National
ന്യൂഡൽഹി: ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അബുദാബി കിരീടാവകാശി ഷേഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സുഹൃദ്ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചും സാമ്പത്തിക, ഊർജ രംഗങ്ങളിലെ സഹകരണം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.
കൂടിക്കാഴ്ചയ്ക്കിടെ യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ആശംസകൾ കിരീടാവകാശി പ്രധാനമന്ത്രിക്ക് കൈമാറി. ഇന്ത്യയുടെയും ഇവിടുത്തെ ജനങ്ങളുടെയും സർവതോമുഖമായ പുരോഗതിക്കും ഐശ്വര്യത്തിനും വേണ്ടിയുള്ള യുഎഇ ഭരണാധികാരിയുടെ സന്ദേശവും അദ്ദേഹം അറിയിച്ചു.
പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായാണ് നിർണായകമായ ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിലുള്ള പരസ്പര സഹകരണവും പ്രാദേശിക വിഷയങ്ങളും ചർച്ചയിൽ ഇടംപിടിച്ചു. സാമ്പത്തിക നിക്ഷേപങ്ങൾ, സാങ്കേതികവിദ്യ, സുരക്ഷാ സഹകരണം തുടങ്ങിയ നിർണായക മേഖലകളിൽ പുതിയ പങ്കാളിത്ത അവസരങ്ങൾ തുറക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ആശയവിനിമയം നടത്തി.
NRI
അബുദാബി: തലസ്ഥാന നഗരിയിലെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ ഇന്ത്യ സോഷ്യല് സെന്റര് സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷങ്ങള്ക്ക് ഒരുക്കം തുടങ്ങി.
സെപ്റ്റംബർ 13ന് അയായിരം പേർ പങ്കെടുക്കുന്ന വിപുലമായ ഓണസദ്യയോട് കൂടിയാണ് ഓണാഘോഷങ്ങൾക്ക് അരങ്ങുണരുക. നവംബർ ഏഴു വരെ പരിപാടികൾ നീണ്ടു നിൽക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിൽ നിന്നെത്തുന്ന പ്രമുഖ പാചക വിദഗ്ധനായ കണ്ണന്റെ നേതൃത്വത്തിലാണ് ഐഎസ്സി - എസ്എഫ്സി ഓണസദ്യക്കുള്ള ഒരുക്കങ്ങൾ നടക്കുക. അംഗങ്ങൾ തന്നെയാണ് ഈ വിപുലമായ സദ്യക്കുള്ള ഒരുക്കങ്ങളിൽ പങ്കാളികളാകുന്നതെന്നു പ്രസിഡന്റ് ബിജി എം. തോമസ് അറിയിച്ചു.
സെപ്റ്റംബര് 13ന് പൂക്കള മത്സരം നടക്കും. 15ന് പരമ്പരാഗത ഓണക്കളികളും 17ന് യുവജന ഓണാഘോഷവും നടക്കും. 19ന് പ്രമുഖ ഗായകന് ജാസി ഗിഫ്റ്റ് നയിക്കുന്ന ഓണം ഗ്രാന്റ് മ്യൂസിക്കല് നൈറ്റും നവംബര് ഏഴിന് തിരുവാതിര മത്സരവും അരങ്ങേറും.
60 വർഷങ്ങൾ പൂർത്തിയാക്കുന്ന അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് ഒക്ടോബർ 10ന് തുടക്കം കുറിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
റിയാലിറ്റി ഷോകളിലൂടെ ജനപ്രീതിയാർജിച്ച ഗായകരായ സുഹൈൽ, അമൃത രാജൻ എന്നിവർ നയിക്കുന്ന സംഗീതപരിപാടിയോടെയാണ് ജൂബിലി ആഘോഷങ്ങൾ ആരംഭിക്കുക.
ജനറല് സെക്രട്ടറി ലിംസണ് കെ ജേക്കബ്, ട്രഷറര് ജോണ് ജോസഫ്, എന്റര്ടൈന്മെന്റ് സെക്രട്ടറി കെ.സി. അജിത്, ഓണാഘോഷ കമ്മിറ്റി കണ്വീനര് കുഞ്ചേറിയ ജോസഫ്, എസ്എഫ്സി ഗ്രൂപ്പ് ചെയര്മാന് കെ. മുരളീധരന് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
NRI
അബുദാബി: മാര്ത്തോമ്മാ ഇടവകയിലെ സീനിയര് സിറ്റിസൺ ഫെല്ലോഷിപ്പ്, ഇടവക മിഷൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഒരുക്കുന്ന റിവൈവൽ മീറ്റിംഗ് ശനിയാഴ്ച രാത്രി 7.45ന് മുസഫ ദേവാലയത്തില് നടക്കും.
പ്രമുഖ കണ്വന്ഷന് പ്രസംഗികനും മിഷന് ഇന്ത്യയുടെ സ്ഥാപക അധ്യക്ഷനുമായ ഡോ. ജോർജ് ചെറിയാൻ മുഖ്യസന്ദേശം നൽകും. "ഇടവക, ക്രിസ്തുവിന്റെ ആത്മാവിനാല് ഐക്യപ്പെട്ട കുടുംബം' എന്നതാണ് ചിന്താവിഷയം.
വികാരി റവ. ജിജോ സി. ദാനിയേലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സഹവികാരി റവ. ബിജോ എം. തോമസ് ആശംസപ്രസംഗം നടത്തും. സീനിയർ സിറ്റിസൺ ഫെൽലോഷിപ്പിന്റെയും ഇടവക മിഷന്റെയും സംയുക്ത ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
NRI
അബുദാബി: അബുദാബി മലയാളി സമാജം സംഘടിപ്പിച്ച സമ്മർ ക്യാമ്പ് വേനൽ പറവകൾ വൈവിധ്യമാർന്ന കലാപരിപാടികളോടെ സമാപിച്ചു.
സമാജം പ്രസിഡന്റ് എ.എം. അൻസാറിന്റെ അധ്യക്ഷതയിൽ നടന്ന സമാപനച്ചടങ്ങ് സമാജം കോഓർഡിനേഷൻ ചെയർമാൻ ബി. യേശുശീലൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
സമാജം ജനറൽ സെക്രട്ടറി പി. ടി. റഫീക്, സലിം ചിറക്കൽ, വൈസ് പ്രസിഡന്റ് നസീർ പെരുമ്പാവൂർ, ഗോപകുമാർ, അനുപാ ബാനർജി, കവിത വിനോദ്, നൗഷാദ്, അഭിലാഷ് എന്നിവർ സംസാരിച്ചു.
NRI
അബുദാബി: അബുദാബി മലയാളി സമാജത്തിൽ നടന്ന വാർഷിക പൊതുയോഗം 2026-27 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
എ.എം അൻസാർ (പ്രസിഡന്റ്), നസീർ പെരുമ്പാവൂർ (വൈസ് പ്രസിഡന്റ്), പി.ടി. റഫീഖ് (ജനറൽ സെക്രട്ടറി), അനീഷ് മോൻ അനീഷ് (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
11 അംഗ എക്സിക്യു്ട്ടീവ് സ്ഥാനങ്ങളിലേക്ക് അബ്ദുൽ റിയാസ്, അമീറുദ്ധീൻ, അനീഷ് ഭാസി, അനുപ ബാനർജി, ബിബിൻ ചന്ദ്രൻ, ഹാറൂൺ, ഗോപകുമാർ, രാജേഷ് മഠത്തിൽ, സലിം നൗഷാദ്, ഷിബു കെ ചന്ദ്രൻ, എന്നിവരെയും തെരഞ്ഞെടുത്തു.
രത്നകുമാർ (ഓഡിറ്റർ), സിറാജുദ്ധീൻ (അസിസ്റ്റന്റ് ഓഡിറ്റർ), പ്രസിഡന്റ് സലിം ചിറക്കൽ, അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി സുരേഷ് കുമാർ ടിവി റിപ്പോർട്ടും ട്രഷറർ യാസർ അറാഫത് കണക്കും അവതരിപ്പിച്ചു.
എഡിറ്റർ അഹദ് വെട്ടൂർ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു.
NRI
അബുദാബി: കഠിനാധ്വാനത്തിലൂടെ യുഎഇയുടെ വികസന മുന്നേറ്റത്തിന്റെ ഭാഗമായ സാധാരണക്കാരായ തൊഴിലാളികളെ ഹൃദയത്തോട് ചേർത്തുപിടിച്ച് അബുദാബി.
അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന് മുന്നോടിയായി മുസഫയിലെ ലൈഫ് കെയർ ഹോസ്പിറ്റൽ സംഘടിപ്പിച്ച "ലേബർ ഹീറോ അവാർഡ് 2026' വേദിയിൽ യുഎഇയുടെ തൊഴിലാളിമേഖലയിൽ സജീവമായ 33 പ്രവാസികളെയാണ് ആദരിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇവർക്കിടയിൽ നാല് മലയാളികൾക്കും പുരസ്കാരത്തിളക്കം. ബിജു ചീനക്കണ്ടി (കണ്ണൂർ), നജീബ് ഇബ്രാഹിം (തിരുവനന്തപുരം), മുഹമ്മദ് ബിലാൽ (കൊല്ലം), അമ്പാടിക്കണ്ണൻ മണി (തിരുവനന്തപുരം) എന്നിവരാണ് അംഗീകാരത്തിനർഹരായ മലയാളികൾ.
നാല്പത്തിനായിരത്തിലധികം തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ നിന്ന് ലഭിച്ച 550 നോമിനേഷനുകളിൽ നിന്നാണ് അന്തിമ വിജയികളെ തെരഞ്ഞെടുത്തത്.
ചെറിയ തുടക്കം, വലിയ നേട്ടം; പ്രവാസ മണ്ണിലെ മലയാളി കരുത്ത്
പുരസ്കാര ജേതാക്കളിൽ കണ്ണൂർ കടക്കാട് സ്വദേശിയായ ബിജു ചീനക്കണ്ടിയുടെ ജീവിതം അതിജീവനത്തിന്റെ വലിയൊരു പാഠപുസ്തകമാണ്. ഇരുപത് വർഷം മുൻപ് വെറുമൊരു ബാച്ചിലറായി മെച്ചപ്പെട്ട ജീവിതം തേടി മരുഭൂമിയിലെത്തിയ ബിജു അബുദാബി നാഷണൽ ഹോട്ടൽസിൽ ഓഫീസ് ബോയിയായാണ് പ്രവാസ ജീവിതം തുടങ്ങിയത്.
തോറ്റുകൊടുക്കാൻ തയ്യാറാകാതെ കഠിനാധ്വാനത്തിലൂടെ ഓരോ പടവുകളും ചവിട്ടിക്കയറിയ ബിജു ഇന്ന് അൽ ബറക ഹോൾഡിംഗിന് കീഴിലുള്ള സാദിയാത്ത് ഐലൻഡിലെ ഹിർമാസ് അക്കോമഡേഷൻ വില്ലേജിൽ ഹൗസ് കീപ്പിംഗ് സൂപ്പർവൈസറാണ്.
ബിജുവിനൊപ്പം തന്നെ മംഗലാപുരം സ്വദേശിയായ അബ്ദുൾ ലത്തീഫും വേദിയിൽ ആദരവേറ്റുവാങ്ങി. ലുലു ഗ്രൂപ്പിൽ 15 വർഷം മുൻപ് സെക്യൂരിറ്റി ജീവനക്കാരനായി ജോലി തുടങ്ങിയ അദ്ദേഹം ഇന്ന് നൂറുകണക്കിന് തൊഴിലാളികളുടെ ക്ഷേമം നോക്കുന്ന ക്യാമ്പ് ബോസ് എന്ന പദവിയിലാണ്.
തൊഴിൽ മേഖലയിൽ ദൈനം ദിന സംഭാവനകൾ നൽകുന്നവരാണ് പുരസ്കാര ജേതാക്കളായ മറ്റു മലയാളികളും. തൊഴിൽ തേടി വർഷങ്ങൾക്ക് മുൻപ് യുഎഇയിലെത്തിയ ഇവർക്കു പറയാനുള്ളതും അന്നം നൽകുന്ന നാടിന്റെ അഭിമാന കഥകൾ.
മറ്റൊന്നും പ്രതീക്ഷിക്കാതെ, ചെയ്യുന്ന തൊഴിലിനോട് പൂർണ്ണ ആത്മാർത്ഥതയും കഠിനാദ്ധ്വാനവും പുലർത്തിയതിന്റെ ഭാഗമായാണ് പുരസ്കാരത്തിനായി ഇവരെ തിരഞ്ഞെടുക്കപ്പെട്ടത്.
അതിജീവനത്തിന്റെ വിശ്വഗാഥകൾ; വിയർപ്പൊഴുക്കിയവർക്ക് നാടിന്റെ സല്യൂട്ട്
ഇന്ത്യയ്ക്ക് പുറമെ ഉഗാണ്ട, ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഘാന തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 33 തൊഴിലാളികളാണ് വേദിയിൽ ആദരിക്കപ്പെട്ടത്.
ക്ലീനറായി ജോലി ആരംഭിച്ച് അക്കോമഡേഷൻ ആർട്ടിസ്റ്റ് ആയി മാറിയവരും ഡാറ്റാ എൻട്രി ഓപ്പറേറ്ററിൽ നിന്ന് അഡ്മിൻ തസ്തികയിലേക്ക് ഉയർന്നവരും ഉൾപ്പെട്ട ഈ പട്ടിക അബുദാബിയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിശബ്ദമായി പ്രവർത്തിക്കുന്ന സാധാരണക്കാർക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി മാറി.
ഘാനയിൽ സ്വന്തമായി ഒരു ആർട്ട് ഗ്യാലറി നടത്തിയിരുന്ന ഇവാൻ ഓപോകു അഡാഡെ എന്ന യുവാവ് 2021-ൽ യുഎഇയിൽ എത്തിയത് ഒരു ക്ലീനറായി. ഇവാനിലെ കലാകാരനെ തിരിച്ചറിഞ്ഞ മാനേജ്മെന്റ് എഡിഎൻഎച്ച് കേറ്ററിംഗ് സർവീസിലെ അക്കോമഡേഷൻ കലാകാരനായി അദ്ദേഹത്തെ ഉയർത്തി.
ശ്രീലങ്കൻ സ്വദേശിയായ മേനക രവിനാദയുടെ പുരോഗതിയുടെ കഥയും സമാനം. 2018-ൽ വെറുമൊരു ഡാറ്റാ എൻട്രി ഓപ്പറേറ്ററായി കരിയർ തുടങ്ങിയ രവിനാദ കഠിനാധ്വാനത്തിലൂടെ അഡ്മിൻ ജോലിയിലേക്ക് ഉയർന്നു.
ഓരോ തൊഴിലാളിയും തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ യുഎഇ നൽകുന്ന പിന്തുണയെയും സുരക്ഷിതമായ അന്തരീക്ഷത്തെയും ചടങ്ങിൽ സ്നേഹത്തോടെ സ്മരിച്ചു.
മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം, അബുദാബി പോലീസ്, അബുദാബി മുനിസിപ്പാലിറ്റി, എഡി പോർട്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ സ്റ്റാഫ് അക്കോമഡേഷൻ അതോറിറ്റി എന്നിവയുടെ പൂർണ്ണ സഹകരണത്തോടെയാണ് മുസഫയിലെ ലൈഫ് കെയർ ഹോസ്പിറ്റൽ പുരസ്കാര ചടങ്ങ് അവിസ്മരണീയമാക്കിയത്
International
അബുദാബി: ഇറാന്റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്. കെസാദ് വ്യവസായ മേഖലയ്ക്ക് സമീപമുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മിസൈൽ ആക്രമണം പ്രതിരോധിച്ചെന്നും അവശിഷ്ടങ്ങൾ വീണാണ് അഞ്ചുപേർക്ക് പരിക്കേറ്റതെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ സിവിൽ ഡിഫൻസ് വിഭാഗം തീ പൂർണമായും അണച്ചതായും മേഖലയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമ താവളത്തിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു.
International
അബുദാബി: ഇറാന്റെ മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് രണ്ടുപേർ മരിച്ചു. അബുദാബിയിലെ സ്വൈഹാൻ സ്ട്രീറ്റിലുണ്ടായ സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച പുലർച്ചെ ഇറാനിൽ നിന്ന് തൊടുത്ത ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തിരുന്നു. എന്നാൽ തകർക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രദേശത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും സൈന്യം ആകാശത്തുവെച്ച് തന്നെ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
International
അബുദാബി: ഇറാൻ നടത്തിയ കനത്ത വ്യോമാക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും യുഎഇ. രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചതായും യുഎഇ ഭരണകൂടം വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ യുഎഇ സുസജ്ജമാണെന്നും ഏത് സമയത്തും സുരക്ഷയൊരുക്കാൻ അത്യാധുനിക സംവിധാനങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളെ ആകാശത്ത് വച്ച് തന്നെ പ്രതിരോധിച്ചതായാണ് യുഎഇ അവകാശപ്പെടുന്നത്. ആക്രമണത്തിന്റെ ഭാഗമായി ഇറാന്റെ 186 ബാലിസ്റ്റിക് മിസൈലുകളാണ് യുഎഇ ലക്ഷ്യമാക്കിയെത്തിയത്.
എന്നാൽ ഇതിൽ 172 എണ്ണവും വ്യോമപ്രതിരോധ സേന തകർത്തതായി യുഎഇ ഭരണകൂടം അറിയിക്കുന്നു. 13 എണ്ണം കടലിൽ വീണു. ഒരു മിസൈൽ മാത്രമാണ് രാജ്യത്തിനകത്ത് പതിച്ചത്.
ഇറാൻ ആക്രമണത്തിന് അയച്ച 812 ഡ്രോണുകളിൽ 755 എണ്ണവും ലക്ഷ്യം കാണുന്നതിന് മുൻപായി യുഎഇ സൈന്യം തകർത്തു. 57 ഡ്രോണുകൾ മാത്രമാണ് രാജ്യത്തിനകത്ത് പ്രവേശിച്ചത്.
ഇറാൻ നടത്തിയ ആക്രമണത്തിൽ ഇതുവരെ മൂന്ന് മരണവും 68 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ മിസൈലുകൾ നേരിട്ട് പതിച്ചല്ല ജനങ്ങൾക്ക് പരിക്കേറ്റതെന്നും തകർക്കപ്പെട്ട ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചാണ് ആളുകൾക്ക് പരിക്കേറ്റതെന്നും യുഎഇ അധികൃതർ കൂട്ടിച്ചേർത്തു.
NRI
അബുദാബി: ഭട്കൽ അഞ്ജുമൻ എൻജിനിയറിംഗ് കോളജ് അലുമിനിയുടെ ആഗോള സംഗമമായ "മിലാൻ 2.0'അബുദാബിയിൽ സംഘടിപ്പിച്ചു. 80കളിലെ ബാച്ച് അംഗവും അലുംമ്നി ചെയർമാനുമായ മുഹമ്മദ് അഷ്റഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഇന്ത്യ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നിവയോടൊപ്പം അമേരിക്കയും യൂറോപ്പും ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നായി അറുന്നൂറിലധികം എൻജിനിയർമാർ കുടുംബസമേതം പങ്കെടുത്തു.
പഴയകാല സഹപാഠികൾ സ്മരണകൾ പുതുക്കുന്നതിനൊപ്പം പ്രഫഷണൽ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനും പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനും ചർച്ചകളും നെറ്റ്വർക്കിംഗ് സെഷനുകളും നടന്നു.
കുടുംബാംഗങ്ങൾക്കായി വിപുലമായ കലാ-സാംസ്കാരിക പരിപാടികളും വിനോദ പരിപാടികളും ഒരുക്കിയിരുന്നു.
NRI
അബുദാബി: അബുദാബിയിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. അസാം ബിൻ അബ്ദുൽ ലത്തീഫ്(7) ആണ് മരിച്ചത്.
നേരത്തെ അസാം ബിന്റെ മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു. കൊണ്ടോട്ടി പുളിയക്കോട് സ്വദേശിയും ദുബായിയിൽ വ്യാപാരിയുമായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപെട്ടത്.
അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് നേരത്തെ മരിച്ചത്.
അപകടത്തില് പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും മകൾ ഇസയും നിലവിൽ ചികിത്സയിലാണ്. അബുദാബി - ദുബായി റോഡിൽ ഷഹാമക്കിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.
ദുബായിയിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മരിച്ച നാല് കുട്ടികളുടെയും മൃതദേഹം യുഎഇയില് തന്നെ കബറടക്കും. ബുഷ്റയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
NRI
അബുദാബി: മാർത്തോമ്മാ ഇടവക ഒരുക്കുന്ന കൊയ്ത്തുത്സവം ഞായറാഴ്ച മുസഫ മാർത്തോമ്മാ ദേവാലയാങ്കണത്തിൽ നടക്കും. രാവിലെ 9.30ന് നടക്കുന്ന ആരാധനയ്ക്കും ആദ്യഫല സമർപ്പണത്തിനും ശേഷമാണ് വിളവെടുപ്പുത്സവത്തിന് തുടക്കം കുറിക്കുക
വൈകുന്നേരം മൂന്നിന് വർണാഭമായ വിളംബര ഘോഷയാത്രയോടെ കൊയ്ത്തുത്സവത്തിന്റെ പ്രധാനപരിപാടികൾ ആരംഭിക്കും. വിളവിന്റെയും ദൈവാനുഗ്രഹത്തിന്റെയും സമൃദ്ധി പ്രതിഫലിപ്പിക്കുന്ന മനോഹര ദൃശ്യാവിഷ്കാരങ്ങൾ ഘോഷയാത്രയെ അലങ്കരിക്കും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ അധ്യക്ഷത വഹിക്കും. സഹവികാരി റവ. ബിജോ എബ്രഹാം തോമസ്, ജനറൽ കൺവീനർ ഇ.ജെ. ഗീവർഗീസ്, ജോയിന്റ് ജനറൽ കൺവീനർ ബെൻ എബി തോമസ്, സെക്രട്ടറി മാത്യു ജോർജ്, ട്രസ്റ്റിമാരായ വർഗീസ് മാത്യു, എബി ജോൺ, അത്മായശുശ്രൂഷകൻ ബിജു വർഗീസ് എന്നിവർ പ്രസംഗിക്കും.
പ്രശസ്ത ഗായിക അഞ്ച് ജോസഫും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശ, എസ് ബാൻഡ് ഒരുക്കുന്ന വാദ്യസംഗീതം, ആർട്സ് ഓഫ് അബുദാബി ഓർക്കെസ്ട്രയുടെ സംഗീതവിസ്മയവും ചേരുന്ന - മിഴിവ് 2025 - ഒരു സംഗീതമാമാങ്കം സൃഷ്ടിക്കും.
മാർഗംകളി, ഫോക്ക് ഡാൻസ് തുടങ്ങിയ പാരമ്പര്യ കലാരൂപങ്ങൾ ഉത്സവവേദിയെ വർണാഭമാക്കും. അമ്പതിൽ പരം സ്റ്റാളുകളിലായി കേരളത്തിന്റെ രുചി വൈവിധ്യം പകരുന്ന വിഭവങ്ങൾക്ക് പുറമെ ഭക്ഷണം ചൂടോടെ വിളമ്പുന്ന നിരവധി ലൈവ് കുക്കിംഗ് കൗണ്ടറുകളും തയാറാക്കിയിട്ടുണ്ട്.
യുവജനസഖ്യം ഒരുക്കുന്ന തട്ടുകട, ആകർഷകമായ അലങ്കാരച്ചെടികൾ, ഉപകാരപ്രദമായ നിത്യോപയോഗ സാധനങ്ങൾ, എല്ലാ പ്രായക്കാരെയും ആകർഷിക്കുന്ന വിനോദ മത്സരങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ജിജു കെ. മാത്യു, പി.എസ്. ഷാജി, സുമ ബിജു, സുനിൽ തോമസ്, സന്തോഷ് പി വർഗീസ്, മനോജ് വൈ. സക്കറിയ, അജു പി. ജെയിംസ്, ബിജു വർഗീസ്, വർഗീസ് മാത്യു (ഷിബു), സുജ മെജോ, തോമസ് ടി. കോശി, അഡ്വ. സിൽസി റേച്ചൽ സാമുവൽ, ജോൺസൺ ടി സാമുവൽ, അനു അച്ചൻ കുഞ്ഞു, അലൻ വി മാത്യു, വർഗീസ് മാത്യു, ഡോ. നിമ്മി ജോർജ്, മോൻ മാത്യു ഫിലിപ്പ്, ലിബിൻ ജോൺ ഡാനിയേൽ, സ്റ്റീഫൻ ജോർജ് എന്നിവർ കൺവീനറൻമാരായ വിവിധ കമ്മിറ്റികളാണ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.
റവ. ജിജോ സി. ഡാനിയേൽ (വികാരി), റവ. ബിജോ എബ്രഹാം തോമസ് (സഹ വികാരി), ഇ. ജെ. ഗീവർഗീസ് (ജനറൽ കൺവീനർ), ബെൻ എബി തോമസ് (ജോ. ജനറൽ കൺവീനർ), മാത്യു ജോർജ് (സെക്രട്ടറി), വർഗീസ് മാത്യു (ഷിബു) (ഫിനാൻസ് കൺവീനർ), അബി ജോൺ (ജോയിന്റ് ഫിനാൻസ് കൺവീനർ), ബിജു വർഗീസ് (അത്മായശുശ്രൂഷകൻ), അഡ്വ. സിൽസി റേച്ചൽ സാമുവൽ (പബ്ലിസിറ്റി കൺവീനർ) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
NRI
അബുദാബി: കേരള സോഷ്യൽ സെന്റർ 2025-26 പ്രവർത്തനകാലയളവിലേക്കുള്ള വനിതാവിഭാഗത്തെ തെരഞ്ഞെടുത്തു. സ്മിത ധനേഷ് (ജനറൽ കൺവീനർ), റീന നൗഷാദ്, സബിത എസ്. നായർ, ഹിമ നിധിൻ, നാസിയ ഗഫൂർ, ശ്രീജ ആൻ വർഗീസ് (കൺവീനർ) എന്നിവരാണ് ഭാരവാഹികൾ.
അനു ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയിൽ കൺവീനർ ഗീത ജയചന്ദ്രൻ പ്രവർത്തന വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രിയ ബാലു, ഷൽമ സുരേഷ്, നസീമ അലി എന്നിവർ സംസാരിച്ചു. ജോ. കൺവീനർ പ്രിയങ്ക പ്രിയങ്ക സൂസൻ മാത്യു അനുശോചനപ്രമേയം അവതരിപ്പിച്ചു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി. കെ. മനോജ്, ജനറൽ സെക്രട്ടറി സജീഷ് നായർ, വൈസ് പ്രസിഡന്റ് ആർ. ശങ്കർ എന്നിവർ ആശംസകൾ നേർന്നു.