Kerala
കോൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസിന് വധഭീഷണി അയച്ചയാൾ അറസ്റ്റിൽ. കോൽക്കത്തയിലെ സാൾട്ലേക്ക് സ്വദേശിയാണ് അറസ്റ്റിലായത്.
ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഭീഷണി സന്ദേശം ഇന്നലെ സി.വി. ആനന്ദബോസിന്റെ എഡിസിക്കാണ് ലഭിച്ചത്. ഭീഷണിയുടെ വിവരം രാജ്ഭവൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.
അതേസമയം, വധഭീഷണി വകവയ്ക്കാതെ കോൽക്കത്തയിലെ തെരുവിലൂടെ സി.വി. ആനന്ദബോസ് ഇന്ന് ഇറങ്ങി നടന്നു. വഴിയിലുള്ള കടയിൽ നിന്ന് ജനങ്ങൾക്കൊപ്പം ആനന്ദബോസ് ഭക്ഷണം കഴിച്ചു.
Kerala
തിരുവനന്തപുരം: വിസി നിയമനത്തിൽ സർക്കാരും ഗവർണറും തമ്മിൽ ധാരണയിലെത്തി. സാങ്കേതിക സർവകലാശാല വിസിയായി ഡോ.സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ.സജി ഗോപിനാഥിനെയും നിയമിച്ചു.
ഇതു സംബന്ധിച്ച വിജ്ഞാപനം ലോക് ഭവൻ പുറത്തിറക്കി. നേരത്തെ സാങ്കേതിക സര്‍വകലാശാലയിലേക്ക് ഗവര്‍ണര്‍ നിര്‍ദേശിച്ച ഡോ. സിസ തോമസിന്റെ പേര് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.
ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. സജി ഗോപിനാഥിന്റെ പേര് സര്‍ക്കാര്‍ മുന്നോട്ടുവച്ചെങ്കിലും ഗവര്‍ണറും അംഗീകരിച്ചിരുന്നില്ല. ഡോ.സജി ഗോപിനാഥിനെതിരെ ആരോപണമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പേര് വെട്ടിയത്.
ഒടുവിൽ സുപ്രീംകോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു. സർക്കാരും ഗവർണറും തമ്മിൽ സമവായത്തിൽ എത്തിയില്ലെങ്കിൽ കോടതി ഇടപെട്ട് രണ്ട് സർവകലാശാലയിലേക്കും വിസിയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചു.
തുടർന്ന് ആദ്യഘട്ട സമവായ ചർച്ചയിൽ തീരുമാനം ഉണ്ടായിരുന്നില്ല. പിന്നാലെ ചൊവ്വാഴ്ച മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടന്ന സമവായ ചർച്ചയിലാണ് വിസിമാരെ നിയമിക്കുന്നത് സംബന്ധിച്ച് ധാരണയായത്.
സുപ്രീംകോടതി നിയോഗിച്ച റിട്ട. ജസ്റ്റീസ് സുധാംശു ധൂലിയ അധ്യക്ഷനായ സർച്ച് കമ്മിറ്റി സ്വന്തം നിലയിൽ തയാറാക്കിയ വിസിമാരുടെ പട്ടിക ബുധനാഴ്ച കോടതിയ്ക്ക് കൈമാറാനിരികകെയാണ് സർക്കാരും ഗവർണറും തമ്മിൽ ധാരണയായത്.
National
ന്യൂഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്നു സുപ്രീംകോടതി. സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് തള്ളി. സമയപരിധി ലംഘിച്ചാൽ ബില്ലുകൾക്കു സമ്മതം ലഭിച്ചുവെന്ന് (ഡീംഡ് അസെന്റ്) കണക്കാക്കിയതായി പ്രഖ്യാപിക്കുന്നത് ഭരണഘടനയുടെ അന്തഃസത്തയ്ക്കു വിരുദ്ധമാണെന്നും പരമോന്നത കോടതി നിരീക്ഷിച്ചു.
