Kerala
ആലപ്പുഴ: കായംകുളത്ത് ദേശീയപാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം. പത്തിയൂർ പടിഞ്ഞാറ് കോട്ടൂർ തെക്കതിൽ ആദിത്യൻ (16) ആണ് മരിച്ചത്. കായംകുളം കരിയിലക്കുളങ്ങരയിലായിരുന്നു അപകടം.
വ്യാഴാഴ്ച രാവിലെ സ്കൂളിൽ പോകാനായി ദേശീയപാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആദിത്യൻ ഡിവൈഡർ ചാടിക്കടക്കുമ്പോൾ ദേശീയപാതയിലൂടെ വന്ന കാറിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഉച്ചയോടെ ആയിരുന്നു അന്ത്യം. രാമപുരം ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Kerala
ആലപ്പുഴ: ഓണക്കാലത്ത് ആളുകളെ സന്തോഷിപ്പിക്കാനായി മാവേലി വേഷം കെട്ടുന്ന ഒരു കലാകാരന്റെ ദേഹത്തു തിളച്ച എണ്ണ ഒഴിച്ചതായി പരാതി. കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബു എന്ന കലാകാരനാണ് തനിക്കു നേരെ അതിക്രമം നടന്നതായി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വർഷങ്ങളായി മാവേലി വേഷം കെട്ടി ഉപജീവനം കണ്ടെത്തുന്ന ആളാണ് ഇദ്ദേഹമെന്നു പറയുന്നു.
ഇന്നലെ വൈകുന്നേരം കായംകുളം പുള്ളിക്കണക്കിലുള്ള ഒരു തട്ടുകടയിൽ ചന്ദ്രബാബു മാവേലി വേഷത്തിൽതന്നെ എത്തുകയും അവിടെ നിന്ന് ചായയും ബജ്ജിയും കഴിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ച ശേഷം ഇതിന്റെ പണം നൽകിയ അദ്ദേഹം, ഓണമായിട്ട് മാവേലിക്ക് പ്രത്യേകിച്ച് ഒന്നുമില്ലേ എന്ന് കടയുടമയോടു ചോദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.
ഈ ചോദ്യത്തെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിൽ പലഹാരങ്ങൾ വറുക്കാൻ ഉപയോഗിക്കുന്ന തിളച്ച എണ്ണ കടയുടമ തന്റെ ദേഹത്തേക്ക് മനഃപൂർവ്വം ഒഴിച്ചു എന്നാണ് ചന്ദ്രബാബു ആരോപിക്കുന്നത്.കലയെ ആശ്രയിച്ച് ജീവിക്കുന്ന തങ്ങൾ ആരെയും പറ്റിക്കാറില്ലെന്നും വേഷം കെട്ടി വന്നു ചോദിച്ചതിന് ഇങ്ങനെയൊരു ക്രൂരത കാണിക്കുന്നത് വളരെ സങ്കടകരമാണെന്നും അദ്ദേഹം പറയുന്നു.
എന്നാൽ, ഈ ആരോപണങ്ങളെ കടയുടമ പൂർണമായും നിഷേധിക്കുകയാണ്. പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടയിൽ പലഹാരം എടുക്കുന്ന കോരിയിൽനിന്ന് അബദ്ധത്തിൽ എണ്ണ ദേഹത്തേക്ക് തെറിച്ചു വീണതാണെന്നാണ് കടയുടമ നൽകുന്ന വിശദീകരണം. സംഭവത്തിൽ ചന്ദ്രബാബു പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
Kerala
ആലപ്പുഴ: കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി. വർഗീസ് പയസ്, രാജേഷ് കുമാർ എന്നീ ഉദ്യോഗസ്ഥർക്കാണ് മർദ്ദനമേറ്റത്.
വീട്ടിൽ മദ്യക്കച്ചവടം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. പരിശോധനയ്ക്കിടെയാണ് ഇരുവർക്കും മർദ്ദനമേറ്റതെന്നാണ് പരാതി.
പരിക്കേറ്റ ഉദ്യോഗസ്ഥരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ പരിശോധനക്ക് എത്തിയപ്പോൾ വീട്ടിൽ മദ്യ കച്ചവടം നടക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ മർദ്ദിച്ച പ്രതി ഓടി രക്ഷപ്പെട്ടു.
Kerala
കായംകുളം: മൊഴി രേഖപ്പെടുത്താൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ പ്രതിയുടെ ആക്രമണത്തിൽ വനിതാ എസ്ഐ ഉൾപ്പടെ മൂന്നു പേർക്ക് പരിക്ക്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കായംകുളം പോലീസ് സ്റ്റേഷനിലെ എസ്ഐ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
അടിപിടിക്കേസിലെ പ്രതിയായ കായംകുളം സ്വദേശി റൈസൽ (32) ആണ് ആക്രമണം അഴിച്ചുവിട്ടത്. പോലീസ് സ്റ്റേഷനിൽ വെച്ച് മൊഴി രേഖപ്പെടുത്തുന്നതിനിടെ പ്രതി പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന വനിതാ എസ്ഐ, എഎസ്ഐമാരായ പ്രിയ, സജീവ് എന്നിവർക്ക് നേരെയാണ് പ്രതി ആക്രമണം അഴിച്ചുവിട്ടത്.
തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പോലീസുകാരെ ആക്രമിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്തു.
District News
കായംകുളം: കായംകുളം കേന്ദ്രീകരിച്ച് താലൂക്ക് വേണമെന്ന ജനകീയ ആവശ്യത്തിന് വീണ്ടും ചിറക് മുളയ്ക്കുന്നു . പുതിയ ജില്ലകളും താലൂക്കുകളും സാധ്യതാപഠനം സംബന്ധിച്ച യുഡിഎഫ് സർക്കാരിന്റെ നിർദേശമാണ് അരനൂറ്റാണ്ടായുള്ള കായംകുളം താലൂക്ക് രൂപീകരണ ആവശ്യം വീണ്ടും ചർച്ചയാകാൻ ഇടയാക്കിയത്.
ജനങ്ങളുടെ ചിരകാല സ്വപ്നമായ താലൂക്ക് രൂപീകരണം സാക്ഷാത്കരിക്കുമെന്നാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി എം. ലിജു ഉറപ്പു നൽകുന്നത്. സെൻസസ് പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കും. താലൂക്ക് ആവശ്യകത പുതിയ കമ്മിറ്റിക്കു മുന്നിൽ സമർപ്പിക്കും. 1970 മുതലുള്ള താലൂക്ക് ആവശ്യമാണ് രാഷ്ട്രീയ-സാങ്കേതിക കാരണങ്ങളാൽ അട്ടിമറിക്കപ്പെ ട്ടത്.
കായംകുളം നഗരസഭയും ദേവികുളങ്ങര, കൃഷ്ണപുരം, പത്തിയൂർ, കണ്ടല്ലൂർ, മുതുകുളം, ആറാട്ടുപുഴ, വള്ളികുന്നം, ഭരണിക്കാവ് തുടങ്ങിയ പഞ്ചായത്തുകളും കൂട്ടിച്ചേർത്ത് താലൂക്ക് സ്ഥാപിക്കണമെന്നായിരുന്നു നിർദേശം.
1979ൽ താലൂക്ക് പ്രഖ്യാപനം വന്നെങ്കിലും മന്ത്രിസഭ രാജിവച്ചത് തടസമായി.1987ൽ തിരൂരങ്ങാടിക്കൊപ്പം മന്ത്രിസഭ തീരുമാനിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനാൽ നടന്നില്ല. 1993ൽ വിഷയം സബ്മിഷനായി സഭയിൽ വന്നപ്പോൾ അർഹമായ പരിഗണന ഉണ്ടാകുമെന്നായിരുന്നു മറുപടി. പുതിയ താലൂക്കുകൾ സംബന്ധിച്ച് പഠിക്കാനായി നിശ്ചയിച്ച സക്കറിയ മാത്യു കമ്മീഷൻ, 1991ലെ ഡോ. ബാബുപോൾ. കമ്മീഷൻ, 1995ലെ എം.ജി.കെ. മൂർത്തി കമ്മീഷൻ തുടങ്ങിയവയെല്ലാം കായംകുളത്തിന് അനുകൂലമായി റിപ്പോർട്ട് എഴുതിയിരുന്നു.
34 താലൂക്കുകൾകൂടി സ്ഥാപിക്കണമെന്ന ബാബുപോൾ കമ്മീഷൻ ശിപാർശയിൽ ആദ്യഘട്ടമായി നടപ്പാക്കേണ്ടവയിൽ കായംകുളവും ഉൾപ്പെട്ടു. 1996 ഏപ്രിലിൽ ജി. സുധാകരന്റെ ചോദ്യത്തിനും അനുകൂല മറുപടിയാണ് അന്നത്തെ റവന്യു മന്ത്രി നൽകിയത്. പിന്നീട് മൂർത്തി കമ്മീഷന്റെ ശിപാർശയിൽ കായംകുളം അടക്കമുള്ള താലൂക്കുകൾ 2001ൽ മന്ത്രി കെ.ഇ. ഇസ്മായിൽ നിയമസഭയിൽ പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.
പിന്നീടു വന്ന യുഡിഎഫ് സർക്കാർ 24 താലൂക്കുകൾ ലിസ്റ്റ് ചെയ്തിട്ടുള്ളതിൽ വിഭജിക്കുന്ന താലൂക്കുകളുടെ പട്ടികയിൽ കാർത്തികപ്പള്ളി ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ അന്ന് പ്രഖ്യാപിച്ച പുതിയ 12 താലൂക്കുകളിലും ഇടംകിട്ടിയില്ല. പിന്നീട് ഇടതുമുന്നണിയുടെ വാഗ്ദാനത്തിൽ ഇടംപിടിച്ചെങ്കിലും സാങ്കേതികത്വം ചൂണ്ടിക്കാട്ടിയുള്ള തടസങ്ങളാൽ അട്ടിമറിക്കപ്പെടുകയായിരുന്നു.
പത്തുവർഷം മുമ്പ് ഇടതുമുന്നണി താലൂക്ക് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഭരണത്തിൽ വന്നപ്പോൾ പിന്നോട്ട് പോവുകയായിരുന്നു. ഇത്തവണ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമായും ഉയർത്തിക്കാട്ടിയത് കായംകുളം താലൂക്ക് യാഥാർഥ്യമാക്കും എന്നതായിരുന്നു. യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ പുതിയ താലൂക്കുകൾ രൂപീകരിക്കുമെന്ന പ്രഖ്യാപനം കായംകുളത്തിനും പ്രതീക്ഷ നൽകുന്നതായി. മന്ത്രി എന്ന നിലയിൽ എം. ലിജുവിന്റെ ഇടപെടലും താലൂക്ക് യാഥാർഥ്യമാകുമെന്ന പ്രതീക്ഷ വർധിപ്പിക്കുകയാണ്.
Kerala
ആലപ്പുഴ: കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. കായംകുളം എരുവ കരിപ്പുഴത്തോട്ടിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.
എരുവ ചിറകുളങ്ങര വീട്ടിൽ ശരത് (വിഷ്ണു-40) ആണ് മരണപ്പെട്ടത്. സുഹൃത്തിനൊപ്പം വള്ളം തുഴയുന്നതിനിടയിൽ യുവാവ് അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു എന്നാണ് വിവരം.
നാട്ടുകാരും കായംകുളം പോലീസും ഫയർഫോഴ്സും ചേർന്ന് പ്രദേശത്ത് നടത്തിയ ഏറെ നേരം നീണ്ട പ്രയത്നത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. പിതാവ്: ശശി. മാതാവ്: ഗിരിജ. സഹോദരി: അശ്വതി. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
കായംകുളം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ ഡാൻസാഫ് ടീമും കായംകുളം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കായംകുളം കൃഷ്ണപുരം ചന്ദ്രാലയം വീട്ടിൽ അക്ഷയ് ചന്ദ്രൻ (29) ആണ് പിടിയിലായത്. ഇയാൾ കൊലപാതക കേസിലും നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണന്ന് പോലീസ് പറഞ്ഞു. 1.7 ഗ്രാം എംഡിഎംഎ യുവാവ് താമസിക്കുന്ന വീട്ടിൽ നിന്നും പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചിരുന്ന നിലയിൽ കണ്ടെത്തിയതായും പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് ഐപിഎസിന്റെ നിർദേശപ്രകാരം ജില്ലയിൽ ഉടനീളം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ശക്തമായ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്.
Kerala
അമ്പലപ്പുഴ: ജോലിക്കിടെ കടലിൽ വീണ മത്സ്യത്തൊഴിലാളി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന വടക്കേ വീട്ടിൽ ബാലചന്ദ്രന്റെ മകൻ ശ്യാംകുമാർ (55) ആണ് മരിച്ചത്.
കായംകുളം തീരത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെ ഇന്ന് രാവിലെയായിരുന്നു അപകടം. 40 ഓളം തൊഴിലാളികൾ പണിയെടുക്കുന്ന കാർമ്മൽ എന്ന ലൈലന്റ് വള്ളത്തിൽ വല വലിക്കുന്നതിനിതിടെ ശ്യാംകുമാർ കടലിൽ വീഴുകയായിരുന്നു.
സഹപ്രവർത്തകർ ചേർന്ന് ഇദ്ദേഹത്തെ ഉടൻ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബഡുക്കൾക്ക് വിട്ടു നൽകും. സംസ്കാരം ഇന്ന്. അമ്മ-മണിയമ്മ. ഭാര്യ- റീജ. മക്കൾ-ആദിത്യൻ, ആദർശ്.
Kerala
ആലപ്പുഴ: കായംകുളം എംഎസ്എം കോളജിന് സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി കോളജിന് സമീപത്തെ ചിത്തിനേത്ത് പുരയിടത്തിൽ നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
ഈ ഭാഗങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്പടിക്കാറുണ്ടായിരുന്നു. ആളൊഴിഞ്ഞ പുരയിടമായതിനാൽ ഇവിടെ രാത്രികാലങ്ങളിൽ യുവാക്കൾ എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു കായംകുളം പോലീസ് അന്വേഷണം ഊർജിതമാക്കി.
District News
കായംകുളം: നഗരത്തിൽ വീടുകൾ കേന്ദ്രീകരിച്ച് മോഷണവും മോഷണശ്രമവും നടന്നു. കായംകുളം പുതിയിടം സെന്റ് മേരീസ് സ്കൂളിന് തെക്കുവശമുള്ള വീടുകളിലാണ് കവർച്ചയും കവർച്ചാശ്രമങ്ങളും ഉണ്ടായത്. പ്രദേശത്തെ ഒന്നിലധികം വീടുകളിൽ ഒരേ രാത്രിയിൽ മോഷ്ടാക്കൾ കയറിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
തറയിൽ ജോസ് എന്നയാളുടെ വീട്ടിൽനിന്നാണ് പണം കവർന്നത്. മുൻവാതിലിനോട് ചേർന്നുള്ള ജനാലയുടെ ചില്ല് തകർത്ത മോഷ്ടാക്കൾ അതിലൂടെ അകത്തുണ്ടായിരുന്ന താക്കോലെടുത്ത് വാതിൽ തുറന്നാണ് അകത്തുകയറിയത്. തുടർന്ന് ജോസിന്റെ ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ആറായിരത്തോളം രൂപ കവരുകയായിരുന്നു.
കിടപ്പുമുറിയിലെ അലമാരകൾ മുഴുവൻ തുറന്ന് പരിശോധിച്ച നിലയിലാണ്. ഈ വീടിന് എതിർവശത്തുള്ള വാസുനികേതൻ എന്ന വീട്ടിലും സമാനമായരീതിയിൽ മോഷണശ്രമം നടന്നു. മോഷ്ടാക്കൾ എത്തുന്ന സമയത്ത് വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. മോഷണവിവരം പുറത്തറിയാതിരിക്കാൻ വീട്ടിലെ സിസിടിവി കാമറകൾ തല്ലിത്തകർക്കുകയും ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്ന ഡിവിആർ എടുത്തുകൊണ്ടുപോകുകയും ചെയ്തു.
വീട്ടുകാർ തിരിച്ചെത്തിയാൽ മാത്രമേ ഇവിടെനിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാകൂ. ഇവയ്ക്കു പുറമേ സമീപത്തുള്ള മറ്റ് രണ്ടു വീടുകളിലും മോഷ്ടാക്കൾ കയറാൻ ശ്രമിച്ചിട്ടുണ്ട്. പ്രദേശത്ത് മോഷ്ടാക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തെത്തുടർന്ന് കായംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി.
District News
കായംകുളം: വർഷങ്ങൾ പിന്നിട്ടിട്ടും കായംകുളം കായലോര ടൂറിസം പദ്ധതി പൂർത്തിയായില്ല. കായലോര വിനോദ സഞ്ചാരകേന്ദ്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥ നാഥനില്ലാകളരി പോലെയും കാടുകയറിയ നിലയിലുമാണ്. കോടികൾ ചെലവഴിച്ച കായലോര വിനോദ സഞ്ചാര ടൂറിസം പദ്ധതി വിജയകരമാക്കിയെടുക്കാൻ കഴിയാതെ പരാതിയും പരിദേവനവുമായി കഴിയുകയാണ്.
കായലോരത്ത് വിനോദ സഞ്ചാരികൾക്ക് കായൽ സൗന്ദര്യം ആസ്വദിക്കുന്നതിനായി നിർമിച്ച നടപ്പാതകൾക്കു സമീപം ഇപ്പോൾ കാടുകയറിയിരിക്കുകയാണ്. കേന്ദ്ര ടൂറിസം വകുപ്പ് മെഗാ ടൂറിസം വികസനം ലക്ഷ്യമിട്ട് 2013 ജൂലൈ 12നാണ് പദ്ധതി ആവിഷ്കരിച്ചത്. ദേശീയപദ്ധതിയിൽ ആലപ്പുഴ ജില്ലയ്ക്ക് 52.25 കോടി രൂപ പദ്ധതിയുടെ ഭാഗമായി അനുവദിച്ചു. കായംകുളത്ത് മാത്രമായി പദ്ധതിക്ക് 7.83 കോടി രൂപയാണ് അനുവദിച്ചത്.
വിനോദസഞ്ചാരികൾക്ക് ബോധവത്കരണകേന്ദ്രം, ഭക്ഷണശാല, ലൈഫ് ഗാർഡിനുവേണ്ടിയുള്ള മുറി, പോലീസ് ബൂത്ത്, കായൽ സൗന്ദര്യം ആസ്വദിക്കുന്നതിന് ബോട്ട് വാക് വ്യൂ, കുട്ടികൾക്കായി പാർക്ക്, മത്സ്യ കന്യകയുടെ ശിൽപ്പം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നിർമിച്ചത്. മത്സ്യകന്യക ശിൽപ്പം നിറം മങ്ങി പായൽ പിടിച്ചു. കുട്ടികളുടെ പാർക്കിലെ ഉപകരണങ്ങൾ പ്രയോജനമില്ലാതെ കിടക്കുകയാണ്. ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് കായംകുളം തീരദേശ ടൂറിസം പദ്ധതി ആവിഷ്ക രിച്ചത്.
യുപിഎ സർക്കാരാണ് 7.9 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയത്. കേരള നിയമസഭയിൽ സി.കെ. സദാശിവൻ കായംകുളത്തെ പ്രതിനിധീകരിക്കുമ്പോഴാണ് 2010ൽ കായംകുളം ജലോത്സവത്തിന് ആരംഭം കുറിക്കുന്നത്. തുടർന്ന് 2016,17,18 വർഷങ്ങളിൽ ജലോത്സവം നിർത്തിവെച്ചങ്കിലും പിന്നീട് ചാമ്പ്യൻസ് ബോട്ട് ലീഗായി എല്ലവർഷവും ജലോത്സവം ഇവിടെ നടക്കുന്നുണ്ട് . കായലോര ടൂറിസം പദ്ധതി പ്രദേശം കാലത്തിനൊത്ത് വളരാത്തത് അനുബന്ധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിച്ചു.
വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന വള്ളംകളിയാണ് ടൂറിസം കേന്ദ്രത്തിലെ പ്രധാന വിനോദപരിപാടി. വിനോദസഞ്ചാര വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് പദ്ധതി പ്രദേശം കൈമാറിയിട്ടും ടൂറിസം പദ്ധതി ലക്ഷ്യത്തിലെത്തിയില്ല.
District News
കായംകുളം: ആക്രമണകാരികളായ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ കായംകുളത്തും സമീപ പ്രദേശങ്ങളിലും ജനങ്ങൾ ഭീതിയിൽ. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം കാരണം കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. സ്കൂൾ തുറന്നതോടെ കുട്ടികൾ നായ്ക്കളെ പേടിച്ചാണ് സ്കൂളിലേക്കു പോകുന്നത്.
കഴിഞ്ഞയാഴ്ച പുല്ലുകുളങ്ങര, കായംകുളം ഐക്യ ജംഗ്ഷൻ ഭാഗങ്ങളിൽ നാലുമാസം പ്രായമുള്ള കുട്ടിയടക്കം 12 പേരെയാണ് തെരുവുനായ കടിച്ചത്. ഇതിനു പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പ്രദേശങ്ങളിലെ വളർത്തുമൃഗങ്ങളെയും മറ്റു തെരുവുനായ്ക്കളെയും പേവിഷബാധയേറ്റ നായ കടിച്ചിരുന്നു.
ഇവയെയെല്ലാം കണ്ടെത്തി വാക്സിനേഷൻ എടുക്കുക എന്നത് ഇപ്പോൾ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. റോഡിൽക്കൂടി നടന്നുപോയവരെയും വീട്ടുമുറ്റത്ത് നിന്നവരെയുമെല്ലാം പേവിഷബാധയേറ്റ നായ കടിച്ചിരുന്നു.
സ്കൂട്ടറിൽ പോയ ആളെവരെ ചാടിക്കടിക്കുകയായിരുന്നു. സ്കൂൾ കുട്ടികൾക്കും കടിയേറ്റിരുന്നു. സർക്കാർ ഓഫീസുകളിലും നായകൾ വിഹരിക്കുകയാണ്. രാത്രിയായാൽ മിക്ക ഇടറോഡുകളും ഇപ്പോൾ നായ്ക്കളുടെ താവളമാണ്. ഇരുചക്രവാഹനങ്ങളിലോ നടന്നോ പോയാൽ നായ്ക്കൾ കൂട്ടത്തോടെ ചാടിവീഴും. വളർത്തുമൃഗങ്ങളെയും പക്ഷികളെയും കടിച്ചുകൊല്ലുന്നതും നിത്യസംഭവമാണ്.
കൂട്ടത്തോടെ എത്തിയാണ് വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇടപെട്ട് പ്രശ്നത്തിനു പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Kerala
കായംകുളം: ജനങ്ങളെ ഭീതിയിലാഴ്ത്തി കായംകുളത്ത് വീണ്ടും തെരുവ് നായ ആക്രമണം. സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പടെ എട്ടുപേർക്ക് കടിയേറ്റു. കായംകുളം ഐക്യ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ ഒൻപതോടെയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുല്ലുകുളങ്ങരയിൽ മുത്തശിയുടെ കൈയിലിരുന്ന നാലുമാസം പ്രായമായ കുഞ്ഞിനെ ഉൾപ്പടെ നാലുപേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
പിന്നാലെയാണ് ഇന്നലെ കായംകുളം ഐക്യ ജംഗ്ഷനിൽ വീണ്ടും തെരുവ് നായ ആക്രമണം ഉണ്ടായത്. സ്കൂൾ വിദ്യാർഥിനികളായ ഐക്യ ജംഗ്ഷൻ ഇല്ലിക്കുളത്ത് നൗഷാദിന്റെ മകൾ നെഹ്റ ഫാത്തിമ, ഐക്യ ജംഗ്ഷൻ കൊപ്രാപുരയിൽ സുനീറിന്റെ മകൾ ഫൈസ ഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്.
കൂടാതെ മുരുകൻ (52), വലിയഴീക്കൽ സ്വദേശി സുരേഷ് (59), ഐക്യ തെക്കേത്തലയ്ക്കൽ സരസൻ (65), ശംഭു (28),മുണ്ടകത്തിൽ നസീർ (60) ഐക്യജംഗ്ഷൻ കീരിക്കാട് തെക്ക് കോട്ടയ്ക്കാട്ട് പടീറ്റതിൽ ബിനു (47) എന്നിവരും തെരുവ് നായ ആക്രമണത്തിനിരയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളികളായ മുരുകൻ, ശംഭു, എന്നിവരെയും ഐക്യ ജംഗ്ഷൻ സ്വദേശി നസീറിനെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.മറ്റുള്ളവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
ആലപ്പുഴ: കായംകുളത്ത് നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ ആക്രമണം. കായംകുളം പത്തിയൂര് പഞ്ചായത്ത് 17ാം വാർഡിലാണ് സംഭവം നടന്നത്. ശ്രീസധനത്തില് രാജമ്മയേയും നാല് മാസം പ്രായമുള്ള പേരക്കുട്ടിയെയുമാണ് തെരുവ് നായ ആക്രമിച്ചത്.
കുഞ്ഞ് രാജമ്മയുടെ കൈയിലിരിക്കുമ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. കുഞ്ഞിന്റെ കാലിന് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. പുല്ലുകുളങ്ങരയില് നിരവധിപേര്ക്ക് തെരുവുനായയുടെ ആക്രമണം ഏറ്റതായി നാട്ടുകാര് പറഞ്ഞു. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു.
District News
കായംകുളം: കെഎസ്ആർടിസി ബസ് ടെർമിനലിന്റെ നിർമാണം നടക്കുന്ന സ്ഥലം വെള്ളത്തിൽ മുങ്ങിയതോടെ നിർമാണം പ്രതിസന്ധിയിൽ. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് ബസ് സ്റ്റേഷൻ വെള്ളത്തിലായത്. മഴയും വെയിലുമേൽക്കാതെ ബസ് കാത്തുനിൽക്കുന്നതിനു മതിയായ സൗകര്യമില്ലാത്തത് യാത്രക്കാരെയും ദുരിതത്തിലാക്കുകയാണ്.
കെട്ടിടനിർമാണം നീളുന്നതിനാൽ മഴക്കാലത്ത് യാത്രക്കാർ ദുരിതത്തിലാകുന്ന അവസ്ഥയാണ്. രണ്ടുവർഷം മുമ്പാണ് അപകടാവസ്ഥയിലായിരുന്ന ബസ് സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ചത്. പുതിയ കെട്ടിടം നിർമിക്കുന്നതിന് സർക്കാർ ബജറ്റ് വിഹിതമായി 10 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, നിർമാണം ടെൻഡർ ചെയ്യുന്നതിന് കാലതാമസമുണ്ടായി. തെരഞ്ഞെടുപ്പിനു മുമ്പ് പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന്റെ മേൽനോട്ടത്തിൽ നിർമാണമാരംഭിച്ചെങ്കിലും അടിത്തറപോലുമായിട്ടില്ല.
പഴയ കെട്ടിടം പൊളിച്ചുമാറ്റിയ ഭാഗത്തുതന്നെയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. അടിത്തറ ബലപ്പെടുത്തുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. പുതിയ കെട്ടിടത്തിന് ബലക്ഷയമുണ്ടാകാതിരിക്കാൻ സ്റ്റോൺകോളം രീതിയിലാണ് നിർമാണം. കെട്ടിടത്തിനു വിള്ളലൊഴിവാക്കാനാണ് ഈ രീതി പിന്തുടരുന്നത്.
ആധുനിക സംവിധാനത്തോടെ 19,500 ചതുരശ്രയടി വിസ്തീർണത്തിലാണ് ബസ് ടെർമിനൽ നിർമിക്കുന്നത്. ശീതീകരിച്ച കാത്തിരിപ്പുകേന്ദ്രങ്ങൾ, ജീവനക്കാർക്കായി പ്രത്യേക ഓഫീസ് സൗകര്യങ്ങൾ, വിശ്രമമുറികൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവയോടെയാണ് ടെർമിനൽ നിർമിക്കുന്നത്. കായംകുളം ഡിപ്പോയിൽ ദിവസവും ദീർഘ ദൂര യാത്രക്കാർ ഉൾപ്പെടെ നൂറുകണക്കിനു യാത്രക്കാരാണെത്തുന്നത്.
Kerala
കായംകുളം: രണ്ടു ദിവസം മുമ്പ് കാണാതായ വയോധികയുടെ മൃതദേഹം കൈയും കാലും കെട്ടിയ നിലയിൽ കായലിൽ നിന്ന് കണ്ടെത്തി. മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കേതിൽ തങ്കമ്മയുടെ (80) മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
ചൊവ്വാഴ്ച രാവിലെ കായലിൽ മീൻപിടിക്കാൻ പോയ തൊഴിലാളികളാണ് കായലിന് നടുവിൽ മൃതദേഹം കണ്ടത്. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കൈകാലുകൾ കെട്ടി കല്ലിനൊപ്പം താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. മകൻ കുടുംബത്തോടൊപ്പം വേറൊരു വീട്ടിലും, മകൾ വിവാഹശേഷം ഭർത്തൃവീട്ടിലുമാണ് താമസിക്കുന്നത്.
വീട്ടിൽ തനിച്ചായിരുന്ന തങ്കമ്മയെ കഴിഞ്ഞ രണ്ടു ദിവസമായി കാണാതായതിനെ തുടർന്ന് നാട്ടുകാർ മകളെ വിവരമറിയിക്കുകയായിരുന്നു. മകൾ വീട്ടിലെത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കനകക്കുന്ന് പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കായലിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്.
വയോധികയെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം കായലിൽ കെട്ടിത്താഴ്ത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കനകക്കുന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
Kerala
കായംകുളം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ അനുമതി തേടി കായംകുളത്തെ സിപിഎം മുൻ എംഎൽഎ യു. പ്രതിഭ. മാധ്യമങ്ങളിലൂടെ വെള്ളാപ്പള്ളി നടേശൻ
തന്റെ മകനെ വ്യക്തിഹത്യ നടത്തുകയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിക്കുകയും ചെയ്തുവെന്നാണ് പ്രതിഭയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു. പ്രതിഭ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിക്കു കത്ത് നൽകി.
എന്നാൽ, പാർട്ടി ജില്ലാ നേതൃത്വം നിലവിൽ ഈ ആവശ്യത്തിന് അനുമതി നൽകിയിട്ടില്ലെന്നാണ് വിവരം. പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിനു പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ ആരോപണത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
Kerala
കായംകുളം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചു വീഴ്ത്തി മല കവർന്നതായി പരാതി. കറ്റാനത്തുണ്ടായ സംഭവത്തിൽ ചാത്തവന സ്വദേശിനി വസന്തകുമാരിയുടെ (50) മാലയാണ് അപഹരിച്ചത്. കറ്റാനം - മാവേലിക്കര റോഡിൽ ഭരണിക്കാവ് ഇല്ലത്തുമുക്കിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.
ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് വസന്തകുമാരിയെ അടിച്ചുവീഴ്ത്തി മാല കവരുകയായിരുന്നു. അടിയേറ്റ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ വസന്തകുമാരിക്ക് തലക്കും കൈക്കും പരിക്കേറ്റു. നാട്ടുകാർ ചേർന്നാണ് ഇവരെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിനുശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. കുറത്തികാട് പോലീസ് സ്ഥലത്തെത്തി വസന്തകുമാരിയുടെ മൊഴി രേഖപ്പെടുത്തി. സമീപത്തെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.
Kerala
ആലപ്പുഴ: കണ്ടല്ലൂരിൽ എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിക്കൊണ്ടിരുന്നയാൾ അറസ്റ്റിൽ. കണ്ടല്ലൂർ തെക്കുമുറി പുളിമൂട്ടിൽ കിഴക്കതിൽ രതീഷ് കുമാറിനെയാണ് (44) അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മൂന്നര ലിറ്റർ മദ്യം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇയാൾ വീട്ടിലും പരിസരത്തുമായി അനധികൃത മദ്യവിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ഇ മുഹമ്മദ് മുസ്തഫ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ, സിവിൽ എക്സൈസ് ഓഫിസര്മാരായ രാഹുൽ കൃഷ്ണൻ, ഇമ്മാനുവൽ, വനിതാ സിവിൽ എക്സൈസ് ഓഫിസര് വാണി സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Kerala
ചേർത്തല: തന്റെ പരാജയത്തിനായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടപെടൽ നടത്തിയെന്ന കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയുടെ ആരോപണത്തിനെതിരേ വിമർശനവുമായി വെള്ളാപ്പള്ളി. കായംകുളത്ത് സിപിഎം തന്നെ പല ഗ്രൂപ്പ് ആയിരുന്നെന്നു വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
യു. പ്രതിഭയ്ക്ക് അവിടെ നിൽക്കാനുള്ള അർഹതയില്ലെന്നു ജനം കണ്ടുപിടിച്ചു. ആദ്യം സ്വന്തം വീഴ്ച കണ്ടുപിടിക്കട്ടെ. അവർ തോറ്റതിന് താൻ അല്ല കുറ്റക്കാരൻ. ജയിച്ചതെല്ലാം അവരുടെ ഗുണംകൊണ്ടും തോറ്റതെല്ലാം തന്റെ കുറ്റം കൊണ്ടാണെന്നും വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇതിനിടെ, പത്രസമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയെ വാനോളം പുകഴ്ത്താനും വെള്ളാപ്പള്ളി മറന്നില്ല. കെസി വേണുഗോപാൽ ഇന്ത്യയിലെ അതികായനായ നേതാവാണെന്നും കോൺഗ്രസ് വിജയത്തിന്റെ ശിൽപ്പിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യുഡിഎഫ് നൂറു സീറ്റ് നേടിയാൽ എസ്എൻഡിപി നേതൃത്വം താൻ ഒഴിയുമെന്ന് വെള്ളാപ്പള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
ചില ദുഷ്ടബുദ്ധികൾ താനാണ് ഇടതിന്റെ പരാജയ കാരണമെന്നു പറയുന്നു. അതിനു പിന്നിൽ മുസ്ലിം ലീഗ് ആണ്. താൻ മുസ്ലിം വിരോധിയല്ല. മുസ്ലിം ലീഗ് കാണിച്ച വിവേചനത്തിനെതിരെയാണ് പറഞ്ഞത്. പിണറായി വിരുദ്ധരാണ് അങ്ങനെ പറയുന്നതു പി.കെ. കുഞ്ഞാലിക്കുട്ടി മാന്യനാണ്. എന്നാൽ, ലീഗിലെ മറ്റു ചിലർ അങ്ങനെയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Kerala
കോട്ടയം: പാലാ കടനാട്ടിൽ പഞ്ചായത്ത് മെമ്പർക്ക് പാമ്പുകടിയേറ്റു. മുൻ പഞ്ചായത്ത് പ്രസിഡന്റും കാവുംകണ്ടം വാർഡുമെമ്പറുമായ ജിജി തമ്പിക്കാണ് വീടിനു സമീപത്തു വച്ച് പാമ്പുകടിയേറ്റത്. അണലി വർഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്.
ജിജി തമ്പിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളത്ത് 15 വയസുകാരിക്കും വെള്ളിയാഴ്ച രാത്രി പാമ്പുകടിയേറ്റു. കായംകുളം എരുവ തറയിൽ വീട്ടിൽ സന്തോഷ് കുമാറിന്റെ മകൾ അനാമികയ്ക്കാണ് കടിയേറ്റത്.
സംസ്ഥാനത്ത് താപനില വർധിച്ചതോടെ പാമ്പുകൾ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ നിർദേശം നൽകി.
Kerala
ആലപ്പുഴ: കായംകുളത്ത് വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. ചേരാവള്ളി വടക്കേതോപ്പില് സെലീന(42) ആണ് മരിച്ചത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. ബന്ധുവിന്റെ വിവാഹ സത്കാരത്തിന് പങ്കെടുക്കാൻ പോയതായിരുന്നു സെലീന.
ആളൊഴിഞ്ഞ പറമ്പിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്തിരുന്നു. വിവാഹ സത്കാരത്തിന് പിന്നാലെ വാഹനമെടുക്കാൻ പോകുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്. ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തിൽപ്പെട്ട യുവതിക്കു നേരെയുണ്ടായ ലൈംഗികാതിക്രമക്കേസിൽ നിർണായക നീക്കവുമായി പോലീസ്. കൃത്യമായ വൈദ്യപരിശോധന നടത്തിയില്ലെന്ന ഇരയുടെ ആരോപണത്തെ തുടർന്ന് ഇന്ന് വീണ്ടും വൈദ്യപരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചു.
ഇരയുടെ വിശദമായ മൊഴി കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പ്രതി സിനിൽ സബാദ് ഭീഷണിപ്പെടുത്തിയെന്നും കേസിൽ നിന്ന് പിന്മാറാൻ ഒപ്പമുള്ളവർക്ക് പണം വാഗ്ദാനം ചെയ്തെന്നും യുവതി പോലീസിന് മൊഴി നൽകി.
മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി സിനിൽ സബാദ്നെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ നാലിനാണ് കായംകുളത്ത് വച്ച് അപകടത്തിൽപ്പെട്ട യുവതിക്കുനേരെ ലൈംഗിക അതിക്രമം നടന്നത്.
Kerala
ആലപ്പുഴ: കായംകുളത്ത് അപകടത്തിൽപ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കേസിൽ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.
അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈമാറിയ സാഹചര്യത്തിൽ പരാതിക്കാരിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. മൊഴിയുടെ അടിസ്ഥാനത്തിൽ സിനിൽ സബാദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും.
അതിജീവിതയുടെ രഹസ്യ മൊഴി മാവേലിക്കര മജിസ്ട്രേറ്റ് രേഖപ്പെടുത്തും. ഇതിനായി ആലപ്പുഴ സിജെഎം കോടതി മാവേലിക്കര മജിസ്ട്രേറ്റിന് നിർദേശം നൽകി. ഏപ്രിൽ നാലിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
സംഭവം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും അതിജീവിത ആരോപിച്ചിരുന്നു.
Kerala
കായംകുളം: അപകടത്തിൽപ്പെട്ട് പരിക്കേറ്റ യുവതിയെ സഹായിക്കാമെന്ന് പറഞ്ഞ് കൂടെപ്പോയി ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ കായംകുളത്തെ പ്രമുഖ വ്യാപാരി നേതാവിനെതിരെ പോലീസ് കേസെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിനിൽ സവാദിനെതിരെയാണ് കായംകുളം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം സ്വദേശിനിയായ യുവതി കായംകുളത്ത് വെച്ച് അപകടത്തിൽപ്പെട്ടിരുന്നു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ സന്നദ്ധനായി എത്തിയ സിനിൽ സവാദ്, യാത്രാമധ്യേ വാഹനത്തിനുള്ളിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.
ആശുപത്രിയിൽ എത്തിയ ശേഷം യുവതി തനിക്കുണ്ടായ ദുരനുഭവം ഡോക്ടറോട് വെളിപ്പെടുത്തി.
ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ സിനിൽ സവാദ് ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
Kerala
ചാരുംമൂട്: ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കരിമുളയ്ക്കൽ സ്വദേശി കാട്ടിൽകുളത്തിൽ വീട്ടിൽ ജോർജ് മാത്യു ക്രിസ്റ്റി (40 ) ആണ് മരിച്ചത്. കെപി റോഡിൽ വിവിഎച്ച്എസ്എസിനു സമീപമായിരുന്നു അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതരമായി ജോർജ് മാത്യു ക്രിസ്റ്റിയെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ കായംകുളം സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണമെന്നാണ് വിവരം.
മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം പിന്നീട് നടത്തും.
District News
കായംകുളം: വോട്ടെടുപ്പ് പൂർത്തിയായതോടെ ഇഞ്ചോടിഞ്ച് പോരാട്ടം കൊണ്ട് ശ്രദ്ധേയമായ കായംകുളം നിയമസഭാമണ്ഡലത്തിൽ വിജയപ്രതീക്ഷകളുമായി മുന്നണികൾ. ഇടത് ആധിപത്യം അവസാനിപ്പിച്ച് യുഡിഎഫ് അട്ടിമറി വിജയം നേടുമെന്നും എം. ലിജു വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നുമുള്ള വലിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം.
കായംകുളം ദേശീയപാതയിൽ ഉയരപ്പാത നിർമിക്കാൻ എംഎൽഎ ഇടപെടാത്തതിനെതിരേയുള്ള ജനങ്ങളുടെ പ്രതിഷേധവും സിപിഎം വോട്ടുകളിൽ വലിയ രീതിയിൽ ചോർച്ച ഉണ്ടായതായും ഇതെല്ലാം യുഡിഎഫിന് അനുകൂലമാകുമെന്നും അട്ടിമറി വിജയം നേടുമെന്നുമാണ് യുഡിഎഫ് കണക്കുകൂട്ടൽ.
കായംകുളം നഗരസഭ, ചെട്ടികുളങ്ങര, കണ്ടല്ലൂർ, കൃഷ്ണപുരം, ദേവികുളങ്ങര പഞ്ചായത്തുകളിൽ വലിയ മുന്നേറ്റം നേടുമെന്നും ഐക്യത്തോടെയുള്ള പ്രവർത്തനം ഗുണം ചെയ്തെന്നും യുഡിഎഫ് വിലയിരുത്തുന്നു. എന്നാൽ, ഇത്തവണയും ഹാട്രിക് വിജയത്തോടെ എൽഡിഎഫ് മികച്ചവിജയം നേടി മണ്ഡലം നിലനിർത്തുമെന്നും യു. പ്രതിഭ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നുമാണ് എൽഡിഎഫ് കണക്കുകൂട്ടൽ.
യുഡിഎഫ് നടത്തിയ വ്യാജ പ്രചാരണങ്ങളെ ജനം തള്ളുമെന്നും പത്തുവർഷം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ ജനം അംഗീകരിച്ചതായും വിജയം ഉറപ്പാണെന്നും എൽഡിഎഫ് കണക്കുകൂട്ടുന്നു. എൻഡിഎ സ്ഥാനാർഥി തമ്പി മേട്ടുതറയും തികഞ്ഞ വിജയപ്രതീക്ഷയിലാണ് കന്നിവോട്ടർമാരും സാമുദായിക വോട്ടുകളും ഇക്കുറി ഏറെ നിർണായകമാണ്. കായംകുളം മണ്ഡലത്തിൽ ഇത്തവണ 75.71 ശതമാനത്തിന്റെ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.
ജില്ലയിലെ വോട്ടിംഗ് ശതമാനത്തിൽ വർധന
ആലപ്പുഴ: വോട്ടെടുപ്പിന്റെ അവസാന കണക്ക് പുറത്തുവന്നപ്പോൾ മണ്ഡലങ്ങളിലെ പോളിംഗ് ശതമാനത്തിൽ വർധന. എന്നാൽ ജില്ലയിലെ ആകെ പോളിംഗ് ശതമാനത്തിൽ കാര്യമായ മാറ്റമില്ല.
മണ്ഡലം തിരിച്ചുള്ള
പോളിംഗ് ശതമാനം.
അരൂർ: 83.35
ചേർത്തല: 82.07
ആലപ്പുഴ: 81.29
അമ്പലപ്പുഴ: 80.75
കുട്ടനാട്: 71.84
ഹരിപ്പാട്: 76.83
കായംകുളം: 75.71
മാവേലിക്കര: 72.62
ചെങ്ങന്നൂർ: 71.05
ആകെ വോട്ടർമാർ- 16,82,697
വോട്ട് ചെയ്തവർ-13,02,358
സ്ത്രീ വോട്ടർമാർ: 8,71,041
വോട്ട് ചെയ്തവർ: 6,82,430
പുരുഷ വോട്ടർമാർ: 8,11,641
വോട്ട് ചെയ്തവർ: 6,19,921
ട്രാൻസ്ജെൻഡേഴ്സ്: 15
വോട്ട് ചെയ്തത്: 7
ജില്ലയിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ
പോളിംഗ് ശതമാനം.
2016: 79.88
2021: 74.75
2026: 77.40
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളെ വിജയിപ്പിച്ചിട്ട് യാതൊരു കാര്യവുമില്ലെന്ന് ശശി തരൂർ എംപി. സംസ്ഥാനത്ത് ബിജെപി - സിപിഎം ഡീലുണ്ട്. അതിനു ജനങ്ങൾ മറുപടി നൽകും. യുഡിഎഫ് സ്ഥാനാർഥികൾ മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി എം.ലിജുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ശശി തരൂർ സിപിഎമ്മിനെതിരെ ഡീൽ ആരോപണം ഉയർത്തിയത്. ബിജെപിയും എൽഡിഎഫും തമ്മിലാണ് ഡീലുള്ളതെങ്കിലും മത്സരം നടക്കുന്നത് എൽഡിഎഫും യുഡിഎഫും തമ്മിലാണ്.
കോൺഗ്രസിന്റെ ഏക ഡീൽ ജനങ്ങളോടാണെന്നും അദ്ദേഹം വ്യക്തമാക്കി. കായംകുളത്തെ ജനങ്ങൾ ലിജുവിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്നും തരൂർ പറഞ്ഞു.
Kerala
ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ എംഎൽഎക്കെതിരേ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പരാതിയിൽ കേസെടുത്ത കായംകുളം പോലീസാണ് ഇർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.
സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങള് വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകള് പ്രകാരമാണ് കേസെടുത്തത്. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്.
Kerala
ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്ശം നടത്തിയതിന് മുസ്ലിം ലീഗ് നേതാവ് എ. ഇര്ഷാദിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങള് വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകള് പ്രകാരമാണ് കായംകുളം പോലീസ് കേസെടുത്തത്.
അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി നിയമവും ചുമത്തിയിട്ടുണ്ട്. ചൊവ്വാഴ്ച കായംകുളത്ത് നടന്ന യുഡിഎഫ് കൺവൻഷനിടെയാണ് എ. ഇർഷാദ് പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. സംഭവത്തിൽ ഇർഷാദ് ചക്കാലശേരിക്കെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ പോലീസിനു നിർദേശം നൽകിയിരുന്നു.
പ്രഥമദൃഷ്ട്യാ മാതൃകാപ്പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാൻ നിർദേശം നൽകിയതെന്ന് കളക്ടർ വ്യക്തമാക്കി. തനിക്കെതിരെ വ്യാപകമായി സൈബർ ആക്രമണം നടക്കുകയാണ്. സൈബർ അധിക്ഷേപം തുടർന്നാൽ നിയമ നടപടി സ്വീകരിക്കുമെന്നും യു. പ്രതിഭ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കായംകുളത്തെ ഇടതുസ്ഥാനാർഥി യു. പ്രതിഭയ്ക്കെതിരേ യുഡിഎഫ് നേതാവ് നടത്തിയ ആക്ഷേപം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നു സിപിഎം.
തെരഞ്ഞെടുപ്പുരംഗം രാഷ്ട്രീയമായ നിലപാടുകളും വികസന പ്രവർത്തനങ്ങളും ചർച്ച ചെയ്യപ്പെടാനുള്ളതാണ്.
എന്നാൽ അതിൽനിന്നും വ്യത്യസ്തമായി സ്ത്രീകളെ അധിക്ഷേപിക്കുന്നതിനുള്ള രംഗമാക്കി തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ മാറ്റുന്ന രീതി കേരളത്തിന് അംഗീകരിക്കാനാവുന്നതല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
Kerala
കായംകുളം: തനിക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപകരവും സ്ത്രീവിരുദ്ധവുമായ പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് കായംകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ. വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞായിരുന്നു യു. പ്രതിഭയുടെ പ്രതികരണം.
ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്തതാണ് ലീഗ് നേതാവ് പറഞ്ഞതെന്ന് പ്രതിഭ പറഞ്ഞു. ആ വാക്കുകൾ ഞെട്ടൽ ഉണ്ടാക്കി. തൻ്റെ ശരീരഭാഷ പോലും മോശമാക്കിയാണ് പറഞ്ഞത്. ഡിസിസി പ്രസിഡന്റ് അടക്കം അത് കേട്ടിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പോലും സ്ത്രീകളോട് ഇത്തരത്തിലാണ് സമീപനം.
സ്ത്രീകളെ മൊത്തത്തിൽ അപമാനിക്കുന്ന പരാമർശമാണ് യുഡിഎഫ് നേതാവിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. ഒരു സ്ത്രീയുടെ ശരീരമോ മുഖമോ അല്ല തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത്. പോലീസിനും ജില്ലാ കളക്ടർക്കും ഇലക്ഷൻ കമ്മീഷനും പരാതി നൽകുമെന്നും പ്രതിഭ പറഞ്ഞു. പരാമർശം വലിയ വേദനയുണ്ടാക്കിയതായും കുറ്റം ചെയ്തിട്ട് ഖേദം പ്രകടിപ്പിച്ചാൽ അംഗീകരിക്കില്ലെന്നും പ്രതിഭ കൂട്ടിച്ചേർത്തു.
Kerala
പറവൂർ: തിരുവനന്തപുരം ഡിവിഷനിൽ ഇന്ന് കായംകുളം കോട്ടയം റൂട്ടിൽ ട്രെയിനുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ.
ഇന്ന് ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന 16525 ബംഗളൂരു ഐലൻഡ് എക്സ്പ്രസിന് ശേഷം കോട്ടയം ഭാഗത്തേക്ക് സർവീസ് നടത്തുന്നത് 16304 വഞ്ചിനാട് എക്സ്പ്രസ് മാത്രമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വഞ്ചിനാട് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന സമയം വൈകുന്നേരം 5.45 ആയിരിക്കും. ഇന്ന് വഞ്ചിനാടിനു ശേഷം തിരുവനന്തപുരം, കൊല്ലം ഭാഗത്തുനിന്നും കോട്ടയത്തേക്കുള്ള അടുത്ത സർവീസ് ഞായർ പുലർച്ചെ 05.15ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന 20634 വന്ദേഭാരത് എക്സ്പ്രസ് ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു.
മാവേലിക്കര ചെങ്ങന്നൂർ ട്രാക്കിൽ അറ്റകുറ്റപ്പണികൾ (സ്റ്റീൽ ഗിർഡർ മാറ്റുന്നതുമായി ബന്ധപ്പെട്ട്) 14 മണിക്കൂർ നിയന്ത്രണമാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. ഇന്നു വൈകുന്നേരം നാല് മുതൽ നാളെ പുലർച്ചെ ആറുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്കുശേഷം തിരുവനന്തപുരത്തുനിന്നുള്ള 16525 ഐലൻഡ്, 16310 കായംകുളം - എറണാകുളം മെമു, 66316 കൊല്ലം - കോട്ടയം മെമു, 16304 വഞ്ചിനാട് എന്നിവ മാത്രമായിരിക്കും ഇന്ന് കോട്ടയം സ്റ്റേഷനിൽ തെക്കൻ ജില്ലകളിൽ നിന്ന് ഉച്ചയ്ക്ക് ശേഷം എത്തിച്ചേരുക.
ഇന്നു രാത്രി 09.05ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന 66310 കൊല്ലം - എറണാകുളം മെമു റദ്ദാക്കി. മധുര ഗുരുവായൂർ എക്സ്പ്രസ് ഇന്ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. ഗുരുവായൂർ - മധുര എക്സ്പ്രസ് നാളെ കൊല്ലത്ത് നിന്നാണ് സർവീസ് ആരംഭിക്കുക. ഇന്നു പുലർച്ചെ കേരളത്തിൽ എത്തിച്ചേരുന്ന ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് നാളെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. ഇന്നു രാത്രി 8.05ന് കോട്ടയത്തുനിന്നാണ് ഈ ട്രെയിൻ ചെന്നൈക്ക് പുറപ്പെടുന്നത്. തിരുവനന്തപുരം സെൻട്രലിനും കോട്ടയത്തിനും ഇടയിൽ ഈ ട്രെയിൻ സർവീസ് നടത്തുന്നതല്ല.
നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് ഇന്ന് കായംകുളം വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. തിരുവനന്തപുരം - ചെന്നൈ മെയിൽ, ശ്രീ ഗംഗാനഗർ എക്സ്പ്രസ്, ബംഗളൂരു ഹംസഫർ, മലബാർ എക്സ്പ്രസ്, വിവേക് എക്സ്പ്രസ്, അമൃത എക്സ്പ്രസ്, നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്, മംഗലാപുരം എക്സപ്രസ് എന്നിവ ഇന്ന് ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക.
Kerala
കായംകുളം: ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കൊല്ലം ഇരവിപുരം വാളത്തുംഗൽ സ്വദേശി മെന്റൽ അപ്പു എന്ന അൽത്താഫ് (27), ഇരവിപുരം വടക്കേവിള സ്വദേശി തൗഫീഖ് (22) എന്നിവരാണ് പിടിയിലായത്.
കായംകുളം പോലീസ് ഇരവിപുരത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. മാർച്ച് അഞ്ചിന് രാവിലെ 6.15ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കരീലക്കുളങ്ങര സ്പിന്നിംഗ് മില്ലിലെ ജീവനക്കാരിയും കൃഷ്ണപുരം കാപ്പിൽ സ്വദേശിനിയുമായ യുവതിയ്ക്ക് നേരെയായിരുന്നു ആക്രമണം.
നമ്പർ പ്ലേറ്റില്ലാത്ത ടു വീലറിൽ യുവതിയെ പിന്തുടർന്ന പ്രതികൾ കായംകുളം സെന്റ് മേരീസ് സ്കൂളിന് മുൻവശം വച്ച് യുവതിയെ തലയ്ക്കും കഴുത്തിനും ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മാലയുടെ കൊളുത്ത് പൊട്ടി യുവതിയുടെ വസ്ത്രത്തിനുള്ളിലേക്ക് വീണിരുന്നു.
ആക്രമണത്തെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് യുവതി വീണതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നാല് ദിവസം കൊണ്ട് 250ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഹെൽമെറ്റ് ധരിച്ചെത്തിയ പ്രതികളെ തിരിച്ചറിഞ്ഞത്.
Kerala
കായംകുളം: മാരകായുധങ്ങളുമായി യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.
കായംകുളം കൃഷ്ണപുരം ദേശത്തിനകം ഓണമ്പള്ളിൽ വീട്ടിൽ ആദിൽ അഫ്സർ (20), കൃഷ്ണപുരം പുള്ളിക്കണക്ക് കളപ്പുരയ്ക്കൽ തെക്കതിൽ ലക്ഷം വീട്ടിൽ സക്കീർ എന്ന് വിളിക്കുന്ന മുഹമ്മദ് സഹീർ(21), പത്തിയൂർ എരുവ പടിഞ്ഞാറ് കുറ്റിത്തറ കിഴക്കതിൽ അജ്മൽ (20) എന്നിവരെയാണ് കായംകുളം പോലീസ് പിടികൂടിയത്.
കല്ലേലിഭാഗം സ്വദേശിയായ യുവാവിനേയും സുഹൃത്തുക്കളേയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും തലയ്ക്ക് മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഈമാസം ആറിന് പുലർച്ചെ കായംകുളം ഒഎൻകെ ജംഗ്ഷനിലെ ചായക്കടയ്ക്കു മുന്നിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥലത്തു വച്ചുണ്ടായ തർക്കത്തെ തുടർന്ന് പ്രതികൾ കൂട്ടമായി യുവാക്കൾ താമസിക്കുന്ന ലോഡ്ജിലെത്തി അവരെ വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ കോതമംഗലത്തു നിന്നാണ് കായംകുളം പോലീസ് പിടികൂടിയത്.
കേസിലെ രണ്ടാം പ്രതിയായ ആദിൽ അഫ്സർ വള്ളികുന്നം, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകളിൽ പ്രതിയാണന്ന് പോലീസ് പറഞ്ഞു. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ രതീഷ് ബാബു, എഎസ്ഐ ഹരി, സിപിഒമാരായ അഖിൽ മുരളി, സബീഷ്, സോനു ജിത്ത്, അനു, അനന്തകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Kerala
ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് യുവാക്കളെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ
കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. "കാക്ക ഷാൻ' എന്ന് വിളിക്കുന്ന ഷാൻ (27) ആണ് അറസ്റ്റിലായത്. കായംകുളം പോലീസാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഒളിവിലായിരുന്നു.
കേസിൽ ഒന്നാം പ്രതിയാണ് ഷാൻ. യുവാക്കളെ വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചതിനൊപ്പം വീട്ടുപകരണങ്ങളും മോട്ടോർ സൈക്കിളും സ്കൂട്ടറും ഇയാൾ അടിച്ചുതകർത്തിരുന്നു. കഴിഞ്ഞ വർഷം നവംബർ നാലിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ മേൽനോട്ടത്തിൽ എസ്ഐമാരായ രതീഷ് ബാബു, പ്രേംജിത്ത് കുമാർ, എഎസ്ഐമാരായ സജീവ് കുമാർ, റെജി, പോലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, അനു, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Kerala
ആലപ്പുഴ: കായംകുളത്ത് പ്രസവത്തിന് പിന്നാലെ ചികിത്സാ പിഴവിനെ തുടർന്ന് നവജാത ശിശു മരിച്ചുവെന്ന് പരാതി. സംഭവത്തിൽ കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തി.
അജീഷ്-അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവത്തിന് പിന്നാലെ ഹാർട്ട് ബീറ്റ് കുറവായതിനാൽ കുഞ്ഞിനെ വണ്ടാനം മെഡിക്കൽകോളജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണംസംഭവിക്കുകയായിരുന്നു.
കുഞ്ഞിന്റെ മരണത്തിൽ ബന്ധുക്കൾ ആശുപത്രിക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
District News
കായംകുളം: നിയമസഭാ തെരഞ്ഞെടുപ്പില് കോണ്ഗ്രസ് നേതാവ് കെ. മുരളീധരനെ കായംകുളത്ത് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്. കോണ്ഗ്രസ് കൂട്ടായ്മയുടെ പേരില് നഗരത്തിൽ പതിച്ച പോസ്റ്ററില് കെ. മുരളീധരനെ കായംകുളത്തിന് തരണമെന്നാണ് ആവശ്യം. കേരളത്തിന്റെ മതേതര മുഖമാണ് കെ. മുരളീധരനെന്നും മത്സരിച്ചാൽ വിജയം സുനിശ്ചിതമാണെന്നും പോസ്റ്ററിലുണ്ട്.
2006 മുതല് സിപിഎം ജയിക്കുന്ന മണ്ഡലമാണ് കായംകുളം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് യൂത്ത് കോണ്ഗ്രസ് നേതാവ് അരിതാ ബാബു മണ്ഡലത്തില്നിന്നു ജനവിധി തേടിയെങ്കിലും യു. പ്രതിഭയോട് പരാജയപ്പെട്ടു.
സീറ്റിനായി പിടിമുറുക്കി വ്യാപാരി സംഘടനയും
കായംകുളം: നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം ആവശ്യപ്പെട്ട് വ്യാപാരിസംഘടനയും പിടിമുറുക്കിയതോടെ യുഡിഎഫിൽ ഇത് സംബന്ധമായ ചർച്ച സജീവമായി. സീറ്റ് ലഭിച്ചാൽ വ്യാപാരി വ്യവസായി സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയെ മത്സരിപ്പിക്കാനാണ് നീക്കം.
ഇദ്ദേഹം കായംകുളം സ്വദേശിയാണ്. എന്നാൽ, സജീവ ചർച്ച ഉണ്ടെന്നും സീറ്റ് സംബന്ധിച്ച് ഒരു തീരുമാനവും ആയിട്ടില്ലെന്നും രാജു അപ്സര ദീപികയോട് പറഞ്ഞു.
എന്നാൽ, കായംകുളം സീറ്റിൽ യൂത്ത് കോൺഗ്രസ് നേതാവ് അരിത ബാബു, കെപിസിസി ജനറൽ സെക്രട്ടറിമാരായ ഇ. സമീർ, കെ. പി. ശ്രീകുമാർ, യൂത്ത് കോൺഗ്രസ് നേതാവ് അനുരാജ് എന്നിവരുടെ പേരുകളും സജീവമായിട്ടുണ്ട്.
Kerala
ആലപ്പുഴ: വ്യാപാരി സഹകരണസംഘത്തിന്റെ മറവിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ സൊസൈറ്റി മുൻ പ്രസിഡന്റെ കായംകുളം നഗരസഭ കൗൺസിലറുമായ നുജുമുദ്ദീൻ ആലുംമൂട്ടിൽ (65) അറസ്റ്റിൽ. സൊസൈറ്റിയുടെ ചാരുംമൂട് ബ്രാഞ്ചിന്റെ ചുമതലക്കാരനായിരുന്ന കായംകുളം കീരിക്കാട് ഹരിശ്രീ വീട്ടിൽ ഹരികുമാറിനെയും (53) പോലീസ് പിടികൂടി.
തട്ടിപ്പ് കേസിൽ അറസ്റ്റിലായിരുന്ന നുജുമുദ്ദീൻ ഒരാഴ്ച മുമ്പ് ജാമ്യത്തിലിറങ്ങിയിരുന്നു. എന്നാൽ കൂടുതൽ പരാതിക്കാർ രേഖകളുമായി എത്തിയതോടെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുകയും, ജില്ലാ കോടതി ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. തുടർന്നാണ് നൂറനാട് എസ്ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തത്.
2020 മുതൽ 2024 വരെയുള്ള കാലയളവിൽ നുജുമുദ്ദീൻ പ്രസിഡന്റായിരുന്ന സമയത്താണ് തട്ടിപ്പ് നടന്നത്. ചാരുംമൂട് ബ്രാഞ്ച് കേന്ദ്രീകരിച്ച് വ്യാപാരികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ചിട്ടിയായും സ്ഥിരനിക്ഷേപമായും കോടിക്കണക്കിന് രൂപ സൊസൈറ്റി സമാഹരിച്ചിരുന്നു. വൻ പലിശ വാഗ്ദാനം നൽകിയാണ് നിക്ഷേപകരെ ആകർഷിച്ചിരുന്നത്.
എന്നാൽ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകാതിരിക്കുകയും, തുക ചോദിച്ചെത്തിയവരെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. സഹകരണ വകുപ്പ് നടത്തിയ പരിശോധനയിൽ ഏകദേശം 6,18,68,346 രൂപയുടെ നഷ്ടം സൊസൈറ്റിക്ക് സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നൂറനാട് സ്റ്റേഷനിൽ മാത്രം ഇതുവരെ 18 കേസുകളാണ് പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കൂടാതെ കായംകുളം പോലീസ് സ്റ്റേഷനിലും ഇവർക്കെതിരെ കേസുകളുണ്ട്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രന്റെ നിർദേപ്രകാരം പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിലായ പ്രതികളെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നിലവിൽ പ്രതികൾ മാവേലിക്കര സ്പെഷൽ സബ് ജയിലിലാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ജില്ലാ പ്രസിഡന്റായിരുന്നനുജുമുദീൻ ആലുംമൂട്ടിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കായംകുളം നഗരസഭ 26-ാം വാർഡിൽ നിന്ന്ഇത്തവണ സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയും കൗൺസിലറായി തെരഞ്ഞെടുക്കപ്പെടുകയുംചെയ്തിരുന്നു.
District News
കായംകുളം: ജനങ്ങളെ ഭീതിയിലാഴ്ത്തി കായംകുളം മേഖല തെരുവുനായ്ക്കൾ കൈയടക്കി. ഏറെ ഭയപ്പാടോടെയാണ് ജനങ്ങൾ നിരത്തിലൂടെ സഞ്ചരിക്കുന്നത്. കായംകുളം പട്ടണത്തിലും പരിസര പ്രദേശങ്ങളായ കരീലക്കുളങ്ങര, പത്തിയൂർ, കുറ്റിത്തെരുവ്, എരുവ, കൊറ്റുകുളങ്ങര, ഐക്യ ജംഗ്ഷൻ, ചക്കാലമുക്ക്, കോയിക്കപ്പടി എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.
മെയിൻ റോഡുകളിലും ഇടവഴികളിലും തെരുവുനായ്ക്കൾ കൂട്ടത്തോടെ താവളമാക്കിയിരിക്കുകയാണ്. കൂടാതെ വളർത്തുമൃഗങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്.
കായംകുളത്ത് കഴിഞ്ഞദിവസം തെരുവുനായയുടെ ആക്രമണത്തിൽ ആറുവയസുകാരൻ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു.
മേടമുക്ക് ജംഗ്ഷനിലും വിക്ടോബ ക്ഷേത്ര ത്തിനു സമീപവും റോഡിലൂടെ നടന്നുപോയവർക്കും വീടിനു മുന്നിൽനിന്നവർക്കും നേരെയാണ് തെരുവുനായ്ക്കൾ ആക്രമണം നടത്തിയത്.
മാർക്കറ്റിലേക്കു പോയവരും പ്രദേശത്തെ കടകളിലെ ജീവനക്കാരുമാണ് ആക്രമണത്തിന് ഇരയായത്. സാരമായി പരിക്കേറ്റ കായംകുളം സ്വദേശികളായ നസീർ, സരള, ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളി സൈജു, ആറു വയസുകാരൻ സഹദ് എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയിലും ഗുരതരമായി പരിക്കേറ്റ മറ്റുള്ളവരെ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിരുന്നു.
തുടർച്ചയായി നടക്കുന്ന തെരുവുനായ ആക്രമണങ്ങൾ പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ
Kerala
കായംകുളം: ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് മാവേലിക്കര കോടതിയിലെ അഭിഭാഷകനായ മകൻ അച്ഛനെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. കായംകുളം കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നവജിത്ത് (30) ആണ് പിതാവ് നടരാജനെ (63) വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9.30 നാണ് നാടിനെ നടുക്കിയ സംഭവം. ഗുരുതരമായി പരിക്കേറ്റ അമ്മ സിന്ധുവിനെ (48) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടരാജന്റെ മുഖം ആകെ വെട്ടുകൊണ്ട് വികൃതമായ നിലയിൽ ആയിരുന്നു. മുഖത്തും തലയ്ക്കുമാണ് ക്രൂരമായി വെട്ടേറ്റത്.
മാതാപിതാക്കളുമായി ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വെട്ടുകത്തിയുമായി ആക്രമണം നടത്തിയ ശേഷം നവജിത്ത് അലറി വിളിച്ചു ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ നവജിത്ത് രക്തം പുരണ്ട കത്തിയുമായി വീടിന്റെ മുകളിലത്തെ നിലയിൽ നിലയുറപ്പിച്ച് നിൽക്കുന്നതാണ് നാട്ടുകാർ കണ്ടത്. രക്തം വാർന്നു കിടക്കുന്ന നടരാജനെയും സിന്ധുവിനെയും ഉടൻതന്നെ നാട്ടുകാർ കായംകുളം താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് മാവേലിക്കരയിലേക്കും എത്തിച്ചെങ്കിലും നടരാജന്റെ ജീവൻ രക്ഷിക്കാനായില്ല.
ചോരപുരണ്ട കത്തിയുമായി ഭീഷണി മുഴക്കി നിന്ന പ്രതിയെ പോലീസിനു കീഴ്പ്പെടുത്താൻ ഏറെ നേരത്തെ പരിശ്രമം വേണ്ടിവന്നു. ഒടുവിൽ, പോലീസ് സാഹസികമായി കയറുപയോഗിച്ചു വരിഞ്ഞുമുറുക്കിയാണ് നവജിത്തിനെ കീഴടക്കി അറസ്റ്റ് ചെയ്തത്.
കൊലപാതകം നടക്കുമ്പോൾ നവജിത്തിന്റെ മറ്റ് സഹോദരങ്ങളായ നിധിൻരാജ്, നിധിമോൾ എന്നിവർ വീട്ടിൽ ഉണ്ടായിരുന്നില്ല. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്നും പോലീസ് അറിയിച്ചു. അതേസമയം, ഇയാൾ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും അതു മാതാപിതാക്കൾ ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണമെന്നും നാട്ടുകാർ പറയുന്നു.
District News
കായംകുളം: തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും കായംകുളത്ത് യുഡിഎഫിൽ സീറ്റ് തർക്കം തുടരുന്നു. പ്രധാനമായും കോൺഗ്രസ് -ലീഗ് സീറ്റ് തർക്കമാണ് കീറാമുട്ടിയായി തീർന്നിരിക്കുന്നത്. ലീഗ് മത്സരിക്കുന്ന ഏഴു വാർഡുകളിൽ ചിലത് വാർഡ് പുനർനിർണയത്തിലൂടെ വിഭജിക്കപ്പെട്ടതാണ് ചർച്ച കീറാമുട്ടിയായത്. ആറാം വാർഡിനുവേണ്ടി യാണ് ലീഗ് അവകാശം ഉന്നയിച്ചത്.
അത് കോൺഗ്രസ് സ്ഥിരം മത്സരിക്കുന്ന വാർഡായതിനാൽ പ്രാദേശിക കോൺഗ്രസ് നേതൃത്വം വിട്ടുകൊടുക്കാൻ സമ്മതിച്ചില്ല. ഇതിനിടയിലാണ് നഗരസഭാ ചെയർമാൻ സ്ഥാനം പട്ടികജാതി സംവരണമായി മാറിയത്. അതോടെ വാർഡ് ഒന്ന് ലീഗിന് എന്ന രീതിയിലായി ചർച്ച. അവിടെയും തർക്കമായി, കഴിഞ്ഞ തവണ കോൺഗ്രസ് മത്സരിച്ച വാർഡാണ് ഒന്ന്. പക്ഷെ പുനർനിർണയ പ്രകാരം അതും വിഭജിക്കപ്പെട്ട് വാർഡ് 45 എന്ന പുതിയ വാർഡ് ഉണ്ടായി. പഴയ രണ്ടിലെ ഭൂരിപക്ഷം വോട്ടുകളും പുതിയ ഒന്നിലായി.
വാർഡ് 45 ലീഗിന് നൽകാൻ കോൺഗ്രസ് തയാറാണ്. അത് വനിതാ വാർഡാണ് എന്നതാണ് പ്രശ്നം. ഒരു ലീഗ് നേതാവിന് സീറ്റിനു വേണ്ടിയാണ് മുന്നണി താത്പര്യം നോക്കാതെ പത്തുവർഷമായി ഇടതു മുന്നണി ഭരിക്കുന്ന നഗരഭരണം തിരിച്ചുപിടിക്കാനുള്ള അവസരം അനാവശ്യ തർക്കങ്ങളിലൂടെ നശിപ്പിക്കുന്നു എന്നാണ് കോൺഗ്രസിലെ ചിലർ ആക്ഷേപം ഉന്നയിക്കുന്നത്.
District News
കായംകുളം: ഉപജില്ല കലോത്സവത്തിനു തുടക്കം. കായംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ യു. പ്രതിഭ എം എൽഎ കലോത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ പി. ശശികല അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ ജെ. ആദർശ്, ജില്ലാ പഞ്ചായത്തംഗം കെ.ജി. സന്തോഷ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ എസ്. കേശുനാഥ്, ഷാമില അനിമോൻ, എഇഒ സി. മധു, സ്വീകരണ കമ്മിറ്റി ചെയർമാൻ ആർ. ബിജു, കൺവീനർ ഡി. കിരൺ, ജനറൽ കൺവീനർ സുനിൽ ചന്ദ്രൻ, പ്രഥമാധ്യാപകൻ ശശി കന്നിക്കാവിൽ, സീനിയർ സൂപ്രണ്ട് രാമനാഥ്, എച്ച്എം ഫോറം സെക്രട്ടറി വി.എസ്. അനിൽകുമാർ, പിടിഎ പ്രസിഡന്റ് ബിജു സൂര്യ എന്നിവർ പ്രസംഗിച്ചു.
ശാസ്ത്രമേളയിൽ ഓവറോൾ വിജയിച്ച സ്കൂളുകൾക്കുള്ള എവർറോളിംഗ് ട്രോഫികൾ എംഎൽഎ വിതരണം ചെയ്തു. എട്ടു വേദികളിലായി നടക്കുന്ന കലോത്സവത്തിൽ കായംകുളം ഉപജില്ലയിലെ 6000 ത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. കലോത്സവം പത്തിനു സമാപിക്കും.
സമാപന സമ്മേളനം എം.എസ്. അരുൺകുമാർ എംഎൽ എ ഉദ്ഘാടനം ചെയ്യും.