തിരുവനന്തപുരം: ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിയിലെ എഡിജിപി എം.ആർ. അജിത്കുമാറിനെതിരേയുള്ള റിപ്പോർട്ട് ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശ സഹിതമുള്ള എസ്ഐടിയുടെ റിപ്പോർട്ട് മന്ത്രിസഭയിൽ എത്തിക്കാനാണ് ആഭ്യന്തര മന്ത്രിയുടെ ശ്രമം. മന്ത്രിസഭയിൽ എത്തിക്കാനായാൽ അജിത്തിനെതിരേയുള്ള തുടർ നടപടിയോ തുടരന്വേഷണമോ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
ഇന്നലെ വൈകുന്നേരം എഡിജിപി എം.ആർ. അജിത്കുമാർ എസ്ഐടിയുടെ കണ്ടെത്തലുകളെല്ലാം നിഷേധിച്ച് എഴുതി തയാറാക്കിയ വിശദീകരണം പ്രത്യേക ദൂതൻ വശം ഡിജിപിക്ക് കൈമാറി. കേസ് അട്ടിമറിയിൽ തനിക്ക് പങ്കില്ലെന്നും കേസ് ഡയറി തിരുത്താൻ ആരോടും നിർദേശിച്ചിട്ടില്ലെന്നും അജിത്തിന്റെ വിശദീകരണത്തിൽ ഉള്ളതായാണ് വിവരം.
അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തിയപ്പോൾ താൻ ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്ടിൽ ആയിരുന്നെന്നാണ് വിശദീകരിച്ചത്. ഡിജിപിയുടെ ശിപാർശ സഹിതമുള്ള റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്കു കൈമാറി.