Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ideology

പാണ്ഡിത്യം പ്രത്യയശാസ്ത്രത്തിന് അടിമപ്പെടുമ്പോൾ: ഡോ. ​​​കെ.​​​എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​ന് ഈ​​ശോ​​സ​​ഭ​​യു​​ടെ മ​​റു​​പ​​ടി

നീ​​​റ്റ് പ​​​രീ​​​ക്ഷാ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഡ​​​ൽ​​​ഹി ജ​​​ന്ത​​​ർ​​​ മ​​​ന്ത​​​റി​​​ൽ ‘കോ​​​ക്രോ​​​ച്ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി’​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ര​​​ങ്ങേ​​​റി​​​യ വി​​​ദ്യാ​​​ർ​​​ഥി പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളെ പി​​​ന്തു​​​ണ​​​ച്ചു​​​കൊ​​​ണ്ട് ഈ​​​ശോ​​​സ​​​ഭാ വൈ​​​ദി​​​ക​​​നാ​​​യ ഫാ. ​​​എം.​​​കെ. ജോ​​​ർ​​​ജ് എ​​​ഴു​​​തി​​​യ ലേ​​​ഖ​​​ന​​​ത്തെ വി​​​മ​​​ർ​​​ശി​​​ച്ച് ഡോ. ​​​കെ.​​​എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ തി​​​ക​​​ച്ചും ഖേ​​​ദ​​​ക​​​ര​​​വും ദു​​​രു​​​ദ്ദേ​​​ശ്യ​​​പ​​​ര​​​വു​​​മാ​​​ണ്. ഈ​​​ശോ​​​സ​​​ഭ​​​യെ​​​യും ഫാ. ​​​എം.​​​കെ. ജോ​​​ർ​​​ജി​​​നെ​​​യും അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ, തി​​​ക​​​ഞ്ഞ ഒ​​​രു മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​ശ്ന​​​ത്തെ മ​​​ത​​​പ്ര​​​ശ്ന​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് സാ​​​മാ​​​ന്യ​​​ജ​​​ന​​​ത്തെ വ​​​ഴി​​​തെ​​​റ്റി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം ന​​​ട​​​ത്തു​​​ന്ന​​​ത്.

കേ​​​ട്ടു​​​കേ​​​ൾ​​​വി​​​യി​​​ല്ലാ​​​ത്ത ഗൂ​​​ഢാ​​​ലോ​​​ച​​​നാ സി​​​ദ്ധാ​​​ന്ത​​​ങ്ങ​​​ളാ​​​ണ് ഒ​​​രു യു​​​ട്യൂ​​​ബ് ചാ​​​ന​​​ലി​​​ലൂ​​​ടെ ഡോ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​ത്. അ​​​മേ​​​രി​​​ക്ക​​​ൻ ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ സി​​ഐ​​എ​​​യു​​​ടെ​​​യും എ​​​ഫ്ബി​​​ഐ മു​​​ൻ മേ​​​ധാ​​​വി ജെ. ​​​എ​​​ഡ്ഗ​​​ർ ഹൂ​​​വ​​​റു​​​ടെ​​​യും ബി​​​ല്ലി ഗ്ര​​​ഹാ​​​മി​​ന്‍റെ​​​യു​​​മൊ​​​ക്കെ പേ​​​രു​​​പ​​​റ​​​ഞ്ഞ്, അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ക്രൈ​​സ്ത​​വ മി​​​ഷ​​​ന​​​റി​​​മാ​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ജ​​​ന്ത​​​ർ​​​ മ​​​ന്ത​​​റി​​​ലെ സ​​​മ​​​രം ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വാ​​​ദം തി​​​ക​​​ച്ചും പ​​​രി​​​ഹാ​​​സ്യ​​​മാ​​​ണ്.

ഭാ​​​ര​​​ത​​​ത്തെ ഒ​​​രു ക്രൈ​​സ്ത​​വ രാ​​​ജ്യ​​​മാ​​​ക്കി മാ​​​റ്റാ​​​നാ​​​യി ഈ​​​ശോ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ ലോ​​​ക​​​വ്യാ​​​പ​​​ക​​​മാ​​​യി ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്നും അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ൽ​​​നി​​​ന്ന് പ​​​ണം വാ​​​ങ്ങി ജാ​​​ർ​​​ഖ​​​ണ്ഡ്, ഛത്തീ​​​സ്ഗ​​​ഡ് തു​​​ട​​​ങ്ങി​​​യ മാവോയിസ്റ്റ് ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​ന് ഫ​​​ണ്ട് ചെ​​​യ്യു​​​ന്നു​​​വെ​​​ന്നു​​​മു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ അ​​​മ്പ​​​ര​​​പ്പു​​​ള​​​വാ​​​ക്കു​​​ന്ന​​​താ​​​ണ്.

