കോട്ടയം: ഉഴവൂര് സെന്റ് സ്റ്റീഫന്സ് കോളജ് മുന് പ്രിന്സിപ്പലും കേരള എക്സ്പ്രസ് കണ്സൾട്ടന്റ് എഡിറ്ററും എഴുത്തുകാരനുമായ പ്രഫ. ബാബു തോമസ് പൂഴിക്കുന്നേല് (68) അന്തരിച്ചു.
1981 മുതല് ഉഴവൂര് സെന്റ് സ്റ്റീഫന്സ് കോളജില് മലയാളം അധ്യാപകന്, മലയാള വിഭാഗം മേധാവി, തുടര്ന്ന് പ്രിന്സിപ്പല്, കോട്ടയം ബിസിഎം കോളജ് മലയാള വിഭാഗം മേധാവി എന്നീ നിലകളില് 34 വര്ഷത്തെ അധ്യാപന ജീവിതം.
2016 മുതല് കോട്ടയം പൗരസ്ത്യ വിദ്യാപീഠത്തില് (വടവാതൂര് മേജര് സെമിനാരി) വിസിറ്റിംഗ് പ്രഫസറായിരുന്നു. കോട്ടയം അതിരൂപത പിആര്ഒ, ക്നാനായ കത്തോലിക്കാ കോണ്ഗ്രസ് സെക്രട്ടറി, കെസിവൈഎല് കോട്ടയം അതിരൂപത പ്രസിഡന്റ്, കെസിവൈഎല്. ഡയറക്ടര്, എംജി യൂണിവേഴ്സിറ്റി മലയാളം ബോര്ഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലകളില് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ക്നാനായക്കാരുടെ കല്യാണപ്പാട്ടുകള്, വഴക്കവും പൊരുളും, സഫലം സൗഹൃദം സഞ്ചാരം, നവോഥാനം: പാഠവും പാഠാന്തരങ്ങളും, സ്വര്ണച്ചാമരം തുടങ്ങി അഞ്ചു പുസ്തകങ്ങള് രചിച്ചിട്ടുണ്ട്. നിരവധി ദേശീയ, അന്തർദേശീയ സമ്മേളനങ്ങളിൽ പ്രഭാഷകരനായിരുന്നു.
ബിസിഎം കോളജ് റിട്ട. അധ്യാപിക പ്രഫ. വത്സ പൂഴിക്കുന്നേലാണ് ഭാര്യ (താമരക്കാട് മേക്കര കുടുംബാംഗം). മക്കള്: ഡോ. ആതിര (ദുബായ്), അനഘ (അമേരിക്ക). മരുമക്കള്: അജയ് വാലേല്, ജെയ്സ് കിഴക്കടശേരില്. സംസ്കാരം പിന്നീട്.
Tags : Prof. Babu Thomas passed away Poozhikkunnel