ങളുടെ ദുരിതമാണിത്. ശക്തമായൊരു മഴപെയ്താൽ ബസ്സ്റ്റാൻഡ് കെട്ടിടത്തിലെ കിഴക്കുവശംമുതൽ പടിഞ്ഞാറുഭാഗംവരെ വെള്ളത്താൽ നിറയും. പിന്നെ വെള്ളം ഒഴിയണമെങ്കിൽ മണിക്കൂറുകൾ കഴിയണം. പൂട്ടുകട്ട വിരിച്ചതിലെ അശാസ്ത്രീയതമൂലമാണ് വെള്ളം കെട്ടിനിൽക്കുന്നതെന്നാണ് ആക്ഷേപം.
റോഡിനെക്കാൾ താഴ്ചയിലാണ് ഇവിടെ പൂട്ടുകട്ട വിരിച്ചിരിക്കുന്നത്. അതിനാൽ വേഗത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതിന് ഇടയാക്കും. റോഡിനും പൂട്ടുകട്ട വിരിച്ചതിനുമിടയിലുള്ള മൺതിട്ടയടക്കം ചെളിനിറഞ്ഞുകിടക്കുന്നതിനാൽ സ്ഥാപനത്തിലേക്കു പോകുന്നത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
ഇരുചക്രവാഹനങ്ങളിൽ വരുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ട്. പീപ്പിൾസ് ബസാറിലേക്ക് ഇറങ്ങുന്ന ഭാഗത്ത് ചെളിനിറഞ്ഞുകിടക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്. ഇവിടേക്കെത്തുന്ന പ്രായമായവർക്കും പ്രയാസമുണ്ടാക്കുന്നുണ്ട്.
District News
കയ്പമംഗലം: കാലവർഷം കനത്തതോടെ ചെന്ത്രാപ്പിന്നി പപ്പടം നഗറിൽ വെള്ളക്കെട്ട് രൂക്ഷം. 20 ഓളം വീടുകൾ വെള്ളക്കെട്ടിൽ. തുടർച്ചയായിപെയ്ത മഴയിലാണ് തോട് കവിഞ്ഞൊഴുകി വീടുകൾ വെള്ളത്തിലായത്.
ദേശീയപാത ചെന്ത്രാപ്പിന്നി ബൈപ്പാസ് നിർമാണത്തെ തുടർന്ന് വെള്ളം ഒഴുകിപോകുന്ന തോടുകൾ പലതും മൂടിപ്പോവുകയും പാതക്കടിയിലൂടെ പണിത കാന വീതി കുറഞ്ഞതും വെള്ളക്കെട്ടിന് കാരണമായെന്ന് നാട്ടുകാർ പറയുന്നു.
ബൈപ്പാസിന് സമീപത്തെ വീടുകളും വെള്ളത്തിലാണ്. പപ്പടം നഗറിലേക്കുള്ള റോഡും വെള്ളംകയറി കിടക്കുകയാണ്. മഴ തുടർന്നാൽ വീടിനുള്ളിൽ വെള്ളം കയറുന്ന അവസ്ഥയിലാണ്. എത്രയും പെട്ടെന്ന് അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
മുരിങ്ങൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിച്ച അശാസ്ത്രീയമായ കാനകൾമൂലം മുരിങ്ങൂർ കോട്ടമുറി പ്രദേശത്തു വെള്ളക്കെട്ടുദുരിതം തുടരുന്നതായി നാട്ടുകാർ. ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ അടിപ്പാതയുടെ കവാടവും സർവീസ് റോഡും വെള്ളത്തിനടിയിലായതോടെ മഴവെള്ളം സമീപത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കയറി. പ്രദേശത്തെ 12 കുടുംബങ്ങളാണ് വെള്ളക്കെട്ടുഭീഷണിയിൽ കഴിയുന്നത്.
ചെമ്പകശേരി പുരുഷോത്തമൻ, ഹരിദാസ് എന്നിവരുടെ വീടുകളിലടക്കം വെള്ളംകയറിയതോടെ കുട്ടികളും വയോധികരും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ രാത്രിമുഴുവൻ ആശങ്കയിലും ഭീതിയിലുമായി. ചെറിയ മഴപെയ്താലും പ്രദേശം വെള്ളക്കെട്ടിലാകുന്ന സാഹചര്യമാണുള്ളതെന്നും ശക്തമായ കാലവർഷം മുന്നിലുള്ളത് ആശങ്ക വർധിപ്പിക്കുകയാണ്.
മുരിങ്ങൂർ മുതൽ കോട്ടമുറി വരെയുള്ള ദേശീയപാതയുടെ ഇരുഭാഗങ്ങളിൽനിന്നുമുള്ള മഴവെള്ളം ഒരിടത്തേക്കു കേന്ദ്രീകരിക്കുന്ന രീതിയിലാണ് കാനകൾ നിർമിച്ചിരിക്കുന്നതെന്നാണ് ആരോപണം. കാനകൾ മണ്ണുനിറഞ്ഞ നിലയിലായതിനാൽ വെള്ളം ഒഴുകിപ്പോകാൻ വഴിയില്ല.
സംഭവമറിഞ്ഞ് മേലൂർ പഞ്ചായത്ത് പ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. ഇന്നലെ ഉച്ചയോടെ നിർമാണ കമ്പനി തൊഴിലാളികൾ സ്ഥലത്തെത്തി പണിയായുധങ്ങളുമായി ഉടൻ തിരിച്ചെത്താമെന്ന് അറിയിച്ചെങ്കിലും പിന്നീട് എത്തിയില്ലെന്നു പ്രദേശവാസികൾ പറഞ്ഞു.