എന്നാൽ, ബില്ലുകൾ അനിശ്ചിതകാലത്തേക്കു തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് അധികാരമില്ല. വിശദീകരിക്കാനാകാത്ത കാലതാമസം വരുത്തി ബില്ലുകൾ പിടിച്ചുവയ്ക്കുന്നതു ഫെഡറൽ തത്വങ്ങൾക്കെതിരാണെന്നു സുപ്രീംകോടതി വ്യക്തമാക്കി. ബില്ലുകൾ പിടിച്ചുവയ്ക്കുകയല്ല, നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണു വേണ്ടത്. ഇതിനായി പരിമിതമായ ജുഡീഷൽ അവലോകന അധികാരം പ്രയോഗിക്കാൻ കോടതിക്കു കഴിയുമെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു.
നിയമനിർമാണ പ്രക്രിയയെ തടസപ്പെടുത്തുന്ന തരത്തിൽ ഗവർണറുടെ ഭാഗത്തുനിന്ന് ദീർഘമായതോ വിശദീകരിക്കാനാകാത്തതോ ആയ കാലതാമസം ഉണ്ടായാൽ സമയബന്ധിതമായി തീരുമാനമെടുക്കാൻ ഗവർണറോട് കോടതിക്കു നിർദേശിക്കാം. ബില്ലിന്റെ മെറിറ്റിനെക്കുറിച്ച് ഒന്നും നിരീക്ഷിക്കാതെയാകണം ഇത്. ബില്ലുകളിൽ ഗവർണർ ഭരണഘടനാപരമായ തീരുമാനമെടുക്കണം. തീരുമാനമെടുക്കുന്പോൾ ഗവർണർക്കു വിവേചനാധികാരം ഉപയോഗിക്കാം.
ഭരണഘടനയുടെ അനുച്ഛേദം 143 പ്രകാരം രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രത്യേക റഫറൻസിനു മറുപടിയായാണു വിധി. ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, പി.എസ്. നരസിംഹ, എ.എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണു പത്തു ദിവസം വാദം കേട്ട് ഇന്നലെ വിധി പ്രഖ്യാപിച്ചത്. തമിഴ്നാട് ഗവർണർ കേസിൽ, രാഷ്ട്രപതിക്കും ഗവർണർക്കും ബില്ലുകളിൽ നടപടിയെടുക്കാൻ സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ വിധിന്യായത്തിനു തൊട്ടുപിന്നാലെ, കഴിഞ്ഞ മേയിലാണു രാഷ്ട്രപതിയുടെ റഫറൻസ് ഉണ്ടായത്. ഭരണഘടനയുടെ അനുച്ഛേദം 200/201 പ്രകാരമുള്ള ബില്ലുകൾക്ക് അനുമതി നൽകുന്നതിലുള്ള രാഷ്ട്രപതിയുടെയും ഗവർണറുടെയും തീരുമാനങ്ങൾക്കു സമയപരിധി നിശ്ചയിക്കാൻ കോടതിക്കു കഴിയില്ല. സമയപരിധി ലംഘിച്ചാൽ ബില്ലുകൾക്ക് "കണക്കാക്കിയ സമ്മതം’ പ്രഖ്യാപിച്ച് ഇത്തരം ബില്ലുകൾ പാസായതായി കണക്കാക്കുന്ന കോടതികളുടെ ആശയം ഭരണഘടനയുടെ ആത്മാവിനു വിരുദ്ധമാണ്.
തമിഴ്നാട് ഗവർണർ തടഞ്ഞുവച്ച ബില്ലുകൾ പാസായതായി കണക്കാക്കാമെന്ന സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി അധികാരവിഭജന സിദ്ധാന്തത്തിനെതിരാണ്. ഗവർണർക്കു മാത്രമുള്ള ചുമതലകളുടെ കൈയടക്കലാണിത്. എക്സിക്യൂട്ടീവിന്റെ പ്രവർത്തനങ്ങൾ ജുഡീഷറി ഏറ്റെടുക്കുന്നതും മാറ്റി സ്ഥാപിക്കുന്നതുമാണ് ഇതെന്ന നിഗമനത്തിലെത്തുന്നതിൽ ഒരു മടിയുമില്ല. നമ്മുടെ ലിഖിത ഭരണഘടനയുടെ പരിധിക്കുള്ളിൽ ഇത് അനുവദനീയമല്ലെന്നും കോടതി പറഞ്ഞു.
കാലാവധി തീരുന്നതിനു തൊട്ടുമുന്‍പ് പ്രധാന വിധി
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്ന് ഞായറാഴ്ച വിരമിക്കുന്ന ജസ്റ്റീസ് ബി.ആർ. ഗവായിയുടെ അവസാന പ്രവൃത്തിദിവസത്തിനു തലേന്നാണ് സുപ്രധാന വിധിപ്രസ്താവമുണ്ടായത്. സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി തള്ളുകയും ഗവർണർമാരുടെ വിവേചനാധികാരം സ്ഥാപിക്കുകയും ചെയ്തതിലൂടെ ആഗ്രഹിച്ച വിധിതീർപ്പ് ഉണ്ടായെന്നതിൽ കേന്ദ്രസർക്കാരിന് ആശ്വസിക്കാം.
പുതിയ ചീഫ് ജസ്റ്റീസ് സുര്യകാന്ത് തിങ്കളാഴ്ച ചുമതലയേൽക്കും. കഴിഞ്ഞ മേയ് 14 മുതലാണ് ഗവായ് ചീഫ് ജസ്റ്റീസായി പ്രവർത്തിച്ചത്.
National
ന്യൂഡൽഹി: വിവിധ ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളിയതിനൊപ്പം തന്നെ സുപ്രധാന നിരീക്ഷണങ്ങളാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഉയർത്തിയത്.
ബിൽ വന്നാൽ ഗവർണർ അനിയന്ത്രിതമായി പിടിച്ചുവയ്ക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
ആശയവിനിമയം ഇല്ലാതെ പിടിച്ചുവയ്ക്കുന്നത് അഭിലഷണീയമല്ല. ഗവർണർ സാധാരണ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. വിവേചനാധികാരം എന്തിനൊക്കെ ഉപയോഗിക്കാം എന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബില്ലുകളുടെ കാര്യത്തിൽ ഗവർണർക്ക് വിവേചന അധികാരം ഉണ്ട്.
ഗവർണർ അംഗീകാരം നൽകാത്ത ബില്ലുകൾ നിയമസഭയിലേക്ക് തിരിച്ചയക്കുകയാണ് വേണ്ടത്. രാഷ്ട്രപതിക്ക് ഈ ബില്ല് അയക്കുകയോ അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള വിവേചന അധികാരം ഉണ്ട്. അനിയന്ത്രിതമായി പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഇല്ല. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നും ബില്ലുകൾ ഗവർണർ ഒപ്പിടാതെ അംഗീകാരം നൽകുന്നതും ഭരണഘടനാപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിയമസഭ പാസാക്കിയ ബില്ലുകൾ പാസാക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച തമിഴ്നാട് ഗവർണർ കേസിൽ രണ്ടംഗ ബെഞ്ചിന്റെ വിധിയെത്തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു സുപ്രീം കോടതിയോട് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് ഭരണഘടനാ ബെഞ്ചിന്റെ നിർണായക വിധി വരുന്നത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 143 പ്രകാരം കോടതിയുടെ അഭിപ്രായം തേടിയ രാഷ്ട്രപതി, "ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 200 പ്രകാരം ഒരു ബിൽ അവതരിപ്പിക്കുമ്പോൾ മന്ത്രിസഭ നൽകുന്ന ഉപദേശത്തിന് ഗവർണർ ബാധ്യസ്ഥനാണോ?' എന്ന് ചോദിച്ചിരുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 361 ഉദ്ധരിച്ചുകൊണ്ടാണ് രാഷ്ട്രപതിയോ ഗവർണറോ ഔദ്യോഗിക അധികാരങ്ങളുടെയും കടമകളുടെയും വിനിയോഗത്തിന് ഒരു കോടതിക്കും ഉത്തരം നൽകേണ്ടതില്ലെന്ന് പറയുന്നത്.
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് വിക്രം നാഥ്, ജസ്റ്റീസ് പി.എസ്.നരസിംഹ, ജസ്റ്റീസ് എ. എസ്. ചന്ദൂർക്കർ എന്നിവരായിരുന്നു മറ്റ് ജഡ്ജിമാർ.
National
ന്യൂഡൽഹി: വിവിധ ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് ബെഞ്ച് മറുപടി നൽകിയത്. ബിൽ ഗവർണർ അനിയന്ത്രിതമായി പിടിച്ചുവയ്ക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു.
ബില്ലുകളില്‍ ഭരണഘടനാപരമായ തീരുമാനം ഗവര്‍ണര്‍ എടുക്കണം. ബില്ലുകളില്‍ തീരുമാനം എടുക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാം. ബില്‍ പിടിച്ചുവയ്ക്കുകയല്ല, നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചര്‍ച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്. തീരുമാനം എടുത്തില്ലെങ്കില്‍ ബില്ല് അംഗീകരിച്ചെന്ന് കണക്കാക്കുന്ന നിലപാട് ഭരണഘടനയ്ക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിക്ക് ഈ ബില്ല് അയക്കുകയോ അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള വിവേചനാധികാരം ഉണ്ട്. അനിയന്ത്രിതമായി പിടിച്ചുവയ്ക്കാനുള്ള വിവേചനാധികാരം ഇല്ലെന്നും കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ വിസി നിയമനത്തിന് ഗവര്‍ണര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.
സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഒക്ടോബര്‍ 31നും വിസി സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് നവംബര്‍ മൂന്നിനും പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
കാലിക്കറ്റ് സര്‍വകലാശാല വിസിയുടെ കാലാവധി 2024 നവംബര്‍ പത്തിന് അവസാനിച്ചതിനാല്‍ കെമസ്ട്രി വിഭാഗം പ്രഫസര്‍ ഡോ. പി. രവീന്ദ്രന് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുകയാണ്. സെനറ്റ് പ്രതിനിധിയായ പ്രഫ. എ. സാബു നവംബര്‍ ഒമ്പതിന് സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചതിനാല്‍ ചാന്‍സലര്‍ പുറപ്പെടുവിച്ച വിജ്ഞാപനം നിയമപരമല്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
വിശദീകരണത്തിന് ചാന്‍സലറുടെ അഭിഭാഷകന് സമയം തേടിയതിനെത്തുടര്‍ന്നാണ് ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കാന്‍ ജസ്റ്റിസ് വി.ജി. അരുണ്‍ മാറ്റിയത്.
Kerala
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വിസിനിയമന നടപടികളിലേക്ക് രാജ്ഭവൻ കടന്നതോടെ പ്രതികരണവുമായി മന്ത്രി ആര്. ബിന്ദു. രാജ്ഭവൻ വിജ്ഞാപനം ഇറക്കിയത് തെറ്റാണെന്നും സര്‍ക്കാരിന്റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കും. സർക്കാർ ഇറക്കേണ്ട വിജ്ഞാപനം രാജ്ഭവൻ ഇറക്കിയത് ഫെഡറിലസത്തെ തകർക്കലാണെന്നും മന്ത്രി വിമർശിച്ചു. സെര്‍ച്ച് കമ്മിറ്റിയിൽ നിന്ന് കാലിക്കറ്റ് സര്‍വകലാശാല പ്രതിനിധിക്ക് പിന്മാറാനാകില്ലെന്നാണ് രാജ്ഭവന്റെ നിലപാട്.
തന്നെ ഒഴിവാക്കണമെന്ന ഡോ. എ.സാബുവിന്റെ ആവശ്യം തള്ളുകയും ചെയ്തു. സര്‍വകലാശാല സെനറ്റാണ് പട്ടിക നൽകിയതെന്നും ഒഴിവാക്കണമെങ്കിൽ സെനറ്റ് തീരുമാനിക്കണമെന്നുമാണ് രാജ്ഭവന്റെ മറുപടി. കഴിഞ്ഞ ദിവസമാണ് രാജ്ഭവൻ സ്വന്തം നിലയിൽ വിസി നിയമന അപേക്ഷ ക്ഷണിച്ചത്.
Kerala
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറെ കണ്ടെത്തുന്നതിനുള്ള സേർച്ച് കമ്മിറ്റിക്ക് ചാൻസലർകൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകാരം നൽകി.
മൂന്നംഗ കമ്മിറ്റിയിൽ ചാൻസലറുടെ നോമിനിയായി നാഷണൽ സയൻസ് ചെയർ പ്രെഫസർ ഡോ.എലുവത്തിങ്കൽ ഡി.ജെമ്മിസും യുജിസി പ്രതിനിധിയായി മുംബൈ സർവകലാശാല വൈസ് ചാൻസലർ പ്രഫ. രവീന്ദ്ര ഡി. കുൽക്കർണിയേയും നാമനിർദേശം ചെയ്തു.
സിൻഡിക്കേറ്റ് പ്രതിനിധിയായി കേരള സ്റ്റേറ്റ് കൗണ്‍സിൽ ഫോർ സയൻസടെക്നോളജി ആൻഡ് എൻവയോണ്‍മെന്റ് മെമ്പർ സെക്രട്ടറിയായ പ്രഫ എ.സാബുവാണ് സേർച്ച് കമ്മിറ്റിയംഗം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് തുടക്കമായി. രാജ് ഭവനിൽ നടത്തിയ പരിപാടി ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്തു. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് സമഗ്രവും തെറ്റില്ലാത്തതുമായ വോട്ടര്‍ പട്ടിക അനിവാര്യമാണ്.
വേഗത്തിലുള്ളതും പിശകുകളില്ലാത്തതുമായ പുനരവലോകനത്തിനായി ജനങ്ങളോട് സഹകരിക്കാനും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. പട്ടികയിൽ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും ഗർണർ നിർദേശം നൽകി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഗവർണർക്ക് എന്യൂമറേഷൻ ഫോം നൽകി നടപടികൾ വിശദീകരിച്ചു.
സംസ്ഥാനത്ത് തീവ്രവോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ ബിജെപി ഒഴികെ മറ്റെല്ലാ രാഷ്ട്രീയപാർട്ടികളും എതിർപ്പ് അറിയിച്ചിരുന്നു.
എസ്ഐആറിന്റെ ഭാഗമായി വീടുകയറിയുള്ള വിവരശേഖരണം (എന്യൂമറേഷൻ) നവംബർ നാലു മുതൽ ഡിസംബർ നാലു വരെ നടക്കും. പ്രാഥമിക വോട്ടർപ്പട്ടിക ഡിസംബർ ഒമ്പതിനു പ്രസിദ്ധീകരിക്കും. ഇതിന്മേലുള്ള ഹിയറിങ്ങും പരിശോധനയും ഡിസംബർ ഒമ്പതു മുതൽ 2026 ജനുവരി 31 വരെ നടക്കും.
NRI
ബ്രൺസ്വിക്(മെയിൻ):മുൻ മെയിൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (CDC) ഡയറക്ടറും യുഎസ് CDC-യിലെ മുൻ പ്രിൻസിപ്പൽ ഡിപ്യൂട്ടി ഡയറക്ടറുമായ ഡെമോക്രാറ്റ് നിരവ് ഷാ, ഒക്ടോബർ 20ന് മെയിൻ ഗവർണർ സ്ഥാനാർഥിയായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു.
1977 ൽ വിസ്കോൺസിനിൽ ഇന്ത്യൻ മുസ്ലിം കുടിയേറ്റക്കാരുടെ കുടുംബത്തിൽ ജനിച്ച ഷാ വിസ്കോൺസിനിൽ വളർന്നു. ലൂയിസ്വില്ലെ സർവകലാശാലയിൽ നിന്നും മനഃശാസ്ത്രത്തിലും ജീവശാസ്ത്രത്തിലും 1999 ൽ സയൻസിലും ബിരുദം നേടി.
കോളേജ് പഠനത്തിനുശേഷം, ഷാ ഓക്സ്ഫോർഡിൽ സാമ്പത്തിക ശാസ്ത്രവും തുടർന്ന് 2000 ൽ ഷിക്കാഗോ സർവകലാശാലയിൽ മെഡിക്കൽ സ്കൂളിൽ ജെഡി ബിരുദവും 2008 ൽ ഡോക്ടർ ഓഫ് മെഡിസിനും ഷാ പൂർത്തിയാക്കി, രണ്ടും ഷിക്കാഗോ സർവകലാശാലയിൽ നിന്ന്, കൂടാതെ ന്യൂ അമേരിക്കക്കാർക്കുള്ള പോൾ & ഡെയ്സി സോറോസ് ഫെലോഷിപ്പുകൾ നേടി.
കോവിഡിന്റെ പാന്‍ഡെമിക് സമയത്ത് മെയിൻ CDC ഡയറക്ടറായി ഉള്ളത്, സംസ്ഥാനത്തെ സമാധാനപരമായ നേതൃത്വത്തിലൂടെ പ്രതിസന്ധി മറികടക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. സാമൂഹ്യ ആരോഗ്യ രംഗത്ത് സാംസ്കാരികമായ, നിയമപരമായ സാമ്പത്തികമായ ബാക്ക്ഗ്രൗണ്ടുകൾ ഉപയോഗിച്ച് തന്റെ പ്രവർത്തനങ്ങൾക്കുള്ള ശ്രദ്ധേയമായ മാർഗനിർദ്ദേശം നൽകിയത് അദ്ദേഹത്തിന്റെ നേട്ടമാണ്. ഷാ ഇപ്പോൾ കോൽബി കോളേജിൽ വിസിറ്റിംഗ് പ്രൊഫസർ ആയി പ്രവർത്തിക്കുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഗവർണറെ കണ്ട് ബിജെപി നേതാക്കൾ. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയ ബിജെപി നേതാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. 30 വർഷത്തെ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ക്രിമിനൽ ഗൂഢാലോചന കേന്ദ്ര ഏജൻസി അന്വേഷിക്കണം.
ശബരിമല വിഷയത്തെ സംബന്ധിച്ച് ഗവർണറെ ബോധ്യപ്പെടുത്തി. വീഴ്ച്ചയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് വീഴ്ചയല്ല കൊള്ളയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി. വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
Business
തിരുവനന്തപുരം: റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. ഇത്തവണ റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ തുടരും. അതിനാൽതന്നെ, പലിശ നിരക്കുകൾ കുറയില്ല. വായ്പ, നിക്ഷേപ നിരക്കുകൾ മാറ്റമില്ലാതെ തുടരും.
അതേസമയം ജിഡിപി അനുമാനം 6.8 ശതമാനമായി പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. ധനനയ നിലപാട് നിഷ്പക്ഷമായി നിലനിർത്താൻ എംപിസി തീരുമാനിച്ചതായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
ഉപഭോക്തൃ വിലക്കയറ്റം ലഘൂകരിക്കുന്നതിനിടയിൽ, ആർബിഐ റിപ്പോ നിരക്ക് ഈ വർഷം ആദ്യം മൂന്ന് ഘട്ടങ്ങളിലായി 100 ബേസിസ് പോയിന്റുകൾ കുറച്ചിരുന്നു. നിലവിലെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതികൾ വിലയിരുത്തിയ ശേഷമാണ് നയപ്രഖ്യാപനം.
2026 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 2.6% ആയി പ്രതീക്ഷിക്കുന്നതായും ആദ്യ പാദത്തിലും മൂന്നാം പാദത്തിലും ഇത് 1.8 ശതമാനവും നാലാം പാദത്തിൽ നാല് ശതമാനമായിരിക്കുമെന്നും ആർബിഐ ഗവർണർ പറഞ്ഞു.
Kerala
തിരുവനന്തപുരം: വിരുദ്ധ അഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജഹംസിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ആദ്യ പതിപ്പിലെ ലേഖനത്തോടുള്ള വിയോജിപ്പ് പരസ്യമാക്കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. സർക്കാരിനെ പിന്തുണക്കുന്നതോ അല്ലാത്തതുമായ ലേഖനങ്ങൾ മാസികയിൽ വരാമെന്നും അത്തരം അഭിപ്രായങ്ങൾ ലേഖകന്റേത് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിരുദ്ധ അഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തില്ല. ആദ്യ പതിപ്പിലെ ലേഖനത്തിൽ ഗവർണറുടെ അധികാരങ്ങളും സർക്കാരിന്റെ അധികാരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ലേഖകൻ രേഖപ്പെടുത്തിയിരിക്കുന്നത് സർക്കാരിന്റെ അഭിപ്രായമല്ല. അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം. അത് രാജ്ഭവന്റെ പേരിൽ വരുന്നു എന്ന് കരുതി അത് സർക്കാരിന്റെ അഭിപ്രായമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി പറയാതെയാണ് ഗവർണർ ചടങ്ങിൽ സംസാരിച്ചത്
നീണ്ട സർക്കാർ- ഗവർണർ പോരിനിടെ മഞ്ഞുരുക്കിക്കൊണ്ടാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ഗവർണറും മുഖ്യമന്ത്രിയും ചേർന്നാണ് നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മാസിക ശശി തരൂരിന് നൽകിക്കൊണ്ട് മുഖ്യമന്ത്രി പ്രകാശന കർമം നിർവഹിച്ചു. അതേസമയം, പ്രകാശന ചടങ്ങിൽ ഭാരതാംബ ചിത്രം ഉണ്ടായിരുന്നില്ല. നിലവിളക്ക് മാത്രമാണ് ഉണ്ടായിരുന്നത്.
Kerala
തിരുവനന്തപുരം: കെടിയു, ഡിജിറ്റല്‍ വിസി നിയമന നടപടിയില്‍ നിന്നു മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധി വേണം. സെര്‍ച്ച് കമ്മിറ്റി പേരുകള്‍ നല്‍കേണ്ടത് ചാന്‍സലർക്കാണ്. വിസി നിയമന പ്രക്രിയയില്‍ നിന്നു മുഖ്യമന്ത്രിയെ ഒഴിവാക്കണം. സുപ്രീംകോടതി ഉത്തരവ് പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഇതോടെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോര് വീണ്ടും മൂര്‍ച്ഛിച്ചിരിക്കുകയാണ്. ഭാരതാംബ വിവാദത്തെ തുടര്‍ന്നാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടങ്ങിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുക്കും. സർക്കാർ ക്ഷണം സ്വീകരിച്ചെത്തുന്ന ഗവർണർ ഓണം വാരാഘോഷങ്ങൾക്ക് സമാപനംകുറിച്ച് നടത്തുന്ന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
തുടർന്ന് പ്രധാനവേദിയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഒപ്പമിരുന്ന് ഗവർണറും കുടുംബവും ഘോഷയാത്ര കാണും. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെ 2022 ലാണ് ഈ പതിവ് തെറ്റിയിരുന്നു. സർവകലാശാലാ വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറുമായി തുറന്ന ഏറ്റുമുട്ടൽ നടക്കുന്ന സമയമായിരുന്നു അത്.
അതേസമയം കഴിഞ്ഞ ഓഗസ്റ്റ് 15ന് ഗവർണർ വിശിഷ്ടാതിഥികൾക്കായി രാജ്ഭവനിൽ ഒരുക്കിയ അറ്റ് ഹോം പരിപാടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല.