തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ ഡിഎംകെ നേതൃത്വത്തിൽനിന്ന് 15 കോടിരൂപ സംഭാവനയായി സ്വീകരിച്ചതു രാഷ്ട്രീയമായ വലിയൊരു പിഴവായിരുന്നുവെന്ന് സിപിഐ തമിഴ്നാട് ഘടകത്തിന്റെ കുറ്റസമ്മതം. പിന്നീടാണ് അബദ്ധം മനസിലായത്. അത്തരം സംഭാവന ഇനി സ്വീകരിക്കില്ലെന്നു തീരുമാനിച്ചതായും സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി എം.വീരപാണ്ഡ്യൻ പറഞ്ഞു.
2019 ലോക്സഭാ തെരഞ്ഞെടുപ്പു കാലത്താണു സിപിഐക്കു 15 കോടിരൂപ ലഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ സിപിഐക്കു 15 കോടിയും സിപിഎമ്മിനു പത്ത് കോടിയും നൽകിയെന്ന് ഡിഎംകെ രേഖപ്പെടുത്തുകയായിരുന്നു. ഇതിന്റെ പേരിൽ ഇടതുകക്ഷികൾ രൂക്ഷവിമർശനം ഏറ്റുവാങ്ങുകയും ചെയ്തു.
വൻകിട മുതലാളിമാരിൽ നിന്നോ ബഹുരാഷ്ട്ര കന്പനികളിൽനിന്നോ സംഭാവന വാങ്ങിയിട്ടില്ലെന്നും വീരപാണ്ഡ്യൻ പറഞ്ഞു. പൊതുജനങ്ങളിൽ നിന്നും പാർട്ടി അംഗങ്ങളിൽനിന്നുള്ള സംഭാവനകളിലൂടെയാണു പ്രവർത്തനം.ഫെബ്രുവരിയിൽ സംസ്ഥാന വ്യാപകമായി രണ്ടുദിവസത്തെ ഫണ്ട് പിരിവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.