എടത്വ: കേരളത്തിന്റെ നെല്ലറയായ കുട്ടനാടിനെ സര്‍ക്കാര്‍ കേരപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഗ്രേറ്റര്‍ കുട്ടനാട് ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. വേള്‍ഡ് ബാങ്ക് സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ 10 മാസം മുമ്പ് ആരംഭിച്ച കേരപദ്ധതിയില്‍ ഇനിയും കുട്ടനാടിനെ ഉള്‍പ്പെടുത്താത് ഗുരുതര വീഴ്ചയാണ്. ആഗോള പൈതൃക പട്ടികയില്‍ സ്ഥാനമുള്ള കുട്ടനാടിനെ കേരപദ്ധതിയില്‍ ഉൾപെടുത്താന്‍ വൈകരുത്.
ഇക്കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാര്‍ തിരക്കിട്ട് കേരപദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ബന്ധപ്പെട്ടവരുടെ അനാസ്ഥയും അജ്ഞതയും കാരണം കുട്ടനാടിനെ അതില്‍ ഉള്‍പ്പെടുത്തിയില്ല. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് കുട്ടനാട് ഗുരുതരമായ പ്രതിസന്ധികള്‍ നേരിടുന്ന പശ്ചാതലത്തില്‍ കാര്‍ഷിക പുനരുജ്ജീവനത്തിന് ആലപ്പുഴ, കോട്ടയം ജില്ലകളെ കേരപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഗ്രേറ്റര്‍ കുട്ടനാട് ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് കൗണ്‍സില്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞന് ഡോ.കെ.ജി. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ടോമിച്ചന് മേപ്പുറത്ത്, ജെ. കുര്യാക്കോസ്, ഡോ ആര്.വി. നായര്‍, റോണി തോമസ് വേങ്ങാശേരി, മാത്തുക്കുട്ടി നാരകത്തറ, ഔസേപ്പച്ചന് ചെറുകാട് എന്നിവര്‍ പ്രസംഗിച്ചു.