പ്രതീകാത്മക ചിത്രം
ബംഗളൂരു: രാജ്യത്തെ ഡെവലപ്പർമാർ, സ്റ്റാർട്ടപ്പുകൾ, സംരംഭങ്ങൾ എന്നിവർക്ക് മുൻനിര എഐ സാങ്കേതികവിദ്യകൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പുതിയ സംരംഭങ്ങളുമായി ഗൂഗിൾ.
ബംഗളൂരുവിൽ നടന്ന “ഗൂഗിൾ ഐ/ഓ കണക്ട് ഇന്ത്യ 2026’’ (Google I/O Connect India 2026) സമ്മേളനത്തിലാണ് എഐ അധിഷ്ഠിത വിദ്യാഭ്യാസ ഉപകരണങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, തദ്ദേശീയമായ ക്ലൗഡ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ പദ്ധതികൾ കമ്പനി പ്രഖ്യാപിച്ചത്.
ഡാറ്റാ ലോക്കലൈസേഷൻ നിയമങ്ങൾ പാലിച്ച് ആഗോള എഐ മോഡലുകൾ സുരക്ഷിതമായി ഉപയോഗിക്കാൻ സഹായിക്കുന്നതരത്തിലാണ് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആൻഡ്രോയിഡ്, ഗൂഗിൾ പ്ലേ ഇക്കോ സിസ്റ്റം 2025ൽ മാത്രം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്കും ആപ്പ് നിർമാതാക്കൾക്കുമായി 5.3 ലക്ഷം കോടി രൂപ (60 ബില്യൺ ഡോളർ) സംഭാവന ചെയ്തതായും ഇത് മുൻവർഷത്തെ അപേക്ഷിച്ച് 28 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും സമ്മേളനത്തിൽ ഗൂഗിൾ വ്യക്തമാക്കി.
കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യാതിഥിയായ ചടങ്ങിൽ സാങ്കേതിക മുന്നേറ്റങ്ങളിൽ കർണാടകയെ ഗൂഗിളിന്റെ ഏറ്റവും വലിയ പരീക്ഷണശാലയാക്കി മാറ്റാൻ അദ്ദേഹം ആഹ്വാനം ചെയ്തു. വിദ്യാർഥികൾ, ഗവേഷകർ, സംരംഭകർ എന്നിവർ ഒത്തൊരുമിച്ച് കൂടുതൽ നൂതനവും സുരക്ഷിതവുമായ ഒരു സാങ്കേതിക ഭാവി കെട്ടിപ്പടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവരങ്ങൾ തെരയുന്ന ഘട്ടത്തിൽനിന്നു മാറി, നിർദേശിക്കപ്പെടുന്ന ചുമതലകൾ സുരക്ഷിതമായി നിർവഹിക്കുന്ന ‘ഏജന്റിക് എഐ’ (Agentic AI) യുഗത്തിലേക്ക് രാജ്യം മാറുകയാണെന്നും, ഇതിനാവശ്യമായ തദ്ദേശീയമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നും ഗൂഗിൾ ഇന്ത്യ കൺട്രി മാനേജർ പ്രീതി ലോബാന പറഞ്ഞു.
കേവലം സാങ്കേതിക മോഡലുകളുടെ വലുപ്പത്തിലല്ല, മറിച്ച് സമൂഹത്തിൽ അതുണ്ടാക്കുന്ന നല്ല മാറ്റങ്ങളിലാണ് എഐയുടെ പുരോഗതി അളക്കേണ്ടതെന്ന് ഗൂഗിൾ ഡീപ്മൈൻഡ് സീനിയർ ഡയറക്ടർ മനീഷ് ഗുപ്തയും കൂട്ടിച്ചേർത്തു.
Tags : India AgentricAI AI Google Business Entrepreneur Startup Market Money Commodity Economy MarketWatch TradePolicy Growth Sales Finance ECommerce Budgeting SavingMoney Stocks RealEstate Investment Income Funds developers startups