ഷേക്സ്പിയറിന്റെ പ്രസിദ്ധമായ ‘ഹാംലറ്റ്’ എന്ന നാടകത്തിലാണ് ‘ഡെന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നു’ എന്ന പ്രയോഗം. ഭരണകൂടങ്ങളുടെ ധാർമികമായ തകർച്ചയുടെ പ്രതീകമായി മാറി ആ വാക്കുകൾ. സമകാലിക ഇന്ത്യയിലും കാര്യങ്ങൾ അത്തരത്തിലാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പല രാഷ്ട്രീയ, നീതി-ന്യായ തീരുമാനങ്ങളും അത്തരത്തിലാണു പുറത്തുവരുന്നത്.
അതിലേറ്റവും അവസാനത്തേതാണ് ക്രിസ്തുമതം സ്വീകരിക്കുന്ന പട്ടികജാതിക്കാർക്ക് സംവരണാനുകൂല്യത്തിന് അവകാശമില്ല എന്നുള്ള സുപ്രീംകോടതി വിധിയും വിദേശഫണ്ട് വിനിയോഗം നിയന്ത്രിക്കാനുള്ള ബില്ലും.
ക്രിസ്തുമതം സ്വീകരിച്ച പട്ടികജാതിക്കാരായ ഇന്ത്യൻ പൗരന്മാർക്കെതിരേയുള്ള അക്രമങ്ങൾ, പട്ടികജാതിക്കാർക്കെതിരേയുള്ള അക്രമത്തിന്റെ പരിധിയിൽ വരുമോ എന്ന കേസിലായിരുന്നു സുപ്രീംകോടതി വിധി.
ക്രിസ്തുമതം സ്വീകരിച്ച ദളിത് പാസ്റ്ററുടെ കേസ് വികസിപ്പിച്ചാണ് ക്രിസ്തുമതം സ്വീകരിക്കുന്ന പട്ടികജാതിക്കാർക്ക് സംവരണത്തിന് അവകാശമില്ല എന്ന വിധിയിലേക്ക് എത്തിച്ചത്. ദളിത് ക്രൈസ്തവർക്കും മുസ്ലിംകൾക്കും പട്ടികജാതിക്കാർക്കായുള്ള സംവരണ ആനുകൂല്യത്തിന് അർഹതയുണ്ടോ എന്നുള്ള ഭരണഘടനാ വിഷയം ഇപ്പോൾ സുപ്രീംകോടതിയുടെ മുമ്പിലുണ്ട്. ജസ്റ്റീസ് ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ ഇതേ വിഷയം പഠിക്കുന്നുമുണ്ട്. അപ്പോഴാണ് ഈ വിഷയത്തിൽ സുപ്രീംകോടതി ധൃതിയിൽ വിധി പ്രസ്താവിച്ചത് എന്നത് ചിന്തനീയമാണ്.
ക്രിസ്തുമതത്തിൽ ജാതിവിവേചനം ഇല്ലെന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തൽ. എന്നാൽ, ജനനം മുതൽ ക്രിസ്തുമതം സ്വീകരിക്കുന്നതുവരെ ജാതിവിവേചനം അനുഭവിച്ച ഇത്തരം മനുഷ്യർ നേരിട്ട അനീതിയെക്കുറിച്ച് കോടതി ഒന്നും പറയുന്നില്ല. അതുപോലെതന്നെ, ക്രിസ്തുമതത്തിലേക്കു പോകുന്നത് ജാതിവിവേചനത്തിന് ഒരു പരിഹാരമാണെന്നു കോടതി പരോക്ഷമായി സമ്മതിക്കുന്നുവെങ്കിലും, അത്തരം ആൾക്കാരെ ജാതിവിവേചനം ഉണ്ടെന്ന് കോടതിതന്നെ സമ്മതിക്കുന്ന ഹിന്ദുമതത്തിലേക്കു നിർബന്ധിച്ചു തിരികെ കൊണ്ടുപോകുന്ന ‘ഘർ വാപ്പസി’ എന്ന നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ച് പറയുകയോ തടയുകയോ ചെയ്യുന്നില്ല.
ഇതുപോലെതന്നെയാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിവേചനമില്ലാത്ത ക്രിസ്തുമതത്തിലേക്ക് ഒരു കാരണവശാലും ആരും പോകരുത് എന്ന ഉദ്ദേശ്യത്തോടെ മതപരിവർത്തനവിരുദ്ധ ബില്ലുകൾ പാസാക്കിക്കൊണ്ടിരിക്കുന്നത്. കൂടാതെ, ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള ആർട്ടിക്കിളുകൾ മതസ്വാതന്ത്ര്യം ഇന്ത്യൻ പൗരന്മാർക്ക് ഉറപ്പുകൊടുക്കുമ്പോഴാണ് ഇത്തരം നിയമനിർമാണത്തിൽകൂടി അത് ലംഘിക്കപ്പെടുന്നത്.
1950ലെ പ്രസിഡൻഷൽ ഉത്തരവ് മാത്രമാണ് മുമ്പു സൂചിപ്പിച്ച ക്രിസ്തുമത വിരോധത്തിന്റെ അടിസ്ഥാനം. ഒരുപക്ഷേ കൊളോണിയൽ അനുഭവം കഴിഞ്ഞയുടൻ വന്ന സർക്കാർ എന്ന നിലയിലെടുത്ത അന്നത്തെ തീരുമാനം പിന്നീട് വന്ന സർക്കാരുകൾ ഒന്നുംതന്നെ പുനപരിശോധിച്ചില്ല എന്നതും, അതിന് ക്രിസ്തുമതം വേണ്ട മുൻഗണന കൊടുത്തില്ല എന്നതും ഇന്നത്തെ സാഹചര്യത്തിലേക്ക് വഴിതെളിച്ചിട്ടുണ്ടാകും.
ഈ ക്രിസ്തുമത വിരോധത്തിന്റെ മറ്റൊരു അധ്യായമാണ് വിദേശഫണ്ട് നിയന്ത്രണ ബിൽ. ഈ ഫണ്ടെല്ലാം മതപരിവർത്തനത്തിനായിട്ടാണ് ഉപയോഗിക്കുന്നെന്ന മുൻവിധിയാണ്, നിർബന്ധിത മതപരിവർത്തനം നിയന്ത്രിക്കാനാണ് ഈ ബിൽ എന്ന കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയുടെ പ്രസ്താവന. ഇത് ക്രിസ്തുമതത്തെ ഉദ്ദേശിച്ചുകൂടിയാണ് എന്നു വ്യക്തം.
ഇത്തരം വിദേശഫണ്ടുകളും സ്വന്തം അധ്വാനഫലവും ഉപയോഗിച്ച് നിസ്വാർഥരായ ക്രിസ്തുമത മിഷണറിമാർ ഈ കേന്ദ്രമന്ത്രിയുടെതന്നെ സംസ്ഥാനമായ ബിഹാറിൽ ഉൾപ്പെടെ നടപ്പിലാക്കിയ, ഇപ്പോഴും നടപ്പിലാക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളും പട്ടിണിനിർമാർജന പദ്ധതികളുമൊന്നുംതന്നെ ഈ മന്ത്രിയോ സുപ്രീംകോടതിയോ സർക്കാരോ മനഃപൂർവം കാണുന്നില്ല എന്നുള്ളത് അവരുടെ വിചാരധാരയിൽ എന്തോ കുഴപ്പമുണ്ടെന്നതിനു തെളിവാണ്.
എന്തായാലും സാങ്കല്പിക ഡെന്മാർക്ക് പോലെത്തന്നെ, നമ്മുടെ യഥാർഥ ഇന്ത്യയിലും എന്തൊക്കെയോ കുഴഞ്ഞുമറിയുന്നു എന്നു വേണം മനസിലാക്കാൻ. അത് ചീഞ്ഞു ദുർഗന്ധം വമിക്കാതിരിക്കാനുള്ള അടിയന്തര നടപടിയെടുക്കാൻ ഇന്ത്യയിലെ പൊതുസമൂഹത്തിനും ഒരു മതേതര ജനാധിപത്യ രാജ്യമായി ഇന്ത്യയെ നിലനിർത്താനായി ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനും കടമയുണ്ട്. ഇതുറപ്പിക്കാൻ ജനങ്ങൾക്കുള്ള ജനാധിപത്യ ഉത്തരവാദിത്വവും അവകാശവും വോട്ടവകാശത്തിൽകൂടി മാത്രമാണെന്ന് ഓർക്കാനുള്ള അവസരംകൂടിയാണിത്.
Tags : Anti minority ideology