സുപ്രീം കോടതി
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് കഴിഞ്ഞ 20ന് വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിനു നേരേ പോലീസ് നടത്തിയ അതിക്രമങ്ങൾ ചോദ്യം ചെയ്തുള്ള ഒന്നിലധികം ഹർജികളിൽ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേൾക്കും.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. നേരത്തേ സമാനവിഷയത്തിൽ വാദം കേട്ട കോടതി വിദ്യാർഥികൾക്കെതിരായ പോലീസ് നടപടികൾ അന്വേഷിക്കുന്നതിന് സുപ്രീംകോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുന്നതു പരിഗണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
പ്രതിഷേധക്കാർക്കെതിരേ എഫ്ഐആറുമായി മുന്നോട്ടുപോകാമെന്നും എന്നാൽ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടി പാടില്ലെന്നും നിർദേശം നൽകിയിരുന്നു. എഫ്ഐആറുമായി മുന്നോട്ടുപോകാമെന്ന സുപ്രീംകോടതി നിർദേശത്തിൽ ആശങ്ക പങ്കുവച്ച് കോക്രോച്ച് ജനതാ പാർട്ടി ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. അതിനാൽ കോടതിയുടെ ഈ നിർദേശത്തിലുള്ള ആശങ്ക ഹർജിക്കാർ ഇന്ന് ബെഞ്ചിനുമുന്നിൽ ഉന്നയിച്ചേക്കും.
ആസാമിലെ ആക്ടിവിസ്റ്റിന്റെ അറസ്റ്റ് പ്രതികാരനടപടിയെന്ന് കോൺഗ്രസ്
ന്യൂഡൽഹി: ജില്ലാ കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ ആക്ടിവിസ്റ്റ് പ്രണബ് ഡോളിക്കെതിരേ ആസാം സർക്കാർ ദേശീയ സുരക്ഷാനിയമം പ്രയോഗിച്ച നടപടിയെ ചോദ്യം ചെയ്തു കോൺഗ്രസ്. വിയോജിപ്പുകൾ ഉള്ളവർക്കെതിരേ അസാധാരണ നിയമം പ്രയോഗിക്കുകയാണെന്നും കരുതൽ തടങ്കൽ നിയമത്തിന്റെ ദുരുപയോഗമാണു സംഭവിച്ചതെന്നും കോൺഗ്രസ് മാധ്യമവിഭാഗം മേധാവിയും രാജ്യസഭാ എംപിയുമായ ജയ്റാം രമേശ് ആരോപിച്ചു.
കാസിരംഗ നാഷണൽ പാർക്കിനു സമീപത്തെ സംസ്ഥാന സർക്കാരിന്റെ പിന്തുണയുള്ള പഞ്ചനക്ഷത്ര റിസോർട്ടിനെതിരായ പ്രതിഷേധത്തിൽ ഗ്രാമീണർക്കൊപ്പം നിന്നതിനാണു പ്രണബിനെതിരേ നിയമവിരുദ്ധ അറസ്റ്റ് നടന്നതെന്ന് ജയ്റാം രമേശ് കുറ്റപ്പെടുത്തി.
2022 മുതൽ തദ്ദേശവാസികൾ എതിർക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ പേരിൽ ബലമായി ഭൂമി ഏറ്റെടുക്കുന്നതിനെതിരേ പ്രദേശവാസികൾ ഹൈക്കോടതിയെവരെ സമീപിച്ചിരുന്നു. ഇതിനു പിന്തുണ നൽകിയതിന്റെ പ്രതികാരമാണു സംസ്ഥാനസർക്കാരിന്റേത്.
Tags : Police Students SupremeCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs