പ്രതീകാത്മക ചിത്രം
ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ഭേദഗതി ബിൽ, 2026 (എഫ്സിആർഎ ബിൽ, 2026) പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പരിഗണിക്കാനായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സമ്മേളനത്തിൽ ബിൽ നിയമനിർമാണ അജണ്ടയിൽ ഉണ്ടായിരുന്നെങ്കിലും എതിർപ്പു മൂലം മാറ്റിവയ്ക്കുകയായിരുന്നു. ക്രിസ്ത്യൻ സംഘടനകളിൽനിന്നും സന്നദ്ധ സംഘടനകളിൽ (എൻജിഒ) നിന്നുമായിരുന്നു വ്യാപക പ്രതിഷേധം. ബിൽ പാസാക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സർക്കാർ അക്കാലത്ത് വ്യക്തമാക്കിയിരുന്നു. എങ്കിലും, ബിൽ അനിശ്ചിതകാലത്തേക്ക് നീട്ടിവയ്ക്കാനോ അല്ലെങ്കിൽ പൂർണമായി ഉപേക്ഷിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നതിന്റെ സൂചനയായി ഈ മാറ്റിവയ്ക്കലിനെ ചിലർ വ്യാഖ്യാനിച്ചു. ആ പ്രതീക്ഷകളെല്ലാം ഇപ്പോൾ ഇല്ലാതായിരിക്കുകയാണ്.
വിദേശ സംഭാവനകളുടെ രാഷ്ട്രീയം
ഇന്ത്യയിൽ വിദേശ സംഭാവന എന്നത് എപ്പോഴും തർക്കവിഷയമാണ്. മാനുഷിക സഹായങ്ങൾക്കും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളെ പിന്തുണയ്ക്കുന്നതിനും സാധാരണയായി വിദേശ സംഭാവനകൾ അനുവദിക്കാറുണ്ട്.
അത്തരം സംഭാവനകൾ അനുവദിക്കുന്ന എല്ലാ രാജ്യങ്ങളിലും വിദേശ ഫണ്ടുകളുടെ വരവ് നിയന്ത്രിക്കുന്നുണ്ട്. ഇന്ത്യയിൽ 1976 വരെ നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. ഇന്ദിരാഗാന്ധി സർക്കാരാണ് ആദ്യമായി ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ആക്ട് (എഫ്സിആർഎ) പാസാക്കിയത്. വിദേശ സംഭാവനകളും വിദേശ സൗജന്യങ്ങളും സ്വീകരിക്കുന്നതും വിനിയോഗിക്കുന്നതും നിയന്ത്രിക്കുന്നതിനുമുള്ള ചട്ടക്കൂട് ഈ നിയമം വഴി സ്ഥാപിച്ചു. യഥാർഥമോ അതോ തോന്നലോ ആകട്ടെ, ഇന്ത്യയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായ വിദേശ ശക്തികൾ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുമെന്ന് അന്നത്തെ സർക്കാർ ഭയപ്പെട്ടിരുന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ ഉൾപ്പെടെ ഒന്നിലധികം വഴികളിലൂടെ വിദേശ പണം ഒഴുകിയെത്തുന്നതിൽ അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂടത്തിന് വലിയ ഭീതിയുണ്ടായിരുന്നു.
ഇന്ത്യയിൽ വിദേശ സംഭാവനകളെച്ചൊല്ലി പലപ്പോഴും ഉണ്ടാകാറുള്ള ബഹളങ്ങളുടെ ഏറ്റവും രസകരമായ വശം അത്തരം സംഭാവനകൾ പൊതുവായി ഒരിക്കലും നിരോധിച്ചിരുന്നില്ല എന്നതാണ്. അവ എപ്പോഴും ഇന്ത്യയിലേക്ക് വരാൻ അനുവദിച്ചിരുന്നു. അവ സ്വീകരിക്കുന്നതിനും വിനിയോഗിക്കുന്നതിനും തീർച്ചയായും നിയന്ത്രണങ്ങളുണ്ടായിരുന്നു. ഓരോ നിയമഭേദഗതിയിലൂടെയും ഇത് ക്രമേണ കർശനമായിക്കൊണ്ടിരുന്നു. നിലവിലുണ്ടായിരുന്ന നിയമത്തിനു പകരം 2010ൽ ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ആക്ട്, 2010 നിലവിൽ വന്നു. 1976ലെ നിയമത്തിലെപ്പോലെ 2010ലെ നിയമത്തിന്റെയും നോട്ടം നിയമസഭകളിലും രാഷ്ട്രീയ പാർട്ടികളിലുമായിരുന്നു. രാഷ്ട്രീയത്തിലേക്ക് വൻതോതിൽ വിദേശ പണം ഒഴുകിയെത്താനുള്ള സാധ്യതയായിരുന്നു സർക്കാരിന്റെ ആശങ്ക. ഈ ആശങ്ക 2010ലെ നിയമത്തിൽ കൃത്യമായി പരിഹരിക്കപ്പെട്ടു. അതിൽ സ്ഥാനാർഥികൾ, മാധ്യമപ്രവർത്തകർ, പൊതുപ്രവർത്തകർ, ജഡ്ജിമാർ, സർക്കാർ ജീവനക്കാർ, നിയമസഭാംഗങ്ങൾ, രാഷ്ട്രീയ പാർട്ടികളും അവരുടെ ഭാരവാഹികളും, രാഷ്ട്രീയ സ്വഭാവമുള്ള സംഘടനകൾ എന്നിവർ ഏതെങ്കിലും തരത്തിലുള്ള വിദേശ സംഭാവനകൾ കൈപ്പറ്റുന്നത് നിരോധിച്ചുകൊണ്ട് വ്യവസ്ഥകൾ കൊണ്ടുവന്നു.
വിദേശ സംഭാവനകൾ ഉപയോഗിച്ചു സ്വന്തമാക്കിയ ആസ്തികൾ ചില സാഹചര്യങ്ങളിലും സന്ദർഭങ്ങളിലും നിർദിഷ്ട അഥോറിറ്റിയിൽ നിക്ഷിപ്തമാക്കുന്നതിനും ഈ നിയമം വ്യവസ്ഥ ചെയ്തു. സാംസ്കാരികം, സാമ്പത്തികം, വിദ്യാഭ്യാസം, മതം അല്ലെങ്കിൽ സാമൂഹികം തുടങ്ങിയ പ്രത്യേക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിക്കും സംഘടനയ്ക്കും വിദേശ സംഭാവനകൾ സ്വീകരിക്കാൻ രജിസ്ട്രേഷൻ നിർബന്ധമാക്കുകയും ചെയ്തു. ഈ നിയമങ്ങൾ നിയന്ത്രണ സ്വഭാവമുള്ളവയായിരുന്നിട്ടും സ്വീകർത്താക്കളോട് അനാവശ്യമായി കാഠിന്യം കാണിച്ചിരുന്നില്ല. വിവിധ മാനുഷിക ആവശ്യങ്ങൾക്കായി നിർദിഷ്ട നിയന്ത്രണ ചട്ടക്കൂടിനു കീഴിൽ വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിന് അനുവദിച്ചിരുന്നു.
മാരകമായ ആഘാതം (സ്ലെഡ്ജ്ഹാമർ എഫക്ട്)
എന്നാൽ, ഇപ്പോഴത്തെ ബിൽ നമുക്കു നല്കുന്നത് മറ്റൊരു ചിത്രമാണ്. ഇത് യഥാർഥത്തിൽ സന്നദ്ധ സംഘടനകളിലും മത-സാംസ്കാരിക സംഘടനകളിലും മാരകമായ ആഘാതമാണ് സൃഷ്ടിക്കുന്നത്.
അപേക്ഷകരുടെ രജിസ്ട്രേഷനും വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിന് സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുമുള്ള വ്യവസ്ഥകൾ 2010ലെ നിയമത്തിലുണ്ട്. അത്തരം സർട്ടിഫിക്കറ്റ് നൽകുന്നതിന് വ്യത്യസ്ത നിബന്ധനകളുമുണ്ട്. അപേക്ഷകൻ നേരിട്ടോ അല്ലാതെയോ പ്രലോഭനത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്ക് മതപരിവർത്തനം നടത്തുന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ വിചാരണ ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത് എന്നതാണ് ഈ നിബന്ധനകളിൽ ഒന്ന്. വർഗീയ സംഘർഷം, അല്ലെങ്കിൽ സമാനമായ അസ്വസ്ഥതകൾ ഉണ്ടാക്കിയതിന് വിചാരണ ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത് എന്നതാണ് മറ്റൊരു നിബന്ധന. അത്തരം ഒരു സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെടുകയാണെങ്കിൽ, 2026ലെ ബിൽ പ്രകാരം, അപേക്ഷകൻ സ്വീകരിച്ച വിദേശ സംഭാവനയും ആ വിദേശ സംഭാവനയിൽനിന്നുണ്ടായ എല്ലാ ആസ്തികളും ഒരു നിർദിഷ്ട അഥോറിറ്റിയിൽ നിക്ഷിപ്തമാകും.
ഒരു ആസ്തി ഭാഗികമായി മാത്രമാണ് വിദേശ സംഭാവനയിൽനിന്ന് സൃഷ്ടിച്ചതെങ്കിൽ പോലും ആസ്തി മുഴുവനായും നിർദിഷ്ട അഥോറിറ്റിയിൽ നിക്ഷിപ്തമാകുമെന്ന് സെക്ഷൻ 16എ(2) വ്യക്തമാക്കുന്നു. ഈ കൈമാറ്റം ആദ്യം താത്കാലികമായിരിക്കും. പക്ഷേ, നിർദിഷ്ട സമയപരിധിക്കുള്ളിൽ പുതിയ സർട്ടിഫിക്കറ്റ് നേടുന്നതിനോ പുതുക്കുന്നതിനോ പുനഃസ്ഥാപിക്കുന്നതിനോ അപേക്ഷകനു കഴിഞ്ഞില്ലെങ്കിൽ വിദേശ സംഭാവനയും അതിൽനിന്നുള്ള ആസ്തികളും ശാശ്വതമായി നിർദിഷ്ട അഥോറിറ്റിയിൽ ചെന്നുചേരും. തുടർന്ന് അഥോറിറ്റിക്ക് ഈ ആസ്തികൾ കേന്ദ്രസർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ ഏതെങ്കിലും മന്ത്രാലയത്തിനോ വകുപ്പിനോ ഏജൻസിക്കോ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ കൈമാറാം. വില്പനയോ ലേലമോ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യവസ്ഥാപിത മാർഗത്തിലൂടെയോ ആസ്തികൾ വിനിയോഗിക്കാനും, വില്പനയിലൂടെ ലഭിക്കുന്ന തുകയും ഉപയോഗിക്കാത്ത വിദേശ സംഭാവനയും ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് കണ്ടുകെട്ടാനും കഴിയും.
അങ്ങനെ, പ്രധാനമായും വിദേശ സംഭാവനകളുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയെ പൂർണമായും തകർക്കുന്നതിൽ സർട്ടിഫിക്കറ്റ് റദ്ദാക്കൽ നിർണായക ഘടകമായി മാറുന്നു. അതിനാൽ, വിദേശ സംഭാവനകൾ സ്വീകരിക്കാൻ അനുമതി നൽകുന്ന സർട്ടിഫിക്കറ്റ് ഏതു സാഹചര്യത്തിലാണ് സർക്കാരിന് റദ്ദാക്കാൻ കഴിയുക എന്നു പരിശോധിക്കുന്നത് ഉചിതമാണ്.
ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ആക്ട്, 2010ലെ സെക്ഷൻ 14ന്റെ ക്ലോസ് (1)(c) വ്യവസ്ഥ ചെയ്യുന്നത്, പൊതുതാത്പര്യം മുൻനിർത്തി ആവശ്യമാണെന്ന് കേന്ദ്രസർക്കാരിനു തോന്നിയാൽ ഒരു സർട്ടിഫിക്കറ്റ് റദ്ദാക്കാവുന്നതാണെന്നാണ്. ആ സംഘടനയ്ക്ക് വിദേശ സംഭാവനകൾ സ്വീകരിക്കാനുള്ള അവകാശം നഷ്ടപ്പെടുകയും അത്തരം സംഭാവനകളിൽനിന്നുണ്ടായ ആസ്തികൾ ഏറ്റെടുക്കപ്പെടുകയും അതിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും ചെയ്യാം എന്നതാണ് അത്തരം റദ്ദാക്കലിന്റെ അനന്തരഫലം. ഈ വ്യവസ്ഥ ഏതു സമയത്തും സർട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള അനിയന്ത്രിതമായ അധികാരം സർക്കാരിനു നൽകുന്നു. ‘പൊതുതാത്പര്യം’എന്ന പദം അവ്യക്തമാണ്. പൊതുതാത്പര്യത്തിന്റെ സംരക്ഷകൻ സർക്കാർ ആയതിനാൽ ആ അടിസ്ഥാനത്തിൽ നടപടികളെ എളുപ്പത്തിൽ ന്യായീകരിക്കാൻ കഴിയും. സർട്ടിഫിക്കറ്റ് റദ്ദാക്കുന്നത് വിദേശ സംഭാവനയും അതിൽനിന്നുണ്ടാക്കിയ ആസ്തികളും ഏറ്റെടുക്കുന്നതിന് കാരണമാകും. സംഘടനയുടെ സ്വഭാവമനുസരിച്ച്, അത്തരം ആസ്തികളിൽ ആരാധനാലയങ്ങൾപോലും ഉൾപ്പെടാം.
ബലപ്രയോഗത്തിലൂടെയോ പ്രലോഭനത്തിലൂടെയോ മതപരിവർത്തനം നടത്തിയെന്നാരോപിച്ചുള്ള കേസിൽ ഒരു വ്യക്തിയോ സംഘടനയോ വിചാരണ ചെയ്യപ്പെടുകയാണെങ്കിലും സർട്ടിഫിക്കറ്റ് റദ്ദാക്കാം. ഒരു മതസംഘടനയുടെ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ഉറപ്പിച്ച ഒരാൾക്ക് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പോലീസ് സ്റ്റേഷനിലോ കോടതിയിലോ പരാതി ഫയൽ ചെയ്യുന്നത് വളരെ എളുപ്പമാണെന്നാണ് അനുഭവം. തത്ഫലമായി ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടാൻ വലിയ സാധ്യതയുണ്ട്; ന്യൂനപക്ഷ മതവിഭാഗങ്ങൾക്കെതിരേ പ്രത്യേകിച്ചും.
ഒരു വ്യക്തി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്വമേധയാ തിരികെ നൽകിയാൽ, ആ വ്യക്തിയുടെ പക്കൽ അവശേഷിക്കുന്ന മുഴുവൻ വിദേശ സംഭാവനയും അതിൽനിന്ന് സൃഷ്ടിക്കപ്പെട്ട എല്ലാ ആസ്തികളും നിർദിഷ്ട അഥോറിറ്റിയിൽ നിക്ഷിപ്തമാകും എന്നതാണ് ഈ ബില്ലിലെ തികച്ചും അസാധാരണമായ ഒരു വ്യവസ്ഥ. ഈ വ്യവസ്ഥയ്ക്ക് പിന്നിലെ യുക്തി മനസിലാക്കാൻ പ്രയാസമാണ്. വിദേശ സംഭാവനകൾ കൈപ്പറ്റുകയും അവയിൽനിന്ന് ആസ്തികൾ സൃഷ്ടിക്കുകയും ചെയ്ത ഒരു വ്യക്തിയോ സംഘടനയോ കുറച്ചുകാലത്തിനുശേഷം തങ്ങൾക്ക് ഇനി വിദേശ സംഭാവന ആവശ്യമില്ലെന്ന് തീരുമാനിക്കുകയും അതിനാൽ സർട്ടിഫിക്കറ്റ് തിരികെ നൽകാൻ ആഗ്രഹിക്കുകയും ചെയ്തേക്കാം. അപ്പോഴും, ബില്ലിലെ ക്ലോസ് 16എ(1)(ബി) പ്രകാരം, വിദേശ സംഭാവനയിൽനിന്നുണ്ടായ എല്ലാ ആസ്തികളും സംഭാവനയുടെ ഉപയോഗിക്കപ്പെടാത്ത ഭാഗവും എല്ലാ ആസ്തികളും അഥോറിറ്റിക്ക് കണ്ടുകെട്ടാം.
ഒഴിവാക്കൽ വകുപ്പ്
പൊതുതാത്പര്യം മുൻനിർത്തി അത്തരം ഒരു ഒഴിവാക്കൽ ആവശ്യമാണെന്ന് സർക്കാർ കരുതുന്നുവെങ്കിൽ, ഏതെങ്കിലും സംഘടനയെയോ സംഘടനകളുടെ വിഭാഗത്തെയോ വ്യക്തിയെയോ ഈ ബില്ലിന്റെ പരിധിയിൽനിന്ന് ക്ലോസ് 16എൽ അനുസരിച്ച് ഒഴിവാക്കാം. നിയമത്തിനു മുന്നിലെ സമത്വം ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 14ന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമാകും ഇത് എന്നതാണ് ആശങ്ക. നിയമം പൂർണമായി ബാധകമാകുന്ന സംഘടനകളിൽനിന്നോ വ്യക്തികളിൽനിന്നോ, ഈ ആനുകൂല്യം ലഭിക്കുന്ന വിഭാഗത്തെ വേർതിരിക്കുന്ന വ്യക്തമായ മാനദണ്ഡങ്ങളൊന്നും ഈ ക്ലോസിലില്ല. കൂടാതെ, അത്തരം വ്യത്യസ്തമായ സമീപനവും നിയമനിർമാണത്തിലൂടെ കൈവരിക്കാൻ ഉദ്ദേശിക്കുന്ന ലക്ഷ്യവും തമ്മിൽ യുക്തിസഹമായ ഒരു പൊരുത്തവും ഇതിൽ കാണാനുമില്ല.
വ്യക്തികളെയും സംഘടനകളെയും ഒഴിവാക്കുന്നത് പൂർണമായും പൊതുതാത്പര്യത്തിന് അനുയോജ്യമാണെന്ന സർക്കാരിന്റെ തീർപ്പിന് വിട്ടുകൊടുത്തിരിക്കുകയാണ്. ആഴമേറിയ ചില മുൻവിധികൾ കാരണം വിദ്യാഭ്യാസം, സാംസ്കാരികം, പരിസ്ഥിതി, ജീവകാരുണ്യം എന്നീ മേഖലകളിൽ സജീവമായ സംഘടനകളെ ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത് എന്നാണ് ഈ ഭേദഗതികളുടെ മൊത്തത്തിലുള്ള ഘടനയിൽനിന്ന് വ്യക്തമാകുന്നത്.
(2026 ജൂലൈ 30ന് ‘ദ ഹിന്ദു’ പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ).
Tags : FCRABill Threat NGOs Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash