പ്രതീകാത്മക ചിത്രം
ജീവിതം ഒരു കളിയല്ല, അത് അഗാധമായ ഒരാത്മീയസമരമാണെന്ന് റഷ്യൻ തത്വജ്ഞാനി നിക്കോളാസ് ബെർദ്യേവ് പറഞ്ഞിട്ടുണ്ട്. എന്തിനാണ് ഈ സമരം? അത് മനുഷ്യന്റെയുള്ളിലെ നശിക്കാത്ത മൂല്യം കണ്ടെത്തുന്നതിനാണ്. ഇത് എഴുത്തുകാരനിൽ മറ്റൊരു പോർമുഖം തുറക്കുന്നു. സ്വന്തം മനസിന്റെ പരിമിതികളെ മറികടക്കാനുള്ള സമരമാണത്.
റഷ്യന്‍ വിപ്ലവം കണ്ട എഴുത്തുകാരനാണ് മിഖായേല്‍ അലക്സാന്ദ്രോവിച്ച് ഷൊളഖോവ് (1905-1984). ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ പിറന്ന അദ്ദേഹം വളരെ കഷ്ടപ്പെട്ടാണ് വിദ്യാഭ്യാസം ചെയ്തത്.
റഷ്യയിലെ ഡോണ്‍ നദീതീരത്ത് താമസിച്ച കൊസാക്കുകളുടെ (Cossacks) കഥയാണ് അദ്ദേഹം പറഞ്ഞത്. ഷൊളഖോവ് അവരില്‍ ഒരാളായിരുന്നല്ലോ. അവര്‍ യാഥാസ്ഥിതിക ക്രിസ്ത്യാനികളായിരുന്നു. അവരില്‍ കുറച്ചു പേര് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചേര്ന്നുനിൽക്കുകയും ഗ്രാമീണ ഭൂവുടമകളുടെ ചൂഷണത്തില്‍നിന്നും മര്‍ദനത്തില്‍നിന്നും രക്ഷപ്പെടാന്‍ നഗരത്തില്‍ പോകുകയും സൈന്യത്തില്‍ ചേരുകയുമായിരുന്നു.
റഷ്യന്‍ ജീവിതത്തിന്റെ ഉണര്ത്തുപാട്ടുകാരനെപ്പോലെയാണ് ഷൊളഖോവ് സാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ടത്.1925 മുതല്‍ 1940 വരെയുള്ള കാലഘട്ടത്തില്‍ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച നാലു വാല്യങ്ങളുള്ള നോവല്‍ ‘ഡോണ്‍ ശാന്തമായി ഒഴുകുന്നു’ (Quietly flows the Don) ഒരു ലോക ക്ലാസിക്കായി വിലയിരുത്തപ്പെടുന്നു. ഈ കൃതിയുടെ പേരിലായിരുന്നല്ലോ അദ്ദേഹത്തിന് 1965ല്‍ നൊബേല്‍ സമ്മാനം ലഭിച്ചത്.
ഷൊളഖോവ് താന്‍ ഒരു സോഷ്യലിസ്റ്റ് റിയലിസ്റ്റാണെന്ന് പറഞ്ഞിട്ടുണ്ട്. സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ അതേപടി പകര്‍ത്തുകയായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. മനുഷ്യവംശത്തിനു പ്രകാശാത്മകമായ ഒരു പാതയൊരുക്കുന്നതിനെ അദ്ദേഹം പ്രധാനമായി കണ്ടിരുന്നു.
‘കാലികളെ മേയ്ക്കുന്നവന്‍’ (The Herdsman) എന്ന കഥയെക്കുറിച്ച് പ്രത്യേകം പറയണം. ഒരു റിപ്പോര്‍ട്ടറെപ്പോലെ യാഥാര്‍ഥ്യങ്ങള്‍ ഏകപക്ഷീയമായി വിശദീകരിക്കുന്ന രീതിയല്ല ഷൊളഖോവ് അവലംബിച്ചത്. ഇതില്‍ തത്ത്വചിന്താപരമായ സമീപനമുണ്ടായിരുന്നു. അത് ഇങ്ങനെ സംഗ്രഹിക്കാം: മനുഷ്യര്‍ ഒറ്റയ്ക്കല്ല ജീവിക്കുന്നത്; അവര്‍ കൂട്ടമായി നീങ്ങുകയാണ്. അവരുടെ ജീവിതത്തിനുള്ളിലേക്ക് കടന്നുനോക്കാന്‍ എഴുത്തുകാരനു കഴിയണം.
സാധാരണ ജനതയുടെ ജീവിതസമരങ്ങളില്‍ വെളിച്ചം വിതറാനാവണം. അതുകൊണ്ട് എന്തെഴുതിയാലും അതില്‍ മൗലികമായ ഒരു ഉള്ളടക്കം അനിവാര്യമാണ്. ജീവിതങ്ങളെ ബാധിച്ചിരിക്കുന്ന നിര്‍ണായകമായ പ്രശ്നങ്ങള്‍ കാണണം. മനുഷ്യന് ഭൂമിയുടെ ഗുരുത്വാകര്ഷണത്തിനെതിരേ പോരാടിക്കൊണ്ടാണ് മുന്നോട്ടായുന്നത്. അതിനെ പിന്തുണയ്ക്കണം. എന്നാല്‍, എഴുത്തുകാരന് ദൈവത്തെപ്പോലെ, മാനവരാശിയുടെ പ്രശ്നങ്ങളില്‍ മുഖംതിരിക്കുകയോ നിസംഗത പാലിക്കുകയോ ചെയ്യരുത്.
‘കാലികളെ മേയ്ക്കുന്നവന്‍’ എന്ന കഥ പാവപ്പെട്ടവന്റെ ആത്മരോദനത്തിന്റെ മുഴക്കം എത്ര ബൃഹത്താണെന്ന് ബോധ്യപ്പെടുത്തും.
ഏറ്റവും വിദൂരവും പ്രാചീനവുമായ ഗ്രാമങ്ങളിലെ കന്നുകാലികളെ നോക്കുന്ന ജോലിയാണ് ഗ്രിഗോരിയുടേത്. അവന്റെ കൂടെ സഹോദരി ദുന്യാക്കുമുണ്ട്. പ്രദേശത്തെ ഭൂവുടമകളായ വൃദ്ധന്മാര് എതിര്‍ത്തിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പത്തൊന്‍പതുകാരനായ ഗ്രിഗോരിക്ക് ആ ജോലി കിട്ടിയത്. അവനും സഹോദരിയും ഒരു ചെറിയ കുടില്‍ കെട്ടി, ചോളമാവും കഴിച്ച് ആ മലമടക്കില്‍ കഷ്ടപ്പെടുകയാണ്. അവന്റെ പ്രതീക്ഷ കാലിമേച്ച് പ്രതിഫലമായി കിട്ടുന്ന ചോളമാവും ചാണകപ്പാളികളും വിറ്റ് പണമുണ്ടാക്കി താമസിയാതെ നഗരത്തില്‍ പോയി വിദ്യാഭ്യാസം തുടരാമെന്നാണ്. എന്നാല്‍, അവന്റെ മോഹം ഫലിച്ചില്ല. അവന് പരിപാലിച്ചിരുന്ന കന്നുകാലിക്കിടാവുകള് മിക്കതും തളര്‍ന്നുവീണ് ജീവന് വെടിഞ്ഞു. ഒരു പകര്‍ച്ചവ്യാധിയായിരുന്നു കാരണം. ഇതിനിടയില്‍ അവന് ഗ്രാമത്തിലെ വ്യവസ്ഥയെക്കുറിച്ച് ചോളത്തിന്റെ ഇലയില്‍ കരി ഉപയോഗിച്ച് എഴുതിയ കുറിപ്പ് കമ്യൂണിസ്റ്റുകാരുടെ പത്രത്തില്‍ അച്ചടിച്ചുവന്നു.
മൃഗഡോക്ടറെ വിളിക്കുന്നതിനു പകരം കാലിത്തൊഴുത്തിനു ചുറ്റും വെടിവച്ച് രോഗത്തെ അകറ്റുന്നതും ഭൂമി കൃഷിക്കായി പങ്കിടുന്നതിലെ അഴിമതിയും അതില്‍ വിശദമാക്കിയിട്ടുണ്ടായിരുന്നു. ഇത് ഗ്രാമത്തിലെ കൃഷിക്കാരുടെ നേതാക്കന്മാരെ ചൊടിപ്പിച്ചു. അവര്‍ വന്ന് ഗ്രിഗോരിയെ വെടിവച്ചു കൊല്ലുന്നു. ഗത്യന്തരമില്ലാതെ, ചാക്കുകൊണ്ട് തയ്പിച്ച ഷര്‍ട്ട് ധരിച്ച്, പാവപ്പെട്ടവരില്‍ പാവപ്പെട്ടവളായ സഹോദരി ദുന്യാക്ക് പട്ടണത്തിലേക്ക് പോവുകയാണ്, സ്വപ്നത്തിന്റെ മൃതദേഹവും ചുമന്നുകൊണ്ട്.
ഒരു റഷ്യൻ ആശയത്തെക്കുറിച്ച് ബെർദ്യേവ് സൂചിപ്പിച്ചിട്ടുണ്ട്. പ്രവചനാത്മകമായ ആത്മീയ പരിവർത്തനമാണത്. അതീതവും അലൗകികവുമായ ഒരു മാറ്റത്തിന് മനസ് സ്വയം പ്രവർത്തിക്കുകയാണ്.
ഈ കഥയിലെ കന്നുകാലികളെ അന്നത്തെ യഥാര്‍ഥ റഷ്യന്‍ സാമൂഹികാവസ്ഥയുടെ പ്രതിനിധാനമായി കാണാവുന്നതാണ്. സ്വയം ജീര്‍ണിച്ച് അവ ക്രമേണ ചത്തുവീഴുകയാണ്. രോഗം ഉള്ളില്‍നിന്നുതന്നെ. എന്നാല്‍, അത് പകരുകയും ചെയ്യുന്നു. കന്നുമേക്കാരന്‍ ബുദ്ധിയുദിച്ച ഗ്രാമീണനെ ഓര്‍മിപ്പിക്കുന്നു. അവന് കീഴടങ്ങുകയോ പരാജയപ്പെടുകയോ ചെയ്യുന്നില്ല. മരണത്തെ പേടിക്കുന്നുമില്ല. അവന് മരിക്കുകയല്ല; മരണം എത്ര അയുക്തികവും അര്ഥശൂന്യവുമാണ് നമ്മുടെ ജീവിതങ്ങളിലെന്ന് ഓര്‍മിപ്പിക്കുകയാണ്. അസംബന്ധത്തെ ഉപന്യസിക്കുന്ന മരണം മറ്റൊന്നിന്റെ വിജയമാണെന്ന് വ്യാഖ്യാനിക്കുന്നത് വ്യര്‍ഥതയാണ്. എന്നാലും അവന്റെ മരണം വ്യര്ഥമാകുന്നുമില്ല. അത് മനുഷ്യരെ കൂടുതല്‍ നന്നാക്കാന്‍ ഉപകരിക്കും.
വരണ്ടതും വിരസവും പീഡിതവും നരകതുല്യവുമായ ജീവിതമാണ് ഷൊളൊഖോവ് അവതരിപ്പിക്കുന്നത്. അതിന്റെ ഭാരം വായനക്കാരന് അനുഭവപ്പെടുന്നില്ല. ഒരു വിദൂര സ്വപ്നത്തിന്റെ വസന്തഗര്ഭമായ കാറ്റ് കഥയില്‍ നിറഞ്ഞുവീശുന്നു. മനുഷ്യന്റെ ശത്രു മനുഷ്യന് തന്നെയാണല്ലോ. അവന് ആരോടു പരാതിപ്പെടും?
ഷൊളഖോവിനു നീതിയെ കൈവിടാനാവില്ല. സത്യം എഴുതിയതിന്റെ പേരില്‍ കൊല ചെയ്യപ്പെടുന്ന ആ കാലിമേച്ചില്കാരന് മനുഷ്യന്റെ എക്കാലത്തെയും പോരാട്ടത്തെ ഓര്‍മിപ്പിക്കുന്നു. കല യാഥാര്‍ഥ്യത്തില്‍നിന്ന് ഒളിച്ചോടാനുള്ളതല്ലെന്ന് ഷൊളൊഖോവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിനാശകരമായതിനെ എതിര്‍ക്കണം. അതിനു യാഥാര്‍ഥ്യബോധം അനിവാര്യമാണ്. നീതിബോധമില്ലാത്തവർ എഴുതരുത്. ഓരോ വാക്കും നീതിക്കായി നിലകൊള്ളുമ്പോഴാണ് എഴുത്തിൽ സത്യസന്ധതയുണ്ടാകുന്നത്. ജീവിതത്തില്‍നിന്ന് ഒളിച്ചോടുന്ന കലയ്ക്ക് ഈ ബോധം നഷ്ടമാവുകതന്നെ ചെയ്യും.
മനുഷ്യപുരോഗതിക്കൊപ്പം സംഗീതമാലപിക്കുന്ന അന്തഃകരണം എല്ലാ റിയലിസത്തെയും കടന്നു നില്‍ക്കുന്നതാണ്. യാഥാർഥ്യം എന്ന് നാം വിളിക്കുന്നതിൽ മാനുഷികമായ ആത്മീയത അടങ്ങിയിരിക്കുന്നു. ഷൊളൊഖോവ് റിയലിസത്തെ നവീകരിക്കുന്നുണ്ട്. സ്നേഹവും സ്വപ്നവും സമരവും അധ്വാനവും ചേര്‍ന്നതാണ് ആ റിയലിസം.
Tags : RussianIdea Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash