Sports
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ഇത്തവണത്തെ മത്സരക്രമം അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്, ഐഎസ്എല്‍ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം.
ഐഎസ്എല്‍ നടത്തിപ്പിന് ക്ലബുകള്‍ ഒരു കോടി രൂപ പങ്കാളിത്ത ഫീ നല്‍കണമെന്നും എഐഎഫ്എഫ് അറിയിച്ചു. സംപ്രേഷണ, റഫറീയിംഗ് ചെലവുകള്‍ എഐഎഫ്എഫ് വഹിക്കും. രണ്ടോ മൂന്നോ വേദികളിലായി മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് ധാരണ.
ഫെബ്രുവരിയില്‍ ലീഗ് തുടങ്ങാനാണ് ആലോചന. എന്നാല്‍ പ്രധാന താരങ്ങളെല്ലാം ക്ലബ് വിടുന്നതില്‍ ആരാധകര്‍ നിരാശരാണ്. ടെണ്ടര്‍ വിളിച്ചെങ്കിലും പുതിയ സ്പോണ്‍സറെ കിട്ടാത്തതിനാല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും ക്ലബുകളും ചേര്‍ന്നാണ് ഈ സീസണില്‍ ലീഗ് നടത്തുക.
ലീഗിനെ സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ 13 ക്ലബ്ബുകളും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് വീണ്ടും കത്ത് നല്‍കിയെങ്കിലും ഫെഡറേഷന്റെ ഭാഗത്തു നിന്ന് അനുകൂല മറുപടിയല്ല ലഭിച്ചത്.
ഐഎസ്എല്‍ നടത്താന്‍ ക്ലബ്ബുകള്‍ തന്നെ പണം കണ്ടെത്തണമെന്ന സൂചനയാണ് കായികമന്ത്രാലയവും നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് പുതിയ രീതിയില്‍ ഐഎസ്എല്‍ നടത്താന്‍ തീരുമാനമായത്.
Sports
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2025-26 സീസണ് ഫുട്ബോളിന്റെ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ ഒടുവില്‍ കായിക മന്ത്രാലയം ഇടപെടുന്നു.
ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്), ഐഎസ്എല്‍, ഐ-ലീഗ് ക്ലബ് പ്രതിനിധികള്‍, നിക്ഷേപകര്‍, ബ്രോഡ്കാസ്റ്റേഴ്സ് എന്നിവരെയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള അടിയന്തരയോഗമാണ് കേന്ദ്ര കായിക മന്ത്രാലയം വിളിച്ചിരിക്കുന്നത്. നാളെയാണ് യോഗം.
2025-26 സീസണ് ആഭ്യന്തര ക്ലബ് പോരാട്ടം ഇതുവരെ ആരംഭിക്കാന്‍ എഐഎഫ്എഫിനു സാധിച്ചിട്ടില്ല. സംപ്രേഷണം, സ്പോണ്‍സര്‍ഷിപ്പ് തുടങ്ങിയ കാര്യങ്ങളില്‍ എഐഎഫ്എഫിന് ഇതുവരെ ഉത്തരമില്ലെന്നതാണ് പ്രശ്നം. ദൂരദര്ശൻ സംപ്രേഷണത്തിനായി എത്താനുള്ള സാധ്യതയാണിപ്പോഴുള്ളത്.
Sports
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് (ഐഎസ്എല്‍) രാജ്യത്തെ ഫുട്ബോള്‍ വികസനത്തില്‍ ഇതുവരെ കാര്യമാത്ര പ്രസക്തമായ ഫലം പുറപ്പെടുവിക്കാന്‍ സാധിച്ചില്ലെന്നതു വാസ്തവം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിരമിച്ച സൂപ്പര്‍ സ്ട്രൈക്കര്‍ സുനില്‍ ഛേത്രിയെ ദേശീയ ടീമിലേക്കു തിരിച്ചുകൊണ്ടുവന്നത്. ഇത്തരം പശ്ചാത്തലത്തിനിടെ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) 2025-26 കലണ്ടറിലും ഐഎസ്എല്‍ ഉള്‍പ്പെട്ടില്ല. പുരുഷ ക്ലബ് ഫുട്ബോളില്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷനാണ് ഐഎസ്എല്‍. എന്നിട്ടും ഐഎസ്എല്ലിന് എഐഎഫ്എഫിന്റെ 2025-26 സീസണ് കലണ്ടറില്‍ സ്ഥാനം ലഭിച്ചില്ല.
കരാര്‍ പുതുക്കിയില്ല
ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡാണ് (എഫ്എസ്ഡിഎല്‍) ഐഎസ്എല്‍ നടത്തുന്നത്. 2014ല്‍ ആരംഭിച്ച ഐഎസ്എല്‍ 2019ല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷനായി അവരോധിക്കപ്പെട്ടു. അതുവരെ ഐ ലീഗായിരുന്നു ഒന്നാം ഡിവിഷന് ക്ലബ് പോരാട്ടം. ഐഎസ്എല്ലിന്റെ മാസ്റ്റര്‍ റൈറ്റ്സ് എഗ്രിമെന്റ് (എംആര്‍എ) ഈ വര്‍ഷം ഡിസംബറില്‍ അവസാനിക്കും. ഇതു പുതുക്കാത്തതാണ് ഐഎസ്എല്ലിനെ 2025-26 സീസണ് കലണ്ടറില്‍നിന്ന് എഐഎഫ്എഫ് ഒഴിവാക്കാന്‍ കാരണം.
കരാര്‍ പുതുക്കാനും ചര്‍ച്ചകള്‍ക്കുമായി ഏപ്രിലില്‍ എഐഎഫ്എഫ് എട്ട് അംഗ സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍, ചര്‍ച്ചകള്‍ എങ്ങും എത്തിയില്ല.
ക്ലബ്ബുകള്‍ ആശങ്കയില്‍
2025-26 സീസണിലേക്കുള്ള കളിക്കാരുടെ ട്രാന്‍സ്ഫര്‍ അടക്കമുള്ള ചര്‍ച്ചകളിലാണ് ഐഎസ്എല്‍ ക്ലബ്ബുകള്‍. ഐഎസ്എല്‍ എന്നു തുടങ്ങുമെന്ന കൃത്യത ഇല്ലാതായതോടെ ക്ലബ്ബുകളും കളിക്കാരും ആശങ്കയിലായിരിക്കുകയാണ്.
ഡ്യൂറന്‍ഡ് കപ്പ് (ജൂലൈ 7-ഓഗസ്റ്റ് 23), സൂപ്പര്‍ കപ്പ്/ഫെഡറേഷന് കപ്പ് (സെപ്റ്റംബര്‍ 1-20), ഐ ലീഗ് (ഒക്ടോബര്‍ 10-ഏപ്രില്‍ 30), സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് (ജനുവരി 1-20) ടൂര്‍ണമെന്റുകളുടെ ഷെഡ്യൂള്‍ എഐഎഫ്എഫ് പ്രസിദ്ധപ്പെടുത്തി.