Kerala
തിരുവനന്തപുരം: ആദ്യ ത്രി ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലെ കലാസംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.
1982-ൽ ജിജോ പുന്നൂസ് സംവിധാനം ചെയ്ത പടയോട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ജിജോ പുന്നൂസ് തന്നെ ഒരുക്കിയ മൈ ഡിയർ കുട്ടിച്ചാത്തൻ വഴിത്തിരവായി.
നോക്കാത്ത ദൂരത്ത് കണ്ണും നട്ട്, ചാണക്യന്, ഒന്നുമുതല്‍ പൂജ്യംവരെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച വൈകുന്നേരം തൈക്കാട് ശാന്തികവാടത്തില്‍.
National
മുംബൈ: ബോളിവുഡിലെ മുതിർന്ന നടനും ലോക്സഭ മുൻ എംപിയുമായ ധർമേന്ദ്ര (89) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. സംവിധായകൻ കരൺ ജോഹറാണ് മരണവാർത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. അതേസമയം, ഇതു സംബന്ധിച്ച് താരത്തിന്റെ കുടുംബത്തിന്റെ ഭാഗത്തു നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഒരാഴ്ച മുമ്പ് ശ്വാസതടസത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സ തേടിയ താരം പിന്നീട് വീട്ടിലെത്തിയിരുന്നു. ഡിസംബർ എട്ടിന് 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു.
ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.
നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ ആറു മക്കളാണ് താരത്തിനുള്ളത്.
Kerala
തൃശൂര്‍: സിപിഎം നേതാവും കുന്നംകുളം മുന്‍ എംഎല്‍എയുമായ ബാബു എം. പാലിശേരി (67) അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് അസുഖബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് ബാബു എം. പാലിശേരിയെ കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത്.
കൊരട്ടിക്കരയിൽ ജനിച്ച അദ്ദേഹം 1980-ൽ ഡിവൈഎഫ്ഐയിലൂടെയാണ് പൊതുരംഗത്തെത്തിയത്. കുന്നംകുളം കടവല്ലൂര്‍ സ്വദേശിയായ അദ്ദേഹം രണ്ടു തവണ കുന്നംകുളം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം, സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറി, ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡന്റ്, സിഐടിയു ജോയിന്റ് സെക്രട്ടറി, കേരള കലാമണ്ഡലം എക്സിക്യൂട്ടീവ് ബോർഡ് അംഗം, ഡിവൈഎഫ്ഐ സംസ്ഥാന നിർവാഹക സമിതി അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.