ആലുവ: അങ്കമാലിയിൽ വിദ്യാർഥിനി ജാസ്ലിയയുടെ ജീവനെടുത്ത കാറപകടത്തിന്റെ അന്വേഷണത്തിൽ അങ്കമാലി പോലീസിന് ക്ലീൻചിറ്റ് നൽകി ആലുവ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ട്. പ്രതിയെ പിടികൂടുന്നതിൽ പോലീസിനു വീഴ്ച സംഭവിച്ചിട്ടില്ലെന്നും നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുവെന്നുമുള്ള റിപ്പോർട്ടാണ് റൂറൽ എസ്പിക്ക് നൽകിയത്.
പ്രതിക്ക് ഒളിവിൽ പോകാൻ അങ്കമാലി പോലീസ് ഒത്താശ ചെയ്തുവെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് അന്വേഷണത്തിനായി എസ്പി ആലുവ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയത്. എന്നാൽ പ്രതി ഡോ. സിറിയക് ജോർജ് പോലീസിന്റെ കണ്ണുവെട്ടിച്ചാണ് കടന്നുകളഞ്ഞതെന്നും പ്രതിയെ പിടികൂടാൻ കൃത്യമായി പരിശോധന നടത്തിയെന്നുമാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.
അങ്കമാലി മോർണിംഗ് സ്റ്റാർ കോളജിലെ രണ്ടാംവർഷ ബി കോം വിദ്യാർഥിനി ജാസ്ലിയ ജോൺസൺ ഫെബ്രുവരി 28ന് പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാറപകടത്തിൽ കൊല്ലപ്പെട്ടത്. പ്രതി സിറിയക് ജോർജ് ഓടിച്ച കാർ അമിതവേഗത്തിലെത്തി ജാസ്ലിയയെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ ഓടിച്ചുപോകുകയായിരുന്നു.
പ്രതി സിറിയക് ജോർജിനെ സംഭവം നടന്ന് ആറു ദിവസത്തിനു ശേഷം പോലീസ് വാഗമണ്ണിലെ റിസോർട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ചാലാക്ക മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് ജോർജ്, സഹപാഠി അക്ഷയ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. സിറിയക് ആണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ പേരിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. വാഹനവും പിടിച്ചെടുത്തിരുന്നു.
Tags : nattu vishesham Jaslia's accidental death