അടിയന്തരമായി ശാസ്ത്രീയപഠനം നടത്തി സ്ഥിരപരിഹാരം കണ്ടെത്താൻ ദേശീയപാത അഥോറിറ്റിയും ജില്ലാ ഭരണകൂടവും തയാറായില്ലെങ്കിൽ ദേശീയപാത ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളിലേക്കു നീങ്ങേണ്ടിവരുമെന്ന് മേലൂർ പഞ്ചായത്ത് അംഗം എ.ഡി. സജി മുന്നറിയിപ്പ് നൽകി.
District News
കാഞ്ഞിരപ്പള്ളി: പേട്ടക്കവലയിലെ വെള്ളക്കെട്ട് വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു. ദേശീയപാത 183ൽ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കാഞ്ഞിരപ്പള്ളി പേട്ടക്കവലയ്ക്ക് സമീപത്തായി ഇന്ത്യൻ ഓയിലിന്റെ പെട്രോൾ പമ്പിനു മുന്നിലാണ് വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കി വെള്ളക്കെട്ട് സ്ഥിതി ചെയ്യുന്നത്.
ദേശീയപാതയോരത്തെ ഓടകൾ അടഞ്ഞതാണ് വെള്ളക്കെട്ടിനു കാരണം. സ്ലാബ് ഒടിഞ്ഞതും മാലിന്യം നിറഞ്ഞതുമാണ് ഓടകൾ മൂടാൻ കാരണമായതെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു.
വാഹനങ്ങൾ കടന്നുപോകുമ്പോൾ പരിസരമാകെ ചെളിവെള്ളം തെറിക്കുകയും പലപ്പോഴും കാൽനട യാത്രക്കാരുടെയും ഇരുചക്ര വാഹനയാത്രകരുടെയും ദേഹത്ത് പതിക്കുകയും ചെയ്യുന്നത് പതിവുകാഴ്ചയാണ്. ഓടയിലെ തടസംമാറ്റി വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
District News
കോതമംഗലം: വേനൽ മഴയിൽ കോതമംഗലം താലൂക്ക് ആശുപത്രിക്ക് മുന്നിൽ എ.എം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ആശുപത്രിയുടെ കവാടത്തിലുള്പ്പെടെ റോഡില് ഒരു അടിയിലേറെ വെള്ളം ഉയര്ന്നു. ഇതോടെ വാഹനങ്ങളുടെയും കാല്നടക്കാരുടെയും യാത്ര ദുഷ്കരമായി. പ്രദേശത്ത് ഗതാഗതകുരുക്കും രൂപപ്പെട്ടു. റോഡില് വെള്ളം ഉയര്ന്നതോടെ ഏതാനും കടകളിലേക്കും വെള്ളം കയറി.ചെളിനിറഞ്ഞ വെള്ളമാണ് കടകളിലേക്കൊഴുകിയത്.
മറ്റിടങ്ങളില് നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണം. വെള്ളം ഒഴുകി പോയിരുന്ന തോട് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയതും വിനയായി. കാലങ്ങളായുള്ള തോടാണ് കഴിഞ്ഞവര്ഷം നികത്തിയത്.
കഴിഞ്ഞ മഴക്കാലത്തും സമാന പ്രശ്നം ഉണ്ടായിരുന്നു. അധികാരികള്ക്ക് പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര് പറഞ്ഞു. തോട് പുനസ്ഥാപിച്ചില്ലെങ്കില് മഴക്കാലത്ത് സ്ഥിതി രൂക്ഷമാകും. എത്രയും വേഗം അധികാരികള് നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
District News
കൂരാച്ചുണ്ട്: കൂരാച്ചുണ്ട്-ബാലുശേരി പിഡബ്ല്യുഡി റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു. റോഡിലെ കൈതക്കൊല്ലിയിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിന് മുൻവശത്താണ് ഒരു മഴ പെയ്താൽ തൽക്ഷണം വെള്ളക്കെട്ട് രൂപപ്പെടുന്നത്.
ഏറെ കഷ്ടപ്പെട്ടാണ് ദേഹത്ത് വെള്ളം തെറിക്കാതെ യാത്രക്കാർ ഓടി മാറുന്നത്. റോഡിന് ഈ ഭാഗങ്ങളിൽ ഓവുചാലുകൾ നിർമിച്ചിട്ടില്ല. ഒട്ടനവധി വാഹനങ്ങൾ സർവീസ് നടത്തുന്ന കോഴിക്കോട്ടേക്കുള്ള പ്രധാന റോഡുമാണിത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് ദുരിതമായി മാറിയ പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
District News
വയനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ ചോലമലയിൽ വീണ്ടും വെള്ളപ്പൊക്കം. ചോലമല പുഴ കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 2024 ജൂലൈയിൽ വൻ ദുരന്തം വിതച്ച പ്രദേശമായതിനാൽ ഇത്തവണയും മണ്ണിടിച്ചിൽ ഭീതിയിലാണ് പ്രദേശവാസികൾ.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബെയ്ലി പാലത്തിന് സമീപവും വെള്ളം ഉയർന്നിട്ടുണ്ട്. പുഴയിൽ പാറകളും മരങ്ങളും ഒഴുകി വരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ദുരന്തനിവാരണ സേനയും അധികൃതരും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
മഴ കടുക്കുകയാണെങ്കിൽ കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 2024-ലെ ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ട പല കുടുംബങ്ങളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇവർക്ക് സുരക്ഷിതമായ പുനരധിവാസം ഒരുക്കേണ്ടത് അത്യാവശ്യമാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.