കണ്ണൂർ: എസ്എസ്എൽസി, പ്ലസ്ടു, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളിലെ ഉന്നത വിജയികൾക്ക് ദീപികയുടെ ആദരം. പള്ളിക്കുന്ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹാളിൽ നടന്ന ദീപിക വിജയോത്സവം കണ്ണൂർ കോർപറേഷൻ മേയർ പി. ഇന്ദിര, എംഎൽഎമാരായ കെ.വി. സുമേഷ്, ടി.ഒ. മോഹനൻ, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ. സാജു എന്നിവർ ചേർന്ന് വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു.
ഉപരിപഠനത്തിന് എന്ത് പഠിക്കണം, ഏത് വിഷയം തെരഞ്ഞെടുക്കണമെന്ന ചിന്ത കുട്ടികളിൽ തന്നെ ഉണ്ടെങ്കിലും പഠിക്കുന്ന സ്ഥാപനം തെരഞ്ഞെടുക്കുന്പോൾ ജാഗ്രത വേണമെന്ന് മേയർ പി. ഇന്ദിര പറഞ്ഞു. അഭിരുചിക്കനുസരിച്ച വിഷയങ്ങൾ വിദ്യാർഥികൾക്കു തന്നെ തെരഞ്ഞെടുക്കാൻ ഇന്ന് സോഷ്യൽ മീഡിയിലടക്കം നിരവധി സംവിധാനങ്ങളുണ്ട്. എങ്കിലും ഇഷ്ടപ്പെട്ട വിഷയങ്ങൾ തെരഞ്ഞെടുക്കന്പോൾ പരാജയപ്പെട്ടു പോകരുതെന്നും മേയർ വിദ്യാർഥികളെ ഓർമിപ്പിച്ചു.
ആധുനിക കാലത്ത് ഉന്നത അറിവുകൾ ആരുടെയും കുത്തകയല്ലെന്ന് കെ.വി. സുമേഷ് എംഎൽഎ പറഞ്ഞു. അധ്യാപകരെ മാത്രം ആശ്രയിക്കാതെ സാങ്കേതിക മേഖലയുടെ വളർച്ചകൂടി ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ വിശാലമായ അറിവുകൾ ഇന്ന് വിദ്യാർഥികൾക്ക് നേടിയെടുക്കാൻ കഴിയും. നിങ്ങളുടേതാണ് വരാനിരിക്കുന്ന ലോകമെന്നും വിദ്യാഭ്യാസമാണ് ആ ലോകമെന്നും എംഎൽഎ പറഞ്ഞു.
ലോകം ഏറ്റവുമടുത്ത് എത്തുന്ന ആധുനിക കാലഘട്ടത്തിൽ വിദ്യാർഥികൾക്ക് മുന്നിൽ ധാരാളം അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നതെന്ന് ടി.ഒ. മോഹനൻ എംഎൽഎ പറഞ്ഞു. വിരൽത്തുന്പിൽ തന്നെ ഇന്ന് ലോകത്തിലെ എല്ലാ കാര്യങ്ങളും അറിയാനും മനസിലാക്കാനുമുള്ള സാഹചര്യമുണ്ട്. സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഓരോരുത്തർക്കും സാധിക്കട്ടെയെന്നും എംഎൽഎ ആശംസിച്ചു.
മത്സര ബുദ്ധിയോടെ കാണാതെ ഏത് കാര്യവും വിദ്യാർഥികൾ ആനന്ദദായകമായി കണ്ടാൽ ജീവിതം വിജയം സാധ്യമാണെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാലൻസലർ ഡോ.കെ.കെ. സാജു പറഞ്ഞു. സ്വന്തമായി വിശ്വാസമുള്ളവരെ ആർക്കും തോൽപ്പിക്കാനാവില്ല. നിങ്ങളുടെ അഭിരുചി മനസിലാക്കി മുന്നോട്ടുപോകുക. ഏത് സാഹചര്യവും തരണം ചെയ്യാനും സത്യത്തിന്റെ കൂടെ നില്ക്കാനും കഴിഞ്ഞാൽ ജീവിതവിജയം സാധ്യമാണെന്നും വിസി പറഞ്ഞു.
കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ അധ്യക്ഷത വഹിച്ചു. ഫസ്റ്റ് എന്നതിനെക്കാൾ ബെസ്റ്റ് ആകാനാണ് കുട്ടികൾ ശ്രമിക്കേണ്ടതെന്ന് ബിഷപ് പറഞ്ഞു. ജിവിതത്തിൽ നല്ല പെരുമാറ്റം, കഠിനാധ്വാനം തുടങ്ങി എല്ലാ ഗുണങ്ങൾ കൊണ്ടും നല്ലതായാൽ ഉറപ്പായും അവർ ഒന്നാമതായിരിക്കും. ഒപ്പം നിങ്ങളുടെ വ്യത്യസ്തമായ കഴിവുകൾ പുറത്തെടുത്ത് ജീവിതാവസാനം വരെ മുന്നോട്ടുപോകാൻ കഴിയണമെന്നും മാർ ജോസഫ് പണ്ടാരശേരിൽ ഓർമിപ്പിച്ചു.
ടി.കെ. ഗോവിന്ദൻ എംഎൽഎ, ശ്രീപുരം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ജോയി കട്ടിയാങ്കൽ, ദീപിക റസിഡന്റ് മാനേജർ ഫാ. വിപിൻ വെമ്മേനിക്കട്ടയിൽ, ദീപിക സർക്കുലേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ ജോർജ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.
ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ കണ്ണൂർ യൂണിറ്റ് തല ഉദ്ഘാടനം ശ്രീപുരം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ജോയി കട്ടിയാങ്കലിന് പത്രം നല്കി കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ.കെ. സാജു നിർവഹിച്ചു. തുടർന്ന് വിശിഷ്ടാതിഥികളെ ആദരിച്ചു. വിജയോത്സവത്തിന്റെ ഭാഗമായി 100 ശതമാനം വിജയം നേടിയ സ്കൂളുകൾ, ഉന്നത വിജയം നേടിയ വിദ്യാർഥികൾ എന്നിവരെ മെഡലുകൾ നൽകി ആദരിച്ചു.
ലിഷ വിനു, ഡോ. ഷൈൻ ഡാനിയേൽ, കെ.സി. അനീഷ്, സിന്ധു, അലക്സ് കട്ടക്കയം, സെബാസ്റ്റ്യൻ പുത്തൻപുര, സുനിൽ ചുനയംമാക്കൽ എന്നിവർ പങ്കെടുത്തു. ദീപിക പരസ്യവിഭാഗം മാനേജർ പി.ജെ. മാത്യു, സീനിയർ സർക്കുലേഷൻ ഏരിയ മാനേജർ ബാബു പതിപ്പള്ളിൽ, ജെസി ആന്റണി, റെനീഷ് മാത്യു, കെ.വി. വിപിൻ, രജിത്കുമാർ, റെക്സി എം. ഐപ്പ് എന്നിവർ നേതൃത്വം നല്കി.
Tags : nattu vishesham Deepika's respect achievers