പ്രതീകാത്മക ചിത്രം
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ നേതൃത്വത്തിൽ അരങ്ങേറിയ വിദ്യാർഥി പ്രക്ഷോഭങ്ങളെ പിന്തുണച്ചുകൊണ്ട് ഈശോസഭാ വൈദികനായ ഫാ. എം.കെ. ജോർജ് എഴുതിയ ലേഖനത്തെ വിമർശിച്ച് ഡോ. കെ.എസ്. രാധാകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ തികച്ചും ഖേദകരവും ദുരുദ്ദേശ്യപരവുമാണ്. ഈശോസഭയെയും ഫാ. എം.കെ. ജോർജിനെയും അധിക്ഷേപിക്കുന്നതിലൂടെ, തികഞ്ഞ ഒരു മനുഷ്യാവകാശ പ്രശ്നത്തെ മതപ്രശ്നമായി അവതരിപ്പിച്ച് സാമാന്യജനത്തെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്.
കേട്ടുകേൾവിയില്ലാത്ത ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് ഒരു യുട്യൂബ് ചാനലിലൂടെ ഡോ. രാധാകൃഷ്ണൻ അഴിച്ചുവിട്ടത്. അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെയും എഫ്ബിഐ മുൻ മേധാവി ജെ. എഡ്ഗർ ഹൂവറുടെയും ബില്ലി ഗ്രഹാമിന്റെയുമൊക്കെ പേരുപറഞ്ഞ്, അന്താരാഷ്ട്ര ക്രൈസ്തവ മിഷനറിമാരുടെ നിർദേശപ്രകാരമാണ് ജന്തർ മന്തറിലെ സമരം നടക്കുന്നതെന്ന അദ്ദേഹത്തിന്റെ വാദം തികച്ചും പരിഹാസ്യമാണ്.
ഭാരതത്തെ ഒരു ക്രൈസ്തവ രാജ്യമാക്കി മാറ്റാനായി ഈശോസഭാംഗങ്ങൾ ലോകവ്യാപകമായി ശ്രമിക്കുന്നുവെന്നും അന്താരാഷ്ട്ര ഏജൻസികളിൽനിന്ന് പണം വാങ്ങി ജാർഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങിയ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ തീവ്രവാദത്തിന് ഫണ്ട് ചെയ്യുന്നുവെന്നുമുള്ള അദ്ദേഹത്തിന്റെ ആരോപണങ്ങൾ അമ്പരപ്പുളവാക്കുന്നതാണ്.
തീവ്ര വലതുപക്ഷ നിലപാടുകളിൽ ഊന്നിയുള്ള ആർഎസ്എസ് പ്രത്യയശാസ്ത്ര ലെൻസിലൂടെയാണ് ഡോ. രാധാകൃഷ്ണൻ ഫാ. ജോർജിന്റെ ലേഖനത്തെ വിശകലനം ചെയ്യുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ക്രൈസ്തവസഭയോടും പ്രത്യേകിച്ച് ഈശോസഭയോടുമുള്ള അദ്ദേഹത്തിന്റെ ഇപ്പോഴത്തെ കാഴ്ചപ്പാടുകൾ അങ്ങേയറ്റം വികലമാണ്. ഇന്ത്യൻ ഭരണഘടനയുടെ ലിഖിതരൂപം തയാറാക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ഭരണഘടനാ രേഖകളിൽ ഒപ്പ് വയ്ക്കുകയും ചെയ്ത ഫാ. ജെറോം ഡിസൂസയെപ്പോലുള്ള ഈശോസഭാ വൈദികരുടെ സംഭാവനകളെ അദ്ദേഹം ബോധപൂർവം തമസ്കരിക്കുന്നു.
അർണോസ് പാതിരി, കോൺസ്റ്റന്റൈൻ ബെസ്കി, റോബർട്ട് ഡി നോബിലി, കാമിൽ ബുൽക്കെ തുടങ്ങിയ ഈശോ സഭക്കാർ ഭാരതീയ സംസ്കാരത്തിനും ഭാഷകൾക്കും ഈടുറ്റ സംഭാവനകൾ നൽകിയവരായിരുന്നു, രാജ്യദ്രോഹികളായിരുന്നില്ല.
ആറു സർവകലാശാലകളും 68 കോളജുകളും മുന്നൂറിലേറെ സ്കൂളുകളുമുള്ള ജെസ്യൂട്ട് വിദ്യാഭ്യാസ മേഖലയിൽനിന്ന് പഠിച്ചിറങ്ങിയവരാണ് മുൻരാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം, ശശി തരൂർ, അരുൺ ജെയ്റ്റ്ലി തുടങ്ങിയ പ്രഗല്ഭർ. തങ്ങൾ പഠിച്ച സ്ഥാപനങ്ങൾ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെ ശിഥിലമാക്കാൻ ശ്രമിച്ചവയായിരുന്നു എന്ന് ഇവരിൽ ആരെങ്കിലും പറയുമോ?
മുമ്പ് കത്തോലിക്കാസഭയുടെ നിരവധി വേദികളിൽ ഡോ. കെ.എസ്. രാധാകൃഷ്ണൻ പ്രസംഗിച്ചിട്ടുണ്ട്; സെമിനാരികളിൽ വിസിറ്റിംഗ് ലക്ചററുമായിരുന്നു. ഈശോസഭയിലെ പ്രഗല്ഭനായ തത്വചിന്തകൻ ഫാ. ജോൺ വട്ടങ്കിയുടെ ന്യായശാസ്ത്ര ഗവേഷണങ്ങളെ, ഹൈന്ദവ ചിന്തകരുടേതിനെക്കാൾ മികച്ചതെന്ന് പുകഴ്ത്തിയതും ഇതേ വ്യക്തിയാണ്. അന്ന് ക്രൈസ്തവികതയെ അനുകൂലിച്ച് സംസാരിച്ചിരുന്ന വ്യക്തിക്ക് പെട്ടെന്ന് ഇത്തരമൊരു മാറ്റം ഉണ്ടായതിനു കാരണം എന്തായിരിക്കാം?
ഫാ. എം.കെ. ജോർജിന്റെ സാമൂഹിക ദർശനങ്ങളെപ്പറ്റിയും നിലപാടുകളെപ്പറ്റിയും യാതൊരു ധാരണയുമില്ലാതെയാണ് ഡോ. രാധാകൃഷ്ണൻ വിമർശനങ്ങൾ നടത്തുന്നത്. തിരുവനന്തപുരം ലൊയോള കോളജ് പ്രിൻസിപ്പലായും ഈശോസഭാ കേരള പ്രൊവിൻഷ്യലായും ഉന്നത പദവി വഹിച്ച വ്യക്തി രാജ്യവിരുദ്ധതയുടെ വക്താവാണെന്ന് എപ്പോൾ മുതലാണ് ഡോ. രാധാകൃഷ്ണൻ തിരിച്ചറിഞ്ഞത്?
നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ ഭാവി ഇരുളടഞ്ഞ ആയിരക്കണക്കിന് വിദ്യാർഥികൾക്കും ജീവൻ വെടിഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭിക്കണമെന്ന ഉദാത്തമായ ലക്ഷ്യത്തോടെയാണ് അദ്ദേഹം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. അദ്ദേഹത്തെപ്പോലെ ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച വ്യക്തികളെ എല്ലാം ദേശവിരുദ്ധതയുടെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടുന്നതിലെ യുക്തിഹീനത സാമാന്യബോധമുള്ള ഏവർക്കും മനസിലാകും.
നീതിക്കുവേണ്ടിയുള്ള പോരാട്ടം ഈശോസഭാംഗങ്ങളെ സംബന്ധിച്ചിടത്തോളം കേവലമൊരു ആഹ്വാനമല്ല, മറിച്ച് അതവരുടെ ജീവിതശൈലിയാണ്. ‘പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടിയുള്ള നിലപാട്’ (Option for the poor) അവരുടെ പ്രഖ്യാപിത മുൻഗണനയാണ്. വിദ്യാഭ്യാസത്തിലായാലും സാമൂഹികസേവനത്തിലായാലും ഈ പ്രതിബദ്ധത പ്രകടമാണ്. ഇത് മനസിലാക്കുന്നതിൽ ഡോ. രാധാകൃഷ്ണൻ പൂർണമായും പരാജയപ്പെട്ടിരിക്കുന്നു.
ശാസ്ത്രീയ അടിത്തറയോ തെളിവുകളോ ഇല്ലാത്ത കപടശാസ്ത്രം (സ്യൂഡോ സയൻസ്) എങ്ങനെയാണോ ശാസ്ത്രമെന്ന വ്യാജേന സമൂഹത്തെ ഗ്രസിക്കുന്നത്, അതുപോലെതന്നെ, വസ്തുതാപരമായ യാതൊരു അടിത്തറയുമില്ലാത്ത ഇത്തരം ‘സ്യൂഡോ നിരീക്ഷണങ്ങളും നിലപാടുകളുമാണ്’ ജനാധിപത്യ പ്രക്രിയയെ തകർക്കുന്നത്. തികച്ചും അടിസ്ഥാനരഹിതവും എന്നാൽ, അപകടകരവുമായ ഇത്തരം അജൻഡകളെ, പൊതുസമൂഹം അത്യന്തം ഗൗരവത്തോടെതന്നെ സമീപിക്കേണ്ടതുണ്ട്.
-പിആർ വിഭാഗം, കേരള ജെസ്യൂട്ട്സ്
Tags : DrKSRadhakrishnan ideology scholarship EshoSabha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash