ഈരാറ്റുപേട്ട: കാർഷിക മേഖലയിലുള്ള ആശയങ്ങളും കണ്ടുപിടിത്തങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള കാർഷിക സർവകലാശാലയിലെ അഗ്രി ബിസിനസ് ഇൻക്യുബേറ്ററിൽ പിഎംആർകെവി വൈറാഫ്താർ പദ്ധതിയുടെ ഭാഗമായി കേരളത്തിൽനിന്നുള്ള 1500ഓളം അപേക്ഷകരിൽനിന്ന് 19 സംരംഭകരിൽ ഒരാളായി ജോഷി ജോസഫ് താന്നിക്കലും അർഹനായി.
ജോഷി സ്വന്തമായി വികസിപ്പിച്ചെടുത്ത റെനോവ് ഷെർഡിംഗ് ആൻഡ് ഗ്രൈൻഡിംഗ് മെഷീന്റെ നിർമാണ വിപുലീകരണത്തിന് 18 ലക്ഷം രൂപ ഗ്രാന്റായി ലഭിച്ചു. മണ്ണുത്തി കാർഷക സർവകലാശാലയിൽ നടന്ന ചടങ്ങിൽ കൃഷിമന്ത്രി ടി. സിദ്ദിഖിൽനിന്ന് ഗ്രാന്റ് ഏറ്റുവാങ്ങി. കാർഷിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. ടി. സജിതാ റാണി, എംഎൽഎമാരായ സനീഷ്കുമാർ ജോസഫ്, ഐ.സി. ബാലകൃഷ്ണൻ, അഗ്രി ബിസനസ് ഇൻക്യുബേറ്റർ മേധാവി ഡോ. കെ.പി. സുധീർ എന്നിവർ പങ്കെടുത്തു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകർക്ക് നൽകുന്ന സബ്സിഡി പദ്ധതിയായ എസ്എംഎഎമ്മിൽ ഈ മെഷീനും ഉൾപ്പെട്ടിട്ടുണ്ട്. പൊടിക്കുക, അരിയുക, അരയ്ക്കുക എന്നിങ്ങനെ വ്യത്യസ്തമായ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് റെനോവ് ഷെർഡിംഗ് ആൻഡ് ഗ്രൈൻഡിംഗ് മെഷീൻ.
ജൈവ മാലിന്യസംസ്കരണത്തിൽ ഉപയോഗപ്രദമായ ഈ മെഷീൻ ഉപയോഗിച്ച് കായൽ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കുളവാഴ നിർമാർജനവുമായി ബന്ധപ്പെട്ട് പുതിയൊരു ആശയം നടപ്പാക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനത്തിലാണ് ജോഷി. ഫോൺ: 7907184470.