ആഥൻസ്: ഗ്രീക്ക് തലസ്ഥാനമായ ആഥൻസിലെ ചരിത്രസ്മാരകമായ അക്രോപൊളിസിനു സമീപമുണ്ടായ ഉഗ്ര സ്ഫോടനത്തിൽ കെട്ടിടം തകർന്ന് ആറു പേർ മരിച്ചതായി സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നതെങ്കിലും ഇന്നലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ആഥൻസിൽ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായ ആക്രോപൊളിസിനും ഒളിന്പ്യൻ സ്യൂസിന്‍റെ ക്ഷേത്രത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ചെറിയ റോഡിനു സമീപം മൂന്നുനില കെട്ടിടമാണ് സ്ഫോടനത്തിൽ പൂർണമായി തകർന്നത്. വാതകച്ചോർച്ചയാണ് സ്ഫോടനത്തിനു കാരണമെന്ന് അനുമാനിക്കുന്നു.
കെട്ടിടത്തിൽ ടൂറിസ്റ്റുകളെ വാടകയ്ക്കു താമസിപ്പിച്ചിരുന്നു. നാല് അമേരിക്കൻ ടൂറിസ്റ്റുകൾ, ഒരു ബ്രിട്ടീഷുകാരൻ, ഒരു ഗ്രീക്കുകാരൻ എന്നിവരാണ് മരിച്ചത്. ഉഗ്രസ്ഫോടനത്തിൽ കെട്ടിടം പൂർണമായി തകർന്നതിനു പുറമേ സമീപത്തും വലിയ നാശനഷ്ടങ്ങളുണ്ടായി.