കൊച്ചി: പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ലുലു ഗ്രൂപ്പ് കേരളത്തിൽനിന്നു മാത്രം 5200 മെട്രിക് ടണ്ണിലധികം കാർഷികോത്പന്നങ്ങൾ കയറ്റിയയച്ചു. പ്രവാസമേഖലയിലേക്ക് പ്രതിമാസം നാലു ചാർട്ടേഡ് വിമാന സർവീസുകളാണ് ലുലു ഗ്രൂപ്പ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് മാത്രം ഓപ്പറേറ്റ് ചെയ്യുന്നത്.
ഇതിലൂടെ പ്രതിമാസം 320 ടണ്ണിലധികം പഴം, പച്ചക്കറി വിഭവങ്ങൾ ലുലുവിന്റെ കയറ്റുമതി വിഭാഗമായ ഫെയർ എക്സ്പോർട്ട് വഴി ജിസിസി രാജ്യങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. നാഷണൽ എയർവേസിന്റെ പ്രത്യേക ചാർട്ടേഡ് വിമാനമാണ് ലുലു സർവീസ് നടത്തുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ലുലുവിന്റെ കാർഗോ സർവീസ് വഴിയുള്ള കയറ്റുമതി തുടരുകയാണ്. പഴം, പച്ചക്കറി വിഭവങ്ങൾക്ക് പുറമേ ഇറച്ചി, മീൻ വിഭവങ്ങളും കയറ്റി അയയ്ക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം വരെ 3094 മെട്രിക് ടൺ പഴം പച്ചക്കറി, കാർഷികോത്പന്നങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കാർഗോ ഷിപ്പുകളിലൂടെയും ലുലു ഫെയർ എക്സ്പോർട്സ് പ്രവാസലോകത്ത് എത്തിച്ചു. ഇതിൽ 2,951 മെട്രിക് ടൺ വിമാനമാർഗമാണ് എത്തിച്ചത്. 36 ചാർട്ടേഡ് വിമാസ സർവീസുകൾ വഴിയുള്ള ഓപ്പറേഷനിലൂടെ മാത്രം 851 മെട്രിക് ടൺ പഴം, പച്ചക്കറി വിഭവങ്ങൾ ജിസിസിയിൽ എത്തി. ഷിപ്മെന്റ് വഴിയുള്ള കാർഗോകളിലൂടെ 143 മെട്രിക് ടൺ കാർഷിക വിഭവങ്ങളും പ്രവാസലോകത്ത് എത്തി.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ നിർദേശാനുസരണം ലുലു ഫെയർ എക്സ്പോർട്ട് ആസൂത്രണം ചെയ്ത പദ്ധയിലൂടെയാണ് പ്രവാസമേഖലയിലേക്കുള്ള ഭക്ഷ്യോത്പന്നങ്ങളും കാർഷിക വിഭവങ്ങളുടെയും കയറ്റുമതി കൂടുതൽ വേഗത്തിലാക്കിയത്.