കാലഹരണപ്പെട്ട റവന്യു, വനം, പരിസ്ഥിതി നിയമങ്ങൾ പൊളിച്ചെഴുതാനുള്ള ആർജവം ഈ ബജറ്റിലൂടെ പ്രകടിപ്പിക്കുമെന്നാണ് കേരളത്തിലെ കർഷകരും പൊതുസമൂഹവും പ്രതീക്ഷിക്കുന്നത്. നിർമാണം, ലൈസൻസ്, പട്ടയം തുടങ്ങിയ നൂലാമാലകളും സാങ്കേതിക തടസങ്ങളും പുതിയ നിയമങ്ങളുണ്ടാക്കി ജനോപകാരപ്രദമാക്കണം. വികലവും വിചിത്രവുമായ മുൻ കോടതി വിധികൾ അടിസ്ഥാനമാക്കാതെ പ്രായോഗിക നടപടികളാണ് വേണ്ടത്.
•കൈവശം വച്ച് അധ്വാനിക്കുന്ന മണ്ണ് സ്വന്തമാക്കാനുള്ള അവകാശം കർഷകനുള്ളതാണ്. പട്ടയം നിക്ഷേധിക്കപ്പെടുന്നവരുടെ മുറവിളിക്ക് നിവൃത്തിയുണ്ടാക്കണം. കരിനിയമങ്ങൾക്കും കടുംപിടിത്തങ്ങൾക്കും ഇനി പ്രസക്തിയില്ല.
•കേരളത്തിൽ ഇനി വനവിസ്തൃതി കൂട്ടേണ്ടതില്ല. വന്യജീവികളെ ഉൾവനത്തിലെ കോർ സോണിൽനിന്ന് പുറത്തേക്കു വരാൻ അനുവദിക്കരുത്. കോർ സോണിനു ചുറ്റുമുള്ള ബഫർ സോണും കടന്ന് പുറത്തുള്ള ടൂറിസ്റ്റ് സോണിലേക്കോ മനുഷ്യവാസ സെറ്റിൽമെന്റിലേക്കോ ഒരു വന്യമൃഗവും കടക്കാൻ പാടില്ല. കോടികൾ മുടക്കി നിർമിച്ച വനഭിത്തിയും കിടങ്ങുവേലിയും അപ്പപ്പോൾ അറ്റകുറ്റപ്പണികൾ ചെയ്തു സുരക്ഷിതമാക്കണം.
•പാർക്കാനും മേയാനും ഓരോ വന്യജീവിക്കും നിശ്ചിത ആവാസവിസ്തൃതി ആവശ്യമുണ്ട്. ഇത് മാനദണ്ഡമാക്കി മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കണം. പെരുകി അധികമാകുന്നവയെ അധികാരികൾതന്നെ കൊന്ന് എണ്ണം പരിമിതപ്പെടുത്തണം.
•വനാതിർത്തിയിലും വന്യമൃഗ ഭീഷണിയിലും കഴിയുന്നവരുടെ ജീവനും സ്വത്തിനും സർക്കാർ ഇൻഷ്വറൻസ് ഏർപ്പെടുത്തണം. ജീവനോ സ്വത്തോ നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം തുച്ഛമാണ്. മോട്ടോർ വാഹന കോടതിയിലേതുപോലെ മരണമോ പരിക്കോ സംഭവിക്കുന്നവരുടെ പ്രായം, ബാധ്യത, സാഹചര്യം എന്നിവ അടിസ്ഥാനമാക്കി കുടുംബം അന്യാധീനപ്പെടാത്ത തോതിൽ നഷ്ടപരിഹാരം നൽകണം.
•റീ ബിൽഡ് കേരള പദ്ധതിയിൽ വനാതിർത്തിയിലെ കൃഷിഭൂമി വിലയ്ക്കെടുക്കുന്ന വനംവകുപ്പിന്റെ നയം ശരിയല്ല. തലമുറകളുടെ അധ്വാനം നിസാര വിലയ്ക്ക് വാങ്ങി കർഷകരെ പെരുവഴിലാക്കുന്നത് കാടൻനയമാണ്. കാട്ടുമൃഗത്തെ വനത്തിലടയ്ക്കേണ്ട ചുമതല സർക്കാരിനുള്ളതാണ്. കർഷകന് സ്വന്തം മണ്ണിൽ അന്തസായി ജീവിക്കാനുള്ള അവകാശത്തെ ധ്വംസിക്കരുത്. കാട്ടുമൃഗത്തെ പാർപ്പിക്കാൻ കർഷകനെ സ്വന്തം പാർപ്പിടത്തിൽനിന്ന് ഇറക്കിവിടുന്നത് അനീതിയും ക്രൂരതയുമാണ്.
•വന്യമൃഗം നാട്ടിലിറങ്ങിയാൽ വെടിവയ്ക്കാനുള്ള അനുമതി വനംവകുപ്പിനു മാത്രം പരിമിതപ്പെടാതെ തഹസിൽദാർ ഉൾപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്കും നൽകണം. കൃഷിനാശം വരുത്തുന്ന കാട്ടുപന്നി പോലുള്ള ക്ഷുദ്രജീവികളെ വെടിവയ്ക്കാനുള്ള അനുമതി ഉദാരമാക്കണം.
•വിത്തുണ്ടകൾ വനാതിർത്തിയിൽ നിക്ഷേപിക്കുന്നത് നേട്ടത്തേക്കാൾ കോട്ടമാണുണ്ടാക്കുക. വിത്തുണ്ടകൾ ഡ്രോണ്‍ പോലുള്ള സംവിധാനത്തിൽ ഉൾവനത്തിൽ നിക്ഷേപിച്ചാൽ അവിടെ ഫലവൃക്ഷങ്ങളുണ്ടായി മൃഗങ്ങൾക്ക് ഉൾക്കാട്ടിൽ തീറ്റയാകും. അവ പുറത്തേക്ക് വരില്ല.
•കർഷകരുടെ സൗകര്യത്തിനും കൃഷിയുടെ ഉന്നമനത്തിനും താലൂക്കു തോറും മണ്ണു പരിശോധനാ കേന്ദ്രം സ്ഥാപിക്കണം. ഏറെപ്പേർക്ക് ജോലിയും ലഭിക്കും. നിലവിലെ സൗകര്യം തീരെ പരിമിതമാണ്.
•കാലിവളർത്തൽ കൃഷി അനുബന്ധ തൊഴിലാണെന്നിരിക്കെ ആടുമാടുകളെ വളർത്താൻ ഉദാരമായ സഹായം നൽകണം. ഇക്കാലത്ത് ഒന്നോ രണ്ടോ പശുക്കളെ വളർത്തുക സാന്പത്തികമായി നേട്ടമല്ല. കൂടുതൽ പശുക്കളുള്ള ഫാമുകളാണ് ആവശ്യം. എന്നാൽ 20 പശുക്കൾക്കുമേൽ ഫാം ലൈസൻസ് വേണമെന്ന നിയമം മാറ്റണം. നൂറു പശുക്കളെ വരെ വളർത്താൻ ലൈസൻസ് ഒഴിവാക്കണം.
•വെറ്ററിനറി ഡോക്ടർമാരുടെ സേവനം കൂടുതൽ അനിവാര്യമാക്കണം. വേണ്ടിടത്തോളം ഡോക്ടർമാരെയും ജീവനക്കാരെയും നിയോഗിക്കണം. ഇളവുകളോടെ മരുന്നുകൾ ലഭ്യമാക്കുകയും വേണം.
ഫാ. തോമസ് മറ്റമുണ്ടയിൽ ഇൻഫാം ദേശീയ ചെയർമാൻ

മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ആദ്യബജറ്റിൽ എയ്ഡഡ് സ്കൂളുകളോടുള്ള സർക്കാരിന്റെ സമീപനം പുനഃപരിശോധിക്കുന്ന നടപടിയുണ്ടാകണം. എംപി, എംഎൽഎ, ത്രിതല പഞ്ചായത്ത് ഫണ്ടുകൾ ഗവൺമെന്റ് സ്കൂളുകൾക്ക് ഉപയോഗിക്കുന്നതുപോലെ എയ്ഡഡ് സ്കൂളുകൾക്കും ഉപയോഗിക്കുന്ന രീതി നടപ്പിലാക്കുക എന്നത് എയ്ഡഡ് മേഖലയുടെ നിലനിൽപ്പിനുതന്നെ ആവശ്യമാണ്. ബസ് വാങ്ങാനും കെട്ടിടനിർമാണത്തിനും മറ്റും ഇത് അത്യാവശ്യമാണ്. എയ്ഡഡ് സ്കൂൾ മേഖല കാത്തിരിക്കുന്ന മറ്റു പ്രധാന ആവശ്യങ്ങൾ ഇവയാണ്:
• അധ്യാപക-വിദ്യാർഥി അനുപാതം കാലാനുസൃതമായി പുതുക്കുക. 9, 10 ക്ലാസുകളിൽ 1:40, എൽപി 1:25, യുപി 1:30 എന്ന ക്രമത്തിൽ അനുപാതം പുനക്രമീകരിച്ച് തസ്തികനഷ്ടം സംഭവിക്കാതെ അധ്യാപകരെ നിലനിർത്തുക.
•ആറാം പ്രവൃത്തിദിവസത്തിനു ശേഷം സ്കൂളുകളിൽനിന്നു വിടുതൽ വാങ്ങുന്ന കുട്ടികളെ എണ്ണത്തിൽ കുറയ്ക്കുന്നതുപോലെ ആറാം പ്രവൃത്തിദിനത്തിനുശേഷം സ്കൂളിലേക്ക് എത്തുന്ന കുട്ടികളെയും എണ്ണത്തിൽ പരിഗണിക്കണം.
• ഗവൺമെന്റ് സ്കൂളുകളിലെ അപ്പോയിൻമെന്റ് പാസാകുന്ന വേഗത്തിൽ തന്നെ എയ്ഡഡ് സ്കൂളുകളിലെയും അപ്പോയിൻമെന്റുകൾ അംഗീകരിച്ചു നൽകുകയും നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുകയും വേണം.
• എയ്ഡഡ് സ്കൂളുകൾക്ക് എസ്എസ്കെ ഗ്രാന്റും സർക്കാർ ഫണ്ടുകളും ലഭിക്കാൻ അവസരമുണ്ടാക്കണം.
• കാലഹരണപ്പെട്ട ഐടി അനുബന്ധ ഉപകരണങ്ങൾ ഒഴിവാക്കി പുതിയവ ലഭ്യമാക്കണം.
• ടെക്സ്റ്റ് ബുക്കുമായി ബന്ധപ്പെട്ട പൂർവകാല സാമ്പത്തിക ബാധ്യതകൾ എഴുതിത്തള്ളണം.
•ഭീമമായ വിലവർധന മൂലം ഉച്ചഭക്ഷണത്തിന് ഒരു കുട്ടിക്ക് നൽകുന്ന തുക രണ്ടു രൂപയെങ്കിലും കൂട്ടണം
• പത്താം ക്ലാസ് വരെ എല്ലാ വിദ്യാർഥികൾക്കും പുസ്തകം, യുണിഫോം, ഉച്ചഭക്ഷണം നിർബന്ധമായും സൗജന്യമായും നൽകുന്നതിന് തുക വകയിരുത്തണം.
•കളിസ്ഥലം നിലവിലുള്ള വിദ്യാലയങ്ങളിലെല്ലാം ടർഫ് നിർമിക്കുന്നതിന് എംഎൽഎ ഫണ്ട് വകയിരുത്തണം.
ഫാ. ജോർജ് പുല്ലുകാലായിൽ (പാലാ രൂപത കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസി സെക്രട്ടറി)

വാസയോഗ്യമായ വീടുള്ള സ്ഥലമുള്‍പ്പടെയുള്ള ഭൂമിയുടെ നികുതിനിര്‍ണയത്തില്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ വര്‍ധനയും പരിഷ്കാരവും പുനര്‍വിചിന്തനം നടത്തേണ്ടത് അനിവാര്യമാണ്.
സംസ്ഥാന ബജറ്റില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണം. സാധാരണക്കാരായ ലക്ഷക്കണക്കിനു കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്നമാണിത്.
കാര്‍ഷികോത്പന്നങ്ങളുടെ നിലവാര സൂചികയും ജീവിതനിലവാര സൂചികയും കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും ഉള്‍പ്പെടെ ഒരോ പ്രദേശത്തിന്റെയും പാരിസ്ഥിതിക ഘടനയും മാറ്റങ്ങളും, കൂടെ മറ്റിതര ഘടകങ്ങളും കണക്കിലെടുത്തു വേണം വസ്തുവിന്റെയും കെട്ടിടത്തിന്റെയും നികുതിനിര്‍ണയം നടത്താൻ.
ഈ രീതിയില്‍ നികുതി ഘടനയില്‍ സമഗ്രമായ പൊളിച്ചെഴുത്തും പരിഷ്കാരവും ഉണ്ടാകണം. താലൂക്ക് വികസന സമിതികളില്‍ ചര്‍ച്ച ചെയ്ത് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിച്ച് നികുതി നിര്‍ണയിച്ചാല്‍ പ്രാദേശിക പ്രശ്നങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തുവാന്‍ സാധിക്കും.
-ടോമിച്ചന് സ്കറിയ ഐക്കര കര്‍ഷകവേദി
Tags : surprise budget Vismaya Budget Aided School Land taxation Outdated black laws