ചെന്നൈ: ടിവികെയെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് വീണ്ടും ഗവർണറെ കണ്ടു. വ്യാഴാഴ്ച രാവിലെയായിരുന്നു ഗവർണറെ വിജയ് സന്ദർശിച്ചത്. ഭൂരിപക്ഷം തെളിയിക്കാൻ ടിവികെ തയാറാണെന്ന് വിജയ് ഗവർണറെ അറിയിച്ചു.
ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം വിജയ് ഗവർണറെ കണ്ടിരുന്നു. എന്നാൽ 118 എംഎൽഎമാരുടെ പിന്തുണ കത്ത് ഹാജരാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. കോൺഗ്രസ് ടിവികെ സഖ്യത്തിന് നിലവിൽ 113 സീറ്റുകളാണുള്ളത്.
അതേസമയം ഡിഎംകെ സഖ്യത്തിലെ ചില കക്ഷികൾ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്. രണ്ടു സീറ്റുകൾ വീതമുള്ള വിസികെ, സിപിഎം, സിപിഐ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനായി വിജയ് കത്ത് നൽകിയിട്ടുണ്ട്.
എൻഡിഎയിലുള്ള പിഎംകെയുമായി അനൗദ്യോഗിക ചർച്ച ആരംഭിച്ചിട്ടുണ്ട്. ടിവികെയെ പിന്തുണയ്ക്കണമെന്ന ആവശ്യം അണ്ണാ ഡിഎംകെയിലും ഉയർന്നിട്ടുണ്ട്. ഇതിനിടെ എംഎൽഎമാരെ അണ്ണാ ഡിഎംകെ പുതുച്ചേരിയിലേക്ക് മാറ്റി.