തീ​​​വ്ര വ​​​ല​​​തു​​​പ​​​ക്ഷ നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ൽ ഊ​​​ന്നി​​​യു​​​ള്ള ആ​​​ർ​​എ​​​സ്എ​​​സ് പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര ലെ​​​ൻ​​​സി​​​ലൂ​​​ടെ​​​യാ​​​ണ് ഡോ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഫാ. ​​​ജോ​​​ർ​​​ജി​​​ന്‍റെ ലേ​​​ഖ​​​ന​​​ത്തെ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് സം​​​ശ​​​യി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു.

ക്രൈ​​​സ്ത​​​വ​​​സ​​​ഭ​​​യോ​​​ടും പ്ര​​​ത്യേ​​​കി​​​ച്ച് ഈ​​​ശോ​​​സ​​​ഭ​​​യോ​​​ടു​​​മു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഇ​​​പ്പോ​​​ഴ​​​ത്തെ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ൾ അ​​​ങ്ങേ​​​യ​​​റ്റം വി​​​ക​​​ല​​​മാ​​​ണ്. ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ലി​​​ഖി​​​ത​​​രൂ​​​പം ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ക​​​യും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ രേ​​​ഖ​​​ക​​​ളി​​​ൽ ഒ​​​പ്പ് വ​​​യ്ക്കു​​​ക​​​യും ചെ​​​യ്ത ഫാ. ​​​ജെ​​​റോം ഡി​​​സൂ​​​സ​​​യെ​​​പ്പോ​​​ലു​​​ള്ള ഈ​​​ശോ​​​സ​​​ഭാ വൈ​​​ദി​​​ക​​​രു​​​ടെ സം​​​ഭാ​​​വ​​​ന​​​ക​​​ളെ അ​​​ദ്ദേ​​​ഹം ബോ​​​ധ​​​പൂ​​​ർ​​​വം ത​​​മ​​​സ്ക​​​രി​​​ക്കു​​​ന്നു.

അ​​​ർ​​​ണോ​​​സ് പാ​​​തി​​​രി, കോ​​​ൺ​​​സ്റ്റ​​​ന്‍റൈ​​ൻ ബെ​​​സ്കി, റോ​​​ബ​​​ർ​​​ട്ട് ഡി ​​​നോ​​​ബി​​​ലി, കാ​​​മി​​​ൽ ബു​​​ൽ​​​ക്കെ തു​​​ട​​​ങ്ങി​​​യ ഈ​​​ശോ സ​​​ഭ​​​ക്കാ​​​ർ ഭാ​​​ര​​​തീ​​​യ സം​​​സ്കാ​​​ര​​​ത്തി​​​നും ഭാ​​​ഷ​​​ക​​​ൾ​​​ക്കും ഈ​​​ടു​​​റ്റ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​വ​​​രാ​​​യി​​​രു​​​ന്നു, രാ​​​ജ്യ​​​ദ്രോ​​​ഹി​​​ക​​​ളാ​​​യി​​​രു​​​ന്നി​​​ല്ല.

ആ​​​റു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളും 68 കോ​​​ള​​​ജു​​​ക​​​ളും മു​​​ന്നൂ​​​റി​​​ലേ​​​റെ സ്കൂ​​​ളു​​​ക​​​ളു​​​മു​​​ള്ള ജെ​​​സ്യൂ​​​ട്ട് വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്ന് പ​​​ഠി​​​ച്ചി​​​റ​​​ങ്ങി​​​യ​​​വ​​​രാ​​​ണ് മു​​​ൻ​​​രാ​​​ഷ്‌​​ട്ര​​​പ​​​തി ഡോ. ​​​എ.​​​പി.​​​ജെ. അ​​​ബ്ദു​​​ൽ ക​​​ലാം, ശ​​​ശി ത​​​രൂ​​​ർ, അ​​​രു​​​ൺ ജെ​​​യ്റ്റ്‌​​​ലി തു​​​ട​​​ങ്ങി​​​യ പ്ര​​​ഗല്ഭർ. ത​​​ങ്ങ​​​ൾ പ​​​ഠി​​​ച്ച സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ രാ​​​ജ്യ​​​ത്തി​​​ന്‍റെ ജ​​​നാ​​​ധി​​​പ​​​ത്യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ശി​​​ഥി​​​ല​​​മാ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​വ​​​യാ​​​യി​​​രു​​​ന്നു എ​​​ന്ന് ഇ​​​വ​​​രി​​​ൽ ആ​​​രെ​​​ങ്കി​​​ലും പ​​​റ​​​യു​​​മോ?

മു​​​മ്പ് ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ നി​​​ര​​​വ​​​ധി വേ​​​ദി​​​ക​​​ളി​​​ൽ ഡോ. ​​​കെ.​​​എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ പ്ര​​​സം​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്; സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ൽ വി​​​സി​​​റ്റിം​​ഗ് ല​​​ക്ച​​​റ​​​റു​​​മാ​​​യി​​​രു​​​ന്നു. ഈ​​​ശോ​​​സ​​​ഭ​​​യി​​​ലെ പ്ര​​​ഗ​​​ല്ഭ​​​നാ​​​യ ത​​​ത്വ​​​ചി​​​ന്ത​​​ക​​​ൻ ഫാ. ​​​ജോ​​​ൺ വ​​​ട്ട​​​ങ്കി​​​യു​​​ടെ ന്യാ​​​യ​​​ശാ​​​സ്ത്ര ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളെ, ഹൈ​​​ന്ദ​​​വ ചി​​​ന്ത​​​ക​​​രു​​​ടേ​​​തി​​​നെ​​​ക്കാ​​​ൾ മി​​​ക​​​ച്ച​​​തെ​​​ന്ന് പു​​​ക​​​ഴ്ത്തി​​​യ​​​തും ഇ​​​തേ വ്യ​​​ക്തി​​​യാ​​​ണ്. അ​​​ന്ന് ക്രൈ​​​സ്ത​​​വി​​​ക​​​ത​​​യെ അ​​​നു​​​കൂ​​​ലി​​​ച്ച് സം​​​സാ​​​രി​​​ച്ചി​​​രു​​​ന്ന വ്യ​​​ക്തി​​​ക്ക് പെ​​​ട്ടെ​​​ന്ന് ഇ​​​ത്ത​​​ര​​​മൊ​​​രു മാ​​​റ്റം ഉ​​​ണ്ടാ​​​യ​​​തി​​​നു കാ​​​ര​​​ണം എ​​​ന്താ​​​യി​​​രി​​​ക്കാം?

ഫാ. ​​​എം.​​​കെ. ജോ​​​ർ​​​ജി​​​ന്‍റെ സാ​​​മൂ​​​ഹി​​​ക ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളെ​​​പ്പ​​​റ്റി​​​യും നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​പ്പ​​​റ്റി​​​യും യാ​​​തൊ​​​രു ധാ​​​ര​​​ണ​​​യു​​​മി​​​ല്ലാ​​​തെ​​​യാ​​​ണ് ഡോ. ​​​രാ​​​ധാ​​​കൃ​​​ഷ്‌​​​ണ​​​ൻ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലൊ​​​യോ​​​ള കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യും ഈ​​​ശോ​​​സ​​​ഭാ കേ​​​ര​​​ള പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യും ഉ​​​ന്ന​​​ത പ​​​ദ​​​വി വ​​​ഹി​​​ച്ച വ്യ​​​ക്തി രാ​​​ജ്യ​​​വി​​​രു​​​ദ്ധ​​​ത​​​യു​​​ടെ വ​​​ക്താ​​​വാ​​​ണെ​​​ന്ന് എ​​​പ്പോ​​​ൾ മു​​​ത​​​ലാ​​​ണ് ഡോ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്?

നീ​​​റ്റ് പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളി​​​ൽ ഭാ​​​വി ഇ​​​രു​​​ള​​​ട​​​ഞ്ഞ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ജീ​​​വ​​​ൻ വെ​​​ടി​​​ഞ്ഞ​​​വ​​​ർ​​​ക്കും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും നീ​​​തി ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന ഉ​​​ദാ​​​ത്ത​​​മാ​​​യ ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തെ​​​പ്പോ​​​ലെ ഈ ​​​സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച വ്യ​​​ക്തി​​​ക​​​ളെ എ​​​ല്ലാം ദേ​​​ശ​​​വി​​​രു​​​ദ്ധ​​​ത​​​യു​​​ടെ തൊ​​​ഴു​​​ത്തി​​​ൽ കൊ​​​ണ്ടു​​​പോ​​​യി കെ​​​ട്ടു​​​ന്ന​​​തി​​​ലെ യു​​​ക്തി​​​ഹീ​​​ന​​​ത സാ​​​മാ​​​ന്യബോ​​​ധ​​​മു​​​ള്ള ഏ​​​വ​​​ർ​​​ക്കും മ​​​ന​​​സി​​​ലാ​​​കും.

നീ​​​തി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള പോ​​​രാ​​​ട്ടം ഈ​​​ശോ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം കേ​​​വ​​​ല​​​മൊ​​​രു ആ​​​ഹ്വാ​​​ന​​​മ​​​ല്ല, മ​​​റി​​​ച്ച് അ​​​ത​​​വ​​​രു​​​ടെ ജീ​​​വി​​​ത​​​ശൈ​​​ലി​​​യാ​​​ണ്. ‘പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള നി​​​ല​​​പാ​​​ട്’ (Option for the poor) അ​​​വ​​​രു​​​ടെ പ്ര​​​ഖ്യാ​​​പി​​​ത മു​​​ൻ​​​ഗ​​​ണ​​​ന​​​യാ​​​ണ്. വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലാ​​​യാ​​​ലും സാ​​​മൂ​​​ഹി​​​ക​​​സേ​​​വ​​​ന​​​ത്തി​​​ലാ​​​യാ​​​ലും ഈ ​​​പ്ര​​​തി​​​ബ​​​ദ്ധ​​​ത പ്ര​​​ക​​​ട​​​മാ​​​ണ്. ഇ​​​ത് മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​തി​​​ൽ ഡോ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ പൂ​​​ർ​​​ണ​​​മാ​​​യും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു.

ശാ​​​സ്ത്രീ​​​യ അ​​​ടി​​​ത്ത​​​റ​​​യോ തെ​​​ളി​​​വു​​​ക​​​ളോ ഇ​​​ല്ലാ​​​ത്ത ക​​​പ​​​ട​​​ശാ​​​സ്ത്രം (സ്യൂ​​​ഡോ സ​​​യ​​​ൻ​​​സ്) എ​​​ങ്ങ​​​നെ​​​യാ​​​ണോ ശാ​​​സ്ത്ര​​​മെ​​​ന്ന വ്യാ​​​ജേ​​​ന സ​​​മൂ​​​ഹ​​​ത്തെ ഗ്ര​​​സി​​​ക്കു​​​ന്ന​​​ത്, അ​​​തു​​​പോ​​​ലെ​​​ത​​​ന്നെ, വ​​​സ്തു​​​താ​​​പ​​​ര​​​മാ​​​യ യാ​​​തൊ​​​രു അ​​​ടി​​​ത്ത​​​റ​​​യു​​​മി​​​ല്ലാ​​​ത്ത ഇ​​​ത്ത​​​രം ‘സ്യൂ​​​ഡോ നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളും നി​​​ല​​​പാ​​​ടു​​​ക​​​ളു​​​മാ​​​ണ്’ ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്രി​​​യ​​​യെ ത​​​ക​​​ർ​​​ക്കു​​​ന്ന​​​ത്. തി​​​ക​​​ച്ചും അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​വും എ​​​ന്നാ​​​ൽ, അ​​​പ​​​ക​​​ട​​​ക​​​ര​​​വു​​​മാ​​​യ ഇ​​​ത്ത​​​രം അ​​​ജ​​​ൻ​​​ഡ​​​ക​​​ളെ, പൊ​​​തു​​​സ​​​മൂ​​​ഹം അ​​​ത്യ​​​ന്തം ഗൗ​​​ര​​​വ​​​ത്തോ​​​ടെ​​​ത​​​ന്നെ സ​​​മീ​​​പി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

-പി​​ആ​​ർ​​ വിഭാഗം, കേ​​ര​​ള ജെ​​സ‍്യൂ​​ട്ട്സ്

Latest News

Corehub Up