Kerala
കൊച്ചി: സംസ്ഥാന ബജറ്റിൽ കൊച്ചിക്ക് യാതൊരു പരിഗണനയുമില്ലെന്ന് മേയർ മിനിമോൾ. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിനായി 79 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. കൊച്ചിയുടെ വികസന സാധ്യതകൾക്ക് ഊർജം നൽകുന്ന ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല.
ഏറ്റവും കൂടുതൽ വരുമാനം എറണാകുളം ജില്ലയിൽ നിന്നാണെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി സൂചിപ്പിച്ചിരുന്നു. പക്ഷേ അതിനു ആനുപാതികമായ പദ്ധതിയോ തുകയോ അനുവദിക്കാത്തത് പ്രതിഷേധാർഹമാണ്. ഈ കാര്യം ചൂണ്ടിക്കാട്ടി മന്ത്രി. കെ.എൻ.ബാലഗോപാലിന് കത്തയക്കും.
ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്കായി നാമമാത്രമായ തുകയാണ് അനുവദിച്ചിട്ടുള്ളത്. കനാൽ നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട കനാലുകൾക്കുള്ള തുക അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും പദ്ധതിയിൽ ഉൾപ്പെടാത്ത കനാലുകൾ പശ്ചിമകൊച്ചിയിലടക്കം ഇനിയുമുണ്ട്.
അവയ്ക്കായി തുക അനുവദിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. നഗരവാസികളുടെ ചിരകാല സ്വപ്നമായ അറ്റ്ലാന്റിസ് ഓവർ ബ്രിഡ്ജ്, വാതുരുത്തി ഓവർ ബ്രിഡ്ജ്, നാൽപതടി റോഡ്, ഗോശ്രീ മാമംഗലം റോഡ് എന്നിവയടക്കമുള്ള പ്രധാന റോഡുകൾക്കു തുക വകയിരുത്തിയിട്ടില്ലെന്ന് മേയർ പറഞ്ഞു.
Kerala
തിരുവനന്തപുരം: ബജറ്റിൽ ദേവികുളം മണ്ഡലത്തിനു വാരിക്കോരി പദ്ധതികൾ പ്രഖ്യാപിച്ചു. മണ്ഡലത്തിലെ അഞ്ച് സർക്കാർ സ്കൂളുകളുടെ നവീകരണത്തിനായി അഞ്ചു കോടി രൂപ പ്രഖ്യാപിച്ചു.
ഗവ.ഹയർസെക്കൻഡറി സ്കൂൾ വെള്ളത്തൂവൽ, ഗവ.ഹയർസെക്കൻഡറി സ്കൂൾ ദേവിയാർകോളനി, ജിഎൽപിഎസ് ഇരുമ്പുപാലം, ജിഎച്ച്എസ് ചിത്തിരപുരം, ജിഎൽപിഎസ് ദേവികുളം സ്കൂളുകൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. മൂന്നാറിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് നിർമാണത്തിന് രണ്ടു കോടി രൂപ അനുവദിച്ചു.
ദേവികുളത്ത് സർക്കാർ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് നിർമാണത്തിന് മൂന്നു കോടി, മൂന്നാർ പോലീസ് സ്റ്റേഷനു സമീപം ദേവികുളം റോഡിലെ പാലം നിർമാണത്തിന് മൂന്നു കോടി രൂപയും പട്ടിശേരി ഡാമിന്റെയും കനാൽ സംവിധാനത്തിന്റെയും നിർമാണത്തിന് 17 കോടി രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വട്ടവട - ടോപ് സ്റ്റേഷൻ - മൂന്നാർ റോഡിന്റെ വികസനത്തിന് പ്രത്യേക തുകയും പ്രഖ്യാപിച്ചു. ദേവികുളം അഡ്വഞ്ചർ അക്കാഡമി കെട്ടിട നിർമാണത്തിന് ഏഴു കോടി രൂപ, മൂന്നാർ - മറയൂർ റോഡിലെ കന്നിമല പാലത്തിന് മൂന്നു കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇടുക്കി ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള ഇടുക്കി പാക്കേജിന് 80 കോടി രൂപ 2026-27 വർഷത്തിൽ അനുവദിച്ചു.
കൂടാതെ 120 കോടി രൂപ വകയിരുത്തിയിട്ടുള്ള 15 പദ്ധതികൾ കൂടി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയുടെ വകുപ്പുതല പരിശോധനകൾ നടത്തി തുടർ വർഷങ്ങളിൽ നടപ്പിലാക്കാനുള്ള നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കുമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പഞ്ഞു.
Kerala
ന്യൂഡൽഹി: കേന്ദ്ര ബജറ്റിനു മുന്നോടിയായി സംസ്ഥാന ധനമന്ത്രിമാരുമായി നിർമല സീതാരാമൻ ഇന്ന് ചർച്ച നടത്തും. സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും തേടിയാണ് കേന്ദ്ര ധനമന്ത്രി യോഗം വിളിച്ചത്.
വൈകുന്നേരം മൂന്നിന് ധനകാര്യ മന്ത്രാലയത്തിൽ വച്ചാണ് യോഗം. കാലാകാലങ്ങളായി കേരളം ആവശ്യപ്പെടുന്ന എയിംസ് അടക്കമുള്ള കാര്യങ്ങൾ കെ.എൻ.ബാലഗോപാൽ യോഗത്തിൽ ഉന്നയിക്കും. ഒപ്പം ബജറ്റിൽ സംസ്ഥാനത്തിന് വേണ്ട പരിഗണന ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടും.
ഈ മാസം 28നാണ് പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ഫെബ്രുവരി ഒന്നിന് ഞായറാഴ്ചയാണ് ബജറ്റ് അവതരിപ്പിക്കുക. ബജറ്റിന് രാഷ്ട്രപതി ദ്രൗപതി മുർമു കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.