ന്യൂഡൽഹി: ഞായറാഴ്ച നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷയ്ക്കായി പഴുതടച്ച മുന്നൊരുക്കങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. മുൻപ് നടന്ന പരീക്ഷയിൽ വീഴ്ചകൾ സംഭവിച്ച പശ്ചാത്തലത്തിൽ ഇത്തവണ യാതൊരുവിധ അപാകതകളും ഉണ്ടാകാതിരിക്കാൻ ശനിയാഴ്ച രാജ്യവ്യാപകമായി സുരക്ഷാ മോക്ഡ്രിൽ സംഘടിപ്പിക്കും.
മേയ് മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതായുള്ള ആരോപണങ്ങളെ തുടർന്നാണ് രാജ്യം ഉറ്റുനോക്കുന്ന ഈ പുനഃപരീക്ഷ വീണ്ടും നടത്തുന്നത്. ഇത്തവണ 22.79 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷയെക്കുറിച്ചുള്ള കൃത്യമായ അപ്ഡേറ്റുകൾ വിദ്യാർഥികൾക്ക് ലഭിക്കുന്നതിനായി എൻടിഎ പ്രത്യേക ഔദ്യോഗിക വാട്സ്ആപ്പ് അക്കൗണ്ട് (+917827980287) സജ്ജമാക്കിയിട്ടുണ്ട്.
ഈ വാട്സാപ്പ് വിവരങ്ങൾ പങ്കുവയ്ക്കാൻ മാത്രമുള്ളതാണെന്നും വിദ്യാർഥികളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ, ഒടിപി, ഫീസുകൾ എന്നിവയൊന്നും ആവശ്യപ്പെടില്ലെന്നും എൻടിഎ അധികൃതർ വ്യക്തമാക്കി. പരീക്ഷയ്ക്കായി പുതിയ അഡ്മിറ്റ് കാർഡുകൾ ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. മേയ് മൂന്നിലെ പഴയ അഡ്മിറ്റ് കാർഡുകൾ അസാധുവായിക്കഴിഞ്ഞു.
വിദ്യാർഥികൾ neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവൂ. മറ്റാരെങ്കിലും അയച്ചുതരുന്ന വ്യാജ ലിങ്കുകളെ ആശ്രയിക്കരുതെന്നും അധികൃതർ പറഞ്ഞു. പരീക്ഷാ കേന്ദ്രങ്ങളെല്ലാം പൂർണമായും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും.
ഇവ കേന്ദ്രീകൃത കൺട്രോൾ റൂമുകളുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിനായി രണ്ട് ലക്ഷത്തോളം ഉദ്യോഗസ്ഥരെയാണ് രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്നത്. കൂടാതെ പരീക്ഷാ കേന്ദ്രങ്ങളിൽ സ്വതന്ത്രമായ മേൽനോട്ടം ഉറപ്പാക്കാൻ 6,669 ഒബ്സർവർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ചോദ്യപ്പേപ്പർ അടക്കമുള്ള പരീക്ഷാ സാമഗ്രികൾ സുരക്ഷിതമായി എത്തിക്കാനുള്ള ചുമതല ജില്ലാ ഭരണകൂടങ്ങൾക്കാണ്. കനത്ത പോലീസ് കാവലിൽ ജിപിഎസ് ഘടിപ്പിച്ച പ്രത്യേക വാഹനങ്ങളിലാണ് പരീക്ഷാ സാമഗ്രികൾ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്.