ഇന്ത്യയെപ്പോലെ അതിവിശാലവും മത്സരാധിഷ്ഠിതവുമായ ഒരു ജനാധിപത്യത്തിൽ, പൊതുജനവിശ്വാസം നേടിയെടുക്കുകയെന്നത് ഏറെ ദുഷ്കരമാണ്. ദീർഘകാലം ആ വിശ്വാസം നിലനിർത്തുകയെന്നതാകട്ടെ അതിലേറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. എന്നാൽ, നിരന്തരമായ രാഷ്ട്രീയ വിമർശനങ്ങളും സൂക്ഷ്മമായ പൊതുജന നിരീക്ഷണവും അതിജീവിച്ച്, നരേന്ദ്ര മോദി ജനങ്ങളുടെ വിശ്വാസം ആർജിക്കുന്നത് തുടരുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരണത്തിലിരുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന റിക്കാർഡിലൂടെ, അദ്ദേഹം ജനാധിപത്യ ചരിത്രത്തിലെ തന്നെ ഒരു സുപ്രധാന നാഴികക്കല്ലാണ് പിന്നിടുന്നത്.
ഇന്ത്യയുടെ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ളവരാണെങ്കിലും, അടിയന്തരാവസ്ഥയിലൂടെ രാഷ്ട്രീയ അവബോധം രൂപപ്പെട്ട തലമുറയിൽപ്പെട്ടവരാണ് ഞാനും പ്രധാനമന്ത്രി മോദിയും. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും നേരേയുള്ള ആക്രമണങ്ങൾക്ക് നേരിട്ട് സാക്ഷ്യം വഹിച്ച ഞങ്ങൾ അവ പുനഃസ്ഥാപിക്കാനായി പ്രവർത്തിച്ച പ്രസ്ഥാനത്തിൽ അണിചേർന്നു. ഞങ്ങളിൽ പലർക്കും, ആ പോരാട്ടം കേവലമൊരു രാഷ്ട്രീയ പ്രവർത്തനമായിരുന്നില്ല, മറിച്ച് പൊതുജീവിതത്തെയും ജനാധിപത്യ മൂല്യങ്ങളെയും കുറിച്ചുള്ള നമ്മുടെ ധാരണകളെ രൂപപ്പെടുത്തിയ ഒരു മൗലികാനുഭവമായിരുന്നു.
►പ്രധാനമന്ത്രിയുടെ പ്രയാണം ധാരണ തിരുത്തി
രാജ്യത്തെ ഏറ്റവും ഉയർന്ന പദവികൾ സ്വാധീനമുള്ള രാഷ്ട്രീയ കുടുംബങ്ങളിൽ ജനിച്ചവർക്കോ ആഢ്യരായ ചുരുക്കം ചിലർക്കോ മാത്രമായി നീക്കിവച്ചിരിക്കുന്നു എന്ന ഒരു ധാരണ പതിറ്റാണ്ടുകളായി നിലനിന്നിരുന്നു. പ്രധാനമന്ത്രി മോദിയുടെ പ്രയാണം ആ ധാരണയെ തിരുത്തിക്കുറിച്ചു. എളിയ നിലയിൽനിന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന തെരഞ്ഞെടുക്കപ്പെട്ട പദവിയിലേക്ക് ഉയർന്ന അദ്ദേഹം, കോടിക്കണക്കിന് യുവ ഇന്ത്യക്കാർക്ക്, വിശിഷ്യാ സാധാരണ ജീവിത പശ്ചാത്തലങ്ങളിൽനിന്ന് വളർന്നു വരുന്നവർക്ക് പ്രചോദനത്തിന്റെ ഉറവിടമായി മാറി.
ഊർജസ്വലമായ ഒരു ജനാധിപത്യത്തിൽ, ദൃഢനിശ്ചയം, കഠിനാധ്വാനം, പ്രതിഭ എന്നിവയ്ക്ക് കുടുംബ പശ്ചാത്തലങ്ങളുടെ പരിമിതികളെ മറികടക്കാൻ കഴിയുമെന്ന വിശ്വാസത്തെ അദ്ദേഹത്തിന്റെ വിജയഗാഥ ഊട്ടിയുറപ്പിക്കുന്നു. ആ അർഥത്തിൽ, ഈ നാഴികക്കല്ല് ഒരു വ്യക്തിഗത നേട്ടം മാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയുടെയും ജനങ്ങൾക്ക് അവരുടെ നേതാക്കളെ തെരഞ്ഞെടുക്കാനും ആവർത്തിച്ച് പിന്തുണയ്ക്കാനുമുള്ള സ്വാതന്ത്ര്യത്തിന്റെയും സ്ഥിരീകരണം കൂടിയാണ്.
►ജനക്ഷേമം ഉറപ്പാക്കുന്നതിനുള്ള മാർഗം
ഡോ. റാം മനോഹർ ലോഹ്യ, ലോക്നായക് ജയപ്രകാശ് നാരായണൻ തുടങ്ങി ഒട്ടേറെ മഹാന്മാരായ സോഷ്യലിസ്റ്റ് നേതാക്കളുടെ അനുയായി എന്ന നിലയിൽ, ജനക്ഷേമം ഉറപ്പാക്കുന്നതിനുള്ള ഒരു മാർഗമായിട്ടാണ് ഞാൻ രാഷ്ട്രീയത്തെ എന്നും വീക്ഷിച്ചിട്ടുള്ളത്. ദാരിദ്ര്യത്തിൽനിന്ന് കരകയറാനും അന്തസോടെ ജീവിക്കാനും ജനങ്ങളെ സഹായിക്കുക എന്നത് ഏതൊരു രാഷ്ട്രീയ നേതാവിന്റെയും ഉയർന്ന മുൻഗണനയായിരിക്കണം. ഇക്കാര്യത്തിൽ, പ്രധാനമന്ത്രി മോദിക്ക് ശ്രദ്ധേയമായ ഒരു റിക്കാർഡുണ്ട്. ദാരിദ്ര്യ നിർമാർജനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, എൻഡിഎ സർക്കാർ 25 കോടി പേരെയാണ് ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചത്.
ശൗചാലയങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ, പാർപ്പിടങ്ങൾ, പാചക വാതക കണക്ഷനുകൾ, പൈപ്പ് വെള്ളം, ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ തുടങ്ങി നിരവധി അടിസ്ഥാന ആവശ്യകതകൾ കോടിക്കണക്കിന് ജനങ്ങളിലേക്ക് ഇന്ന് എത്തിച്ചേർന്നിട്ടുണ്ട്. പട്ടികജാതി- പട്ടികവർഗ- പിന്നാക്ക വിഭാഗങ്ങൾ, അതി പിന്നാക്ക വിഭാഗങ്ങൾ, വനിതകൾ, ദരിദ്ര കുടുംബങ്ങൾ, വികസന പദ്ധതികളുടെ പ്രഥമ ഗുണഭോക്താക്കൾ എന്നിവരിൽ വലിയൊരു വിഭാഗം ഇപ്പോൾ ഇന്ത്യയുടെ വളർച്ചാഗാഥയിൽ സജീവ പങ്കാളികളായി സ്വയം അവരോധിക്കാൻ തുടങ്ങിയിരിക്കുന്നു. വിവിധ പദ്ധതികളിലൂടെ യുവാക്കൾ പുതിയ സംരംഭകത്വ അവസരങ്ങൾ കണ്ടെത്തുന്നു. ദേശീയ പുരോഗതിയിൽ പങ്കാളികളാകാൻ പാർശ്വവത്കരിക്കപ്പെട്ടതോ മുമ്പ് ഒഴിവാക്കപ്പെട്ടതോ ആയ വിഭാഗങ്ങൾക്ക് തുല്യ അവസരങ്ങൾ ലഭിക്കുന്നത്, സാമൂഹിക നീതി പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല.
►വികസന ഉദ്യമങ്ങളുടെ കേന്ദ്രബിന്ദുവായി വനിതകൾ
പ്രധാനമന്ത്രി മോദി വനിതാക്ഷേമത്തിനും അന്തസിനും നൽകുന്ന പ്രാധാന്യത്തിന് ഞാൻ നേരിട്ട് സാക്ഷിയാണ്. അദ്ദേഹത്തിന്റെ പല പദ്ധതികളിലൂടെയും വനിതകൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുക മാത്രമല്ല അവരുടെ ദൈനംദിന ജീവിതത്തിലെ പ്രയാസങ്ങൾ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. വികസന ഉദ്യമങ്ങളുടെ കേന്ദ്രബിന്ദുവായി വനിതകൾ മാറുമ്പോൾ, സമൂഹം അതിദ്രുതം പുരോഗതി പ്രാപിക്കുന്നു എന്നത് ബിഹാറിലെ എന്റെ അനുഭവമാണ്. ബിഹാറിലെ നമ്മുടെ ‘ജീവിക’ പരീക്ഷണത്തിന്റെ വിജയങ്ങൾ ഇപ്പോൾ ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്നു എന്നതിൽ ഒട്ടും അതിശയമല്ല.
►മോദിയുടെ നേതൃത്വത്തിന്റെ സവിശേഷത
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിന്റെ നിർവചനീയമായ ഒരു സവിശേഷത, പൗരന്മാരുടെ ജീവിതത്തെ നേരിട്ട് മെച്ചപ്പെടുത്തുന്ന പ്രായോഗിക ഫലങ്ങളാക്കി ഭരണനിർവഹണത്തെ മാറ്റുന്നതിന് അദ്ദേഹം നൽകുന്ന പ്രാധാന്യമാണ്. ക്ഷേമ പദ്ധതികളിലായാലും അടിസ്ഥാന സൗകര്യ വികസനത്തിലായാലും പൊതു സേവന വിതരണത്തിലായാലും കാര്യക്ഷമത, സുതാര്യത, ഉത്തരവാദിത്വം എന്നിവയിൽ അദ്ദേഹം സദാ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സാങ്കേതികവിദ്യയുടെ വിപുലമായ ഉപയോഗം, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ എന്നിവയിലൂടെ, നയരൂപീകരണത്തിനും നിർവഹണത്തിനും മധ്യേയുള്ള വിടവ് ഗണ്യമായി കുറയ്ക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്.
സർക്കാർ ആനുകൂല്യങ്ങൾ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തുകയും ചോർച്ച കുറയുകയും ചെയ്യുമ്പോൾ, സ്ഥാപനങ്ങളിലുള്ള പൊതുജന വിശ്വാസം ശക്തിപ്പെടുന്നു. പൗരന്മാരുമായുള്ള പ്രധാനമന്ത്രിയുടെ നിരന്തര ഇടപെടലും ആശയവിനിമയവും ഈ വിശ്വാസം കൂടുതൽ മെച്ചപ്പെടുത്തുന്നു, ഇത് സർക്കാരും ജനങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം വളർത്തിയെടുക്കാൻ സഹായിക്കുന്നു.
►25 വർഷത്തെ സേവനം
ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലുള്ള സുദീർഘവും വിജയകരവുമായ കാലഘട്ടം പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീയ യാത്രയുടെ അവിഭാജ്യഘടകമാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ നേതൃത്വത്തിൽ അദ്ദേഹം 25 വർഷത്തെ തുടർച്ചയായ സേവനം ഉടൻ പൂർത്തിയാക്കും. ദേശീയ, സംസ്ഥാന തലങ്ങളിലെ ഈ അനുഭവം, സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. സഹകരണ ഫെഡറലിസത്തോടുള്ള ശക്തമായ പ്രതിബദ്ധതയാണ് പ്രധാനമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രധാന സവിശേഷത.
മുഖ്യമന്ത്രി എന്ന നിലയിൽ, രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കാതെ, ബിഹാറിന്റെ വികസനത്തിന് അദ്ദേഹം നൽകിയ പിന്തുണയ്ക്ക് ഞാൻ വ്യക്തിപരമായി അനുഭവസ്ഥനാണ്. 2024-25, 2025-26 ബജറ്റുകളിൽ ബിഹാറിന് ലഭിച്ച അത്ഭുതകരമായ പിന്തുണയെക്കുറിച്ച് ഞാൻ പ്രത്യേകം പരാമർശിക്കാൻ ആഗ്രഹിക്കുന്നു, ഭഗൽപുരിൽ മഖാന ബോർഡും പവർ പ്ലാന്റും സ്ഥാപിക്കൽ, വെള്ളപ്പൊക്ക മാനേജ്മെന്റിനുള്ള ഫണ്ടുകൾ, നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
►മോദിക്ക് വലിയ ആദരം
ബിഹാറിന്റെ തനതായ സംസ്കാരത്തോടും പാരമ്പര്യത്തോടും പ്രധാനമന്ത്രി മോദിക്ക് വലിയ ആദരവുണ്ട്. മഖാന, മധുബനി പെയിന്റിംഗുകൾ, മറ്റ് ഉത്പന്നങ്ങൾ എന്നിവ അന്താരാഷ്ട്ര പ്രമുഖർക്ക് സമ്മാനിച്ചുകൊണ്ട് അദ്ദേഹം ബിഹാറിന്റെ പൈതൃകം ആഗോളതലത്തിൽ പ്രദർശിപ്പിച്ചു. പതിറ്റാണ്ടുകളായി പൂർത്തീകരിക്കപ്പെടാതെ കിടന്ന ഒരു ആവശ്യമായിരുന്ന ജൻനായക് കർപൂരി താക്കൂറിന് ഭാരതരത്നം ഉറപ്പാക്കിയതും പ്രധാനമന്ത്രി മോദിയായിരുന്നു.
കഴിഞ്ഞ ദശകത്തിൽ നടപ്പാക്കിയ നിരവധി സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളിൽ നിന്ന് ബിഹാറിന് ഗണ്യമായ നേട്ടമുണ്ടായിട്ടുണ്ട്.
►റെയിൽവേയിലെ പരിവർത്തനം
റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവർത്തനം പ്രത്യേക പ്രശംസയർഹിക്കുന്നു, എന്റെ ഹൃദയത്തെ സ്പർശിച്ച പരിവർത്തനമാണത്. വന്ദേ ഭാരത് പോലുള്ള പുതിയ ട്രെയിനുകളുടെ വരവ് യാത്രാ സൗകര്യം മെച്ചപ്പെടുത്തി.
പ്രധാനമന്ത്രി മോദിയുടെ കീഴിൽ റെയിൽവേ വൈദ്യുതീകരണവും മറ്റ് ആധുനികവത്കരണ പദ്ധതികളും ശ്രദ്ധേയമായ വേഗം കൈവരിച്ചു, ഇത് പരിസ്ഥിതി സൗഹൃദവും കാര്യക്ഷമവുമായ റെയിൽ ശൃംഖല സൃഷ്ടിക്കാൻ കാരണമായി.
►അഴിമതിരഹിതമായ പ്രതിച്ഛായ
ഞാൻ എപ്പോഴും അഴിമതിയോട് സഹിഷ്ണുതയില്ലാത്ത സമീപനം സ്വീകരിക്കുകയും അഴിമതിവിരുദ്ധ നടപടികളെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി മോദിയെ ജനങ്ങൾക്ക് പ്രിയങ്കരനാക്കുന്ന ഗുണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ അഴിമതിരഹിതമായ പ്രതിച്ഛായയയും അഴിമതിക്കെതിരായ ഉറച്ച നിലപാടുകളുമാണ്. സത്യസന്ധതയിൽ ഒരു പോറലുമേൽക്കാതെ അധികാര സ്ഥാനങ്ങളിൽ പതിറ്റാണ്ടുകൾ ചെലവഴിച്ച നേതാക്കൾ അപൂർവമാണ്. സ്ഥാപനപരമായ പരിഷ്കാരങ്ങളിലൂടെ അഴിമതിക്കുള്ള മാർഗങ്ങൾ തടയുന്നതിനൊപ്പം, അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരേ കടുത്ത നിയമനടപടികൾ സ്വീകരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ ഇന്ത്യക്ക് അതീവ പ്രാധാന്യം ലഭിച്ചു എന്നതാണ് പ്രധാനമന്ത്രി മോദിയുടെ ഭരണകാലത്തിന്റെ ഒരു ശ്രദ്ധേയമായ വശം. സമ്പദ്വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം, സാങ്കേതികവിദ്യ, ആരോഗ്യം, സഹകരണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നമ്മുടെ ശബ്ദത്തെ ലോകം ആദരവോടെ സ്വാഗതം ചെയ്യുന്നത് കാണുമ്പോൾ ഒരു ഇന്ത്യക്കാരനെന്ന നിലയിൽ എനിക്ക് അഭിമാനം തോന്നുന്നു.
വിവിധ രാജ്യങ്ങളുമായും ഗ്രൂപ്പുകളുമായും ശക്തമായ ബന്ധം നിലനിർത്തുമ്പോൾ തന്നെ, പ്രധാനമന്ത്രി മോദി സമാധാനത്തിനും പുരോഗതിക്കും വേണ്ടി അചഞ്ചലമായി നിലകൊള്ളുന്നു. തത്ഫലമായി, 21-ാം നൂറ്റാണ്ടിലെ ആഗോള വളർച്ചയുടെ ഒരു പ്രധാന ചാലകശക്തിയെന്ന നിലയിൽ നമ്മുടെ രാജ്യത്തെ ലോകം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
പൊതുജീവിതത്തിൽ നിരവധി പതിറ്റാണ്ടുകൾ ചെലവഴിച്ച എനിക്ക്, നേതൃത്വത്തിൽ നിലനിൽക്കാൻ തുടർച്ചയായ പരിശ്രമം, അശ്രാന്തമായ കഠിനാധ്വാനം, അച്ചടക്കം എന്നിവ അനിവാര്യമാണെന്ന ബോധ്യമുണ്ട്. അതിന് നിരന്തരമായ യാത്ര, ജനങ്ങളുമായുള്ള പതിവ് ഇടപെടലുകൾ, സർക്കാർ പ്രവർത്തനങ്ങളുടെ വിശദമായ അവലോകനം, ഒരു വലിയ ദർശനത്തിലൂന്നി മുന്നോട്ടു പോകാനുള്ള ശേഷി എന്നിവ അനിവാര്യമാണ്. പ്രധാനമന്ത്രി മോദിയുടെ അത്ഭുതകരമായ ഊർജവും സമർപ്പണവും സുദീർഘമായ കാലയളവിൽ ജനങ്ങളുടെ വിശ്വാസം നിലനിർത്താൻ അദ്ദേഹത്തെ സഹായിച്ചു.
►ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാനമന്ത്രി
ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നാഴികക്കല്ല് അദ്ദേഹം പിന്നിടുമ്പോൾ, പൊതുജീവിതത്തിൽ പ്രധാനമന്ത്രി മോദിയുടെ സംഭാവനകളെ ആഘോഷിക്കാനും ഇനിയുമേറെ നാഴികക്കല്ലുകൾ കൈവരിക്കാനുമാകട്ടെ എന്ന് ആശംസിക്കാനുമുള്ള അവസരമാണിത്. ഈ ചരിത്ര നേട്ടത്തിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു, ആയുരാരോഗ്യവും രാഷ്ട്രസേവനത്തിൽ തുടർ വിജയവും നേരുന്നു.
Tags : historic achievement public trust reality