കുമളി: ടൗണിലെ ഹോട്ടലുകളിൽനിന്നുള്ള മലിനജലം നടപ്പാതയിലൂടെ ഒഴുകുന്നത് കാൽനടയാത്രക്കാർക്ക് വലിയ ദുരിതമാകുന്നു. ടൗണിൽ പഞ്ചായത്ത് സാംസ്കാരിക നിലയത്തിനു സമീപത്തെ നടപ്പാതയാണ് മലിനജലവും കൈയേറ്റവും മൂലം ജനങ്ങൾക്ക് നടക്കാൻ കഴിയാത്ത അവസ്ഥയായിരിക്കുന്നത്.
സാംസ്കാരിക നിലയത്തിന് താഴത്തെ നിലയിലെ ഹോട്ടലിലെ പാത്രങ്ങൾ കഴുകുന്നതും സാധനങ്ങൾ സൂക്ഷിക്കുന്നതും ഈ നടപ്പാതയിലാണ്. പൊതുസ്ഥലം കൈയേറുന്നതിനെതിരേ പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടെത്തി മുന്നറിയിപ്പു നൽകിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല.
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുംവിധം ഹോട്ടലിൽനിന്നുള്ള മലിനജലവും ഭക്ഷണാവശിഷ്ടങ്ങളും ഓടയിലേക്ക് നേരിട്ട് ഒഴുക്കിവിടുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഇതുവഴി യാത്രക്കാർക്കും സമീപത്തെ വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ഇക്കാര്യത്തിൽ കുമളി പഞ്ചായത്തിനും ആരോഗ്യ വകുപ്പിനും പരാതി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. പൊതുജനാരോഗ്യം മുൻനിർത്തി നിയമലംഘനം നടത്തുന്ന സ്ഥാപനത്തിനെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ഓടയിലെ മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.