Kerala
തിരുവനന്തപുരം: ദേവസ്വം സ്പെഷൽ പ്ലീഡറായി ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതികൾക്കുവേണ്ടി ഹാജരായ അഭിഭാഷകനെ നിയമിച്ചു സർക്കാർ വെട്ടിലായ സാഹചര്യത്തിൽ തുടർ നിയമനങ്ങളിൽ കർശന ജാഗ്രത പുലർത്താൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശം.
ഉന്നത സ്ഥാനങ്ങളിലേക്കുള്ള എല്ലാ നിയമനങ്ങളിലും പേരുകൾ നിർദേശിക്കുന്പോൾ സൂക്ഷ്മത പുലർത്തണമെന്ന് മന്ത്രിമാർ, എംഎൽഎമാർ, യുഡിഎഫ് നേതാക്കൾ തുടങ്ങിയവരോടു മുഖ്യമന്ത്രി നിർദേശിച്ചതായാണു വിവരം. ദേവസ്വം കേസുകൾ കൈകാര്യം ചെയ്യുന്ന സ്പെഷൽ പ്ലീഡറും പ്രോസിക്യൂട്ടറുമായി കെ.ബി. പ്രദീപിനെ നിയമിച്ചത് വിവാദമായിരുന്നു. തുടർന്ന് മുഖ്യമന്ത്രി ഇടപെട്ട് അദ്ദേഹത്തിന്റെ രാജി എഴുതി വാങ്ങിയിരുന്നു.
നാൽപതിലേറെ പേർക്കുകൂടി പ്ലീഡർ നിയമനം നല്കുന്നതിനുള്ള ശിപാർശകൾ സർക്കാരിന്റെ മുന്നിലുണ്ട്. അതിൽ ഓരോരുത്തരുടെയും പശ്ചാത്തലംകൂടി പരിശോധിച്ച് നിയമവകുപ്പിന് കൈമാറിയാൽ മതിയെന്നാണ് നിർദേശിച്ചിട്ടുള്ളത്. അതിനുശേഷമാകും ശിപാർശ മന്ത്രിസഭയിലെത്തുക.
ബജറ്റ് അവതരണത്തിനു ശേഷമാകും ഇനി ഇത്തരം കാര്യങ്ങൾ പരിഗണിക്കുക. പ്ലീഡർ നിയമനത്തിനും മറ്റുമായി ജനപ്രതിനിധികളുടെ ശിപാർശകളോടെ നിരവധി അപേക്ഷകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചിട്ടുണ്ട്.
രാഷ്ട്രീയ ശിപാർശയുള്ളതിനാൽ സൂക്ഷ്മപരിശോധന ഒഴിവാക്കിയതാണ് പ്രോസിക്യൂട്ടർ നിയമനത്തിൽ അടക്കം പിന്നോട്ടുപോകേണ്ടിവന്നതെന്നാണ് വിലയിരുത്തുന്നത്.
സഹോദരീഭർത്താവിനെ മന്ത്രി സണ്ണി ജോസഫ് തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയതിൽ കടുത്തവിമർശനം ഉയർന്നതോടെ അദ്ദേഹത്തെ രാജിവയ്പിക്കേണ്ടിവന്നിരുന്നു. വിവിധ അക്കാദമികൾ, ബോർഡ്, കോർപറേഷൻ, സർവകലാശാലാ സിൻഡിക്കറ്റുകൾ തുടങ്ങിയവയിലെ നിയമനങ്ങളിലും നിരവധി ശിപാർശകൾ സർക്കാരിനു മുന്നിലുണ്ട്.
Kerala
കൊച്ചി: ഗുരുവായൂര് ദേവസ്വത്തിന്റെ നിയമനങ്ങള് നടത്താന് മാനേജിംഗ് കമ്മിറ്റിക്കാണ് അധികാരമെന്നു ഹൈക്കോടതി.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്ഡിനെ ഒഴിവാക്കിയാണ് ജസ്റ്റീസ് എസ്.എ. ധര്മാധികാരി, ജസ്റ്റീസ് വി.എം. ശ്യാംകുമാര് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ഗുരുവായൂര് ദേവസ്വത്തിലും അനുബന്ധ എയ്ഡഡ് സ്ഥാപനങ്ങളിലും വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് റിക്രൂട്ട്മെന്റ് ബോര്ഡ് പുറപ്പെടുവിച്ച പുതിയ വിജ്ഞാപനങ്ങളും കോടതി റദ്ദാക്കി.
ദേവസ്വം മാനേജിംഗ് കമ്മിറ്റി നിയമാനുസൃതമായി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് നിയമന നടപടികള് ആരംഭിക്കാനും കോടതി നിര്ദേശിച്ചു.
റിക്രൂട്ട്മെന്റ് ബോര്ഡ് നിയമനവ്യവസ്ഥ ശരിവച്ച സിംഗിള് ബെഞ്ച് ഉത്തരവിനെതിരേ ഗുരുവായൂര് ദേവസ്വം എംപ്ലോയീസ് യൂണിയന് കോണ്ഗ്രസ് അടക്കമുള്ളവര് സമര്പ്പിച്ച അപ്പീലുകളാണു പരിഗണിച്ചത്.
Kerala
കൊച്ചി: സ്വകാര്യബസുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഗതാഗത വകുപ്പ് നടപ്പാക്കിയ നിയന്ത്രണങ്ങള് ഹൈക്കോടതി ശരിവച്ചു.
ഡ്രൈവറും കണ്ടക്ടറും പോലീസ് ക്ലിയറന്സ് സര്ട്ടിഫിക്കറ്റ് ഹാജരാക്കണം, സ്കൂള് ബസുകള്ക്കു മുന്നിലും പിന്നിലും അകത്തും കാമറ സ്ഥാപിക്കണം, വാഹനം എവിടെ എത്തിയെന്നു കൃത്യമായി അറിയാന് കഴിയുന്ന ജിയോ ഫെന്സിംഗ് സംവിധാനം സ്ഥാപിക്കണം എന്നീ നിര്ദേശങ്ങള് ചോദ്യം ചെയ്തു സമര്പ്പിച്ച ഒരുകൂട്ടം ഹര്ജികള് തള്ളിയാണ് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്.
ഗതാഗത അഥോറിറ്റി ജനുവരിയിലെടുത്ത തീരുമാനവും ഇതിനു തുടര്ച്ചയായി ട്രാന്സ്പോര്ട്ട് കമ്മീഷണര് കഴിഞ്ഞ ഏപ്രിലില് പുറപ്പെടുവിച്ച സര്ക്കുലറും ചോദ്യം ചെയ്താണു ഹര്ജികള് നല്കിയത്.
മോട്ടോര് വാഹന നിയമപ്രകാരം സാധ്യമായ വ്യവസ്ഥകള് മാത്രമേ കൊണ്ടുവരാനാകൂ. നിയമങ്ങള് രൂപീകരിക്കാനുള്ള അധികാരം എസ്ടിഎയ്ക്കല്ല, സംസ്ഥാന സര്ക്കാരിനാണ്. ക്ലിയറന്സ് സര്ട്ടിഫിക്കറ്റ് വ്യവസ്ഥ നടപ്പാക്കിയാല് ബസ് ജീവനക്കാര്ക്ക് ക്ഷാമമുണ്ടാകുമെന്നും ഹര്ജിക്കാര് ചൂണ്ടിക്കാട്ടി.
എന്നാല്, ഡ്രൈവര്മാരുടെ അശ്രദ്ധമൂലം അപകടങ്ങള് പെരുകുന്നതും വിദ്യാര്ഥികളടക്കമുള്ള യാത്രക്കാരോടു മോശമായി പെരുമാറുന്നുവെന്ന പരാതികളും കണക്കിലെടുത്താണ് പോലീസ് ക്ലിയറന്സ് സർട്ടിഫിക്കറ്റ് വേണമെന്നു നിര്ദേശിച്ചതെന്നായിരുന്നു സര്ക്കാരിന്റെ വിശദീകരണം. 2023നും 2025നും ഇടയില് സംസ്ഥാനത്ത് 1017 ബസ് അപകടങ്ങളുണ്ടായതായും സര്ക്കാരിന്റേതു നയപരമായ തീരുമാനമാണെന്നും ചൂണ്ടിക്കാട്ടി.
പൊതുതാത്പര്യം കണക്കിലെടുത്തുള്ള നയപരമായ തീരുമാനമാണു സര്ക്കാരില് നിന്നുണ്ടായതെന്ന് കോടതി പറഞ്ഞു. റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള നയപരമായ തീരുമാനങ്ങളെടുക്കുംമുമ്പ് ബന്ധപ്പെട്ടവരെ കേള്ക്കേണ്ട ആവശ്യവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം തീരുമാനങ്ങള് വാഹന ഉടമകള്ക്ക് അലോസരമുണ്ടാക്കുന്നുവെന്നത് നടപ്പാക്കാതിരിക്കാന് കാരണമല്ലെന്നും വ്യക്തമാക്കിയാണു ഹര്ജികള് കോടതി തള്ളിയത്.
CAREER DEEPIKA
ജപ്പാനിൽ വർക്ക് വിസ നിയമങ്ങളിൽ ഇളവുകൾ വരുത്താൻ സർക്കാർ തീരുമാനിച്ചു. ജനസംഖ്യാ വർദ്ധനവ് കുറയുന്നതും തൊഴിലാളി ക്ഷാമവും കാരണം വിദേശ തൊഴിലാളികളെ കൂടുതൽ ആകർഷിക്കുന്നതിനാണ് ഈ നീക്കം. ഇത് ജപ്പാനിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഉൾപ്പെടെയുള്ള വിദേശികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
ഐടി, കൺസ്ട്രക്ഷൻ, നഴ്സിംഗ്, ഹോസ്പിറ്റാലിറ്റി, കൃഷി തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും തൊഴിലാളി ക്ഷാമം നേരിടുന്നത്. പുതിയ നിയമങ്ങൾക്കനുസരിച്ച്, ചില സെക്ടറുകളിൽ ജാപ്പനീസ് ഭാഷാ പ്രാവീണ്യമില്ലാതെയും ജോലി നേടാൻ സാധിക്കും. കൂടാതെ, വിദഗ്ദ്ധ തൊഴിലാളികൾക്ക് സ്ഥിരതാമസത്തിനുള്ള സാധ്യതകളും വർദ്ധിക്കും.
ജപ്പാനിൽ ജോലി ചെയ്യാനും അവിടെയുള്ള സംസ്കാരം അടുത്തറിയാനും ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. ജാപ്പനീസ് എംബസിയുടെ വെബ്സൈറ്റുകളിലും ജപ്പാനിലെ തൊഴിൽ ഏജൻസികൾ വഴിയും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.