ബാഴ്സലോണ നഗരം ലോകകത്തോലിക്കരുടെ ആത്മീയകേന്ദ്രമാകുന്ന ദിനമാണിന്ന്. ലെയോ പതിനാലാമൻ മാർപാപ്പ സഗ്രാദ ഫമിലിയ (തിരുക്കുടുംബം) ബസിലിക്കയിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കുകയും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദേവാലയഗോപുരമായ ഈശോയുടെ ഗോപുരം (Tower of Jesus Christ) ആശീർവദിക്കുകയും ചെയ്യും. ഇത് കേവലം ഒരു വാസ്തുവിദ്യാ നേട്ടത്തിന്റെ ആഘോഷം മാത്രമല്ല - ‘ദൈവത്തിന്റെ സ്വന്തം വാസ്തുശില്പി’ എന്നറിയപ്പെടുന്ന അന്തോനി ഗൗദി ഇ കോർനെറ്റിന്റെ മരണത്തിന് നൂറ് വർഷം തികയുന്ന ദിനം കൂടിയാണിത്.
◄ ആകാശത്തെ തൊടുന്ന കുരിശ്
172.5 മീറ്റർ ഉയരത്തിൽ ബാഴ്സലോണ നഗരത്തിന്റെ ചക്രവാളരേഖ ഭേദിച്ച് ഉയർന്നു നിൽക്കുന്ന ഈശോയുടെ ഗോപുരം ഇന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദേവാലയ ഗോപുരമാണ്. 2026 ഫെബ്രുവരിയിൽ ഗോപുരത്തിന്റെ ഏറ്റവും മുകളിൽ കുരിശ് സ്ഥാപിതമായതോടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള ദേവാലയഗോപുരം എന്ന സ്ഥാനം ജർമനിയിൽ ഉലം കത്തീഡ്രലിനു നഷ്ടപ്പെട്ടു.
1890ൽ പണിതീർന്ന ഉലം ഗോപുരത്തിന്റെ ഉയരം 530 അടിയാണ് (161.5 മീറ്റർ). ബാഴ്സലോണ ഗോപുരത്തിനാകട്ടെ 565 അടിയാണ് (172.5 മീറ്റർ) ഉയരം. നഗരത്തിൽ എവിടെനിന്നു നോക്കിയാലും ഈ ഗോപുരം കാണാനാകും. ഇതിൽനിന്നാണ് ഈ പേപ്പൽ സന്ദർശനത്തിന്റെ മുദ്രാവാക്യം ഉടലെടുത്തത്: ‘മുകളിലേക്ക് നോക്കൂ’ - യോഹന്നാന്റെ സുവിശേഷത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, വിശ്വാസിയോട് ദൈവത്തിന്റെ മഹത്വത്തിലേക്ക് കണ്ണുകൾ ഉയർത്താൻ ആഹ്വാനം ചെയ്യുന്ന വാക്കുകൾ.
◄ കല്ലിൽ കൊത്തിയ വിശ്വാസം
1882 മാർച്ച് 19-വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനം. ലെയോ പതിമൂന്നാമന് പാപ്പായുടെ കാലത്ത് ബാഴ്സലോണയിൽ ഒരു ദേവാലയത്തിന്റെ തറക്കല്ലിടുന്നു. ഒരു വർഷത്തിനു ശേഷം ആ പദ്ധതിയുടെ ചുമതല ഏൽക്കുന്നത് കത്തലോണിയയിലെ യുവ വാസ്തുശില്പി അന്തോനി ഗൗദിയാണ്. തന്റെ ജീവിതത്തിന്റെ 41 വർഷം അദ്ദേഹം ഈ ദേവാലയത്തിനായി ഉഴിഞ്ഞുവച്ചു. 1926ൽ ബാഴ്സലോണയുടെ തെരുവിൽ ഒരു ട്രാം ഇടിച്ച് അദ്ദേഹം മരണമടഞ്ഞപ്പോൾ, സ്വപ്നം ഇനിയും പൂർത്തിയാകാതെ കിടന്നു. എന്നാൽ, ആ സ്വപ്നം ഒരിക്കലും മരിച്ചില്ല. ശില്പികളുടെയും കരകൗശല വിദഗ്ധരുടെയും അഞ്ചു തലമുറകൾ, 144 വർഷങ്ങൾ കഴിഞ്ഞു. ഇനിയും പത്തുകൊല്ലംകൂടി വേണ്ടിവരും പള്ളിയും മുൻവശത്തെ വിശാലമായ ചത്വരവും പൂർത്തിയാകാൻ. കല്ലിൽ ആലേഖനം ചെയ്ത ജീവനുള്ള വിശ്വാസ പ്രഖ്യാപനമായ പള്ളി വളർന്നുകൊണ്ടിരിക്കുന്നു.
◄ സ്വർഗീയ ജറൂസലേമിന്റെ പ്രതിരൂപം
സഗ്രാദ ഫമിലിയ ഒരു സാധാരണ ദേവാലയമല്ല. വെളിപാടിന്റെ പുസ്തകത്തിലെ സ്വർഗീയ ജറൂസലെമിന്റെ ദർശനത്തിൽനിന്ന് ഊർജം ഉൾക്കൊണ്ട് ഗൗദി രൂപകൽപ്പന ചെയ്ത ഈ ദേവാലയം കലയിലൂടെ നടത്തുന്ന ഒരു സുവിശേഷ പ്രഘോഷണമാണ്. മൂന്ന് മുഖപ്പുകൾ, മൂന്ന് ദൈവശാസ്ത്ര ദർശനങ്ങൾ.
ഒന്നാമത്തെ മുഖവാരം (ജനന മുഖം) ഈശോമിശിഹായുടെ പിറവിയുടെ ആനന്ദം ആഘോഷിക്കുന്നു. മരങ്ങളും പക്ഷികളും മൃഗങ്ങളും മനുഷ്യരും - സൃഷ്ടിയുടെ സൗന്ദര്യം മുഴുവൻ - കല്ലിൽ ജീവൻ പ്രാപിക്കുന്നു. രണ്ടാമത്തേത് പീഡാനുഭവമുഖമാണ്. അത് ഗത്സമേൻ മുതൽ ഗാഗുൽത്ത വരെയുള്ള കുരിശിന്റെ വഴിയുടെ ആഴമേറിയ വ്യഥ ദൃശ്യഭാഷയിൽ ആവിഷ്കരിക്കുന്നു. ഇപ്പോൾ നിർമാണം ആരംഭിച്ചിരിക്കുന്ന മഹത്വ മുഖമാണ് മൂന്നാമത്തേത്. ഇത് മരണത്തിനപ്പുറമുള്ള ദൈവികമഹിമ പ്രകടിപ്പിക്കും. ഈ മുഖവാരത്തിന്റെ നിർമാണം പൂർത്തിയാക്കാൻ ഇനിയും ഒരു ദശകത്തിലേറെ വേണ്ടിവരും. ഗൗദി ആകെ 18 ഗോപുരങ്ങൾ വിഭാവനം ചെയ്തു - 12 അപ്പോസ്തലന്മാർക്ക്, നാലെണ്ണം സുവിശേഷകർക്ക്, ഒന്ന് പരിശുദ്ധ കന്യകാ മറിയത്തിന്, ഒടുവിൽ ഏറ്റവും ഉയരത്തിൽ - ഈശോമിശിഹായ്ക്ക്.
കത്തോലിക്കാ സഭ ഗൗദിയെ ‘വാഴ്ത്തപ്പെട്ടവൻ’ ആയി പ്രഖ്യാപിച്ചത് ഈ ദർശനത്തിന്റെ ആഴം അംഗീകരിച്ചുകൊണ്ടാണ്. ‘ദൈവത്തിന്റെ സ്വന്തം വാസ്തുശില്പി’ - ഈ വിശേഷണം അദ്ദേഹം അർഹിക്കുന്നു. കല അദ്ദേഹത്തിന് ഒരു ഉപജീവനമാർഗമായിരുന്നില്ല, ദൈവത്തോടുള്ള സംഭാഷണമായിരുന്നു.
◄ സഭയുടെ സാർവത്രിക സമ്മേളനം
ഇന്നു നടക്കുന്ന കൂദാശ കർമത്തിൽ ഏകദേശം 200 മെത്രാന്മാരും ബസിലിക്കയ്ക്കകത്തും പുറത്തുമായി ഒൻപതിനായിരത്തോളം വിശ്വാസികളും പങ്കെടുക്കും. ഇന്ത്യൻ സഭയെ പ്രതിനിധീകരിച്ച് സീറോമലബാർ കത്തോലിക്കാ സഭയിൽനിന്ന് ആർച്ച്ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാർ ജോസഫ് സ്രാന്പിക്കൽ എന്നിവർ പങ്കെടുക്കുന്നു.
ദൈനംദിനം 19,000 തീർഥാടകർ പള്ളിയകം സന്ദർശിക്കുകയും ദശലക്ഷങ്ങൾ പുറത്തുനിന്ന് ദർശനം നടത്തുകയും ചെയ്യുന്ന ഈ ദേവാലയം ഒരേസമയം ഒരു നിർമാണഭൂമിയും ആത്മീയ തീർഥാടനകേന്ദ്രവുമാണ്.
ഇന്ന് ഗൗദിയുടെ ചരമശതാബ്ദി ദിനത്തിൽ, ബാഴ്സലോണയുടെ ആകാശത്ത് വർണപ്രകാശ ധാരകൾ ഈശോയുടെ ഗോപുരത്തെ ആലിംഗനം ചെയ്യുമ്പോൾ, ലോകം ഒരിക്കൽകൂടി ആ ദേവാലയം ഉദ്ഘോഷിക്കുന്ന സന്ദേശം ശ്രവിക്കും: മുകളിലേക്ക് നോക്കൂ -കുരിശ് അവിടെയുണ്ട്, ദൈവം അവിടെയുണ്ട്.
(ലേഖകൻ സഗ്രാദാ ഫമീലിയ പള്ളിയിലെ അസിസ്റ്റന്റ് വികാരിയാണ്)
Tags : Tower of Jesus Christ Barcelona Sagrada Familia (Holy Family) Basilica