മെഡ്ജുഗൊറെയിൽ നടക്കുന്ന അന്താരാഷ്ട്ര യുവജന സമ്മേളനത്തിൽ പങ്കെടുക്കുന്നവർ.
സരാജെവോ: താത്കാലിക സന്തോഷങ്ങളുടെ വ്യാമോഹങ്ങളിൽ വീണുപോകാതെ നമ്മെ സ്വതന്ത്രരാക്കുന്ന സത്യം ആത്മാർഥമായി അന്വേഷിക്കാൻ യുവജനങ്ങളോടു മാർപാപ്പയുടെ ആഹ്വാനം.
പെട്ടെന്നു ലഭിക്കുന്ന താത്കാലിക സന്തോഷങ്ങളുടെ വാഗ്ദാനങ്ങൾ ആകർഷകമായി തോന്നാമെങ്കിലും മനസിൽ ശാശ്വതമായ ഒരു മുദ്രയും പതിപ്പിക്കാതെ അവ പെട്ടെന്ന് അപ്രത്യക്ഷമാകുന്നുവെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി.
തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ ബോസ്നിയ ആൻഡ് ഹെർസഗോവിനയിലെ മരിയൻ തീർഥാടനകേന്ദ്രമായ മെഡ്ജുഗൊറെയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യുവജനസമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ സ്വയം വിട്ടുകൊടുക്കാനും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ അഭയം തേടാനും ആഹ്വാനം ചെയ്തുകൊണ്ടാണ് മാർപാപ്പ സന്ദേശം അവസാനിപ്പിച്ചത്. അങ്ങനെ സുവിശേഷത്തിന്റെ പ്രകാശമാനമായ സാക്ഷികളാകാനും സാഹോദര്യത്തിന്റെ വക്താക്കളാകാനും സമൂഹത്തിൽ സമാധാനം കെട്ടിപ്പടുക്കുന്നവരാകാനും യുവാക്കൾക്ക് സാധിക്കട്ടേയെന്നും മാർപാപ്പ ആശംസിച്ചു.
വിശുദ്ധ കുർബാനയ്ക്കു മുന്നോടിയായി മെഡ്ജുഗൊറെ മരിയൻ തീർഥാടനകേന്ദ്രത്തിന്റെ പ്രത്യേക ചുമതലയുള്ള അപ്പോസ്തലിക് വിസിറ്റേറ്റർ ആർച്ച്ബിഷപ് അൽദോ കവല്ലിയാണ് മാർപാപ്പയുടെ സന്ദേശം വായിച്ചത്.
വിശുദ്ധ കുർബാനയ്ക്ക് ബോസ്നിയ-ഹെർസെഗോവിനയിലെയും മോണ്ടെനെഗ്രോയിലെയും അപ്പസ്തോലിക് നുൺഷ്യോ വരാപ്പുഴ അതിരൂപതാംഗമായ ആർച്ച്ബിഷപ് ഫ്രാൻസിസ് അസീസി ചുള്ളിക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു.
1989ൽ ആരംഭിച്ച ഈ യുവജന സമ്മേളനം എല്ലാ വർഷവും നടന്നുവരുന്നു. ഈമാസം ആറുവരെ നടക്കുന്ന സമ്മേളനത്തിൽ 73 രാജ്യങ്ങളിൽനിന്നായി 50,000ത്തോളം യുവതീയുവാക്കളാണു പങ്കെടുക്കുന്നത്.
Tags : Pope LeoXIV Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash