സുഹൈൽ, നൗഷാദ്
വടക്കേക്കാട് (തൃശൂർ): വൈലത്തൂർ നായരങ്ങാടിയിലെ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണത്തിനു ശ്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ.
വെളിയങ്കോട് സ്വദേശിയായ ഓട്ടോ സുഹൈൽ എന്ന സുഹൈൽ(48), പാലപ്പെട്ടി സ്വദേശി നൗഷാദ്(36) എന്നിവരെയാണ് തൃശൂർ സിറ്റി പോലീസ് ടീമും വടക്കേക്കാട് പോലീസും ചേർന്നു പിടികൂടിയത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് നായരങ്ങാടി പാലത്തിങ്കൽ ജ്വല്ലറിയിൽ മോഷണശ്രമം നടന്നത്. ജ്വല്ലറിയിലെ സുരക്ഷാ അലാം ശബ്ദിച്ചതോടെ പ്രതികൾ ശ്രമം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സാഗോക് ടീമും വടക്കേക്കാട് പോലീസും ചേർന്ന് അന്വേഷണം നടത്തി പ്രതികൾ ഉപേക്ഷിച്ച സാധനസാമഗ്രികൾ സമീപത്തെ ആളൊഴിഞ്ഞ പറന്പിൽ കണ്ടെത്തിയിരുന്നു.
ഈ ഉപകരണങ്ങൾ രണ്ടു ദിവസം മുൻപേ, മൂന്നാം പ്രതിയായ നൗഷാദിന്റെ ഗുഡ്സ് ഓട്ടോയിലെത്തിച്ച് ജ്വല്ലറിയുടെ സമീപത്തെ ആളൊഴിഞ്ഞ പറന്പിൽ ഒളിപ്പിച്ചതാണെന്നു കണ്ടെത്തി.
കവർച്ച ആസൂത്രണം ചെയ്ത സുഹൈൽ ആണു കേസിലെ പ്രധാന പ്രതി. ജില്ലയ്ക്ക് അകത്തും പുറത്തുമായി അന്‍പതിലധികം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. കേസിൽ ഒരാൾകൂടി അറസ്റ്റിലാകാനുണ്ട്. തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags : JewellersShop Attempting Rob Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash