മാന്നാർ: ചെറിയ മഴയിൽ പോലും റോഡ് പുഴയാകുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പരുമല - ചെങ്ങന്നൂർ പ്രധാന പാതയിൽ പരുമല ആശുപത്രിക്ക് സമീപമായുള്ള അര കിലോമീറ്ററോളം റോഡാണ് ചെറിയ മഴയിൽ പോലും പുഴയായി മാറുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽ മഴയിൽ ഇവിടെ റോഡിൽ വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ഗതാഗതം തന്നെ തടസപ്പെടുന്ന സ്ഥിതിയിലായി. ചെറിയ വാഹനങ്ങൾക്ക് കടന്ന് പോകുവാൻ കഴിയാത്ത രീതിയിൽ റോഡിലെ വെള്ളക്കെട്ട് ഉയർന്ന നിലയിലായിരുന്നു. കാലവർഷം എത്തുന്നതോടെ ഈ ഭാഗത്തൂകൂടിയുള്ള യാത്ര ഏറെ ദുഷ്കരമാകും.
വെള്ളക്കെട്ട് മൂലം ഇവിടെയുള്ള വ്യാപാര സ്ഥാപനങ്ങളും തുറക്കുവാൻ കഴിയാത്ത സ്ഥിതിയാണ്. തുടർച്ചയായ വെള്ളക്കെട്ട് നാട്ടുകാരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ പരുമല പെരുന്നാൾ സമയത്ത് ഈ ഭാഗത്തെ വെള്ളക്കെട്ട് കളക്ടർ ഇടപെട്ട് ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെ ഒഴുക്കിക്കളഞ്ഞാണ് പ്രശ്നം പരിഹരിച്ചത്. എന്നാൽ ഈ വർഷകാലത്ത് ഇവിടെയുണ്ടാകുന്ന തുടർച്ചയായ വെള്ളക്കെട്ടിന്റെ ദുരിതം നാട്ടുകാരിൽ ആശങ്ക ഉയർത്തുകയാണ്. സർക്കാർ അനുവദിച്ച തുക കൊണ്ട് സമയബന്ധിതമായി നിർമാണ പ്രവർത്തനങ്ങൾ നടത്തി വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലെങ്കിൽ ഇതു വഴിയുള്ള ഗതാഗതം തടയുന്നതുൾപ്പെടെയുള്ള സമരങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.