Movies
നടി രശ്മിക മന്ദാനയുടെ അമ്മയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖ ഇപ്പോൾ വാർത്തകളിൽ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ പ്രചരിപ്പിക്കുന്ന ശബ്ദരേഖയ്ക്കെതിരെ അമർഷം പൂണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി രശ്മിക മന്ദാന.
നടൻ രക്ഷിത് ഷെട്ടിയുമായുള്ള രശ്മികയുടെ വിവാഹം മുടങ്ങിയതിനെപ്പറ്റിയാണ് ശബ്ദരേഖയിൽ അമ്മ പറയുന്നത്. ഇത് മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു.
തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വിധി എഴുതാൻ ആർക്കും അവകാശമില്ലെന്നും, തന്റെ തീരുമാനങ്ങൾ തന്റേത് മാത്രമാണെന്നും പ്രഖ്യാപിച്ച രശ്മിക വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന കർശന മുന്നറിയിപ്പും നൽകി.
ആളുകൾക്ക് എത്രത്തോളം അധപതിക്കാൻ കഴിയും? എട്ടു വർഷമായി എനിക്കെതിരെ നടക്കുന്ന ആസൂത്രിതമായ ഈ വേട്ടയാടലുകൾക്ക് എതിരെ ഇനി നിശബ്ദയായിരിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.
രശ്മികയുടെ ഔദ്യോഗിക പ്രസ്താവന
‘‘എന്റെ ഈ മനോഹരമായ യാത്രയിൽ ഇതുവരെ എന്നോടൊപ്പം നിന്ന പ്രിയപ്പെട്ടവർക്കും, ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കും -
മാധ്യമങ്ങളിലെ ഒരു വിഭാഗത്തിൽ നിന്നും ഓൺലൈൻ വ്യക്തികളിൽ നിന്നും എനിക്കെതിരെ തെറ്റായ പ്രചരണങ്ങളും, വേട്ടയാടലുകളും, ആസൂത്രിതമായ ആക്രമണങ്ങളും ആരംഭിച്ചിട്ട് ഇപ്പോൾ എട്ടു വർഷമാകുന്നു. എന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റപ്പെടുന്നതും, ഞാൻ പറയാത്ത കാര്യങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നതും, കേവലം കാഴ്ചക്കാർക്കും റീച്ചിനും വേണ്ടി വെറുപ്പ് പടർത്തുന്നതും ഞാൻ നോക്കി നിന്നിട്ടുണ്ട്.
ഇതെല്ലാം എന്നെ വളരെയധികം വേദനിപ്പിച്ചപ്പോഴും ഞാൻ ക്ഷമയോടെ മൗനം പാലിച്ചു. പൊതുമധ്യത്തിൽ നിൽക്കുന്ന ഒരാൾ എന്ന നിലയിൽ അനാവശ്യമായ വിമർശനങ്ങൾ സ്വാഭാവികമാണെന്നും, എപ്പോഴും എന്നോട് തന്നെ സത്യസന്ധത പുലർത്തി സന്തോഷത്തോടെ ഇരുന്നാൽ കാര്യങ്ങൾ ഒടുവിൽ ശരിയാകുമെന്നും ഞാൻ വിശ്വസിച്ചു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന കാര്യങ്ങൾ അവഗണിക്കാൻ കഴിയാത്ത വിധം എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്.
എട്ടു വർഷം മുമ്പുള്ളതെന്ന് കരുതപ്പെടുന്ന ഒരു സ്വകാര്യ സംഭാഷണം, അതിൽ ഉൾപ്പെട്ടവരുടെ അറിവോ സമ്മതമോ ഇല്ലാതെ റിക്കാർഡ് ചെയ്യപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
എന്റെ വ്യക്തിജീവിതത്തിലെ പുതിയ മാറ്റങ്ങളോട് അനുബന്ധിച്ച്, മറ്റൊരു വിവാദം സൃഷ്ടിക്കാനായി ആ സംഭാഷണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രം സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി തന്ത്രപൂർവ്വം പ്രചരിപ്പിക്കുകയാണ്.
ആളുകൾക്ക് എത്രത്തോളം അധപതിക്കാൻ കഴിയും? ഈ പ്രവർത്തിയിലൂടെ എന്റെ കുടുംബത്തെയും എന്നോട് നല്ല ബന്ധം പുലർത്തുന്ന, ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളെയും അവർ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴച്ചിരിക്കുന്നു. ഇത് സ്വകാര്യതയുടെ ഗുരുതരമായ ലംഘനവും അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കലുമാണ്.
നമ്മൾ ജീവിതത്തിൽ മുന്നോട്ട് പോകുമ്പോഴും, വളരുമ്പോഴും, നല്ല കാര്യങ്ങൾ ചെയ്യുമ്പോഴും ചിലർ മറ്റൊരാളുടെ അന്തസ്സും സമാധാനവും കെടുത്തിക്കൊണ്ട് വെറുപ്പും വിവാദങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണ്.
എട്ടു വർഷമായി ഈ ആക്രമണങ്ങൾ എനിക്ക് നേരെ മാത്രമായിരുന്നപ്പോൾ ഞാൻ മൗനം പാലിച്ചു. എന്നാൽ ഇന്ന് മറ്റുള്ളവരെ കൂടി ഇതിലേക്ക് വലിച്ചിഴയ്ക്കുമ്പോൾ എനിക്ക് നിശബ്ദയായിരിക്കാൻ കഴിയില്ല. ഇതിനൊരു അതിർവരമ്പ് നിശ്ചയിക്കാൻ ഞാൻ തീരുമാനിച്ചു.
ഈ ദൃശ്യങ്ങളോ വാർത്തകളോ പ്രചരിപ്പിക്കുന്ന എല്ലാ മാധ്യമങ്ങളോടും ഇൻഫ്ലുവൻസർമാരോടും വ്യക്തികളോടും അവ ഉടനടി നീക്കം ചെയ്യാൻ ഞാൻ ആവശ്യപ്പെടുന്നു. ഈ പ്രസ്താവന വന്ന് 24 മണിക്കൂർ സമയം നിങ്ങൾക്ക് നൽകുന്നു.
ഇത് പാലിക്കാത്ത പക്ഷം, നാളെ മുതൽ ഇത്തരം അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്ന വ്യക്തികൾക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കും മാധ്യമങ്ങൾക്കും എതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണ്.
സന്തോഷത്തോടെ എടുത്ത തീരുമാനമല്ലിത്, പക്ഷേ ഇത് ഇപ്പോൾ അനിവാര്യമായിരിക്കുന്നു. ഇതുവരെ എന്നെ സ്നേഹത്തോടെ പിന്തുണച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
ഈ സമയത്ത് ഒരു കാര്യം കൂടി പറയാൻ ഞാൻ ആഗ്രഹിക്കുന്നു - ഞങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് മനഃപൂർവം മോശമായി സംസാരിക്കുന്നവർ ഒരു കാര്യം മനസിലാക്കണം - എന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാൻ അവർക്കാകുമോ? ഞങ്ങളുടെ ജീവിതം ഞങ്ങളുടേതല്ലേ? ഞങ്ങളുടെ തീരുമാനങ്ങൾ ഞങ്ങൾ തന്നെ എടുക്കും, അത് തുടരുകയും ചെയ്യും. എല്ലാവർക്കും നന്ദി, സ്നേഹം.’’
രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹവാർത്തകൾ ആഘോഷമാകുന്നതിനിടയിലാണ് നടിയുടെ മുൻകാല ജീവിതത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.
രശ്മികയുടെ അമ്മ സുമൻ മന്ദാനയുടേതെന്ന് അവകാശപ്പെടുന്ന ഒരു ശബ്ദരേഖയാണ് ഇപ്പോൾ തെലുങ്ക് സിനിമാ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കന്നഡ നടൻ രക്ഷിത് ഷെട്ടിയുമായുള്ള രശ്മികയുടെ വിവാഹനിശ്ചയം മുടങ്ങാനുണ്ടായ കാരണങ്ങളാണ് ഇതിൽ വിവരിക്കുന്നത്.
രശ്മികയ്ക്ക് വെറും 21 വയസുള്ളപ്പോഴാണ് 35-കാരനായ രക്ഷിത് ഷെട്ടിയുമായി വിവാഹം ഉറപ്പിക്കുന്നത്. വലിയ പ്രായവ്യത്യാസമുണ്ടായിട്ടും തങ്ങൾ ഈ ബന്ധത്തിന് സമ്മതിക്കുകയായിരുന്നുവെന്ന് ശബ്ദരേഖയിൽ പറയുന്നു. എന്നാൽ, ബന്ധം മുന്നോട്ട് പോയതോടെ ചെറിയ കാര്യങ്ങൾക്ക് പോലും രക്ഷിത് പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങിയെന്നും രശ്മികയുടെ മേൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നുമാണ് ആരോപണം.
മറ്റ് വലിയ താരങ്ങൾക്കൊപ്പം രശ്മിക അഭിനയിക്കുന്നത് രക്ഷിതിന് ഇഷ്ടമായിരുന്നില്ലെന്നും രശ്മികയുടെ കരിയറിലെ വലിയ വഴിത്തിരിവായ ഗീതാഗോവിന്ദം എന്ന ചിത്രത്തിന്റെ ഓഫർ വന്നപ്പോൾ അഭിനയം നിർത്താൻ രക്ഷിത് സമ്മർദം ചെലുത്തിയതായി ആരോപണമുണ്ട്.
ഗീതാഗോവിന്ദം ഓഫർ വന്നപ്പോൾ സിനിമ വിടാൻ രക്ഷിത് ഷെട്ടി നിർബന്ധിച്ചു. ട്വിറ്ററിലൂടെ സിനിമ വിടുകയാണെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ രക്ഷിതും അടുപ്പക്കാരും സമ്മർദം ചെലുത്തി.
ചിത്രത്തിലെ ചുംബനരംഗം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ആ പ്രശ്നം രൂക്ഷമായി. വിവാഹ നിശ്ചയം കഴിഞ്ഞതോടെ രക്ഷിതിന്റെ സ്വഭാവം ആകെ മാറി. അഭിനയം അവസാനിപ്പിച്ച് രശ്മികയെ വിവാഹംചെയ്ത് വീട്ടിലിരുത്താനായിരുന്നു രക്ഷിത്തിന്റെ പദ്ധതി.
ഒരുദിവസം പുലർച്ചെ രണ്ടുമണിക്ക് രക്ഷിത് ഷെട്ടിയും മാനേജരും വിളിച്ചു. ഹൈദരാബാദിൽനിന്ന് രശ്മികയോട് വണ്ടിയോടിച്ച് നടനെ കാണാൻ വരാൻ ആവശ്യപ്പെട്ടു. തിരിച്ച് എട്ടുമണിക്ക് തിരിച്ചുവരണം. മകളുടെ സുരക്ഷയെച്ചൊല്ലി ഞാൻ അനുവദിച്ചില്ല.’ സുമൻ മന്ദാനയുടേതെന്ന ഓഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്.
Movies
തന്നെക്കുറിച്ചും തന്റെ വിവാഹത്തെക്കുറിച്ചും പ്രചരിക്കുന്ന വാർത്തകളിൽ അസ്വസ്ഥത പ്രകടപ്പിച്ച് നടി മീന സാഗർ. രണ്ടാം വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത തന്നെ ഏറെ വേദനിപ്പിച്ചെന്നും ഇതെല്ലാം കാണുമ്പോൾ ക്ഷമ നശിക്കുകയാണെന്നും അവർ പറഞ്ഞു.
‘‘ഇപ്പോള് എന്നെ കുറിച്ച് ഏറ്റവും അധികമായി കേള്ക്കുന്ന വിവാദം എന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാര്ത്തകളാണ്. അതിലെന്തെങ്കിലും സത്യമുണ്ടെങ്കിൽ, അല്ലെങ്കിൽ അങ്ങനെയൊരാളുണ്ടെങ്കിൽ അതേക്കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്യുന്നതിൽ തെറ്റില്ല.ഇതിപ്പോൾ വെറുതേ എന്തെങ്കിലും ഏതെങ്കിലും എഴുതുകയാണ്.
ഞാനൊരു സ്ത്രീയാണ്, സെലിബ്രിറ്റിയാണ്, ഞാനിപ്പോള് സിംഗിളാണ് എന്നൊക്കെയുള്ള കാരണങ്ങളായതുകൊണ്ടാവാം എന്തും പറയാം എന്ന തോന്നലാണ് എഴുതുന്നവര്ക്ക്. എന്നെ സംബന്ധിച്ച് ഇത് വലിയ ബുദ്ധിമുട്ടലും ശല്യപ്പെടുത്തലുമാണ്, എന്നാണ് എനിക്ക് എന്റെ ക്ഷമ വിടുന്നതെന്ന് അറിയില്ല. ഇപ്പോള് ഞാന് എല്ലാവരെയും വിട്ടുവച്ചിരിക്കുകയാണ്.
എന്റെ സമയവും ആരോഗ്യവും എനര്ജിയും ഒന്നും എനിക്ക് നെഗറ്റീവായ ഒരു കാര്യത്തിന് വേണ്ടി ചെലവഴിക്കാന് താത്പര്യമില്ല. തെറ്റായ, മോശമായ, ആവശ്യമില്ലാത്ത ഒരു കാര്യത്തിന് വേണ്ടിയും വിലപ്പെട്ട എന്റെ നേരവും ആരോഗ്യവും ചിന്തയും കളയാന് സാധിക്കില്ല.
ഞാന് വളരെ പോസിറ്റീവ് ആയിട്ടുള്ള ആളാണ്. എനിക്ക് സന്തോഷത്തോടെ ഇരിക്കാനും, പോസിറ്റീവ് കാര്യങ്ങള് പങ്കുവയ്ക്കാനുമൊക്കെയാണ് ഇഷ്ടം. അത്തരം കാര്യങ്ങള്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം എന്നതാണ് ഞാന് ചെയ്യുന്നത്. അങ്ങനെയാണ് ഞാന് ജീവിക്കുന്നത്''. മീന പറഞ്ഞു.
Movies
തനിക്കൊരു വിഷമം വന്നാൽ അത് മറ്റുള്ളവരെ അറിയിക്കാൻ താൽപര്യമില്ലെന്ന് തുറന്നുപറഞ്ഞ് നടി ഭാവന. ഭർത്താവ് നവീനോടോ അമ്മയോടോ പോലും താൻ സങ്കടങ്ങൾ പറയില്ലെന്നും എന്റെ വിഷമങ്ങൾ കേട്ട് അവർ കൂടി സങ്കടപ്പെടേണ്ടതില്ലെന്നും താരം പറയുന്നു
ഗള്ഫ് ട്രീറ്റ് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില് സംസാരിക്കുകയായിരുന്നു ഭാവന.
'എന്തെങ്കിലും വിഷമം വരുമ്പോള് ഞാന് എല്ലാവരില് നിന്നും കട്ട് ഓഫ് ചെയ്യും. അത് നല്ലൊരു സ്വഭാവം അല്ല. ഞാന് വിഷമിക്കുന്നത് മറ്റൊരാള് അറിയേണ്ട എന്ന ചിന്ത എന്നിലുണ്ട്. അത് ബ്രേക്ക് ചെയ്യാന് എനിക്കിതുവരെ പറ്റിയിട്ടില്ല. അമ്മയോ നവീനോ ഞാന് വിഷമിക്കുന്നത് അറിയേണ്ട, ഞാന് വിഷമിക്കുന്നത് കണ്ട് അവര്ക്ക് വിഷമമാകരുതെന്നാണ് ഞാന് ആലോചിക്കുക.
നീ എന്തുണ്ടെങ്കിലും പറയണം എന്ന് പറയുന്ന ആള്ക്കാരാണെങ്കില് പോലും എന്തോ അങ്ങനെയാണ്.
എല്ലാ കമ്മ്യൂണിക്കേഷനും കട്ട് ചെയ്യും. വാട്സ് ആപ്പ് ഒഴിവാക്കും. എന്റെ റൂമില് ഒറ്റയ്ക്ക് ഇരിക്കും. എന്നിട്ട് ഞാന് തന്നെ റിക്കവര് ആകും. ചിലപ്പോള് സമയമെടുക്കുമായിരിക്കും. അല്ലെങ്കില് ഒരു ദിവസമോ രണ്ട് ദിവസമോ മൂന്ന് ദിവസമോ ആയിരിക്കും.
കുറേ കഴിഞ്ഞ് ഞാനിങ്ങനെ ആലോചിച്ച് കരഞ്ഞത് കൊണ്ട് എന്താണ് മാറാന് പോകുന്നതെന്ന് ചിന്തിക്കും. പക്ഷെ കുറേ കരയുമ്പോള് ഒരു ആശ്വാസമാണ്.
ഭയങ്കര തിരക്കിലായിരിക്കുമ്പോള് വീട്ടില് പോയി കുറച്ച് നേരം ഇരിക്കണം എന്ന് തോന്നും. വീട്ടില് പോയി ഇരുന്നാല് പത്ത് ദിവസം കഴിഞ്ഞ് ഞാനെന്താണ് ജീവിതത്തില് ചെയ്യുന്നത്, വെറുതെ വീട്ടിലിരിക്കുന്നു, ഇതാണോ ഇനിയെന്റെ ലൈഫ് എന്നൊക്കെയാകും തനിക്ക് തോന്നുകയെന്നും' ഭാവന പറയുന്നു.