പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വെള്ളിയാഴ്ച പാർലമെന്റിൽ പ്രതിപക്ഷ എംപി പപ്പുയാദവ് കാവിവസ്ത്രം ധരിച്ചു പ്രതിഷേധിച്ചത് സനാതന ധർമത്തോടും സന്യാസിസമൂഹത്തോടുമുള്ള അനാദരവെന്ന് ആരോപണം. സംഭവത്തിൽ എംപിക്കെതിരേ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുമെന്ന് ഹരിദ്വാറിലെ ജുനാ അഖാഡയിലെ സന്യാസിസമൂഹം വ്യക്തമാക്കി. രാജ്യത്തെ മറ്റു സന്യാസിസമൂഹങ്ങളുമായി ആലോചിച്ചു തുടർ പ്രതിഷേധപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും സന്യാസിമാർ പറഞ്ഞു.
കാവിവസ്ത്രം ത്യാഗത്തിന്റെയും തപസിന്റെയും പ്രതീകമാണെന്നും രാഷ്ട്രീയ അഭ്യാസങ്ങൾക്കായി അതുപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതിഷേധത്തെ വിമർശിച്ചുകൊണ്ട് സന്യാസിമാർ പറഞ്ഞു. പപ്പു യാദവിനെ പിന്തുണച്ച രാഹുൽ ഗാന്ധിക്കെതിരേയും സന്യാസിമാർ വിമർശനമുന്നയിച്ചു.
നെഹ്റു-ഗാന്ധി കുടുംബം സനാതന പാരമ്പര്യങ്ങളെ തള്ളിപ്പറയില്ലെന്നു കരുതിയെങ്കിലും രാഹുലിന്റെ പ്രവൃത്തി സന്യാസിസമൂഹത്തെ അപമാനിച്ചതായി അഖാഡ പരിഷത്ത് ജനറൽ സെക്രട്ടറിയും ജുനാ അഖാഡയുടെ അന്താരാഷ്ട്ര രക്ഷാധികാരിയുമായ മഹന്ത് ഹരി ഗിരി മഹാരാജ് ചൂണ്ടിക്കാട്ടി.
അതേസമയം പാർലമെന്റിലെ പ്രതിഷേധം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി രാഹുലിനും പപ്പുയാദവിനുമെതിരേ വാരണാസിയിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ സംഭാവനക്കൊള്ളയെ ചോദ്യം ചെയ്യുന്നത് എങ്ങനെ കുറ്റകരമാകുമെന്ന് കോൺഗ്രസ് പ്രതികരിച്ചു.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയ്ക്കെതിരേയാണ് പപ്പു യാദവ് വ്യത്യസ്ത പ്രതിഷേധവുമായി പാർലമെന്റിലെത്തിയത്. ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
Tags : SaffronProtest Parliament Protest