കൊച്ചി: മകന്റെ അപകടമരണവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിലെ അപാകത ചൂണ്ടിക്കാട്ടി പിതാവ് ഡിജിപിക്കു നല്കിയ നിവേദനത്തില്‍ 30 ദിവസത്തിനകം നടപടിയെടുക്കണമെന്ന് ഹൈക്കോടതി.
2023 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ച വൈശാഖ് വിശ്വത്തിന്റെ പിതാവ് തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി എ.ആര്. വിശ്വന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് ജി. ഗിരീഷിന്റെ ഉത്തരവ്. ആവശ്യമെങ്കില്‍ ഹര്‍ജിക്കാരനെക്കൂടി കേട്ട് തീരുമാനമെടുക്കാനാണു നിര്‍ദേശം.
വൈശാഖ് സഞ്ചരിച്ചിരുന്ന ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. വൈശാഖിന്റെ പിഴവാണ് അപകടകാരണമെന്നാണ് വാഴക്കുളം പോലീസിന്റെ റിപ്പോര്‍ട്ട്.
എന്നാല്‍, പോലീസ് അന്വേഷണത്തില്‍ അപാകതകളുണ്ടെന്നും തൃപ്തികരമായ അന്വേഷണമല്ല നടക്കുന്നതെന്നും പിക്കപ്പ് ജീപ്പിന്റെ അമിത വേഗതയാണ് അപകടകാരണെന്നും ചൂണ്ടിക്കാട്ടി ഡിജിപിക്കു നിവേദനം നല്‍കിയിട്ടും നടപടിയില്ലാതിരുന്നതിനെ തുടര്‍ന്നാണ് വിശ്വൻ കോടതിയെ സമീപിച്ചത്.