തിരുവനന്തപുരം: എയ്ഡഡ് മേഖലയിൽ 2024-25 അധ്യയന വർഷം വരെ നടത്തിയ നിയമനങ്ങളിൽ തീർപ്പാക്കാതെ കിടക്കുന്ന ഫയലുകളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിനായി സംസ്ഥാനത്ത് മേഖലാതല ഫയൽ അദാലത്തുകൾ സംഘടിപ്പിക്കുന്നു. ദക്ഷിണ, മധ്യ, ഉത്തര മേഖലകളായി തിരിച്ച് മൂന്ന് കേന്ദ്രങ്ങളിലായി അദാലത്ത് നടത്തുമെന്നു മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ ഉള്ള നിയമനാംഗീകാര ഫയലുകളിൽ നിയമാനുസൃതമായ തീരുമാനം കൈക്കൊള്ളുന്നതിനും, പുതുതായി ലഭിക്കുന്ന പരാതികൾ പരിശോധിച്ച് പരിഹരിക്കുന്നതിനുമാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകൾക്കായി ദക്ഷിണമേഖല അദാലത്ത് ഈ മാസം 23ന് രാവിലെ 10ന് തിരുവനന്തപുരം ശിക്ഷക് സദനിൽ നടക്കും.
ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകൾക്കായി മധ്യമേഖല അദാലത്ത് 27ന് രാവിലെ 10ന് എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കായി ഉത്തരമേഖല അദാലത്ത് കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിൽ 29 നാണ് ക്രമീകരിച്ചിരിക്കുന്നത്.