റീൽസ് ചിത്രീകരണത്തിനിടെ സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് അണക്കെട്ടിലേക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. റക്സ മേഖലയിലെ പർവായ് ഗ്രാമത്തിൽ നിന്നുള്ള പുഷ്പേന്ദ്ര പഹൂജ് എന്ന യുവാവാണ് മുപ്പതടി ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടി അപകടത്തിൽപ്പെട്ടത്.
സുഹൃത്തുക്കൾക്കൊപ്പമാണ് ഇയാൾ അണക്കെട്ട് സന്ദർശിക്കാനെത്തിയത്. സാഹസികമായ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതിനായി വ്യൂ പോയിന്റിലെ സംരക്ഷണ വേലി ലംഘിച്ചാണ് ഇയാൾ താഴേക്ക് എടുത്തുചാടിയത്.
തുടക്കത്തിൽ സുഹൃത്തുക്കൾ തമാശരൂപേണ മുന്നറിയിപ്പ് നൽകിയെങ്കിലും യുവാവ് അത് കൂട്ടാക്കാതെ മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ വിചാരിച്ചത്ര ആഴം വെള്ളത്തിനുണ്ടായിരുന്നില്ല എന്ന കാര്യവും, വെള്ളത്തിനടിയിലെ പാറക്കെട്ടുകളും ഇയാളുടെ ശ്രദ്ധയിൽപ്പെട്ടില്ല.
ഉയർന്ന സ്ഥലത്തുനിന്നും ചാടിയ ഇയാൾ ആഴമില്ലാത്ത ഭാഗത്തെ പാറകളിൽ ചെന്നിടിക്കുകയായിരുന്നു. ഇതോടെ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റു.
അപകടത്തെ തുടർന്ന് കാലുകൾ തളർന്ന് വെള്ളത്തിൽ താഴാൻ തുടങ്ങിയ യുവാവ്, കൈകൾ മാത്രം ഉപയോഗിച്ച് നീന്തി അടുത്തുണ്ടായിരുന്ന ഇരുമ്പ് കമ്പിയിൽ തൂങ്ങിനിൽക്കുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളും കൂടെയുള്ളവരും ചേർന്നാണ് ഇയാളെ പുറത്തെത്തിച്ചത്. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലിസ് സംഘം യുവാവിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പരിക്ക് ഗുരുതരമായതിനാൽ ഒരു കാലിൽ ശസ്ത്രക്രിയ നടത്തുകയും എല്ലുകൾ കൂട്ടിയോജിപ്പിക്കുന്നതിനായി ഇരുമ്പ് റോഡ് ഘടിപ്പിക്കുകയും ചെയ്തു.
രണ്ടാമത്തെ കാലിനും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ്. ഇത്തരം അപകടകരമായ പ്രവൃത്തികൾ ഇനി ആവർത്തിക്കില്ലെന്ന് ആശുപത്രിയിൽ കഴിയുന്ന യുവാവ് വ്യക്തമാക്കി.
താത്കാലിക പ്രശസ്തിക്കായി ജീവൻ പണയം വെച്ച് സ്റ്റണ്ടുകൾ നടത്തുന്ന പ്രവണതകൾക്കെതിരെ വലിയ രീതിയിലുള്ള മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്. എന്നാൽ ഇയാൾക്കെതിരെ പൊലിസ് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തത വന്നിട്ടില്ല.