ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തെത്തുടർന്ന് ശനിയാഴ്ച മന്ത്രിസ്ഥാനം രാജിവച്ച ധർമേന്ദ്ര പ്രധാനെ സിന്ദാബാദ് വിളികളോടെ പാർലമെന്റിൽ വരവേറ്റ് ബിജെപി എംപിമാർ.
പാർലമെന്റ് കവാടമായ മകർ ദ്വാറിലേക്ക് പ്രധാന്റെ കാർ കടന്നു വന്നയുടനെ മുദ്രാവാക്യം വിളിയിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു. പാർലമെന്റ് കവാടത്തിൽ ധർമേന്ദ്ര പ്രധാനെ ഷാൾ അണിയിച്ച എംപിമാർ ഒരു പരമ്പരാഗത തൊപ്പിയും സമ്മാനിച്ചു.
എന്നാൽ പരീക്ഷാ ക്രമക്കേടുകളെത്തുടർന്നും വിദ്യാർഥികളുടെ ആത്മഹത്യകളെത്തുടർന്നും രാജിവച്ച മുൻ മന്ത്രിയെ പാർലമെന്റിൽ ആദരിച്ചതിനെ കോൺഗ്രസ് കുറ്റപ്പെടുത്തിയിട്ടുണ്ട്.
തികച്ചും ലജ്ജാകരവും രാജ്യത്തെ യുവാക്കൾക്ക് കടുത്ത അപമാനവുമാണെന്നാണ് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശിന്റെ പ്രതികരണം.
തന്റെ രാജിയിൽപോലും ചോദ്യപേപ്പർ ചോർച്ചയിൽ ക്ഷമാപണം നടത്തുന്നതിനു പകരം തെറ്റിദ്ധരിക്കപ്പെട്ടതിനു വിദ്യാർഥികളെ പ്രധാൻ പഴിച്ചെന്നും അതിനുശേഷം എല്ലാ കേന്ദ്രമന്ത്രിമാരും അദ്ദേഹത്തെ സമൂഹമാധ്യമത്തിൽ പ്രശംസിച്ചെന്നും ജയ്റാം എക്സിൽ പറഞ്ഞു.