ഡോണൾഡ് ട്രംപ്. (ഫയൽ ചിത്രം)
വാഷിംഗ്ടൺ ഡിസി: ഇറാനിൽ അതിശക്തിയോടെ ബോംബാക്രമണം നടത്താനുള്ള അമേരിക്കൻ പദ്ധതി ഉപേക്ഷിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാനും ഇറാന്റെ ആണവമോഹങ്ങൾ അവസാനിപ്പിക്കാനും കരാറുണ്ടാക്കണമെന്ന് ഇറാനും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളും അഭ്യർഥിച്ച പശ്ചാത്തലത്തിലാണിതെന്ന് ട്രംപ് അവകാശപ്പെട്ടു.
അഭ്യർഥന കണക്കിലെടുത്ത് ലോകത്തിന്റെ നന്മയ്ക്കും ഇറാന്റെ അഭിവൃദ്ധിക്കുമായി ആക്രമണപദ്ധതി ഉപേക്ഷിക്കുന്നതായി ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. അതേസമയം, അമേരിക്കയുമായി ചർച്ച നടത്താൻ അഭ്യർഥിച്ച കാര്യം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല.
ഇറാനെ മുട്ടുകുത്തിക്കുന്നവിധത്തിലുള്ള ബോംബാക്രമണത്തിന് അമേരിക്കയും ഇസ്രയേലും പദ്ധതിയിടുന്നുവെന്നായിരുന്നു റിപ്പോർട്ട്. ഞായറാഴ്ച രാത്രി ആക്രമണം ഉണ്ടാകുമെന്നും സൂചനയുണ്ടായിരുന്നു. വെള്ളിയാഴ്ചത്തെ യുഎസ് കാബിനറ്റ് യോഗത്തിൽ ട്രംപ് ആക്രമണത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.
അതേസമയം, ശത്രുവിന്റെ ഏതുതരം ഭീഷണിയെയും അതീവ ഗൗരവത്തിലാണു പരിഗണിക്കുന്നതെന്ന് ഇറാന്റെ പ്രതിരോധ മന്ത്രി മജീദ് ഇബിൻ അൽ റേസ ഇന്നലെ പറഞ്ഞു.
സൈക്കോളജിക്കൽ യുദ്ധത്തിന്റെ ഭാഗമായിട്ടാണു ഭീഷണി മുഴക്കുന്നതെങ്കിൽപ്പോലും ഏന്തും നേരിടാൻ ഇറാൻ തയാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദ്: ഇറാനുമായുള്ള സംഘർഷം വർധിപ്പിക്കരുതെന്ന് സൗദി ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടു. ഇറാനെ ആക്രമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചെന്ന് ട്രംപ് അറിയിച്ച ശനിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചുവെന്നാണു റിപ്പോർട്ട്.
അമേരിക്കൻ ആക്രമണത്തിനു പ്രതികാരമായി സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ എണ്ണ ഉത്പാദന-വിതരണ സംവിധാനങ്ങളെ ഇറാൻ ലക്ഷ്യമിട്ടേക്കുമെന്ന ആശങ്ക ട്രംപിനെ മുഹമ്മദ് രാജകുമാരൻ ധരിപ്പിച്ചുവെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞയാഴ്ച ഇറാക്കിലെ ഇറാൻ അനുകൂല സായുധസംഘങ്ങൾക്കുമേൽ യുഎസ് നടത്തിയ ആക്രമണത്തിൽ സൗദിയും പങ്കുചേർന്നിരുന്നു.
Tags : DonaldTrump Abandons Plan Attack Iran Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash