കർഷകർക്കായി ഇന്ത്യയിലെതന്നെ മികച്ച ഒരു പദ്ധതിയായിരുന്നു കർഷക പെൻഷൻ പദ്ധതി. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലയളവിലാണ് കർഷക പെൻഷൻ പദ്ധതി നടപ്പിലാക്കിയത്.
തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് പ്രഖ്യാപിച്ച കർഷക പെൻഷൻ പദ്ധതി മന്ത്രിസഭ അംഗീകരിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 22 പേരെ ഉൾപ്പെടുത്തി കർഷക ക്ഷേമനിധി ബോർഡ് രൂപീകരിക്കുകയും ചെയ്തു. രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ കഴിഞ്ഞ 2021 ഡിസംബറിലാണ് പദ്ധതിക്കു തുടക്കം കുറിച്ചത്. പദ്ധതിയുടെ തുടക്കത്തിൽ 20 ലക്ഷം അംഗങ്ങളെ ചേർക്കാൻ ശ്രമിച്ചെങ്കിലും ഇതുവരെ 20,000 അംഗങ്ങൾ പോലും ആയിട്ടില്ല.
തൃശൂർ പ്രധാനപ്പെട്ട ഓഫീസും കോഴിക്കോടും തിരുവനന്തപുരവും റീജണൽ ഓഫീസുമായിട്ടായിരുന്നു കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം.
കഴിഞ്ഞ അഞ്ചുവർഷമായി ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കാത്തതിനാൽ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾക്കും തീരുമാനമായില്ല. പദ്ധതി തുടങ്ങിയപ്പോൾത്തന്നെ പെൻഷൻ തുകയുടെ പരിധിയും ആനുകൂല്യങ്ങളുടെ രീതിയും അടങ്ങുന്ന ഫയൽ തയാറാക്കിയിരുന്നു.
അഞ്ചുവർഷം കഴിയാറായിട്ടും ഇടതു സർക്കാരിലെ ധനവകുപ്പ് പദ്ധതിയുടെ ഫയലിൽ ഒപ്പിടുകയോ കാബിനറ്റിൽ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല. 2021 ൽ അംശാദായം അടച്ചു തുടങ്ങിയവർക്ക് 2027 ജനുവരിയിൽ പെൻഷൻ വിതരണം ചെയ്യേണ്ടതാണ്. എന്നാൽ, കൊടുക്കേണ്ട തുകയെക്കുറിച്ചോ നല്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചോ ഇതുവരെയും ധാരണയായില്ല. ഈ ബജറ്റിൽ വ്യക്തതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
Tags : surprise budget farmers Pension